സവർണ ദാരിദ്ര്യവും സാമ്പത്തിക സംവരണവും
text_fieldsഎന്താണ് സംവരണമെന്ന് ഒരു ശരാശരി സവർണ മലയാളിയോട് ചോദിച്ചാൽ 'മറ്റുള്ളവരുടെ അവസരങ്ങൾ ഇല്ലാതാക്കി യോഗ്യതയില്ലാത്ത താഴ്ന്ന ജാതികൾക്ക് ജോലിയും അഡ്മിഷനും നൽകുന്ന ഏർപ്പാട്' എന്നായിരിക്കും ഉത്തരം. ഇതിലെ മൂന്നു വാക്കുകൾ ശ്രദ്ധിക്കണം: താഴ്ന്ന ജാതികൾ, യോഗ്യതയില്ലാത്തവർ, അനർഹമായ ആനുകൂല്യം.
ബിരുദ അഡ്മിഷൻ വേളയിൽ സ്ഥിരം കേൾക്കുന്ന പല്ലവിയാണ് പ്ലസ് ടുവിന് വെറും 750 മാർക്കുള്ളവനൊക്കെ കോളജിൽ പോയി ചെത്തുമ്പോൾ 1150 മാർക്കുള്ള 'ഞങ്ങളുടെ കുട്ടികൾ' പാരലൽ കോളജിൽ ഫീസുകൊടുത്താണ് പഠിക്കുന്നതെന്ന്.
1150 മാർക്ക് ഉണ്ടായിട്ടും സീറ്റ് കിട്ടാത്ത കുട്ടിയുടെ എതിരാളി സത്യത്തിൽ ആ 750 മാർക്കുകാരനാണോ?. 60 കുട്ടികൾ ഉള്ള ഒരു ബിരുദ ക്ലാസിലേക്ക് 30 കുട്ടികളെ ജാതിയോ മതമോ നോക്കാതെ മാർക്ക് മാത്രം നോക്കി പ്രവേശിപ്പിക്കുമ്പോൾ ബാക്കിയുള്ള 30 സീറ്റിലേക്ക് പിന്നാക്ക ജാതി- മതവിഭാഗങ്ങളിലെ കുട്ടികളെയും മുന്നാക്കജാതികളിലെ പാവപ്പെട്ട കുട്ടികളെയും സംവരണത്തിലൂടെ പ്രവേശിപ്പിക്കുന്നു. ഈ 30 പേരെയും തിരഞ്ഞെടുക്കുന്നത് പൂർണമായും ജാതി-മതം നോക്കി തന്നെയാണ്.
പട്ടികജാതി-വർഗ വിഭാഗങ്ങളിൽപെടാത്ത സംവരണാർഹരായ കുട്ടികളിൽ ഒരു നിശ്ചിത വരുമാനത്തിന് താഴെയുള്ളവരെ മാത്രമേ സംവരണ സീറ്റുകളിലേക്ക് പരിഗണിക്കൂ-ഈഴവ വിദ്യാർഥിക്ക് ജാതിസംവരണം കിട്ടണമെങ്കിൽ ആ കുട്ടിയുടെ കുടുംബവരുമാനം ഒരു നിശ്ചിത തുകക്ക് താഴെയായിരിക്കണം. അതേ നിയമം തന്നെയാണ് മുന്നാക്ക ജാതി-മതങ്ങളിലെ സംവരണാർഹരായ കുട്ടികൾക്കും ബാധകം.
മുന്നാക്കജാതിക്കാരിലെ പാവപ്പെട്ടവർക്ക് ലഭിക്കുന്നത് സാമ്പത്തിക സംവരണമാണ് എന്നാണ് സർക്കാറും സവർണരും അവകാശപ്പെടുന്നത്. ഇത്രയുംകാലം പറഞ്ഞുവെച്ച വാദം (യോഗ്യതയില്ലാത്തവർക്ക് കിട്ടുന്ന അനർഹമായ ആനുകൂല്യം) തിരിച്ചടിക്കുമെന്ന തിരിച്ചറിവാണ് തങ്ങൾക്ക് കിട്ടുന്ന ജാതിസംവരണത്തെ 'സാമ്പത്തിക സംവരണ'മെന്ന് വിളിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.
