പട്ടാളം വന്നിട്ടും സമരം നിന്നില്ലെങ്കിൽ അദാനി എന്തുചെയ്യും?
text_fieldsപ്രധാനമായും മത്സ്യബന്ധനംകൊണ്ട് ഉപജീവനം നടത്തുന്ന, കേരളത്തിലെ തീരദേശവാസികള്‍ അതിജീവനത്തിനായി നടത്തുന്ന ഐതിഹാസിക സമരം 125 ദിവസം പിന്നിട്ടിരിക്കുന്നു. ഗൗതം അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയാണ് ഈ സമരത്തിന് കാരണമായി മാറിയത്.
തുറമുഖ പദ്ധതികളുടെ കാര്യത്തില്‍ ഒരുപക്ഷേ അദാനിയോളം അനുഭവസമ്പത്തുള്ള മറ്റൊരാള്‍ ഇന്ന് ഇന്ത്യയിലില്ല. അന്തർദേശീയ കപ്പല്‍ ഗതാഗതത്തിനായി ഒരു തുറമുഖം വികസിപ്പിക്കാന്‍ തെക്കന്‍ തീരദേശത്തേക്കാള്‍ സൗകര്യപ്രദമായ വേറെ ഒരിടവും രാജ്യത്തുണ്ടാവുകയുമില്ല. എന്നിരിക്കിലും പദ്ധതി തീരദേശ വാസികളുടെ ജീവിതവും ഉപജീവന മാര്‍ഗവും തകർത്തുകൊണ്ടല്ലെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ഭരണകൂടത്തിനുണ്ട്.
പദ്ധതിക്ക് അനുകൂലമായ വിഴിഞ്ഞത്തെ സാഹചര്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട പ്രതികൂല സാഹചര്യങ്ങള്‍ ശരിയായി വിലയിരുത്തി അവക്ക് പ്രതിവിധികള്‍ കണ്ടെത്തി ക്കൊണ്ടാണോ കേന്ദ്ര സര്‍ക്കാര്‍ അതുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയതെന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേകിച്ച് ആവശ്യമായ മുൻകരുതലും തയാറെടുപ്പുകളും കൂടാതെ തീരുമാനങ്ങള്‍ എടുക്കുന്ന മോദി സര്‍ക്കാറിന്റെ രീതിയുടെ ദുരന്തഫലങ്ങള്‍ ഓര്‍മയിലുള്ളപ്പോള്‍. നോട്ടു നിരോധനം പ്രഖ്യാപിച്ചശേഷം ഏതാനും ദിവസം നിത്യവും പുതിയ മാര്‍ഗനിർദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് മുൻകൂട്ടി തിരിച്ചറിഞ്ഞു ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ചെയ്യാതിരുന്നതുമൂലമുണ്ടായ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടത്. ആ കാലതാമസം കൊണ്ട് അതിദുരിതം നേരിടേണ്ടി വന്നത് സാധാരണ ജനങ്ങള്‍ക്കാണ്. ചരക്കു-സേവന നികുതി ഏര്‍പ്പെടുത്തിയപ്പോഴും സമാന അനുഭവമുണ്ടായി. കോവിഡ് മഹാമാരിക്ക് തടയിടാനായി ഭവിഷ്യത്തുകള്‍ യഥാവിധി വിലയിരുത്താതെ തിടുക്കത്തില്‍, നാല് മണിക്കൂറില്‍, ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ സൃഷ്ടിച്ച മാനുഷിക പ്രശ്നം വാർത്തചിത്രങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടറിഞ്ഞതാണല്ലോ
വിഴിഞ്ഞം തുറമുഖ തീരുമാനവുമായി താരതമ്യം ചെയ്യാന്‍ ഇവയെക്കാളൊക്കെ നല്ലത് മൂന്നു വിവാദ കാര്‍ഷിക നിയമങ്ങളുടെ കഥയാണ്. കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്യാതെയാണ് നിയമങ്ങള്‍ പാസാക്കിയത്. അതിനെതിരെ സമരം ചെയ്യാന്‍ ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലെത്തി. അന്ന് സമരം ചെയ്ത സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ സംഭാഷണം നടത്തിയെങ്കിലും അതില്‍ ആത്മാര്‍ഥത ഉണ്ടായിരുന്നില്ല. ഒരു കൊല്ലം നീണ്ട സമരം അവസാനിപ്പിക്കാന്‍ കളമൊരുക്കിയത് മൂന്നു നിയമങ്ങളും മരവിപ്പിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനമായിരുന്നു. നിയമത്തിന്റെ സാധുത പരിശോധിച്ച് എടുത്ത തീരുമാനമായിരുന്നില്ല അത്.
