അർബുദത്തിന് ഇമ്യൂണോതെറപ്പിയുണ്ട്
text_fieldsഅർബുദം എന്ന വാക്കു കേൾക്കുമ്പോൾതന്നെ ഓർമവരുക അവശനായ രോഗിയെയും പ്രതീക്ഷ നഷ്ടപ്പെട്ട പോരാട്ടങ്ങളെയുമാണ്. ദശകങ്ങൾക്കു മുമ്പായിരുന്നെങ്കിൽ ഇത്ശരിയായിരുന്നു. എന്നാൽ, ഇന്ന് അർബുദചികിത്സക്കും വിവിധ മാർഗങ്ങൾ കണ്ടെത്തിയിരിക്കുന്നു. അത് വേഗത്തിൽ വികസിച്ചുകൊണ്ടുമിരിക്കുന്നു. രോഗം ഗുരുതരമായ ഘട്ടത്തിലുള്ളവരുടെ ആയുസ്സ് പോലും വർഷങ്ങളിലേക്ക് നീട്ടിയെടുക്കാൻ ഇന്ന് സാധിക്കുന്നു.
ഇത്തരത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന അർബുദ ചികിത്സരംഗത്തെ വളരെ പ്രധാനപ്പെട്ട രീതിയാണ് ഇമ്യൂണോതെറപ്പി. അർബുദത്തിനെതിരെ ശരീരത്തിെൻറ സ്വന്തം പ്രതിരോധ ശേഷി ഉപയോഗിക്കുകയാണ് അടിസ്ഥാനപരമായി ഇമ്യൂണോതെറപ്പി ചെയ്യുന്നത്. കീമോതെറപ്പിക്ക് പകരമായി ഉപയോഗിക്കുന്നതല്ലെങ്കിലും ചില പ്രത്യേകതരം അർബുദങ്ങളുടെ ചികിത്സയിൽ ഏറെ മികച്ചതും ഫലപ്രദവുമാണ് ഇമ്യൂണോതെറപ്പി. അർബുദത്തിനെതിരായ ചെറുത്തുനിൽപിന് മികച്ച ഒരു മാർഗംകൂടിയാണ് ഇത്. വളരെ മുന്നോട്ടുപോയ അർബുദങ്ങൾ പോലും നിയന്ത്രണവിധേയമാക്കാനുള്ള പുതിയൊരു രീതിയായി ഇമ്യൂണോതെറപ്പി മുന്നേറുകയാണ്. ഭാവിയിൽ അർബുദത്തിനെതിരായ പോരാട്ടത്തിൽ പ്രധാന ആയുധമായി ഇത് മാറുമെന്ന് ഉറപ്പ്.
ശരീരത്തിെൻറ രോഗപ്രതിരോധ സംവിധാനങ്ങൾക്ക് തിരിച്ചറിയാനാകാത്ത തരത്തിലുള്ള പ്രത്യേക േപ്രാട്ടീനുകളാണ് അർബുദ കോശങ്ങളിലുള്ളത്. ഭംഗിയായി മറഞ്ഞിരിക്കുന്ന ഇവ ശരീരത്തിൽനിന്ന് ഒഴിയാതിരിക്കുന്നു. ഇമ്യൂണോതെറപ്പി ഏജൻറുകൾ അർബുദ കോശങ്ങളിലെ ഈ േപ്രാട്ടീനുകളുടെ വളർച്ചയെ തടയുന്നു. പ്രതിരോധ സംവിധാനത്തിന് ഇവയെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. ടെക്സസ് യൂനിവേഴ്സിറ്റിയിലെ ജെയിംസ് അലിസണും ജപ്പാനിലെ ക്യോട്ടോ യൂനിവേഴ്സിറ്റിയിലെ തസുകു ഹോഞ്ചോയുമാണ് ഇതിെൻറ വികസനത്തിൽ മുഖ്യ പങ്കുവഹിച്ചത്. ഇരുവർക്കും മെഡിസിൻ നൊേബൽ സമ്മാനവും ലഭിച്ചു. അർബുദ കോശങ്ങളിലെ പ്രശ്നകാരിയായ േപ്രാട്ടീനുകളെ ചെറുക്കാൻ പലതരത്തിലുള്ള ഇമ്യൂണോതെറപ്പി മരുന്നുകൾ ഇന്ന് ലഭ്യമാണ്.
