ചരിത്ര വിധിയെഴുത്തിനൊരുങ്ങി ബ്രിട്ടൻ
text_fieldsആർക്കോ വേണ്ടി ജനം വോട്ടുകുത്തിയ ഹിതപരിശോധനയുടെ പേരിൽ മൂന്നു വർഷത്തിനിടെ മൂന്നു പ്രധാനമന്ത്രിമാർ വിട്ടുപോയ ബ്രിട്ടന് പിന്നെയും തെരഞ്ഞെടുപ്പ് കാലം. ഡിസംബർ 12നാണ് രാജ്യത്തെ നാലര കോടിയിലേറെ വോട്ടർമാർ പോളിങ് ബൂത്തിലെത്തി അടുത്ത സർക്കാറിനെ തെരഞ്ഞെടുക്കുന്നത്. 650 സീറ്റുകളിൽ 326 എണ്ണം തരപ്പെടുത്താനാകുന്നവർക്ക് ആഘോഷങ്ങളോടെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ അധികാരികളാകാം. കൺസർവേറ്റീവുകളും (ടോറികൾ) ലേബറും തമ്മിൽ മൽസരം ശക്തമാണെന്ന് പറയാമെങ്കിലും പ്രധാനമന്ത്രി ബോറിസ് ജോൺസൺ നയിക്കുന്ന കൺസർവേറ്റീവുകൾ 43 ശതമാനം വോട്ടുനേടി തുടർച്ചയായ നാലാം തവണയും അധികാരം പിടിക്കുമെന്ന് കരുതുന്നവരേറെ. ബ്രിട്ടനിൽ വിഷയം ബ്രക്സിറ്റും തെരഞ്ഞെടുപ്പുമാകുേമ്പാൾ കേൾക്കാൻ ലളിതമാണ് കാര്യങ്ങൾ. പക്ഷേ, പതിറ്റാണ്ടുകൾക്കിടെ ഏറ്റവും കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാണിപ്പോൾ ബ്രിട്ടീഷ് രാഷ്ട്രീയവും വോട്ടുചെയ്തു കൊണ്ടേയിരിക്കുന്ന പൗരൻമാരും.
എന്തിനു പിെന്നയും ഒരു തെരഞ്ഞെടുപ്പ്?
പാർലമെന്‍റിൽ തീർക്കാനാവാത്തത് ജനങ്ങളോട് എന്ന അഹിത മനസ്സുമായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ മാസം രാജ്യത്തെ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടത്. ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തുകടത്താൻ തുടർച്ചയായി നടത്തിയ ശ്രമങ്ങളും പലവുരു മാറ്റിപ്പറഞ്ഞ അവധികളും തെറ്റിയേതാടെയായിരുന്നു ഗതികെട്ട് അടിയന്തര തെരഞ്ഞെടുപ്പ് പ്രഖ്യാപനം. നിസ്സാര വിഷയത്തിൽ പിന്നെയും വോട്ടുചെയ്യാൻ നിർബന്ധിതരായതിന് പ്രതികാരം ചെയ്യുന്നതിനു പകരം, ഭ്രാന്തുപിടിച്ച ടോറി നേതൃത്വത്തോടാണ് ഇപ്പോഴും ജനങ്ങൾക്ക് താൽപര്യമെന്നത് മറ്റൊരു കൗതുകം. കേവല ഭൂരിപക്ഷത്തിലുമധികം സീറ്റുകളുമായി ടോറികൾ (359 സീറ്റ് നേടുമെന്നാണ് പ്രവചനം) അധികാരത്തിലെത്താൻ പോകുന്നുവെന്ന് ‘യൂഗവ്’ അടക്കമുള്ള സർവേ സ്ഥാപനങ്ങൾ പ്രവചിക്കുന്നതിൽ എത്രകണ്ട് ശരിയുണ്ടെന്ന് വൈകാതെ അറിയാം.
ഫലം ബ്രക്സിറ്റ് കടത്തുമോ?