ട്രാക്ടറുകളുമായി കുടുംബസമേതം ഡല്‍ഹിയിലെത്തിയ കര്‍ഷകരുടെ സാന്നിധ്യം സൃഷ്ടിച്ച ഗതാഗത തടസമാണ് അസാധാരണമായ കോടതി ഉത്തരവിലേക്ക് നയിച്ചത്.
സമരം മൂലം തുറമുഖ പദ്ധതിയുടെ പണി തടസ്സപ്പെട്ടിരിക്കുന്നെന്ന അദാനിയുടെ പരാതി വിഴിഞ്ഞം പ്രശ്നം ഹൈകോടതിയിലെത്തിച്ചിരിക്കുകയാണ്. തടസ്സംമൂലം തനിക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന്റെ കണക്ക് ഹര്‍ജിക്കാരന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒടുവില്‍ ഈ നഷ്ടം വഹിക്കേണ്ടത് സര്‍ക്കാറാകും. അതായത് നികുതിദായകരായ ജനങ്ങള്‍ തന്നെ. അതിലുപരി പദ്ധതിയുടെ ഫലമായി തീരദേശവാസികൾക്കുണ്ടാകുന്ന നഷ്ടവും പരിഗണിക്കേണ്ടതല്ലേ? അതില്‍ മറ്റിനങ്ങള്‍ക്കൊപ്പം അവരുടെ ജീവന്റെ വിലയുമുണ്ടാകണ്ടെ?
സമരത്തിന്റെ ന്യായാന്യായത്തിലേക്കോ പദ്ധതിക്ക് ഓരോരുത്തരും കൊടുക്കേണ്ട വിലയിലേക്കോ കടക്കാതെ, പണി തടസ്സം കൂടാതെ നടക്കുന്നെന്ന് ഉറപ്പാക്കാന്‍ ഹൈകോടതി നിർദേശിച്ചു. എന്നിട്ടും സമരവും തടസ്സവും തുടര്‍ന്നപ്പോള്‍ അദാനി പട്ടാളത്തെ അയക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. സുപ്രീം കോടതി ആവശ്യമെങ്കില്‍ പട്ടാളത്തെ വിളിക്കാന്‍ പറഞ്ഞിട്ടും ജനങ്ങള്‍ പിൻവാങ്ങാതിരുന്ന വിളപ്പില്‍ശാല സമരത്തിന്റെ കഥ അദാനിക്കറിയില്ലെന്നു തോന്നുന്നു. പട്ടാളം വന്നാലും സമരം തീര്‍ന്നില്ലെങ്കില്‍ അദ്ദേഹം തീരദേശത്ത് ബോംബ് വര്‍ഷിക്കാന്‍ ആവശ്യപ്പെടുമോ എന്തോ.
