സി.എ.എ: മുസ്ലിംകളെ ഒഴിവാക്കുന്നതിലെ വലതുപക്ഷ ന്യായങ്ങൾ
text_fieldsഭൂരിപക്ഷം ഇന്ത്യൻ മുസ്ലിംകളും വിഭജനത്തെ ശക്തമായി എതിർക്കുകയും ഇന്ത്യയിൽതന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു എന്നതാണ് സത്യം. ഖാൻ അബ്ദുൽ ഗഫാർ ഖാൻ, മൗലാന അബുൽ കലാം ആസാദ്, ശൈഖ് അബ്ദുല്ല തുടങ്ങിയ പ്രമുഖ നേതാക്കളും ദയൂബന്ദിലെ മതനേതൃത്വവുമടക്കം വിഭജനത്തെ എതിർത്തിരുന്നു
അടുത്തിടെ പാസാക്കപ്പെട്ട 2019ലെ പൗരത്വഭേദഗതി നിയമം ചർച്ചചെയ്ത് ഒരു കോൺക്ലേവിൽ സംസാരിക്കവെ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംകളെ ഒഴിവാക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് കാരണങ്ങളാണ് എടുത്തുപറഞ്ഞത്. ഒന്നാമത്തേത് ഇന്ത്യാ വിഭജനമാണ്. രണ്ടാമത്തേത്, ഈ രാജ്യങ്ങളൊക്കെയും ഔദ്യോഗികമായി ഇസ്ലാമിക രാഷ്ട്രങ്ങളായതിനാൽ മുസ്ലിംകൾക്കുനേരെ പീഡനം എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല എന്നതുമാണ്.
ഇന്ത്യാ വിഭജനത്തിന് എല്ലാ മുസ്ലിംകളും ഉത്തരവാദികളാണെന്ന വാദം അടിസ്ഥാനപരമായി ശരിയല്ല. പ്രധാനമായും ഉത്തരേന്ത്യയിലെ മുസ്ലിം ഭൂവുടമകളുടെ പിന്തുണയോടെ നടന്ന ഒരു വരേണ്യ-പ്രേരിത പദ്ധതിയായിരുന്നു വിഭജനം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയൽ നയത്തിനു പുറമെ 1920കളുടെ അവസാനത്തോടെ തന്നെ വ്യവസ്ഥാപിത രൂപംപ്രാപിച്ചിരുന്ന ഹിന്ദു രാഷ്ട്രമെന്ന ഹിന്ദു വലതുപക്ഷ സ്വപ്നപദ്ധതിയും മുസ്ലിം വരേണ്യവർഗങ്ങൾക്കിടയിൽ അകൽച്ചക്ക് ഒരു പ്രധാന കാരണമായി.
അത് ഏതാനും ചില വരേണ്യ മുസ്ലിംകൾക്കിടയിൽ മാത്രമായിരുന്നില്ല. മേൽജാതി പശ്ചാത്തലമുള്ള ദേശീയവാദികളായ വരേണ്യവർഗം മുന്നോട്ടുവെച്ച ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യം, ദക്ഷിണേന്ത്യയിലെ അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും യഥാർഥ സ്വാതന്ത്ര്യംനൽകില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ദക്ഷിണേന്ത്യയുടെ ഇതിഹാസ പുരുഷൻ പെരിയാർ ദ്രാവിഡിസ്ഥാനുവേണ്ടി വാദിച്ചത്.
ഭൂരിപക്ഷം ഇന്ത്യൻ മുസ്ലിംകളും വിഭജനത്തെ ശക്തമായി എതിർക്കുകയും ഇന്ത്യയിൽതന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു എന്നതാണ് സത്യം. ഖാൻ അബ്ദുൽ ഗഫാർ ഖാൻ, മൗലാന അബുൽ കലാം ആസാദ്, ശൈഖ് അബ്ദുല്ല തുടങ്ങിയ പ്രമുഖ നേതാക്കളും ദയൂബന്ദിലെ മതനേതൃത്വവുമടക്കം വിഭജനത്തെ എതിർത്തിരുന്നു. 1971ൽ ബംഗ്ലാദേശ് വിമോചനത്തിന് നേതൃത്വം നൽകിയ മതേതര മുസ്ലിം നേതാവായ ബംഗബന്ധു മുജീബുർറഹ്മാനിൽനിന്നാണ് ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തിന് ഏറ്റവും വലിയ അടിയേറ്റത്.
