കുടകില്‍ എരിഞ്ഞുതീരുന്ന ആദിവാസി ജീവിതങ്ങള്‍
text_fieldsപണിയര്‍, അടിയര്‍, കുറിച്യര്‍, കാട്ടുനായ്ക്കര്‍, ഊരാളി കുറുമര്‍, മുള്ളക്കുറുമര്‍, വയനാടന്‍ കാടര്‍ തുടങ്ങി ഏഴ് വ്യത്യസ്ത ഗോത്രവിഭാഗങ്ങളിലായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ജില്ലയാണ് വയനാട്. ആ ജനതയുടെ നിലനിൽപിന് തന്നെ ഭീഷണിയായി മാറുന്നതരത്തിലാണ് അവര്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരൂഹതനിറഞ്ഞ മരണങ്ങളും തിരോധാനങ്ങളും.
തൊണ്ണൂറുകളുടെ അവസാനത്തിലാണ് വയനാട്ടിലെ കുടിയേറ്റ കര്‍ഷകര്‍ കുടകില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങുന്നത്. കുടകിലെ ജന്മിമാര് തോട്ടക്കൃഷി ആരംഭിച്ച് വയനാട്ടിലെ ആദിവാസികളെ പിന്നീട് പണിക്ക് കൊണ്ടുവരാനും തുടങ്ങി. 30000 ഏക്കറിലധികം പരന്നുകിടക്കുന്ന കുടകിലെ ഇഞ്ചിത്തോട്ടങ്ങളില്നിന്ന് ആദിവാസികളുടെ ദുരൂഹമരണങ്ങളും തിരോധാനങ്ങളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തുതുടങ്ങുന്നത് 2005ലാണ്. കല്പറ്റ ആസ്ഥാനമായി സ്ഥാപിതമായ നീതിവേദി എന്ന സംഘടന 2008ല്‍ സംഘടിപ്പിച്ച പീപ്ള്‍സ് ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് ഈ പ്രശ്നത്തിന്റെ ഭീകരതയെ വെളിച്ചത്തുകൊണ്ടുവന്നു. 122 ദുരൂഹ മരണങ്ങളാണ് അന്ന് ട്രൈബ്യൂണലിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 34 ആദിവാസികള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തതായും 36 പേര് തൊഴിലിടങ്ങളില്‍നിന്നുള്ള രോഗം മൂലം മരിച്ചതായും കണ്ടെത്തി. 2007-08ല്‍ മാത്രം 15ഓളം ദുരൂഹമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കലക്ടറുടെയും ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തില്‍ ചില അന്വേഷണങ്ങളും സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഉത്തരമേഖല ഐ.ജി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചെങ്കിലും മുന്നോട്ടുപോയില്ല.
കുടകിലേക്ക് ജോലിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ 2007 ആഗസ്റ്റില്‍ വയനാട് ജില്ല കലക്ടര്‍ ഉത്തരവിട്ടു. പണിക്ക് കൊണ്ടുപോകുമ്പോള്‍ എസ്.ടി പ്രമോട്ടര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, ഊരുമൂപ്പന്, പൊലീസ് എന്നിവരില്‍ ആരെയെങ്കിലും അറിയിക്കണം എന്നായിരുന്നു വ്യവസ്ഥ. പണിക്ക് കൊണ്ടുപോകുന്ന ദിവസങ്ങള്‍, കൂലി തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തേണ്ടതാണെന്നും സര്‍ക്കുലറിൽ ഉണ്ടായിരുന്നു. ആറു വര്‍ഷത്തിനുശേഷം 2013 ഒക്ടോബറില്‍ ജില്ല ഭരണകൂടം ദേശീയ മനുഷ്യാവകാശ കമീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, ആദിവാസി തൊഴിലാളികള്‍ കര്‍ണാടകയിലെ തോട്ടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ചൂഷണത്തിന് വിധേയരാകുന്നതിനെപ്പറ്റിയാണ്.
സംസ്ഥാനത്തെ ആദിവാസി തോട്ടം മേഖലയിലെ അവിദഗ്ധ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് അതിര്‍ത്തി സംസ്ഥാനങ്ങളെ ഈ വിഭാഗക്കാര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത്. തുച്ഛ വേതനത്തിനുപുറമെ അടിമസമാനമായ താമസസൗകര്യങ്ങളാണ് അവർക്കവിടെ.
2018 ഡിസംബറില്‍ പണിയ വിഭാഗം താമസിക്കുന്ന കോളനികള്‍ സന്ദര്‍ശിച്ച് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനുള്ള നിയമസഭ സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇവരുടെ ദുരിതം അക്കമിട്ട് നിരത്തുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്ത് അന്യ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ആദിവാസികള്‍ പലതരം ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതായും അറിവില്ലായ്മകൊണ്ടും വിദ്യാഭ്യാസക്കുറവുകൊണ്ടും സാമൂഹികമായ ഒറ്റപ്പെടല്കൊണ്ടും ചൂഷണങ്ങള്‍ക്കെതിരെ നിയമസഹായം തേടാന്‍പോലും കഴിയുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദിവാസികളെ പണിക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട നടപടികളെക്കുറിച്ച് ബോധവത്കരണം നടത്തുമെന്നും പീഡനങ്ങള്‍ക്കെതിരെ പരാതി നല്കാന് സാഹചര്യമൊരുക്കുമെന്നും കുടകിലേക്ക് പണിക്കുപോകുന്നവരുടെ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലും ശേഖരിക്കുമെന്നുമുള്ള തീരുമാനങ്ങളുമുണ്ടായിരുന്നു റിപ്പോര്‍ട്ടില്‍. ഇപ്പോൾ പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്, ആദിവാസികള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കുള്ള പരിഹാരത്തിന്റെ നാലയലത്തുപോലും നടപടികള്‍ എത്തിയിട്ടില്ലെന്നാണ്.