സമീപ കാല ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് മൂന്നു വർഷം മുമ്പ് ഡേവിഡ് കാമറൺ ബ്രിട്ടനെ തള്ളിവിട്ടത്. തൽക്കാലം പെട്ടുപോയ രാഷ്ട്രീയ സാഹചര്യം കടക്കാൻ ഉപായമെന്ന നിലക്ക് യൂറോപ്യൻ യൂനിയൻ വിടാമെന്ന് ജനങ്ങൾക്ക് മുന്നിൽ നിർദേശം വെച്ചത് കേട്ടപാതി അവർ അത് ഏറ്റെടുക്കുന്നു. ഹിതപരിശോധനയിൽ 51.89 ശതമാനം പേർ ബ്രക്സിറ്റിന് ഒപ്പംനിന്നു. 48.11 ശതമാനം എതിർത്തു.
അപ്രതീക്ഷിതമായി എല്ലാം കൈവിട്ട് കാമറൺ പോയ വഴിയെ പിന്നീട് തെരേസ മേയും ഒടുവിൽ ബോറിസ് ജോൺസണും മടങ്ങിയിട്ടും ബ്രക്സിറ്റ് മാത്രം അതേപടി നിലനിൽക്കുന്നു. ജനമനസ്സിൽ കത്തിനിൽക്കുന്ന ആധിയുടെ നേർപകർപ്പായി പാർലമെന്‍റും തീരുമാനമെടുക്കാനാകാതെ പകച്ചുനിൽക്കുന്നു. ബ്രിട്ടന്റെ രാഷ്ട്രീയത്തിനുമുണ്ട് അതേ ഇരട്ട മനസ്സ്. പ്രധാന കക്ഷിയായ കൺസർവേറ്റീവുകൾ എപ്പോഴും കുത്തക മുതലാളിത്തത്തിനും വിപണിക്കും വേണ്ടി പക്ഷം പിടിക്കുേമ്പാൾ മറ്റൊന്നായ ലേബർ പാർട്ടി സോഷ്യലിസവും സർക്കാർ ഇടപെടലുമാണ് മുന്നോട്ടുവെക്കുന്നത്. വിരുദ്ധ ധ്രുവങ്ങളിലായതിനാൽ ബ്രക്സിറ്റ് വിഷയത്തിലും സമവായ സാധ്യത ഇരുകക്ഷികളും സ്വപ്നം കാണുന്നുണ്ടാകില്ല. എന്നു വെച്ചാൽ, ജോൺസൺ ഒരിക്കലൂടെ പ്രധാനമന്ത്രിയായാൽ പോലും ബ്രക്സിറ്റ് കടക്കൽ അത്ര എളുപ്പമാകില്ല.
ജോൺസന്‍റെ ഗീർവാണങ്ങൾ
അഞ്ചു മാസം തികച്ച് അധികാരത്തിലിരിക്കാത്ത പഴയ മാധ്യമ പ്രവർത്തനായ ജോൺസൺ നമ്പർ 10ലെത്തിയ അന്നു തുടങ്ങിയ വലിയ വായിലെ വായാടിത്തങ്ങൾക്ക് ഇപ്പോഴും തെല്ലും കുറവു വന്നിട്ടില്ല. യൂറോപ്യൻ യൂനിയനുമായി കരാർ ഇല്ലെങ്കിലും ബ്രക്സിറ്റ് നടപ്പാക്കുമെന്നുവരെ ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു, ജോൺസൺ. പാർലമെന്‍റിൽ സ്വന്തം കക്ഷിക്കു പോലും ബോധിക്കുന്നില്ലെന്ന് കണ്ടതോടെ അത് വിഴുങ്ങി. പിന്നീട് ബ്രസൽസിലെത്തി ഇ.യു നേതൃത്വവുമായി ചർച്ചകൾ നടത്തി മറ്റൊരു കരാർ ചുട്ടെടുത്തെങ്കിലും എതിർപ്പ് രൂക്ഷമായതോടെ ഒന്നും സംഭവിക്കാത്ത മട്ടിൽ അതും വിഴുങ്ങി.
