പാർട്ടിക്കോട്ടയിലെ ജാതിമുറിവുകൾ
text_fieldsഉത്താപുരത്ത് ജാതിമതിൽ പൊളിക്കാൻ മുന്നിട്ടിറങ്ങിയ സി.പി.എമ്മിന്റെ കേരളത്തിലെ ശക്തികേന്ദ്രത്തിലാണ് മകൾക്ക് നീതി തേടി ഒരു വയോധികൻ അലഞ്ഞുനടക്കുന്നത്
കണ്ണൂർ പഴയങ്ങാടി അടുത്തില ദിവ്യ നിവാസിൽ എം. ശങ്കരന്റെ വാട്സ്ആപ് ഡി.പി നോക്കുക. കൊടി തോരണങ്ങൾക്കിടെ അഭിമാനത്തോടെ ചെങ്കൊടി വാനിലേക്കുയർത്തുന്ന ചിത്രമാണത്. പാർട്ടിയും നാട്ടുകാരുടെ ശങ്കരേട്ടനും തമ്മിലെ ബന്ധം വ്യക്തമാക്കാൻ ഇതിലും വലിയ ഉദാഹരണം വേണ്ട. ചെറുപ്രായത്തിലേ വിപ്ലവ പ്രസ്ഥാനത്തിനൊപ്പം നിലകൊണ്ടു. ബാങ്ക് ജോലിക്കാലത്ത് ഇടതു യൂനിയനിൽ. വിരമിച്ചശേഷവും പാർട്ടി പ്രവർത്തനങ്ങളിൽ സജീവം.
ഈ തെരഞ്ഞെടുപ്പു കാലം ശങ്കരേട്ടന് മറക്കാനാവില്ല. വിപ്ലവ മുദ്രാവാക്യങ്ങളും ചോരച്ചാലുകൾ നീന്തിയതിന്റെ ഓർമപ്രസംഗങ്ങളും അന്തരീക്ഷത്തിൽ മുഴങ്ങുമ്പോൾ മുഖത്തെ കണ്ണീർചാൽ തുടച്ച് പൊള്ളുന്ന ചൂടിൽ പൊലീസ് സ്റ്റേഷനുകളും വക്കീലാപ്പീസുകളും കയറിയിറങ്ങുകയായിരുന്നു എഴുപത് പിന്നിട്ട ഈ മനുഷ്യൻ. ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മകൾ ദിവ്യക്ക് നീതി കിട്ടണമെന്നാണ് ആവശ്യം.
മകൾ ആത്മഹത്യചെയ്തെന്ന ഭർതൃവീട്ടുകാരുടെ ഭാഷ്യം ചോദ്യംചെയ്യാതെ ശരിവെച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ വീട്ടിൽ മകൾ നിരന്തരം പീഡനമനുഭവിച്ചെന്നും ജാതീയമായി അധിക്ഷേപം നേരിട്ടെന്നും കാണിച്ച് പരാതി നൽകിയെങ്കിലും പൊലീസ് അനങ്ങിയില്ല.
പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ പുനരന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിഷയം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ഇതിനകം ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്താണ് കണ്ണൂർ ജില്ലയിലെ ഏഴോം. കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ മേധാവിത്വമുള്ള പഞ്ചായത്തിലെ ഭരണസമിതിയിൽ പ്രതിപക്ഷം പോലുമില്ല . 11ാം വാർഡിലെ എരിപുരത്താണ് എം. ശങ്കരനും ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന ദലിത് കുടുംബം താമസിച്ചിരുന്നത്.
അടുത്തില ബ്രാഞ്ചാണ് ഇവരുടെ പ്രവർത്തന മേഖല. എസ്.ബി.ഐയിൽ ഉദ്യോഗസ്ഥയായിരുന്ന മകൾ ദിവ്യക്ക് നാട്ടിൽനിന്നൊരു വിവാഹാലോചന വന്നു. ആദ്യ വിവാഹത്തിൽ കൈപൊള്ളിയ മകൾ മറ്റൊരു വിവാഹത്തിന് ആദ്യം സമ്മതിച്ചിരുന്നില്ല. ഒമ്പതു വയസ്സുകാരൻ മകനൊപ്പം കഴിയാമെന്ന് അവൾ ഉറപ്പിച്ചു.
