കേന്ദ്ര ബജറ്റ്: മരുന്നില്ലാ കുത്തിവെപ്പ്
text_fieldsബജറ്റ് വിലയിരുത്തുേമ്പാൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക സർവേയിൽ ചൂണ്ടിക്കാട്ടിയ ആശയങ്ങളും പോരായ്മകളും എന്തെല്ലാം? ഏതെല്ലാം മേഖലകൾക്ക് ഊന്നൽ നൽകണമെന്നാണ് സർവേ നിർദേശിക്കുന്നത്? ഈ കാര്യങ്ങൾ ഉൾക്കൊണ്ടാണോ ബജറ്റ് നിർദേശങ്ങൾ തയാറാക്കിയിട്ടുള്ളത് എന്നതെല്ലാം പ്രധാനമാണ്. ആ രീതിയിൽ വിലയിരുത്തുേമ്പാൾ നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനോട് യോജിപ്പില്ലെന്ന് പറയേണ്ടിവരും.
ഊന്നൽ നൽകേണ്ട പല കാര്യങ്ങളിലേക്കും ബജറ്റ് കടന്നിട്ടില്ല. നിക്ഷേപം വർധിപ്പിച്ച് പണലഭ്യത ഉറപ്പാക്കണമെന്നതാണ് സമ്പദ്വ്യവസ്ഥയെ എങ്ങനെ വളർത്തിക്കൊണ്ടുവരാം എന്ന ചർച്ചകളിൽ ഉയർന്നുവന്ന പൊതുനിർദേശം. ഈ രീതിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ ബജറ്റിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ബജറ്റിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾക്കും അതിന് നീക്കിവെക്കുന്ന പണത്തിനും എത്രമാത്രം നിലനിൽപ്പുണ്ടെന്ന് നമുക്ക് പറയാനാവില്ല. പ്രഖ്യാപിക്കുന്ന കാര്യങ്ങൾ അതേപോലെ നടപ്പാക്കാൻ സാധിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. മുൻകാല അനുഭവത്തിെൻറ വെളിച്ചത്തിൽ വിലയിരുത്തുേമ്പാൾ ഈ ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്ന പല പദ്ധതികളും നടക്കുമോ എന്ന് വ്യക്തമായ സംശയമുണ്ട്.
ആറ് തൂണിലാണ് ബജറ്റ് നിലനിൽക്കുന്നത് എന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ഒരു നയരേഖ എന്ന നിലയിൽ വളരെ യാഥാർഥ്യമാണ്.
അതേസമയം, കാർഷികമേഖലക്ക് ബജറ്റിൽ നൽകിയ ഊന്നൽ ഡൽഹിയിലെ കർഷകസമരത്തിെൻറ പശ്ചാത്തലത്തിൽ കണ്ണിൽ പൊടിയിടുന്ന തന്ത്രമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കർഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്ക് 75,060 കോടി ചെലവാക്കും എന്നാണ് പ്രഖ്യാപനം. ഇന്ത്യ ഒരു കേമ്പാളാധിഷ്ഠിത രാജ്യമാണ്. ആ നിലക്ക് ഇത്രയും തുക ചെലവിടും എന്ന് പറയാനാവില്ല.
11 ശതമാനം വളർച്ചനിരക്ക് എന്ന ലക്ഷ്യമാണ് സംശയത്തോടെ കാണേണ്ട മറ്റൊന്ന്. ഈ വളർച്ചകൊണ്ട് ആർക്കെല്ലാം പ്രയോജനം ലഭിക്കും. വരുമാനത്തിെൻറ വിതരണം രാജ്യത്ത് വളരെ മോശമായ അവസ്ഥയിലാണെന്നും ഇതിലെ അസന്തുലിതത്വം സമൂഹത്തിൽ അസമത്വം വർധിച്ചുവരാൻ ഇടയാക്കുന്നു എന്നും ഓരോ വർഷത്തെയും കണക്കുകൾ തെളിയിക്കുന്നു. കോവിഡ് കാലത്ത് നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും സാധാരണക്കാരെൻറ ജീവിതം പ്രയാസത്തിലാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ വളർച്ചനിരക്കിന് മാത്രം പ്രാധാന്യം കൊടുത്തുള്ള ഒരു നയത്തിെൻറ പ്രയോജനം എല്ലാവർക്കും കിട്ടുമോ എന്നത് പ്രധാനമാണ്.