മുന്നാക്ക ജാതിസംവരണത്തിന് അർഹരായ കുട്ടികളുടെ ജാതിയും വരുമാനവും മാർക്കും നോക്കി അതിൽ ഏറ്റവും യോഗ്യതയുള്ള കുട്ടികളെയാണ് ആ ക്ലാസിലേക്ക് പ്രവേശിപ്പിക്കുന്നത്. അതേ പ്രക്രിയയിലൂടെ തന്നെയാണ് ഈഴവ, മുസ്ലിം, നാടാർ, ലത്തീൻ ക്രൈസ്തവ, ദലിത് ക്രൈസ്തവ, വിശ്വകർമജ, എഴുത്തച്ഛൻ വിഭാഗങ്ങളിലെ കുട്ടികളും പ്രവേശനം നേടുന്നത്.
1150 മാർക്കുണ്ടായിട്ടും കുട്ടിക്ക് തുടർപഠനം ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അതിന് കുറ്റംപറയേണ്ടത് 750 മാർക്ക് കൊണ്ട് അഡ്മിഷൻ നേടിയ പട്ടികജാതി-വർഗ കുട്ടിയെയോ അതേ മാർക്ക് കൊണ്ട് അഡ്മിഷൻ നേടിയ മുന്നാക്ക ജാതിസംവരണ കുട്ടിയെയോ അല്ല. മറിച്ച്, മതിയായ സൗകര്യങ്ങൾ ഉണ്ടാക്കാത്ത സർക്കാറുകളെ ആണ്. മുന്നാക്കജാതിയിലെ കുട്ടിക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ അതിന്റെ പാപഭാരം പട്ടികജാതി-വർഗ കുട്ടികളുടെമേൽ കെട്ടിവെക്കുന്നത് സവർണസമൂഹം കെട്ടിപ്പൊക്കിയ ജാതിമൂല്യബോധത്തിന്റെ പിൻബലത്തിലാണ്.
സമാനമായാണ് പലവിധ തസ്തികകളിലേക്ക് കേരള പബ്ലിക് സർവിസ് കമീഷൻ ഉദ്യോഗാർഥികളെ നിർദേശിക്കുന്നത്. നിലവിലെ സംവരണ നിയമമനുസരിച്ച് കേരളത്തിലെ ഈഴവ/തീയ/ബില്ല വിഭാഗങ്ങൾക്ക് 14ഉം മുസ്ലിംകൾക്ക് 12ഉം ശതമാനം സംവരണമുണ്ട്. ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാർക്ക് നാല്, വിശ്വകർമക്ക് മൂന്ന്, ഹിന്ദു നാടാർ-ധീവര വിഭാഗങ്ങൾക്ക് ഒരു ശതമാനം വീതം എന്നിങ്ങനെയാണ് സംവരണം. പട്ടികജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചിട്ടുള്ളവർക്കും സംവരണം ഒരു ശതമാനമാണ്.
മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കായി മൂന്ന് ശതമാനം മാറ്റിവെച്ചിട്ടുണ്ട്. പട്ടികജാതികൾക്ക് എട്ടും പട്ടികവിഭാഗങ്ങൾക്ക് രണ്ടുമാണ് ഇപ്പോൾ ലഭിക്കുന്ന സംവരണം. സാമ്പത്തിക സംവരണമെന്ന ഓമനപ്പേരിൽ കേരളത്തിലെ സവർണ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങൾക്കനുവദിച്ച സംവരണം 10 ശതമാനമാണ്. മൊത്തം ജോലികളുടെ 60 ശതമാനം സമുദായ സംവരണത്തിനായി നീക്കിവെച്ചിരിക്കുന്നു. സമുദായസംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്ന ചട്ടത്തെ മറികടക്കാൻ കൂടിയാകാം മുന്നാക്കജാതികളുടെ സംവരണത്തിന് ഭരണകൂടം സാമ്പത്തിക സംവരണമെന്ന ലേബലൊട്ടിച്ചിരിക്കുന്നത്.
