മന്ത്രിസഭ പുനഃസംഘടന; സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കപ്പെടണം
text_fieldsനൂറ്റാണ്ടുകളായി ജാതിവിവേചനത്തിലൂടെ സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കേണ്ടിവന്ന രാജ്യത്തെ ഭൂരിപക്ഷം ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഭരണഘടനയിൽ സാമൂഹിക നീതി ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കർ സാമൂഹിക നീതിയെ കൃത്യമായി നിർവചിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജാതി-മത-ലിംഗ-വർഗ ഭേദമെന്യേ എല്ലാവർക്കും അനുഭവവേദ്യമാക്കുക എന്നതാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ഇതിനായി വിദ്യാഭ്യാസ, തൊഴിൽ, രാഷ്ട്രീയ മേഖലകളിൽ സാമൂഹികമായി ഏറ്റവും താഴേക്കിടയിലുള്ളവർക്ക് വിശേഷാൽ പരിരക്ഷയും സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കേണ്ടിവന്ന ഇതര വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കാനാകുംവിധം യുക്തമായ പരിരക്ഷയും ഭരണഘടനയിൽ വ്യവസ്ഥചെയ്തിട്ടുണ്ട്.
പട്ടികജാതി-വർഗ വിഭാഗങ്ങളായി തരംതിരിച്ചാണ് സാമൂഹികമായി ഏറ്റവും താഴേത്തട്ടിൽ പെട്ടുപോയവർക്ക് വിദ്യാഭ്യാസ, തൊഴിൽ, രാഷ്ട്രീയ മേഖലകളിൽ 1950ൽ ഭരണഘടന നിലിൽവന്നപ്പോൾതന്നെ പ്രത്യേക പദവി ലഭിച്ചുതുടങ്ങിയത്. എന്നാൽ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർവിസിൽ ഇപ്പറഞ്ഞ പരിരക്ഷ സംവരണാനുകൂല്യമായി ലഭ്യമാക്കിയത് 1992ൽ മാത്രമായിരുന്നു. ഭരണഘടന ശിൽപിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തുവെന്ന തോന്നൽ ഉളവാക്കുംവിധം ‘ക്രീമിലയർ’ എന്ന ഓമനപ്പേരിൽ സാമ്പത്തിക ഘടകം കൂടി ഇതോടൊപ്പം ഏർപ്പെടുത്തി ഒരു നല്ല വിഭാഗം പിന്നാക്ക വിഭാഗക്കാർക്ക് സംവരണാനുകൂല്യം നിഷേധിക്കുന്നതിനും വഴിയൊരുക്കി. സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധി എന്നനിലയിൽ ഇത് പൊതുവെ അംഗീകരിക്കപ്പെട്ടു.
ഭരണഘടന നിലവിൽവന്ന് മുക്കാൽ നൂറ്റാണ്ട് പൂർത്തിയാകാൻ ഇനി മാസങ്ങൾ മാത്രം അവശേഷിക്കെ, ജാതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് ഉണ്ടായിരുന്ന സാമൂഹികമായ പിന്നാക്കാവസ്ഥ അനുഭവപ്പെട്ട ജനവിഭാഗങ്ങൾക്ക് ‘കോരന് കഞ്ഞി കുമ്പിളിൽ തന്നെ’ എന്ന സ്ഥിതിവിശേഷമാണ് തുടരുന്നത്. സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനായി അടയാളപ്പെടുത്തിയ സമത്വത്തിലൂടെ ഉന്നംവെച്ചത് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ സ്ഥിതിസമത്വമാണ് എന്ന് അധികാരികൾ ഒന്നുകിൽ വിസ്മരിച്ചിരിക്കുന്നു. അല്ലെങ്കിൽ മനപ്പൂർവം വിസ്മരിച്ചുവെന്ന് നടിക്കുന്നു. പിന്നാക്കാവസ്ഥ എന്നാൽ ‘അറിവില്ലായ്മ’യാണ് എന്ന് അടിവരയിട്ട് സമ്മതിക്കുംവിധം ഗുണഭോക്താക്കളും ഈ ദുഃസ്ഥിതിയിൽ കുണ്ഠിതപ്പെടാതെ മൗനം പാലിക്കുന്നു. ‘ഈ സാമൂഹിക അസമത്വം വിധികൽപിതമാണ്’ എന്നനിലയിലാണ് ഇക്കൂട്ടർ കഴിയുന്നത്. ഫലത്തിൽ, ജാതിചിന്തയും ജാതിവിവേചനവും ഒട്ടും മാറ്റമില്ലാതെ സമൂഹത്തിൽ നിലനിൽക്കുന്നു. ഭരണഘടനയിലൂടെ ക്രിമിനൽ കുറ്റമാക്കിമാറ്റിയിട്ടുള്ള ‘തൊട്ടുകൂടായ്മ’ ഒളിഞ്ഞും തെളിഞ്ഞും ആചാരവിശ്വാസപ്രമാണങ്ങളുടെ മറവിൽ കൊടികുത്തിവാഴുകയാണ്.
