മണിപ്പൂരിന് എന്നെങ്കിലും നിങ്ങളെ വിശ്വസിക്കാനാകുമോ?
text_fieldsവിഡിയോയിൽ കണ്ട ഭീകരതയെ അപലപിച്ചപ്പോഴും മേയ് ആദ്യം മുതൽ രൂക്ഷമായിത്തുടരുന്ന മണിപ്പൂർ സംഘർഷത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല പ്രധാനമന്ത്രി. ഇതിൽനിന്ന് എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്?ഷില്ലോങ് ടൈംസ് എഡിറ്റർ പാട്രീഷ്യ മുഖീം ചോദിക്കുന്നു
78 ദിവസമെടുത്തു ഇന്ത്യയിലെ ഭൂരിഭാഗവും കണ്ണുതുറന്നെണീക്കാൻ. ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തേയി സമുദായവും 40 ശതമാനത്തോളം വരുന്ന കുക്കി സമുദായവും തമ്മിൽ ഉടലെടുത്ത സംഘർഷങ്ങളെത്തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂർ മേയ് മൂന്നു മുതൽ നിന്നുകത്തുകയാണ്.
ഈ അതിക്രമങ്ങൾ 145ലേറെ ജീവനുകളെടുത്തു, ആയിരക്കണക്കിന് ഗോത്രവർഗക്കാരെ ഭവനരഹിതരാക്കി, 60,000ത്തോളം കുക്കികൾ ഇപ്പോൾ മിസോറം, അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ അഭയാർഥികളായി കഴിയുന്നു.
അക്രമാസക്തമായ ഒരു ആൺകൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി, ലൈംഗികമായി ഉപദ്രവിച്ച് പൊതുവഴിയിലൂടെ നടത്തുന്നതിന്റെ വിഡിയോ ജൂലൈ 18ന് പരസ്യപ്പെടുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്ത ശേഷമാണ് ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലുള്ളവരും ലോകവും മണിപ്പൂരിൽ നടക്കുന്നതെന്തെന്ന് ശ്രദ്ധിക്കുന്നത്. ആ സ്ത്രീകളിൽ ഒരാളെങ്കിലും കൂട്ടബലാത്സംഗത്തിനുമിരയായിട്ടുണ്ട്.
കുക്കികളെപ്പോലുള്ള ഗോത്ര സമുദായങ്ങൾക്ക് മാത്രം ലഭ്യമായിരുന്ന ഭൂ അവകാശം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മെയ്തേയികൾക്കും ലഭ്യമാക്കണമെന്ന് നിർദേശിക്കുന്ന ഒരു കോടതി ഉത്തരവാണ് ഇപ്പോഴുണ്ടായ സംഘർഷങ്ങളുടെ പൊടുന്നനെയുള്ള കാരണം. പക്ഷേ, ഇതിനുള്ള തീക്കൊള്ളികൾ പണ്ടേ കൊളുത്തപ്പെട്ടിരുന്നു, മണിപ്പൂരികളുടെ തലമുറകളെ അന്യവത്കരിക്കുന്ന രാഷ്ട്രീയം ആ തീജ്വാലയെ കത്തിച്ചു നിലനിർത്തി. അതിപ്പോൾ സംസ്ഥാനത്തെ നെടുകെ പിളർക്കുകയാണ്.
സ്ത്രീകളുടെ ശരീരം കീഴടക്കലിനും അടിച്ചമർത്തലിനുമുള്ള ഉപകരണങ്ങളാക്കി മാറ്റിയ ഈ ആഭ്യന്തര യുദ്ധം ഒരു മാനുഷിക പ്രതിസന്ധിതന്നെയാണ്. തോക്കുകളും ബോംബുകളുമൊന്നും മണിപ്പൂരികൾക്ക് പുതിയ കാര്യമല്ല. 1980കൾ മുതൽ രണ്ടായിരമാണ്ട് വരെ മണിപ്പൂരിൽ ഉയർന്നുവന്ന മുന്നേറ്റത്തെ അടിച്ചമർത്തുന്നതിന് ഇന്ത്യൻ സേന ബലാത്സംഗംപോലും മാർഗമാക്കിയിട്ടുണ്ട്.
ഇന്ത്യയെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് നാലുനാൾ മുമ്പ്, 1947 ആഗസ്റ്റ് 11ന് മണിപ്പൂർ രാജാവ് ബോധചന്ദ്ര സിങ് ഇന്ത്യ ഗവൺമെന്റുമായി ഉടമ്പടി ഒപ്പുവെച്ച കാലം മുതൽ, അന്യായമായത് എന്തോ നടന്നുവെന്ന അസന്തുഷ്ടി നിറഞ്ഞ ചിന്ത മെയ്തേയ് സമൂഹത്തിലെ പലരുടെയും ഉള്ളിൽ കുടികൊള്ളുന്നുണ്ട്.
