ഉന്നത വിദ്യാകേന്ദ്രങ്ങളിലെ ജാതിമതിലുകൾ
text_fieldsസ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനാധിപത്യവത്കരണത്തിന് വിധേയമായിട്ടില്ല എന്നാണ് ഇത്തരം സ്ഥാപനങ്ങളിൽ ഇന്നും പുലർന്നുപോരുന്ന ഹിംസാത്മകമായ വിവേചനരൂപങ്ങൾ തെളിയിക്കുന്നത്. രാജ്യത്തെ സർവകലാശാലകളിലെ അധ്യാപക തസ്തികകളിൽ ദലിത്-പിന്നാക്ക-മുസ്ലിം ജനവിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈസ് ചാൻസലർമാരായും ഡയറക്ടർമാരായും മറ്റും ദലിത്-പിന്നാക്കവിഭാഗങ്ങൾ നിയമിക്കപ്പെടുന്നതുപോലും അപൂർവത്തിൽ അപൂർവമാണ്. ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സവർണ ജാതിവിഭാഗങ്ങളുടെ അമിത പ്രാതിനിധ്യവും (Over representation) മേൽക്കോയ്മ കുത്തകയുമാണ് നിലനിൽക്കുന്നത്. ഭരണഘടനാ ജനാധിപത്യം നിലനിൽക്കുന്ന ഒരുരാജ്യത്തിൽ ബഹുഭൂരിപക്ഷം വരുന്ന ബഹുജനങ്ങളായ ദലിതരും പിന്നാക്കക്കാരും മുസ്ലിം ജനവിഭാഗങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പുറന്തള്ളപ്പെടുന്ന അവസ്ഥാവിശേഷം ഭരണകൂടശക്തികളെയോ രാഷ്ട്രീയനേതൃത്വത്തെയോ അൽപംപോലും അലോസരപ്പെടുത്തുന്നില്ല.
കേന്ദ്രസർക്കാർ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഗവേഷണ ഫെലോഷിപ് നിർത്തലാക്കിയത് ഉന്നത വിദ്യാഭ്യാസരംഗത്തെ വിവേചനത്തിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ്. കാലങ്ങളായി നൂറുശതമാനവും സവർണർക്കായി സംവരണംചെയ്യപ്പെട്ട ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ദലിതരും പിന്നാക്കക്കാരും മറ്റും കടന്നുവരുന്നത് സാംസ്കാരിക ബ്രാഹ്മണ്യത്തെ അത്രമേൽ ആശങ്കാകുലമാക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തെ സവർണമേൽക്കോയ്മ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ന്യൂനപക്ഷ സ്കോളർഷിപ് നിർത്തലാക്കുന്നതും ഗവേഷണരംഗത്തുനിന്ന് ദലിത് വിഭാഗങ്ങളെ മാറ്റിനിർത്തുന്നതും. രോഹിത് വെമുലയുടെ ആത്മാഹൂതിയും കേരളത്തിൽ മഹാത്മാഗാന്ധിയുടെ പേരിലുള്ള സർവകലാശാലയിൽ ദീപ പി. മോഹനന്റെ സമരവും ഉന്നത വിദ്യാഭ്യാസമേഖലയിൽ ദലിതർ നേരിടുന്ന ഭീകരമായ വിവേചനത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.
ദേവസ്വം ബോർഡിന് കീഴിലെ സ്കൂളുകളിലും കോളജുകളിലും സവർണ ജാതിവിഭാഗങ്ങളുടെ കുത്തകയാണ് നിലനിൽക്കുന്നത്. ദലിത് ജാതിവിഭാഗങ്ങളെ അസ്പപൃശ്യരായി കാണുന്ന ഒരു വ്യവസ്ഥയാണ് ഇവിടെ ഇന്നും തുടരുന്നത്. ദേവസ്വം ബോർഡിന്റെ അധ്യാപക തസ്തികകളുടെ 96 ശതമാനവും സവർണ ജാതിവിഭാഗങ്ങളാണ് കൈയടക്കിവെച്ചിരിക്കുന്നത്. അവിടെ ഒരു ദലിത് അധ്യാപകനെ 'മഷിയിട്ടുനോക്കിയാൽ പോലും' കാണാൻ സാധ്യമല്ലാത്തവിധം കൊടിയ ജാതിവിവേചനം നിലനിൽക്കുന്നു. ഉന്നത ഗവേഷണ ബിരുദങ്ങൾ സമ്പാദിച്ച നൂറുകണക്കിന് ദലിത് ബിരുദധാരികൾ ഉണ്ടായിട്ടുപോലും അവരെ അധ്യാപക തസ്തികകളിൽനിന്ന് അകറ്റിനിർത്തുന്ന വലിയൊരു ജാതിമതിൽ നിലനിൽക്കുന്നു എന്നത് ആരെയും ക്ഷുഭിതരാക്കുന്നുമില്ല, പോരാളികളാക്കുന്നുമില്ല.
'ഇന്ത്യയിൽ ബുദ്ധിജീവിവർഗമെന്നത് ഉന്നത കുലജാതരായിരിക്കുകയും എല്ലാ അവകാശങ്ങളും അവർക്കുമാത്രമായിരിക്കുകയും ചെയുന്നു. അവർ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതുകൊണ്ട് താഴ്ന്നജാതിക്കാർ പിന്തള്ളപ്പെടുന്നു' എന്ന് ഒന്നാം വട്ടമേശസമ്മേളനത്തിൽതന്നെ ഡോ. ബി.ആർ. അംബേദ്കർ പ്രസ്താവിക്കുന്നുണ്ട്. സാംസ്കാരികരംഗവും അതിന്റെ താക്കോൽസ്ഥാനങ്ങളും ഇന്നും സവർണ ജനവിഭാഗങ്ങളുടെ മാത്രം കുത്തകയായിരിക്കുന്നു എന്നത്, എത്രമാത്രം ജനാധിപത്യരഹിതമായാണ് അധികാരശക്തികൾ പിന്നാക്ക ജനവിഭാഗങ്ങളോട് പെരുമാറുന്നത് എന്നതിന്റെ പ്രത്യക്ഷനിദർശനമാണ്.
