മലബാറിന്റെ മഹാശാല
text_fieldsകോ. സ. ക. ശാല. അക്ഷരപ്പിശകൊന്നുമല്ല. അധികമാരും കേൾക്കാത്ത വിളിപ്പേരിെൻറ ഉടമയും ചില്ലറക്കാരനല്ല. മലയാളത്തിെൻറ സാംസ്കാരികരംഗത്ത് വലിയ ശൂന്യത സൃഷ്ടിച്ച് കടന്നുപോയ ഡോ. സുകുമാർ അഴീക്കോടാണ് ഇങ്ങനെ വിളിച്ചത്. വ്യക്തിപരമായ എഴുത്തുകുത്തുകളിൽ ‘കോഴിക്കോട് സർവ കലാശാല’ എന്നതിെൻറ ചുരുക്കമായാണ് ഇൗ സൗഹൃദ വിളി. 1971ൽ മലയാളം പഠനവകുപ്പ് മേധാവിയായി അഴീക്കോട് ചുമതലയേറ്റപ്പോൾ വാഴ്സിറ്റിക്ക് ലഭിച്ചത് പുതിയ വിലാസം. ഡോ. എം.ജി.എസ്. നാരായണൻ ചരിത്രപഠനവകുപ്പ് മേധാവിയായപ്പോഴും തലക്കുറി മാറി. അക്കാദമിക് രംഗത്ത് കഴിവും പ്രാപ്തിയുമുള്ള പ്രമുഖരുടെ നിര ഫിസിക്സ്, സുവോളജി, കെമിസ്ട്രി, അറബിക്, സംസ്കൃതം, മാസ് കമ്യൂണിക്കേഷൻ തുടങ്ങിയ പഠനവകുപ്പുകളെ ജീവസ്സുറ്റതാക്കി. സർവകലാശാല പിറന്ന് മിന്നും വേഗത്തിലായിരുന്നു ഇൗ മുന്നേറ്റം. ഇതുതന്നെയാണ് അമ്പതാണ്ടുകൾക്കുമുമ്പ് സി.എച്ച്. മുഹമ്മദ് കോയ സ്വപ്നം കണ്ടതും.
മലബാറിെൻറ ഉന്നത വിദ്യാഭ്യാസ ഭൂമികയിൽ വെള്ളിവെളിച്ചമായി കടന്നുവന്ന സർവകലാശാലക്ക് ആദ്യ വി.സിയായി എം. മുഹമ്മദ് ഗനിയെന്ന എം.എം. ഗനിയെ കണ്ടെത്തിയതുമുതൽ തുടങ്ങുന്നു സി.എച്ചിെൻറ സൂക്ഷ്മത. കേരളം മുഴുവൻ പരതിയശേഷം തമിഴ്നാട്ടിൽനിന്നാണ് ഗനിയെ കണ്ടെത്തിയത്. കുറുക്കനും കുറുനരിയും വിഹരിച്ച മൊട്ടക്കുന്ന് കാട്ടിലേക്ക് ഉന്നത കലാലയം കൊണ്ടുവരുേമ്പാൾ പരിഹസിച്ചവരുമേറെ. കേരള സർവകലാശാലയുടെ പഠനകേന്ദ്രങ്ങൾ ഉണ്ടായിരിക്കെ എന്തിന് മറ്റൊരു സർവകലാശാലയെന്ന് ചോദിച്ചവരും അനേകം. റോഡും പാലവും ആശുപത്രിയുമൊന്നും കാര്യമായില്ലാത്തിടത്തേക്ക് സർവകലാശാലയോ എന്നു പറഞ്ഞായിരുന്നു പരിഹാസം.
ബിൽ നിയമമാകുന്നതിനു മുേമ്പ തറക്കല്ല്
നിയമസഭയിൽ ബിൽ അവതരിപ്പിച്ച് നിയമമാവുന്നതിനു മുേമ്പ കാലിക്കറ്റ് സർവകലാശാലയുടെ തറക്കല്ലിട്ടു. സംസ്ഥാന ചരിത്രത്തിൽതന്നെ സമാനതകളില്ലാത്ത രീതി. തൃശൂർ മുതൽ ഇന്നത്തെ കാസർകോട് വരെയുള്ള ജില്ലകൾ പരിധി നിശ്ചയിച്ച് 1968 ജൂൈല 23ന് ഒാർഡിനൻസ്. 1968 ആഗസ്റ്റ് 12ന് വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മു ഹമ്മദ് കോയയാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ഇതിനുശേഷം ദിവസങ്ങൾ കഴിഞ്ഞാണ് (ആഗസ്റ്റ് 29ന്) ബിൽ അവതരിപ്പിച്ചത്. സെപ്റ്റംബർ 13ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തൃഗുൺ സെൻ കോഴിക്കോട് മാനാഞ്ചിറയിൽ ഉദ്ഘാടനവും നിർവഹിച്ചു. ഒാർഡിനൻസ് വന്ന് രണ്ടു മാസം തികയും മുമ്പായിരുന്നു ഉദ്ഘാടനം. മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറ അകമഴിഞ്ഞ പിന്തുണ സി.എച്ചിന് കിട്ടി. 1964ൽ കോത്താരി കമീഷനാണ് കേരളത്തിൽ പുതിയൊരു സർവകലാശാല വേണമെന്ന ശിപാർശ സമർപ്പിച്ചത്. നാലു പഠനവകുപ്പുകളും 54 കോളജുകളുമായി തുടക്കം. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജിൽ ഒാഫിസ്. കോഴിക്കോട് ദേവഗിരി കോളജിൽ ബോട്ടണിയും സുവോളജിയും. ഗുരുവായൂരപ്പൻ കോളജിൽ ഹിസ്റ്ററി, കെമിസ്ട്രി പഠനവകുപ്പുകളും.