ഉെജ്ജയിനിയിലും ഹരിദ്വാറിലും ഋഷികേശത്തും കാശിയിലും പ്രയാഗിലും പോലും പൂജാകർമങ്ങൾ നടത്തുന്ന ബ്രാഹ്മണ പണ്ഡിറ്റുമാരുടെ ഇടയിൽ ഇല്ലാത്ത തൊട്ടുകൂടായ്മയും ആചാരവിശ്വാസ പ്രമാണങ്ങളും സാക്ഷരതയിലും ഭൗതിക ജീവിതനിലവാര സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിൽ പഴയപടി തുടരുകയാണ്. ദേവസ്വം മന്ത്രി പട്ടികജാതിക്കാരനെങ്കിൽ ഇടതുപക്ഷ ഭരണത്തിൽപോലും പരസ്യമായി തൊട്ടുകൂടായ്മക്ക് വിധേയനാകുന്നു. ക്ഷേത്രത്തിലെ കുശിനിപ്പണിയിൽ തുടങ്ങി ശാന്തിപ്പണിക്കുവരെ ബ്രാഹ്മണനല്ലാത്ത ഒരാളെക്കുറിച്ച് ചിന്തിക്കാൻ സർക്കാർ സംവിധാനത്തിനുവരെ കഴിയുന്നില്ല. ജാതിവിവേചനത്തിന്റെയും അയിത്തത്തിന്റെയും കാര്യം മാറ്റിവെച്ച് തൊഴിൽരംഗത്തെയും സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെയും സ്ഥിതിവിശേഷം പരിശോധിച്ചാൽ ലഭിക്കുന്ന ഫലവും വിഭിന്നമല്ല.
തൊഴിൽശാലകൾ ഉൾപ്പെടെ സാമ്പത്തിക മേഖലയിലെ ജാതിവിവേചനത്തിലൂടെയുള്ള നീതിനിഷേധം ഇല്ലാതാക്കണമെങ്കിൽ പിന്നാക്ക വിഭാഗങ്ങളിൽപെട്ടവർ, ഡോ. അംബേദ്കർ ആവശ്യപ്പെട്ടപോലെ, രാഷ്ട്രീയ ശക്തിയായി മാറണം. ഇതിലൂടെ നയരൂപവത്കരണത്തിലും അവയുടെ കൃത്യവിധാനത്തിലും അവർക്ക് പങ്കാളികളാകാനാകും. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ മുന്നേറ്റം അവരവർ പ്രതിനിധാനം ചെയ്യുന്ന സമുദായ വിഭാഗങ്ങൾക്ക് നേടിയെടുക്കാൻ ഇതു മാത്രമാണ് പ്രതിവിധി.