സമുദായസംവരണത്തിന്റെ മനോഹാരിത അത് സാമൂഹികനീതി ഉറപ്പുവരുത്തുന്നു എന്നതാണ്. ഒരു സംവരണവിഭാഗത്തിന് കീഴിൽ വരുന്നവർ ഏതാണ്ട് ഒരേ സാമൂഹിക-സാമ്പത്തിക നിലവാരത്തിൽ ഉള്ളവരാകും. മത്സരം അവർക്കിടയിൽ പരിമിതപ്പെടുത്താൻ സമുദായ സംവരണം സഹായിക്കുന്നു. ഇടതുവലത് രാഷ്ട്രീയക്കാർ പറയുന്നതുപോലെ സമുദായസംവരണം മാറ്റി സാമ്പത്തികസംവരണം കൊണ്ടുവരുമ്പോൾ ഓരോ സമൂഹവും അവർ ചരിത്രപരമായി ആർജിച്ച സാമൂഹിക-വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് തുല്യരോടുമാത്രം മത്സരിക്കേണ്ടുന്ന അവസ്ഥ മാറി തങ്ങളെക്കാൾ ഉയർന്ന സാമൂഹിക നിലകൾ കൈവരിച്ചവരോട് മത്സരിക്കേണ്ടിവരും. പട്ടികജാതി കോളനികളിലും പട്ടികവർഗ ഊരുകളിലും മലയോര-തോട്ടം മേഖലയിലും തീരപ്രദേശങ്ങളിലും താമസിക്കുന്ന പാവപ്പെട്ട മനുഷ്യർ ഉയർന്ന സാമൂഹിക നിലയിലുള്ള സവർണരുമായി നേരിട്ട് മത്സരിക്കേണ്ടിവരുന്ന രീതിയിൽ ക്രീമിലെയർ സവർണർക്കനുകൂലമായി നിശ്ചയിക്കപ്പെടും.
പല ജാതിയിലും മതത്തിലുമാണെങ്കിലും എല്ലാവരും ഒരേ സാമ്പത്തികനിലയിൽ ഉള്ളവരല്ലേ സാമ്പത്തിക സംവരണത്തിൽ വരുന്നത് എന്നവാദം പ്രത്യക്ഷത്തിൽ പിന്നാക്ക ജാതികളെപോലും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ, പട്ടികജാതി-വർഗ വിഭാഗങ്ങളും ഇതര ജാതി-മത സമൂഹങ്ങളും അനുഭവിക്കുന്ന ഇല്ലായ്മകൾ ഒന്നല്ല എന്ന് മനസ്സിലാക്കണം.
മലയാളി ഇന്ന് കാണുന്നരീതിയിലെ സമ്പന്നതയിലേക്ക് വളർന്നത് നാലു രീതിയിലാണ്. 1. ജാതി-ജന്മി-നാടുവാഴി പിൻബലത്തിലും ഭൂപരിഷ്കരണ ഫലമായും കിട്ടിയ ഭൂവുടമസ്ഥതയിലൂടെ, 2. ഗൾഫ് അടക്കമുള്ള വിദേശകുടിയേറ്റത്തിലൂടെ, 3. എയ്ഡഡ് വിദ്യാഭ്യാസ മേഖലയും സംവരണവും അടക്കമുള്ള സർക്കാർ ചെലവുകളിലൂടെ, 4. സ്ഥാപനപരമായ വായ്പാസംവിധാനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിലൂടെ. കേരളത്തിൽ പട്ടികജാതി-വർഗങ്ങൾ ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളും ഏറിയും കുറഞ്ഞും ഈ നാലു വികസന ഉറവിടങ്ങളുടേയും ഗുണഭോക്താക്കളാണ്. എന്നാൽ, പട്ടികജാതിക്കാരും പട്ടികവർഗക്കാരും നാമമാത്രമായ ലാസ്റ്റ് ഗ്രേഡ് ജോലികൾ ഒഴിച്ചുനിർത്തിയാൽ, സംവരണത്തിന്റെ പോലും ഗുണഭോക്താക്കളല്ല. കോടിക്കണക്കിന് രൂപ പ്രതിമാസം സവർണ-അവർണ സമ്പന്നരുടെ വീട്ടിലേക്ക് എത്തിക്കുന്ന എയ്ഡഡ് തൊഴിൽമേഖലയിൽനിന്ന് പട്ടികജാതി-വർഗക്കാർ സമ്പൂർണമായി പുറത്താണ്.