ഒരു മേൽജാതിയിൽ നിന്നുള്ളയാളായിരുന്നു പ്രതിശ്രുത വരൻ. വിവാഹമോചിതൻ; ചെറിയൊരു മകളുണ്ട്. ജാതി വ്യത്യാസം പ്രശ്നമാകുമോ എന്ന് സന്ദേഹിച്ചപ്പോൾ ‘ഇപ്പോഴത്തെ കാലത്ത് എന്ത് ജാതി’യെന്ന നവോത്ഥാന കേരള ഡയലോഗായിരുന്നു മറുപടി. കാരണവൻമാർ ഒത്തുചേർന്ന് തീരുമാനിച്ചു, ഒടുവിൽ 2023 ഏപ്രിൽ 17ന് കല്യാണം നടന്നു.
ഭർതൃവീട്ടിലെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഭർതൃമാതാവ് ജാതീയമായി അധിക്ഷേപിക്കാനും അപമാനിക്കാനും തുടങ്ങിയതായി ദിവ്യ പലവട്ടം സങ്കടം പറഞ്ഞു. ജാതിയുമായി ചേർത്ത് അറയ്ക്കുന്ന തെറിവിളികൾ, ദിവ്യ പാചകം ചെയ്യുന്ന ഭക്ഷണം പോലും കഴിക്കാത്തത്ര ജാതി വിരോധം പരസ്യമായി പ്രകടിപ്പിച്ചു.
ഇനിയും ഒരു വിവാഹമോചനം ചിന്തിക്കാവുന്നതിലപ്പുറമായിരുന്നു ദിവ്യക്ക്. എല്ലാം അടക്കിപ്പിടിച്ച് എല്ലാം ശരിയാകുമെന്ന് കരുതിയാണ് സഹിക്കാവുന്നതിലപ്പുറവും സഹിച്ച് അവൾ അവിടെ കഴിഞ്ഞതെന്ന് സഹോദരി ധന്യ പറയുന്നു.
ഈ വർഷം ജനുവരി 25ന് ദിവ്യ മരിച്ചെന്ന വിവരമെത്തി. ആത്മഹത്യയെന്ന് ഭർത്താവും വീട്ടുകാരും പറയുമ്പോൾ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ദിവ്യയുടെ വീട്ടുകാർ വിശ്വസിക്കുന്നു. ആത്മഹത്യയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിലേക്ക് തള്ളിവിട്ടതാണെന്നും അത്രക്കും വലിയ പീഡനമാണ് നടന്നതെന്നും കുടുംബം ആവർത്തിക്കുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എന്നാൽ, ജാത്യാധിക്ഷേപവും ഗാർഹിക പീഡനവും നടന്നതായ പരാതി സ്വീകരിക്കാൻ പോലും അവർ കൂട്ടാക്കുന്നില്ല.
ദലിതുകളെ അകറ്റിനിർത്താൻ തമിഴ്നാട്ടിലെ ഉത്താപുരത്ത് മേൽജാതിക്കാർ പണിത ജാതിമതിൽ പൊളിച്ചുകളയാൻ മുന്നിട്ടിറങ്ങിയ അതേ സി.പി.എമ്മിന്റെ കേരളത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിലാണ് ജാത്യാതിക്രമത്തിന് പിന്നാലെ മരിച്ച മകൾക്ക് നീതി തേടി ഒരു വയോധികൻ അലഞ്ഞുനടക്കുന്നത്.
ഇത് ദിവ്യയുടെ മാത്രം കഥയല്ല. ദലിതർ ഇരകളായ ഒട്ടേറെ സംഭവങ്ങളാണ് പുരോഗമന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലത്ത് നിരന്തരം നടമാടുന്നത്. തൊട്ടുകൂടായ്മ പോലും പലയിടത്തും നിലനിൽക്കുന്നു.
ഗാർഹിക പീഡന സംഭവങ്ങൾക്ക് പലപ്പോഴും വലിയ വാർത്താപ്രാധാന്യം ലഭിക്കുകയും അന്വേഷണത്തിനും നടപടികൾക്കും അധികൃതർ നിർബന്ധിതരാവുകയും ചെയ്യുന്നത് സമീപകാലത്ത് പതിവാണെങ്കിലും പീഡനത്തിനിരയായതും മരിച്ചതും ദലിതരാണെങ്കിൽ അന്വേഷണത്തിലും മാധ്യമ റിപ്പോർട്ടിങ്ങിലും പോലും വിവേചനവും താൽപര്യരാഹിത്യവും പ്രകടമാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.