മെയ്തേയ് സമൂഹക്കാരനായ രാജാവുതന്നെ മണിപ്പൂരിന്റെ ഭരണസാരഥിയായി തുടരുമെന്നും പ്രതിരോധം, വിദേശകാര്യം, ആശയവിനിമയം തുടങ്ങിയ കാര്യങ്ങൾ ഇന്ത്യൻ യൂനിയന് വിട്ടുകൊടുക്കുമെന്നുമായിരുന്നു കരാർ. യഥാർഥത്തിൽ 1972ഓടെ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ മണിപ്പൂരും ഒരു സമ്പൂർണ സംസ്ഥാനമായി മാറി.
മെയ്തേയികൾ, കുക്കികൾ, നാഗർ എന്നിവരുൾക്കൊള്ളുന്നതാണ് മണിപ്പൂരിലെ ആദിവാസി സമൂഹം. ഭിന്നിപ്പിച്ച് ഭരിക്കലിന്റെ ആശാന്മാരായിരുന്ന ബ്രിട്ടീഷുകാർ മണിപ്പൂരിലെ കുന്നുകളും താഴ്വരകളുമായി വേർതിരിച്ചു. മുഖ്യമായും ക്രൈസ്തവ സമൂഹത്തിലുൾപ്പെടുന്ന നാഗരെയും കുക്കികളെയും കുന്നിൻ പ്രദേശങ്ങളിലും ഹിന്ദു ഭൂരിപക്ഷം വരുന്ന മെയ്തേയികളെ ഇംഫാൽ താഴ്വരയിലും പരിമിതപ്പെടുത്തി. സംസ്ഥാനത്തിന്റെ 90 ശതമാനം ഭൂപ്രദേശവും കുന്നുകളാണ്, ബാക്കി 10 ശതമാനം മാത്രമാണ് താഴ്വര.
സ്വതന്ത്ര ഇന്ത്യ ഭൂപരിഷ്കരണം ഗൗരവബുദ്ധിയോടെ നടപ്പാക്കണമായിരുന്നു, അതുണ്ടായില്ല. മെയ്തേയികൾക്ക് കുന്നിൻ പ്രദേശങ്ങളിൽ ഭൂമി വാങ്ങാൻ അനുമതി നൽകിയിരുന്നില്ല. പക്ഷേ, ഗോത്രവർഗക്കാർക്ക് താഴ്വരയിൽ വാങ്ങാൻ അനുമതിയുണ്ടായിരുന്നുതാനും- അത് മെയ്തേയികളുടെ ആകുലത വർധിപ്പിച്ചു.
കൊളോണിയൽ ശേഷിപ്പുകളെ ഇല്ലാതാക്കുന്നതിനു പകരം കേന്ദ്ര സർക്കാറുകൾ ബ്രിട്ടീഷുകാർ വിതച്ച വിഭജനം ശാശ്വതമാക്കി. ആ വിള്ളലുകൾ ഇപ്പോൾ മലനിരകളിലെ ഗോത്രവർഗക്കാർക്കും താഴ്വരയിലെ മെയ്തേയികൾക്കും ഇടയിലെ അപരിഹാര്യമായ വിടവുകളായി മാറിയിരിക്കുന്നു.
ഇപ്പോൾ കുക്കികൾക്കെതിരായ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവർ മണിപ്പൂരിലെ ആദിവാസികളാണെങ്കിലും, മണിപ്പൂരിലെ ബി.ജെ.പിക്കാരൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പുതിയൊരു ആഖ്യാനം പടച്ചുവിട്ടിരിക്കുന്നു. മ്യാന്മറിലെ സൈനിക അട്ടിമറിക്കു ശേഷം അവിടുത്തെ ചിൻ കുന്നുകളിൽനിന്ന് കുക്കികളുടെ നിരന്തരമായ പ്രവാഹമുണ്ടെന്നും അത് ഭൂമിയിലും മറ്റു വിഭവങ്ങളിലും കൂടുതൽ സമ്മർദം സൃഷ്ടിച്ചിരിക്കുന്നുവെന്നുമാണ് ആ ആഖ്യാനം.
സിങ് മെയ്തേയി വിഭാഗക്കാരനാണെന്നു മാത്രമല്ല, കടുത്ത പക്ഷപാതവും പുലർത്തുന്നു. കുക്കി-സോ ജനസംഖ്യയിൽ പൊടുന്നനെ ഒരു കുതിച്ചുചാട്ടം ഉണ്ടായാൽ, അത് തെളിയിക്കാനുള്ള ഏകമാർഗം സ്ഥിതിവിവരക്കണക്കുകൾ മാത്രമാണ്. എന്നാൽ, 2021ൽ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ജനസംഖ്യ കണക്കെടുപ്പ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ഇനിയും നടത്തിയിട്ടില്ല, അതുകൊണ്ടുതന്നെ കുക്കി പ്രവാഹത്തിന്റെ ആരോപണങ്ങൾ തെളിയിക്കപ്പെടാതെ തുടരുന്നു.
പല അർഥത്തിലും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും അഭിമുഖീകരിക്കുന്ന ദുരവസ്ഥയുടെ കണ്ണാടിയാണ് മണിപ്പൂർ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുപകരം പൊലീസ് ഭരണകക്ഷിയുടെ ഉപകരണമായി മാറുന്നതിന്റെ ഉദാഹരണവുമാണത്. ഇന്ത്യക്കാരെ അടിച്ചമർത്താൻ ബ്രിട്ടീഷുകാരെ സഹായിച്ച 1861ലെ ഇന്ത്യൻ പൊലീസ് ആക്ടിന്റെ ബാക്കിയാണ് ഈ അവസ്ഥ.