ഇന്ധന വിലയിൽ മൗനം
കാർഷിക സെസ് മൂലം ഇപ്പോൾ ഇന്ധനവില വർധനയുണ്ടാകില്ല എന്നുപറഞ്ഞാലും ഇത് സമ്പദ്വ്യവസ്ഥയിൽ പണപ്പെരുപ്പത്തിന് ഇടയാക്കും. മറ്റൊരു രാജ്യത്തുമുള്ള ഇന്ധനവിലയല്ല നമ്മുടെ രാജ്യത്തേത്. ആത്യന്തികമായി വില വർധിക്കും. അത് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരിലും താഴെ നിൽക്കുന്നവരെയായിരിക്കും. അതേക്കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. കാര്യക്ഷമതയില്ലാത്ത കമ്പനികളുടേതാണ് വിൽക്കുന്നത് എന്ന് പറയുേമ്പാൾ എൽ.ഐ.സിയെ എന്തിനാണ് തൊട്ടത് എന്നത് പ്രസക്തമായ ചോദ്യമാണ്. എച്ച്.എം.ടി പോലുള്ള സ്ഥാപനങ്ങൾ തകർന്നടിയുന്നു. പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഏറെ സ്വാധീനിച്ചിരുന്ന സ്ഥാപനങ്ങളാണിവ. ഇത്തരം പ്രതിസന്ധികളെ അഭിസംബോധന ചെയ്യാൻ സർക്കാറിന് പദ്ധതികളില്ല.
സ്റ്റാർട്ടപ്പ് നികുതിയിളവ് സ്വാഗതാർഹം
എന്നാൽ, ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ കൈക്കൊണ്ട ചില നടപടികളും സ്റ്റാർട്ടപ്പുകൾക്ക് ഒരു വർഷത്തെ നികുതിയിളവ് പ്രഖ്യാപിച്ചതും സ്വാഗതാർഹമാണ്. ഇത് സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കും. കേരളത്തിൽ ദേശീയപാത വികസനത്തിന് പ്രഖ്യാപിച്ച 65,000 കോടിയും മെട്രോ വികസനവും നടന്നാൽ നല്ല കാര്യമാണ്. കേരളത്തിലെയും പശ്ചിമബംഗാളിലെയും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നേട്ടത്തിനുള്ള പ്രഖ്യാപനമായി അവ മാറരുത്. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് പാർപ്പിട പദ്ധതി നല്ല കാര്യമാണ്. അവർക്കിടയിലെ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഒരു പരിധി വരെ സഹായിക്കും. നിർമാണമേഖലയിൽ ഇവരുടെ സംഭാവനകൾ വിലപ്പെട്ടതാണ്. റെയിൽവേയിലടക്കം കേരളത്തിന് കാര്യമായി ഒന്നും കിട്ടിയെന്ന് പറയാനാവില്ല. റെയിൽവേക്ക് കേരളത്തിൽനിന്നുള്ള വരുമാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ആ നിലക്ക് കേരളം കുറച്ചുകൂടി അർഹിക്കുന്നുണ്ട്.
അടിസ്ഥാന വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു
കോവിഡ് വാക്സിന് 35,000 കോടി ചെലവാക്കുമെന്ന് പറയുന്നു. എന്നാൽ, 50 ശതമാനത്തിലധികം പേർക്ക് വാക്സിൽ കൊടുത്തുകഴിയുേമ്പാൾ ഫണ്ട് വിനിയോഗം എങ്ങനെയാകുമെന്ന് കണ്ടറിയണം. അടിസ്ഥാന വിദ്യാഭ്യാസ മേഖലയെ ബജറ്റ് അവഗണിച്ചു. ഗവേഷണത്തിനും വികസനത്തിനും 50,000 കോടി നീക്കിവെച്ചെങ്കിലും സർക്കാറിന് സാമ്പത്തിക പ്രതിസന്ധി വരുേമ്പാൾ ആദ്യം കൈവെക്കുക ഈ വിഹിതത്തിലാകും. മറ്റ് രാജ്യങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് ഒരിക്കലും വകമാറ്റാറില്ല. സ്വർണത്തിന് വില കുറയുമെന്നതൊക്കെ കണ്ണിൽ പൊടിയിടുന്ന തന്ത്രങ്ങളായേ കാണാനാകൂ. ആദായനികുതി സ്ലാബിെൻറ കാര്യത്തിൽ പുനർവിചിന്തനം ഇന്നത്തെ അവസ്ഥയിൽ പ്രതീക്ഷിക്കാനാവില്ല. വിദേശ നിക്ഷേപ പരിധി 74 ശതമാനാക്കി ഉയർത്തിയതുകൊണ്ട് എന്ത് നേട്ടമാണ് സമ്പദ്വ്യവസ്ഥക്ക് ഉണ്ടാവുക എന്ന് വ്യക്തമല്ല. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ബജറ്റ് കുറച്ചുകൂടി സമഗ്രമായും ആഴത്തിലും യാഥാർഥ്യബോധത്തോടെയും സംബോധന ചെയ്യേണ്ടിയിരുന്നു.
(കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെൻറർ ഫോർ ബജറ്റ് സ്റ്റഡീസിൽ അധ്യാപകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.