ഇതര സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോൾ പിന്നാക്ക വിഭാഗങ്ങളും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും കേരളത്തിൽ രാഷ്ട്രീയശക്തി ആർജിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നുണ്ട്. വാസ്തവത്തിൽ ഇവിടെ ഈ വിഭാഗങ്ങൾക്ക് രാഷ്ട്രീയ ശക്തികേന്ദ്രങ്ങളായിട്ടില്ല. ഇതിന് തെളിവാണ് തിരു-കൊച്ചി സംസ്ഥാനത്ത് സി. കേശവനെയും കേരള സംസ്ഥാനത്ത് ആർ. ശങ്കറെയും മുഖ്യമന്ത്രിയാക്കിയ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിലെ ഇപ്പോഴത്തെ 40 അംഗങ്ങളിൽ ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യം ഒന്ന് എന്നനിലയിൽ എത്തിനിൽക്കുന്നത്. സ്ഥാനാർഥി നിർണയത്തിൽ ഈഴവ, വിശ്വകർമ തുടങ്ങി പിന്നാക്ക വിഭാഗക്കാരെ പാടെ ഒഴിവാക്കിവരുന്നതുകൊണ്ടാണ് യു.ഡി.എഫിന്റെ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയകാരണമെന്ന് നേതാക്കൾ തിരിച്ചറിയുന്നുപോലുമില്ല. കെ.പി.സി.സി പ്രസിഡന്റായി വി.എം. സുധീരനെയോ മുല്ലപ്പള്ളി രാമചന്ദ്രനെയോ ഇപ്പോൾ കെ. സുധാകരനെയോ അംഗീകരിക്കാൻ കോൺഗ്രസിന്റെ നേതൃനിരയിൽ ഉള്ളവർക്ക് കഴിയുന്നില്ല.
തമ്മിൽ ഭേദം തൊമ്മൻ എന്നനിലയിലാണ് ഇടതുപക്ഷം കേരളത്തിൽ ഭരണം നടത്തിവന്നത്. എങ്കിലും കെ.ആർ. ഗൗരിയമ്മ, സുശീല ഗോപാലൻ എന്നിവരുടെ മുഖ്യമന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ച കമ്യൂണിസ്റ്റ് നേതാക്കൾ വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ നടത്തിയ കള്ളക്കളികൾ കേരളീയർ മറന്നിട്ടില്ല. 2006ൽ വി.എസ് മുഖ്യമന്ത്രിയായപ്പോൾ നയതീരുമാനങ്ങൾ എടുക്കുന്നതിലും അവ നടപ്പാക്കുന്നതിലും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ കേരളീയരുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്.
പിന്നാക്ക വിഭാഗക്കാരെ പാടെ ഒഴിവാക്കി സ്ഥാനാർഥിനിർണയം നടത്തുകയും എൻ.എസ്.എസ് സമവായം ഒഴിവാക്കി യു.ഡി.എഫിന് പിന്തുണ നൽകുകയും ചെയ്തപ്പോഴാണ് പിന്നാക്ക വിഭാഗക്കാർ സംഘടിതമായി 2021ൽ എൽ.ഡി.എഫിന് തുടർഭരണം നൽകിയത്. അതായത്, തുടർഭരണത്തിനായി ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്കർ, വിശ്വകർമർ തുടങ്ങി പിന്നാക്ക വിഭാഗങ്ങളിലും പട്ടികജാതി-വർഗ വിഭാഗങ്ങളിലുംപെട്ടവരുടെ വോട്ടാണ് തുടർഭരണം ലഭിക്കുന്നതിന് സാഹചര്യം ഒരുക്കിയത്. 2016ലെ എൽ.ഡി.