മുസ്ലിംകളെ പുറന്തള്ളുന്നതിനെ ന്യായീകരിക്കാൻ ഹിന്ദു വലതുപക്ഷം വിഭജനത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനർഥം വിഭജനത്തിനെതിരെ മുസ്ലിംകൾ നടത്തിയ ചെറുത്തുനിൽപ്പിനെയും ഇക്കാലമത്രയും രാജ്യത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങളെയും അഭിനന്ദിക്കുന്നതിൽ അവർ മനഃപൂർവം പരാജയപ്പെട്ടു എന്നുമാത്രമാണ്.
വ്യക്തമായിപ്പറഞ്ഞാൽ, സി.എ.എ2019ൽ മുസ്ലിംകളെ ഒഴിവാക്കിയതിന് അടിസ്ഥാനം വിഭജനമാണെന്ന വാദം ഹിന്ദു വലതുപക്ഷം മുസ്ലിംകളോട് ഒന്നടങ്കം കാണിക്കുന്ന വർഗീയപ്രതികാരത്തിന്റെ അടയാളമാണ് .
പാകിസ്താൻ എന്നരാജ്യം രൂപംകൊള്ളുന്നതോടെ ഉടലെടുക്കുന്ന പുതിയ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ വലിയൊരു വിഭാഗം മുസ്ലിം പൊതുജനങ്ങളും മധ്യവർഗവും പകച്ചുനിന്ന ഘട്ടമുണ്ടായിരുന്നു. ന്യൂഡൽഹിയിലെ സെൻട്രൽ സെക്രട്ടേറിയറ്റിൽ ജോലിചെയ്തിരുന്ന എല്ലാ മുസ്ലിം ഉദ്യോഗസ്ഥരെയും പാകിസ്താനിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയ ഉടനെ മൗലാനാ അബുൽകലാം ആസാദ് ഇന്ത്യയിൽതന്നെ തുടരുന്ന മുസ്ലിംകൾക്ക് അവരുടെ അവകാശങ്ങൾ നൽകിക്കൊണ്ട് സർക്കുലർ പുറപ്പെടുവിക്കാൻ ഇന്ത്യ ഗവണ്മെന്റിനെ നിർബന്ധിച്ചു .
ജവഹർലാൽ നെഹ്റുവും മൗണ്ട് ബാറ്റൺ പ്രഭുവും ആസാദിന്റെ ശ്രമത്തെ പൂർണമായി പിന്തുണച്ചു. തൽഫലമായി പാകിസ്താനിലേക്ക് മാറാൻ തീരുമാനിച്ച സെൻട്രൽ സെക്രട്ടേറിയറ്റിലെ 23, 233 ഓഫിസർമാരും സബോർഡിനേറ്റ് സ്റ്റാഫുകളും അവരുടെ മനസ്സ് മാറ്റി ഇന്ത്യയിൽ തുടരാൻ അപേക്ഷിച്ചു; ഇവരിൽ 19,676 പേരെ നിലനിർത്തി.
അതുപോലെ, പാകിസ്താനിലേക്ക് മാറാൻ അപേക്ഷിച്ച 16,090 മുസ്ലിംകൾ ജോലി ഉപേക്ഷിച്ചിരുന്നു. അവരിൽ 13,018 പേർ മനസ്സ് മാറിയപ്പോൾ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കപ്പെട്ടു. ഈ ഒരു ചെറിയ ഉദാഹരണം മാത്രംമതി വിഭജനകാലഘട്ടത്തിൽ ഒരു ശരാശരി മുസ്ലിം അനുഭവിച്ച ആശയക്കുഴപ്പത്തിന്റെ തീവ്രത വ്യക്തമാവാൻ.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങൾ കടുത്ത പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന ഹിന്ദു വലതുപക്ഷവാദത്തെ അപ്പാടെ തള്ളിക്കളയാൻ കഴിയില്ലെന്നതുപോലെയാണ് അഹ്മദിയാക്കൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ അവസ്ഥയും.
ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ പാക് ശാസ്ത്രജ്ഞൻ പ്രഫ. അബ്ദുസ്സലാമിന് പോലും അദ്ദേഹത്തിന്റെ അഹ്മദിയ പാരമ്പര്യം കാരണം രക്ഷയുണ്ടായില്ല. തീർച്ചയായും ശിയാ സമുദായത്തിലെ ചില നേതൃത്വം പാകിസ്താൻ പദ്ധതിയെ സുന്നിസ്ഥാനായി കണക്കാക്കുകയും അതിനെ ശക്തമായി എതിർക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, ഇന്ത്യയിലെ മതേതര സർക്കാറുകൾ ഈ പ്രശ്നത്തെ അടിയന്തരമായി കൈകാര്യംചെയ്തില്ല എന്ന വാദവും അംഗീകരിക്കപ്പെടേണ്ടതാണ്. മതാടിസ്ഥാനത്തിൽ ഇന്ത്യ വിഭജിക്കപ്പെട്ടുവെന്നത് ശരിയാണ്, എന്നാൽ എല്ലാ മുസ്ലിംകളെയും അതിന് കുറ്റപ്പെടുത്താനാവില്ല.