പറഞ്ഞുവന്നത് ഒരേ സാമ്പത്തിക ബ്രാക്കറ്റിൽപെടുന്ന പല ജാതിമത വിഭാഗങ്ങൾ അനുഭവിക്കുന്ന സാമൂഹിക മൂലധനം ഒന്നായിരിക്കില്ല. പട്ടയമുള്ള 10 സെന്റ് ഭൂമിയുടെ ഉടമസ്ഥനായ സവർണനും ജാതി കോളനിയിലെ കൂലിപ്പണിയെടുക്കുന്ന പട്ടികജാതിക്കാരനും ചിലപ്പോൾ വില്ലേജ് ഓഫിസിലെ സവിശേഷമായ 'വരുമാനമളക്കൽ യന്ത്ര' പ്രകാരം ഒരേ വരുമാനമായിരിക്കും. സ്വന്തമായി ഭൂമിയുള്ള ആൾക്ക് നേടിയെടുക്കാൻ കഴിയുന്ന സ്ഥാപനപരമായ വായ്പകളും അതിലൂടെ അയാളുടെ കുടുംബത്തിന് ഉണ്ടാക്കാൻകഴിയുന്ന സാമ്പത്തിക-സാമൂഹിക വികാസവും പറഞ്ഞറിയിക്കാൻ പറ്റുന്നതിനെക്കാൾ വലുതായിരിക്കും. വീടുണ്ടാക്കുന്നകാര്യത്തിൽ, വാഹനം വാങ്ങുന്ന കാര്യത്തിൽ, മക്കളെ വിവാഹം ചെയ്തയക്കുന്ന കാര്യത്തിൽ, വിദേശത്ത് മക്കളെ പഠിക്കാനോ ജോലിക്കോ ഒക്കെ അയക്കുന്ന കാര്യത്തിലൊക്കെ ഒരാളുടെ ഭൂവൂടമസ്ഥതയും അയാളുടെ സമുദായം സർക്കാർ ജോലികളിൽ നേടിയെടുത്ത പങ്കാളിത്തവും ഒക്കെ വളരെ പ്രാധാന്യമുള്ളതാണ്. ഈ തരത്തിൽ മറ്റ് സമുദായങ്ങൾ ആർജിച്ച സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ മൂലധനത്തിന്റെ ഒരംശംപോലും കേരളത്തിലെ പട്ടികജാതി- വർഗങ്ങൾക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഏതാണ്ട് പട്ടികജാതി-വർഗ വിഭാഗങ്ങളുടേതിന് തുല്യമായിരിക്കും പട്ടയഭൂമി മതിയായ അളവിൽ കൈവശമില്ലാത്ത, സർക്കാർ ജോലി ഇല്ലാത്ത മറ്റു ജാതിക്കാരുടെയും അവസ്ഥ. കേരളത്തിലെ സവിശേഷമെന്ന് ചിലർ അവകാശപ്പെടുന്ന വികസനമാതൃക സഹായിച്ചിട്ടുള്ളത്, കേരളത്തിലെ സവർണ-പിന്നാക്ക വിഭാഗങ്ങളിലെ സമ്പന്നരെ മാത്രമാണ്.