ദേശീയതാൽപര്യം മനസ്സിലാക്കാന്‍ കഴിവുള്ളവരും അതിനായി മറ്റാരേക്കാളുമേറെ ത്യാഗത്തിനു തയാറായവരുമാണ് തിരുവനന്തപുരത്തെ തീരദേശവാസികള്‍. ചെറിയ റോക്കറ്റുകള്‍ വിക്ഷേപിച്ചുകൊണ്ടാണ് ഇന്ത്യ ബഹിരാകാശ ഗവേഷണം തുടങ്ങിയത്. വിക്ഷേപണകേന്ദ്രം സ്ഥാപിക്കേണ്ടത് ഭൂമധ്യരേഖക്ക് സമീപം. തുമ്പയാണ് അധികൃതര്‍ കണ്ടെത്തിയ അനുയോജ്യമായ സ്ഥലം. വിക്രം സാരാഭായി അതിര്‍ത്തിക്കല്ലുകളുമായി ഉദ്യോഗസ്ഥരെ അങ്ങോട്ടയക്കുകയല്ല ചെയ്തത്. പകരം പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും ആ പ്രദേശം പദ്ധതിക്കായി കണ്ടെത്തിയതെങ്ങനെയെന്നും അവരോട് അദ്ദേഹം പറഞ്ഞു. ഒരു പള്ളി നില്‍ക്കുന്നയിടമുള്‍പ്പെടെ മുഴുവന്‍ സ്ഥലവും അവര്‍ ബഹിരാകാശ ഗവേഷണ സംഘടനക്ക് വിട്ടുകൊടുത്തു. നിയമപ്രകാരം ഒരു വലിയ പദ്ധതി തുടങ്ങുംമുമ്പ് പാരിസ്ഥിതികാഘാത പഠനം കൂടിയേ തീരു. സ്ഥലവാസികള്‍ക്ക് അഭിപ്രായം രേഖപ്പെടു ത്താന്‍ മതിയായ അവസരം നല്‍കാതെയാണ് അദാനി നിയോഗിച്ചവര്‍ ആഘാതപഠനം നടത്തിയതെന്ന് നേരത്തെതന്നെ ആക്ഷേപം ഉണ്ടായിരുന്നു. അദാനി പണി തുടങ്ങിയശേഷമുള്ള ചെറിയ കാലയളവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ തീര പ്രദേശത്തുള്ള മുന്നൂറിലധികം വീടുകള്‍ കടലെടുത്തിട്ടുണ്ട്. കൂടാതെ ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കോവളം കടപ്പുറവും തിരുവനന്തപുരം നഗരവാസികള്‍ തലമുറകളായി ആശ്രയിച്ചുപോന്ന ശംഖുമുഖം കടപ്പുറവും കടലാക്രമണത്തിനു വിധേയമായി. ആഘാതപഠനം നടന്നിട്ടുണ്ടെങ്കില്‍ അത് ശാസ്ത്രീയവും സത്യസന്ധവും ആയിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്നത്തെ രീതിയില്‍ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ കൂടുതല്‍ വലിയ ദുരന്തങ്ങളാവും കേരളത്തെ കാത്തിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വികസനത്തിന്റെ പേരില്‍ തീരദേശ ജനതയെ കൈയൊഴിഞ്ഞ മട്ടാണ്. ഇനി അവര്‍ക്ക് ആശ്രയിക്കാവുന്ന ഏക ഭരണഘടന സംവിധാനം കോടതിയാണ്. ഈ ഘട്ടത്തിലും വിനാശകരമായ തുറമുഖ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യം അവര്‍ ഉയര്‍ത്തിയിട്ടില്ല. ശാസ്ത്രീയ പഠനം നടത്തണമെന്നും അതിന്റെ ഫലം വരുന്നതുവരെ പണി നിര്‍ത്തിവെക്കണമെന്നുമുള്ള ആവശ്യമാണ് സമര സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. സത്യസന്ധമായ പഠനം നടത്തി പരിസ്ഥിതിക്കുണ്ടാകാനിടയുള്ള ആഘാതം കൃത്യമായി വിലയിരുത്താനും വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തഫലങ്ങള്‍ പരമാവധി കുറക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും സര്‍ക്കാറും അദാനിയും തയാറായാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാനായേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നല്ല ഭരണാധികാരികള്‍ ആരും ആവശ്യപ്പെടും മുമ്പേ ആദ്യമേ തന്നെ ചെയ്യുന്ന കാര്യമാണിത്. ഭരണകര്‍ത്താക്കളെയും പദ്ധതി നടത്തിപ്പുകാരെയും ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ ബഹുമാനപ്പെട്ട കോടതിക്ക് കഴിയട്ടെ.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.