ആയിഷ ജലാൽ തന്റെ വിഖ്യാതമായ The Soul Spokesman: Jinnah, the Muslim League and the Demand for Pakistan 1944 എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ വിഭജനത്തിന്റെ സങ്കീർണത വിവരിക്കുന്നുണ്ട്: ‘1947ലെ വിഭജനം ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾക്കുള്ള ഒരു ഭാഗികമായ പരിഹാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല.
ഇന്ത്യയിലെ സാമുദായിക സംഘർഷങ്ങളുടെ തിരിച്ചുവരവും പാകിസ്താനിലും ബംഗ്ലാദേശിലും ഉണ്ടായ പ്രത്യാഘാതങ്ങളും ഈ വിഷയത്തെ കൂടുതൽ വ്യക്തമാക്കി. പാകിസ്താനിലെയും ബംഗ്ലാദേശിലെയും പൗരർക്ക് തങ്ങളുടെ രാജ്യത്തെ അമുസ്ലിം ന്യൂനപക്ഷങ്ങൾ ഉന്നമാക്കപ്പെടുന്നതിനൊപ്പം, ഇന്ത്യയിൽ കുടുങ്ങിപ്പോയ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദുരവസ്ഥയും നിസ്സഹായരായി നോക്കിനിൽക്കാനേ കഴിയൂ’.
സി.എ.എയെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ദേശീയ ചർച്ചയിൽ ഏറ്റവും ദൗർഭാഗ്യകരമായ ഇടപെടൽ ഉണ്ടായത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൽ നിന്നാണ്. അഭയം തേടുന്നവരെ കുറ്റവാളികളായി അദ്ദേഹം ചിത്രീകരിച്ചത് തീർത്തും അപരഭയംകൊണ്ടുതന്നെയാണ്.
ഇത് മറ്റു സമുദായങ്ങളെ നശീകരണ ജീവികളായി ചിത്രീകരിക്കുന്നതിന് സമാനമാണ്. മുസ്ലിം പ്രശ്നത്തെയും മതേതരത്വ പ്രശ്നത്തെയും എങ്ങനെ അഭിസംബോധന ചെയ്യണമെന്നതിലുള്ള നിലപാടില്ലായ്മയാകാം ഇത്തരം വിദ്വേഷ വാദങ്ങൾ ഉന്നയിക്കാൻ ആം ആദ്മി പാർട്ടി നേതാവിനെ പ്രേരിപ്പിച്ചത്.
ഹിന്ദു വലതുപക്ഷ പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിന്റെ വിശാല പശ്ചാത്തലത്തിലാണ് 2019ലെ പൗരത്വഭേദഗതി നിയമത്തിലെ മുസ്ലിം അവഗണനയെ കാണേണ്ടത്.
മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കില്ല എന്ന ബി.ജെ.പിയുടെ തീരുമാനം ഉത്തർപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്ന മദ്റസ വേട്ട, ദർഗകളെയും മസ്ജിദുകളെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് എന്നിവയെല്ലാം പൗരത്വഭേദഗതി നിയമത്തോട് ചേർത്തുവെച്ച് പരിശോധിക്കുമ്പോൾ, അത് വിഭജനകാലത്ത് നടന്നതിന്റെ എത്രയോ ഇരട്ടിയാണെന്നു മനസ്സിലാകും.
മുസ്ലിംമുക്ത ഭാരതമെന്ന സമഗ്രമായ പ്രത്യയശാസ്ത്ര പദ്ധതിയാണ് സാവധാനത്തിലും വ്യവസ്ഥാപിതമായും നടന്നു കൊണ്ടിരിക്കുന്നത്. അതിനെതിരെ കൃത്യമായ രാഷ്ട്രീയ പ്രതികരണങ്ങളൊന്നും മുസ്ലിംകളിൽനിന്നോ മറ്റു മതേതര രാഷ്ട്രീയ വിഭാഗങ്ങളിൽ നിന്നോ ഉണ്ടാകുന്നുമില്ല.
(ഗ്രന്ഥകാരനും ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയയിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ എക്സ് ക്ലൂഷൻ ആൻഡ് ഇൻക്ലൂസിവ് പോളിസിയിൽ അസി. പ്രഫസറുമായ ലേഖകൻ ദ ഹിന്ദുവിൽ എഴുതിയ കുറിപ്പിന്റെ സംഗ്രഹ വിവർത്തനം)
മൊഴിമാറ്റം: ഡോ. ഇ.കെ. മുഹമ്മദ് അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.