മഹാനായ മുൻരാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ പേരിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പുറത്തുവരുന്ന ജാതിവിവേചനത്തെയും ദലിത് ഹിംസയെയും സംബന്ധിച്ച വാർത്തകൾ ഇന്ത്യയിലാകമാനം നിലനിൽക്കുന്ന പുറന്തള്ളൽ ഹിംസയുടെ ഭീകരമായ പരിച്ഛേദമാണ്. പുറമേ പുരോഗമനം നടിക്കുമ്പോഴും അകമേ ജാതി ബ്രാഹ്മണ്യവാദികളായി ജീവിക്കുന്ന മലയാളികളുടെ സവിശേഷ പുറന്തള്ളൽ ഹിംസയുടെ ആന്തരഭാവമാണ് ഇത്തരം സന്ദർഭങ്ങളിൽ തെളിഞ്ഞുകാണുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകതസ്തികകളിൽ നിലനിൽക്കുന്ന (പ്രത്യേകിച്ച് ദേവസ്വം ബോർഡിന്റെയും മറ്റ് എയ്ഡഡ് സ്ഥാപനങ്ങളിലെയും) ദലിത് പുറന്തള്ളലുകളും മതിയായ പ്രാതിനിധ്യത്തിന്റെ അഭാവവും മലയാളിയുടെ സാംസ്കാരിക ബോധ്യത്തിൽ ആഴത്തിൽ നിലീനമായ സവർണ ബ്രാഹ്മണ്യ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ഇത്തരം സ്ഥാപനങ്ങൾ സവർണകോട്ടകളാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ലതന്നെ.
നിയമത്തിലും ഭരണത്തിലും സമത്വം നടപ്പാക്കിക്കൊണ്ടുമാത്രമേ അംബേദ്കർ ദർശിച്ചപോലെ ജനാധിപത്യത്തെ ഒരു സഹജീവിത പദ്ധതിയാക്കി മാറ്റാൻ സാധിക്കൂ. എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള ഒന്നായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിത്തീരുമ്പോൾ മാത്രമേ ജനാധിപത്യത്തിന് ഒരു സഹജീവനപദ്ധതിയായി വികസിക്കാൻ കഴിയൂ. 1948 നവംബർ നാലിന് ഭരണഘടനാ നിർമാണസഭയിൽ ഡോ. ബി.ആർ. അംബേദ്കർ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: ''ഈ രാജ്യത്ത് രാഷ്ട്രീയാധികാരം ഒരു ന്യൂനപക്ഷത്തിന്റെ കുത്തകയാണ്. ഈ അവസ്ഥക്ക് ഏറെ പഴക്കമുണ്ട്. ഭൂരിപക്ഷം ഭാരംപേറുന്ന കഴുതകൾ മാത്രമല്ല, ഇരകളാകുന്ന മൃഗങ്ങൾകൂടിയാണ്. ഈ കുത്തക കാരണം അവർക്ക് സ്വന്തം അവസ്ഥ മെച്ചപ്പെടുത്താനുള്ള സാധ്യത നിഷേധിക്കപ്പെടുന്നു''. അംബേദ്കർ സൂചിപ്പിച്ച സവർണകുത്തകയും സവർണ സാംസ്കാരിക ബോധ്യങ്ങളുമാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും. കെ.ആർ. നാരായണന്റെ പേരിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പുലരുന്ന ജാതിവിവേചനം ഇതിന്റെ മറ്റൊരു പരിച്ഛേദം മാത്രമാണ്.
1952 ഡിസംബർ 22ന് പുണെ ജില്ല നിയമ ലൈബ്രറിയിൽ നടത്തിയ പ്രഭാഷണത്തിൽ ഡോ. ബി.ആർ. അംബേദ്കർ ഇപ്രകാരം പ്രസ്താവിച്ചു: ''ജനാധിപത്യം വിജയകരമായി പ്രവർത്തിക്കണമെങ്കിൽ ആദ്യം ഉണ്ടാവേണ്ട ഉപാധി സമൂഹത്തിൽ അസമത്വം ഉണ്ടാകാൻ പാടില്ല എന്നാണ്. അവിടെ അടിച്ചമർത്തപ്പെട്ട വർഗം ഉണ്ടാവരുത്. അവിടെ എല്ലാ സവിശേഷ അധികാരങ്ങളും കൈവശപ്പെടുത്തിയിരിക്കുന്ന വർഗവും അതിന്റെ ഭാരം താങ്ങുന്ന മറ്റൊരു വർഗവും ഉണ്ടാകരുത്''. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം അടിച്ചമർത്തപ്പെട്ട ഒരുവർഗം നിലനിൽക്കുന്നു എന്നതിന്റെ പ്രത്യക്ഷ നിദർശനമാണ്. അതുകൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസരംഗത്തെ ജനാധിപത്യവത്കരിക്കേണ്ടത് ഓരോ പൗരരുടെയും അടിയന്തര സാമൂഹിക കർത്തവ്യമായി തിരിച്ചറിഞ്ഞുകൊണ്ട് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ ഐക്യപ്പെടേണ്ടത് സാഹോദര്യ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏവരുടെയും കടമയും കർത്തവ്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.