അഡ്വാൻസ്ഡ് കാൻസറുകളിലാണ് ഈ മരുന്നുകൾ ആദ്യം പരീക്ഷിച്ചത്. ചികിത്സയിൽ അത് കാര്യമായി പുരോഗതി തെളിയിക്കുകയും ചെയ്തു. രോഗിയുടെ ജീവൻ കാക്കുന്നതിൽ ഇവ കാര്യമായ പങ്കുവഹിച്ചു. ഈ വിജയത്തോടെ തുടക്കക്കാരിൽ കീമോതെറപ്പിയോടൊപ്പം ഈ മരുന്ന് പരീക്ഷിക്കുകയും രോഗം നിയന്ത്രിച്ച് ജീവൻ നീട്ടുന്നതിന് സഹായിക്കുകയും ചെയ്തു. ഇത് ഇവയുടെ അംഗീകാരത്തിന് വഴിയൊരുക്കി. ശ്വാസകോശം, ചർമം, കിഡ്നി, തല, കഴുത്ത് തുടങ്ങിയവയിലെ അർബുദത്തിന് ഇമ്യൂണോതെറപ്പി ഫലപ്രദമായി. രണ്ടാഴ്ച കൂടുമ്പോൾ, അല്ലെങ്കിൽ മൂന്നാഴ്ചയിൽ ഒരിക്കൽ ഈ മരുന്ന് നൽകുന്നു. തുടർച്ചയായ സ്കാനിങ്ങുകളും (ഓരോ 2-3 മാസം കൂടുമ്പോൾ) നടത്തുന്നു. ചികിത്സ അർബുദെത്ത എങ്ങനെ ബാധിക്കുന്നു എന്നറിയാനാണിത്.
കീമോതെറപ്പി, റേഡിയോതെറപ്പി പോലുള്ള ചികിത്സകളോട് പ്രതികരിക്കാത്ത ചില അർബുദങ്ങൾ ഇമ്യൂണോതെറപ്പിയിൽ പ്രതികരിക്കുന്നുണ്ട്. കീമോതെറപ്പിയോടൊപ്പം ചെയ്യാമെന്നത് കൂടുതൽ ഫലപ്രദമാക്കുന്നു. സാധാരണ ചികിത്സ താങ്ങാൻ പറ്റാത്ത രോഗികളിൽ ഇത് ഉപയോഗിക്കാം.
എല്ലാ അർബുദങ്ങളും ഇതിനോടു പ്രതികരിക്കുന്നില്ല. ഒരു പ്രതികരണവും ഇല്ലാത്ത രോഗികളും ഉണ്ട്. മരുന്നുകൾക്ക് സൈഡ് ഇഫക്റ്റ് ഇല്ലെന്ന് പൂർണമായും പറയാനാകില്ല. അലർജി, ചർമത്തിൽ ചൊറിച്ചിൽ, പനി, വയറിളക്കം, ശ്വാസകോശത്തിന് തകരാർ, കരളിന് കുഴപ്പം തുടങ്ങിയ ബുദ്ധിമുട്ടുകൾക്കുള്ള സാധ്യതകളുണ്ട്. സോറിയാസിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾ നിലവിലുള്ള രോഗികളിൽ ഈ രീതി ഉപയോഗിക്കാനാകില്ല. സ്റ്റിറോയിഡുകളുടെ അധിക ഡോസ് ഉപയോഗിക്കുന്നവർക്കും പറ്റില്ല. പുതിയതും ഉൽപാദന ചെലവ് ഏറിയതുമായതിനാൽ ചികിത്സക്കും ചെലവേറും. രോഗിക്ക് എത്രകാലം ഇമ്യൂണോതെറപ്പിയെ ആശ്രയിക്കേണ്ടിവരുമെന്ന് നിശ്ചയമില്ല. ദീർഘകാലം ഉപയോഗിക്കുന്നത് ചെലവ് കുത്തനെ കൂട്ടും.
ഇമ്യൂണോതെറപ്പിയുടെ ആവിർഭാവം അർബുദ ചികിത്സരംഗത്തെ വികസിപ്പിച്ചു. വിവിധ തരത്തിലുള്ള അർബുദങ്ങൾക്ക് പുതിയ മരുന്നുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതു ഘട്ടത്തിലുള്ള അർബുദത്തിനും ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇമ്യൂണോതെറപ്പിക്ക ്പ്രചാരമേറുന്നുണ്ടെങ്കിലും റേഡിയേഷൻ, കീമോ പോലുള്ള പരമ്പരാഗത അർബുദ ചികിത്സകളെ മറക്കരുത്. അർബുദ ചികിത്സയിൽ ഏറ്റവും ഫലപ്രദം കീമോതെറപ്പിതന്നെയാണ്. പഴക്കംചെന്ന അർബുദരോഗിയെ പോലും നാടകീയമായി ഭേദമാക്കാവുന്ന നിലയിലേക്ക് വളരുന്നതോടെ ഇമ്യൂണോതെറപ്പിയുടെ ഭാവി ശോഭനമാകുകയാണ്. മരുന്നുകളിൽ കൂടുതൽ സാങ്കേതിക മികവുകൾ ഉണ്ടാകുമ്പോൾ ഇമ്യൂണോതെറപ്പിയുടെ വിജയകഥകൾ ആഗോള തലത്തിലെ എണ്ണമറ്റ അർബുദ രോഗികൾക്ക് ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കാം.
(കോഴിക്കോട് ‘ആസ്റ്റർ മിംസ്’ ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി സ്പെഷലിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.