2023ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല സംഭവങ്ങളും ഒട്ടേറെ സംശയങ്ങള്‍ ഉളവാക്കുന്നവയാണ്. ഫെബ്രുവരിയില്‍ കുടകിലെ ഉതുക്കേരിയില്‍ വെള്ളത്തില്‍ വീണ് മരിച്ചെന്ന് പൊലീസ് അറിയിച്ച വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന്റേത് അതിലൊന്നാണ്. ബന്ധുക്കള്‍ക്ക് ലഭിച്ചത് ശ്രീധരന്റെ വസ്ത്രങ്ങളും മരിച്ചുകിടക്കുന്ന ചിത്രവും മാത്രമായിരുന്നു. മൃതദേഹം നേരത്തെ കുടകിൽത്തന്നെ സംസ്കരിച്ചിരുന്നു. ശ്രീധരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും പൊലീസ് കുടുംബത്തിന് ഇതുവരെ കൈമാറിയിട്ടില്ല.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പുൽപള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന് സറഗൂർ വിവേകാനന്ദ മെമ്മോറിയല്‍ ആശുപത്രിയില്‍വെച്ച് മരണപ്പെടുന്നത്. കുടകിലെ തോട്ടത്തില്‍ ഷെഡില്‍ ബോധരഹിതനായി കിടന്നിരുന്ന ശേഖരനെ നാട്ടില്‍നിന്ന് സഹോദരനെത്തിയാണ് ഹോസ്പിറ്റലിലെത്തിച്ചത്. മൃതദേഹവുമായി ആംബുലന്‍സില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൃതദേഹത്തിലെ ആഴത്തിലുള്ള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയില്‍പെട്ടത്. ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഖരനെ പലവട്ടം ബന്ധുക്കള്‍ സന്ദര്‍ശിച്ചപ്പോഴൊന്നും ഇല്ലാതിരുന്ന മുറിവെങ്ങനെ മൃതദേഹത്തിലുണ്ടായിയെന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്. സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തില്‍ കായല്‍ക്കുന്ന് ഊരിലെ സന്ധ്യയുടെ ഭര്‍ത്താവ്-വെള്ളമുണ്ട പഞ്ചായത്തില്‍ കൊയ്ത്തുപ്പാറ കാട്ടുനായ്ക്ക ഊരിലെ രാജുവിന്റെ മകന് സന്തോഷ് ജൂലൈ മാസത്തിലാണ് മുങ്ങിമരിച്ചതായി കുടുംബത്തിന് വിവരം ലഭിക്കുന്നത്. തിരുനെല്ലി പഞ്ചായത്തിലെ കാളിന്ദി ഊരില്‍നിന്ന് ജോലിക്കുപോയ അരുണിനെ രണ്ടര മാസത്തിലധികമായി കാണാതായിട്ട്. അമിത ജോലിയും തുച്ഛമായ വേതനത്തിനും പുറമെ തൊഴിലുടമയുടെ മർദനവും സഹികെട്ട് കുടകില്‍നിന്ന് നാട്ടിലേക്ക് രക്ഷപ്പെട്ടെത്തിയ അരുണിനെ തൊഴിലുടമയും സംഘവും കോളനിയിലെ വീട്ടില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തിരികെ കൊണ്ടുപോയത്.
ആറുമാസത്തിനിടെ കുടകില്‍ വെച്ചുണ്ടായ മരണങ്ങളിലും തിരോധാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണ് ഇവ. അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘം വയനാട്ടിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച ഈ സംഭവങ്ങള്‍ക്കുപുറമെ ജില്ലയില്‍ വിവിധ മേഖലകളിലായുള്ള ആദിവാസി ഊരുകളില്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയായി മരണങ്ങളും തിരോധാനങ്ങളും അനവധിയുണ്ടാകും. മരണം കുടകിലാണ് സംഭവിക്കുന്നതെന്ന ന്യായത്തില്‍ സംസ്ഥാന സര്‍ക്കാറിനോ നിയമസംവിധാനത്തിനോ മുഖംരക്ഷിക്കാനാവില്ല. എസ്.സി-എസ്.ടി കമീഷന്, മനുഷ്യാവകാശ കമീഷന്, സംസ്ഥാന ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളുടെ സത്വര ഇടപെടല്‍ ആവശ്യമായ സാഹചര്യത്തിലാണ് നിലവിൽ വയനാട്ടിലെ ആദിവാസി ഊരുകള്‍. മതിയായ നഷ്ടപരിഹാരവും നടപടികളും ഉണ്ടാകുന്നതോടൊപ്പം സര്‍ക്കാര്‍ തലത്തില്‍ അന്തര്‍ സംസ്ഥാന ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.
(എ.പി.സി.ആര് സംസ്ഥാന
ജനറല്‍ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.