എഫ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരിക്കുകയും മികവിലൂടെ വിശ്വപ്രശസ്തി നേടുകയും 2021ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടുകയും ചെയ്ത കെ.കെ. ശൈലജ ടീച്ചർ ഉൾപ്പെടെ പിന്നാക്ക വിഭാഗക്കാരെ ഒഴിവാക്കി ഈഴവ വിഭാഗത്തിൽപെട്ട ഒരാളിനെ മാത്രമാണ് മുഖ്യമന്ത്രിക്കുപുറമെ സി.പി.എം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഈഴവ വിഭാഗത്തിൽപെട്ടവരെ ഉൾപ്പെടെ പിന്നാക്ക വിഭാഗക്കാരെ പാടെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച സി.പി.ഐ സെക്രട്ടറി നിശ്ചയിച്ച നാലു മന്ത്രിമാരിൽ സ്വസമുദായത്തിൽപെട്ട മൂന്നുപേരെയാണ് തിരഞ്ഞെടുത്തത്. ചെറുപാർട്ടികൾ രണ്ടര വർഷക്കാലം മന്ത്രിമാരെ തിരഞ്ഞെടുത്തപ്പോൾ ഭാഗ്യത്തിന് രണ്ട് ഈഴവർക്കും ഒരു മുസ്ലിമിനും ഒരു ലത്തീൻ കത്തോലിക്കനും നറുക്കുവീണു. ഫലത്തിൽ, എൽ.ഡി.എഫിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികളായി എത്തിയ എട്ടുപേർ നായർ സമുദായത്തിൽപെട്ടവരായി. ഇപ്പോൾ കേരള കോൺഗ്രസിന്റെ (ബി) പ്രതിനിധിയായി എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗമായ ഒരാൾകൂടി മന്ത്രിയാകുന്നതോടെ നായർവിഭാഗത്തിന്റെ പ്രതിനിധ്യം ഒമ്പതായി ഉയരുന്നു. ഇവർക്ക് പുറമെ, നായർവിഭാഗത്തിൽപെട്ട ചീഫ് വിപ്പിന് കാബിനറ്റ് പദവിയുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങളിൽപെട്ട രണ്ടുപേർ ഉൾപ്പെടെ മന്ത്രിസഭയിൽ ഭൂരിപക്ഷം മുന്നാക്ക വിഭാഗത്തിൽപെട്ടവർക്കാണ്. അരമന്ത്രിമാർ രണ്ടുപേർ പോയതോടെ മുസ്ലിം വിഭാഗത്തിന്റെ എണ്ണം രണ്ടായി കുറഞ്ഞിരിക്കുന്നു. ലത്തീൻ കത്തോലിക്കർ ഉൾപ്പെടെ മറ്റു പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം പുതുതായി മന്ത്രിസഭയിൽ എത്തുന്ന ഗണകസമുദായാംഗം ഉള്ളതുകൊണ്ട് ഒരെണ്ണം എന്നുപറയാം. അരമന്ത്രിമാരിൽപെട്ട രണ്ടുപേർ അവരവരുടെ പാർട്ടികളിലെ ഭിന്നതയിലൂടെ മന്ത്രിസ്ഥാനം താൽക്കാലികമായി നഷ്ടപ്പെടുന്നില്ല എന്നതിനാൽ ഈഴവരുടെ പ്രാതിനിധ്യം അഞ്ച് എണ്ണം എന്ന നിലയിൽ തുടരുന്നു. 20 മന്ത്രിമാർ അധികാരത്തിൽ എത്തിയാൽ രണ്ടുപേർ പട്ടികജാതി, വർഗം വേണമെന്ന ഭരണഘടന വ്യവസ്ഥ ലംഘിക്കപ്പെട്ടോ എന്നത് ഭരണഘടന വിദഗ്ധർ പരിശോധിച്ചുവരുകയാണ്.
മുന്നാക്ക വിഭാഗക്കാർക്ക് അധികപ്രാതിനിധ്യം ഉള്ളതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടാകുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനുള്ള മറുപടി ചുവടെ ചേർക്കുംവിധം സംഗ്രഹിക്കാം.