സർക്കാറിന്റെ ഉത്തരവുകൾ സ്വീകരിക്കുകയും എല്ലാ പൗരരും തുല്യരാണെന്നുപറയുന്ന ഭരണഘടനയനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇംഫാൽ താഴ്വരയിലെ കുക്കി ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ മണിപ്പൂർ പൊലീസ് പരാജയപ്പെട്ടത്.
മണിപ്പൂരും മറ്റു വടക്കുകിഴക്കൻ നാടുകളും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. പതിറ്റാണ്ടുകളായി ഈ വ്യത്യാസം പ്രകടമാണ്.
ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലുള്ളവർ മുഖ്യമായും വ്യതിരിക്ത സംസ്കാരങ്ങളും ഭക്ഷണശീലങ്ങളും ഭാഷകളും മുഖസവിശേഷതകളുമുള്ള തിബറ്റോ-ബർമൻ, ഓസ്ട്രോ ഏഷ്യാറ്റിക് വിഭാഗക്കാരാണ്. അതുകൊണ്ടാണോ മുഖ്യമായും ആര്യൻ, ദ്രാവിഡ വംശജരായ ഇന്ത്യൻ ജനതക്ക് അനുരഞ്ജനത്തിനും മനസ്സിലാക്കുന്നതിനും പ്രയാസം തോന്നുന്നത്?
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ തലമുറകളായി ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ അനിയന്ത്രിതമായ വംശീയതയുടെയും ലൈംഗികവത്കരണം ഉൾപ്പെടെ ശാരീരിക അതിക്രമങ്ങളുടെയും ഇരകളാണ്. ന്യൂഡൽഹിയിലെയും മുംബൈയിലെയും ബംഗളൂരുവിലെയും ചെന്നൈയിലെയും അധികാരത്തിന്റെയും മാധ്യമങ്ങളുടെയും ഇടനാഴികളിൽ ഈ പ്രദേശത്തിന്റെ വെല്ലുവിളികളും സഹായത്തിനായുള്ള നിലവിളികളും പതിവായി അവഗണിക്കപ്പെടുന്നു.
സമീപകാലത്ത് പുറത്തുവന്ന സ്ത്രീകളുടെ വൈറൽ വിഡിയോ പോലുള്ള സെൻസേഷനൽ വാർത്തകൾ സംഭവിക്കുമ്പോൾ മാത്രമാണ് ഇവിടുത്തെ ദേശീയ മാധ്യമങ്ങൾ വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് നോക്കുന്നത്. ആ വിഡിയോ സൃഷ്ടിച്ച പ്രകോപനംകൊണ്ടുമാത്രമാണ് മണിപ്പൂരിലെ പ്രതിസന്ധിയെക്കുറിച്ച് രണ്ടു മാസത്തിലധികമായി പുലർത്തുന്ന മൗനം വെടിയാൻ മോദി തയാറായതുപോലും.
ആ വിഡിയോയിൽ കണ്ട ഭീകരതയെ അപലപിച്ചപ്പോൾപോലും മേയ് ആദ്യം മുതൽ രൂക്ഷമായിത്തുടരുന്ന സംഘർഷത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല പ്രധാനമന്ത്രി. ഇതിൽ നിന്നെല്ലാം എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്? മണിപ്പൂർ പ്രതിപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനമായിരുന്നെങ്കിൽ, അവിടുത്തെ സർക്കാറിനെതിരെ ഏറ്റവും കനത്ത അധിക്ഷേപങ്ങൾ പ്രയോഗിക്കുമായിരുന്നു മോദി.
ഇതാണ് ഇപ്പോൾ ഈ രാജ്യത്തിന്റെ അവസ്ഥ. ദുരിതമനുഭവിക്കുന്നവർ കണ്ണുനീർ സ്വയം തുടക്കണം, ഉടഞ്ഞുപോയ ജീവിതം എണ്ണിപ്പെറുക്കിയെടുക്കാനും പുതുജീവിതം കെട്ടിപ്പടുക്കാനും സ്വയം പഠിക്കണം. ഭരണകൂടം സഹായിക്കാനെത്തുമെന്ന് കരുതി കാത്തിരിക്കുന്നത് നിർത്തണം.
രാജ്യം വഞ്ചിച്ചതായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് തോന്നിപ്പോയാൽ അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും? പ്രതീക്ഷയോടെ, പ്രത്യാശയോടെ ഏഴു പതിറ്റാണ്ടുകൾക്കുമുമ്പ് ഒപ്പുവെച്ച ഉടമ്പടിയിലേക്ക് അവർ തിരിഞ്ഞുനോക്കുകയാണെങ്കിൽ അവരെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? ഇന്ത്യൻ ഭരണകൂടം അവരെ തോൽപിച്ചുകളഞ്ഞിരിക്കുന്നു, ഒരിക്കൽകൂടി!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.