മലപ്പുറത്തെ കാലിക്കറ്റ്
സ്വന്തം കെട്ടിടമെന്ന ചിന്തയിൽ ഭൂമി തേടി പലയിടത്തും സഞ്ചരിച്ചു. അന്വേഷണങ്ങൾക്കൊടുവിലാണ് തേഞ്ഞിപ്പലത്തെത്തുന്നതും തറക്കല്ലിടുന്നതും. നാട്ടുകാരിൽനിന്ന് അറുനൂറിലേറെ ഏക്കർ ഭൂമി ഏറ്റെടുത്തു. സർവകലാശാലക്ക് തറക്കല്ലിട്ട് പിറ്റേവർഷം മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ ‘കാലിക്കറ്റ്’ മലപ്പുറത്തായി. എം.എം. ഗനിയെന്ന മഹാനായ അക്കാദമീഷ്യനെ വി.സിയായി കിട്ടണമെന്നായിരുന്നു സി.എച്ചിെൻറ അടുത്ത ആഗ്രഹം. 1969 മേയിൽ സി.എച്ചിെൻറ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം വി.സി സ്ഥാനമേറ്റെടുത്തു. 1975 മേയ് 31 വരെ ആറുവർഷം വി.സി സ്ഥാനത്തിരുന്ന ഏക വ്യക്തി. ഡോ. എൻ.എ. നൂർ മുഹമ്മദ്, പ്രഫ. കെ.എ. ജലീൽ, ടി.എൻ. ജയചന്ദ്രൻ, ഡോ. ടി.കെ. രവീന്ദ്രൻ, ഡോ. എ.എൻ.പി. ഉമ്മർകുട്ടി, ഡോ. കെ.കെ.എൻ. കുറുപ്പ്, ഡോ. സയ്യിദ് ഇഖ്ബാൽ ഹസനൈൻ, പ്രഫ. അൻവർ ജഹാൻ സുബേരി, ഡോ. എം. അബ്ദുസ്സലാം തുടങ്ങിയവർക്കുശേഷം ഡോ. കെ. മുഹമ്മദ് ബഷീറാണ് നിലവിലെ വി.സി.
പേരിലെന്തിരിക്കുന്നു
കാലിക്കറ്റ് സർവകലാശാലയെന്ന പേരിനെ ചൊല്ലിയും വിവാദമുണ്ടായി. ഒന്നുകിൽ കോഴിക്കോട് സർവകലാശാല, അല്ലെങ്കിൽ മലബാർ സർവകലാശാല ഇതിൽ ഏതെങ്കിലും വേണമെന്നായി വിമർശനം. ഒടുവിൽ സി.എച്ച്. തന്നെ നിയമസഭയിൽ മറുപടി നൽകി. ലോക പ്രസിദ്ധമായ പട്ടണമെന്ന നിലക്കാണ് കാലിക്കറ്റ് തെരഞ്ഞെടുത്തത് എന്ന്. ടി.എൻ. ജയചന്ദ്രൻ വി.സിയായിരിക്കെയാണ് കാലിക്കറ്റ് എന്നുതന്നെ പ്രയോഗിക്കണമെന്ന നിർദേശം വന്നതെന്ന് സർവകലാശാലയിലെ മലയാളം പ്രഫസറായിരുന്ന ഡോ. എം.എൻ. കാരശ്ശേരി ഒാർക്കുന്നു. കളങ്കമില്ലാത്ത പ്രവൃത്തികൊണ്ട് ഐശ്വര്യമുണ്ടാകും (നിർമായ കർമണാശ്രീ) എന്നാണ് സർവകലാശാലയുടെ ആപ്തവാക്യം. കാലിക്കറ്റിെൻറ ഭൂപരിധിയിൽനിന്ന് കാസർകോട്, കണ്ണൂർ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്കും വേർെപടുത്തി കണ്ണൂർ സർവകലാശാലയുണ്ടാക്കി. ഇന്ന് കാലിക്കറ്റിൽ കോളജുകളുടെ എണ്ണം 432-. പഠന-വകുപ്പുകൾ 35. നേരിട്ട് നടത്തുന്ന 36 സ്വാശ്രയ സ്ഥാപനങ്ങളും 11 ചെയറുകളും വേറെ. 49 വർഷം കൊണ്ട് 13,51,780 യോഗ്യത സർട്ടഫിക്കറ്റുകൾ നൽകി.
കായിക രംഗം
ദേശീയതലത്തിൽ കായിക സർവകലാശാലയെന്ന വിളിേപ്പരു തന്നെയുണ്ട് കാലിക്കറ്റിന്. കഴിഞ്ഞ വർഷം അഞ്ച് ദേശീയ ചാമ്പ്യൻഷിപ്പുകളാണ് നേടിയത്. 20 ഒളിമ്പ്യന്മാർ, 14 അർജുന അവാർഡ് ജേതാക്കൾ, ദേശീയ ടീമുകളിലെ ഒേട്ടറെ താരങ്ങൾ... ഇതൊക്കെ അമ്പതാണ്ടിലെ നേട്ടം. എന്നാൽ, ഒരു വിഭാഗം ജീവനക്കാരുടെ നിലപാട് സർവകലാശാലക്ക് വരുത്തിവെച്ചത് ചില്ലറ പേരുദോഷമല്ല.
(നാളെ: അമ്പതിലും അകലാത്ത ബാലാരിഷ്ടതകൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.