വിഭവ സമാഹരണത്തിലും വിഭവ വിനിയോഗത്തിലും ജനസംഖ്യാനുപാതികമായി സാമൂഹിക സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്ക് ഗുണപ്രദമാകുംവിധം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ അനിവാര്യമായ സ്ഥിതിവിവരണങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന ജാതി സെൻസസ് നടത്താതിരുന്നാൽ ബോധപൂർവമായ ശ്രദ്ധ മുന്നാക്ക വിഭാഗക്കാരായ മന്ത്രിമാരുടെ ഭാഗത്ത് തുടരുന്നു.
സർവകലാശാല, പൊതുമേഖല സ്ഥാപനങ്ങൾ, ദേവസ്വം ബോർഡുകൾ തുടങ്ങി സർക്കാർ നോമിനേഷനിലൂടെ ഭരണസമിതികൾ രൂപവത്കരിക്കപ്പെടുന്ന ഇടങ്ങളിൽ മുന്നാക്ക വിഭാഗം മന്ത്രിമാരുടെ നോമിനികളായി എത്തുന്നവർ ബഹുഭൂരിപക്ഷവും താന്താങ്ങളുടെ സമുദായങ്ങളിൽപെട്ടവർ എന്ന സ്ഥിതിവിശേഷം നിർബാധം തുടരുന്നു.
ഉദ്യോഗ നിയമനങ്ങളിൽ പിന്നാക്ക വിഭാഗത്തിൽപെട്ടവർക്ക് മതിയായ യോഗ്യതയില്ല എന്ന കാരണത്താൽ ഉദ്യോഗാർഥികളെ ലഭ്യമാകാതെവന്നാൽ ബന്ധപ്പെട്ട സമുദായത്തിൽപെട്ട ക്രീമിലയറുകാരെ പരിഗണിക്കാം എന്ന വ്യവസ്ഥ ഉണ്ടാകും എന്നു പറഞ്ഞിരുന്നു. എന്നാൽ, ഇത് നടപ്പാക്കാത്തതുമൂലം ഈഴവ-മുസ്ലിം സമുദായങ്ങളിൽപെട്ടവർക്ക് സംവരണാനുകൂല്യം നഷ്ടപ്പെടുമെന്ന് പബ്ലിക് സർവിസ് കമീഷൻ നവംബറിൽ പുറപ്പെടുവിച്ച തൊഴിൽ വിജ്ഞാപനത്തിൽ കാണാനാകുന്നു.
വിദ്യാഭ്യാസ മേഖലയിൽ പി.ജി കോഴ്സുകളിലെ പ്രവേശനത്തിൽ, വിശിഷ്യ മെഡിക്കൽ കോഴ്സുകളിൽ ഈഴവ, മുസ്ലിം വിഭാഗങ്ങൾ ഉൾപ്പെടെ പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ സംവരണാനുകൂല്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഈ വിഭാഗങ്ങൾക്ക് ആരോ നിശ്ചയിച്ച നാമമാത്രമായ സംവരണാനുകൂല്യം അനുവദിക്കപ്പെടുമ്പോൾ പത്തുശതമാനം പ്രാതിനിധ്യം സവർണ സംവരണത്തിലൂടെ മുന്നാക്ക വിഭാഗങ്ങൾ ഉറപ്പുവരുത്തുന്നതിൽ കാര്യക്ഷമത പ്രകടമാകുന്നു.
ഇനിയുമുണ്ട് പറയാൻ. മുസ്ലിം, ലത്തീൻ ക്രിസ്ത്യൻ, ഈഴവ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി, വർഗ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പുവരുത്തുംവിധം മന്ത്രിസഭ പുനഃസംഘടന നടന്നാൽ, മേൽ സൂചിപ്പിച്ച പ്രശ്നങ്ങൾ ഉൾപ്പെടെ പിന്നാക്ക വിഭാഗക്കാർ സാമൂഹിക, സാമ്പത്തിക, തൊഴിൽ രംഗങ്ങളിൽ നേരിടുന്ന അവഗണന കുറച്ചുകൊണ്ടുവരാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.