താൻ അധികാരത്തിലെത്തിയാൽ ജനുവരി 31ഓടെ ബ്രക്സിറ്റ് നിലവിൽ വരുമെന്നും 2020 അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി ബ്രിട്ടൻ പൂർണാർഥത്തിൽ സ്വതന്ത്രമാകുമെന്നുമാണ് ഏറ്റവുമൊടുവിലെ അവകാശവാദം. എണ്ണമറ്റ നൂലാമാലകൾ തുറിച്ചുനോക്കുേമ്പാൾ അതും നടപ്പാകുമെന്ന് സ്വന്തം പാർട്ടിക്കാർ പോലും കരുതുന്നുണ്ടാകില്ല. ജെറമി കോർബിന്റെ ലേബറുകളാണെങ്കിൽ ഇത്തവണ രണ്ടു തോണിയിൽ കാൽവെച്ചാണ് ബ്രക്സിറ്റ് വിഷയം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കു മുന്നിൽവെച്ചത്. പുതിയ കരാറോടെ ബ്രക്സിറ്റ് നടപ്പാക്കുമെന്ന് ഒരു വശത്ത് പറയുന്നതിനൊപ്പം പഴയപടി ഇ.യുവിൽ തുടരണോ എന്ന ഹിതപരിശോധനക്ക് അവസരവും അവർ വാഗ്ദാനം ചെയ്യുന്നു.
ക്രൈംലിൻ കണക്ഷൻ 2016ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിനെ അധികാരമേറാൻ സഹായിച്ച് റഷ്യ അണിയറയിൽ സജീവമായിരുന്നുവെന്ന ആരോപണം ഇപ്പോൾ ഇംപീച്ച്മെന്റ് നടപടികൾ വരെ എത്തിനിൽക്കുകയാണ്. സമാനമാണ് ഏറ്റവും പുതിയ തെരഞ്ഞെടുപ്പിൽ ബ്രിട്ടനിലും കൊഴുക്കുന്ന വിവാദം. കൺസർവേറ്റീവുകൾക്ക് പണമൊഴുക്കി പിന്നാമ്പുറത്ത് റഷ്യൻ ‘അന്തർധാര’ സജീവമാണെന്ന് ചോർത്തിയ രേഖകൾ മുന്നിൽവെച്ച് ലേബർ പാർട്ടി ആരോപിക്കുന്നു. ശുദ്ധ നുണയെന്ന് കൺസർവേറ്റീവുകൾ തിരിച്ചടിക്കുേമ്പാഴും സമീപ കാലത്ത് അവർ കൈപ്പറ്റിയ ഫണ്ടുകളെ കുറിച്ച റിപ്പോർട്ടാണ് എതിരാളികളെ സമ്മർദത്തിലാക്കുന്നത്.
ബ്രിട്ടീഷ് ആരോഗ്യ പരിരക്ഷ ട്രംപിനു മുന്നിൽ പണയം വെച്ചെന്ന മറ്റൊരു ആരോപണവും തെരഞ്ഞെടുപ്പു കാലത്ത് നന്നായി വിറ്റുപോയിരുന്നു. ബ്രക്സിറ്റിൽ കൃത്യമായ നിലപാടെടുക്കാനാവാതെ കുഴങ്ങിയവർ മറ്റു വിഷയങ്ങൾ എടുത്തിട്ട് സാധാരണക്കാരനെ പറ്റിക്കുന്ന പതിവു കാഴ്ച. ലേബർ നേതാവ് സെമിറ്റിക് വിരുദ്ധ നിലപാടുകൾ ഉയർത്തി വർഗീയ ധ്രുവീകരണ ശ്രമങ്ങൾ വേറെ. ഫലം എന്തു തെന്നയായാലും അതീവ ദുഷ്കരമാണ് ബ്രിട്ടനെ ബ്രക്സിറ്റ് കടത്തുകയെന്നത്. അത് ആര് നടപ്പാക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.