ജാതിസംവരണം എന്നത് കീഴാളജാതികളുടെ മാത്രമല്ല, ജാതിവ്യവസ്ഥയുടെ സാമ്പത്തിക ഗുണഫലം അനുഭവിക്കാൻ കഴിയാത്ത സവർണരിലെ പാവപ്പെട്ടവരുടെ കൂടെ ചരിത്രപരമായ അവകാശമാണ്.
പട്ടികജാതിക്കാരിലെ സമ്പന്നർ സംവരണത്തിന്റെ നേട്ടങ്ങൾ മുഴുവൻ കൊണ്ടുപോകുന്നു. അതുകൊണ്ട് പട്ടികജാതിക്കാരിലെ പാവപ്പെട്ടവർക്ക് ഗുണകരമാവുക സാമ്പത്തികസംവരണം ആണെന്ന മുഖ്യധാര രാഷ്ട്രീയപാർട്ടികളുടെ വാദം ചില പട്ടികജാതിക്കാരും സംഘടനകളും ഏറ്റുപിടിക്കുന്നതായി കണ്ടിട്ടുണ്ട്. സാമ്പത്തികസംവരണം അവരുടെ ഇപ്പോഴുള്ള വ്യക്തിഗത നേട്ടങ്ങൾപോലും ആത്യന്തികമായി ഇല്ലാതാക്കും എന്നതിനപ്പുറം ഒരു സമുദായം എന്നനിലയിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പൊതുസമൂഹത്തിൽ അവർ അർഹിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഒരിടം ഇല്ലാതെയായി പോകുന്നതിനുകൂടി കാരണമാകും.
കേവല വരുമാനം എന്നതിനപ്പുറം ഒരു സമൂഹത്തിന്റെ സാമ്പത്തികശേഷികളേയും സാമൂഹിക മൂലധനത്തേയും രാഷ്ട്രീയ ക്രയശേഷിയേയും പ്രതിഫലിപ്പിക്കുന്ന ഒന്നും നേടിയെടുക്കാൻ സംവരണം പട്ടികജാതി-വർഗ വിഭാഗങ്ങളെ സഹായിച്ചിട്ടില്ല. ഭൂവുടമസ്ഥത, ബാങ്ക് ക്രെഡിറ്റിലുള്ള പങ്കാളിത്തം, സ്വകാര്യമേഖലയിലെ തൊഴിൽപങ്കാളിത്തം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി അനുപാതം, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലുള്ള തൊഴിൽ, പങ്കാളിത്തം, കാർഷിക, വ്യവസായിക, സേവനമേഖലകളിൽ ഉള്ള തൊഴിൽവരുമാനം, സംരംഭകത്വം തുടങ്ങിയവയിലുള്ള പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സാന്നിധ്യം പരിശോധിച്ചിട്ടുണ്ടോ? സംവരണത്തിന് പുറത്തുള്ള രാഷ്ട്രീയ പങ്കാളിത്തം, മാധ്യമസ്ഥാപനങ്ങളിലെ തൊഴിലിൽ എങ്കിലുമുള്ള പങ്കാളിത്തം, സർക്കാർ കമ്മിറ്റികളിലെ പങ്കാളിത്തം എന്തിനധികം പറയുന്നു പ്രാദേശിക അമ്പലക്കമ്മിറ്റികളിലെ പങ്കാളിത്തം നോക്കിയാൽ പോലും ഇന്നും കേരളത്തിലെ പട്ടികജാതി-വർഗക്കാരുടെ സാന്നിധ്യം അതിശുഷ്കമാണെന്ന് സമ്മതിക്കാൻ നമുക്ക് മുന്നിലുള്ള ഒരേയൊരു തടസ്സം ബൗദ്ധിക സത്യസന്ധത ഇല്ലായ്മ മാത്രമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.