പ്രതിയോഗികളായി ഇനി കേന്ദ്ര േനതൃത്വം, സി.പി.െഎ
text_fieldsസി.പി.എമ്മിൽ സംസ്ഥാനതലത്തിൽ വെട്ടിനിരത്താൻ ഇക്കുറി ഒന്നുമില്ല. ആലപ്പുഴ സമ്മേളനത്തിൽ അവസാനത്തെ കുറ്റിവരെ വെട്ടിനിരത്തിയിരുന്നു. സംസ്ഥാനസമിതിയിൽ ഒരു ക്ഷണിതാവ് മാത്രമായ വി.എസ്. അച്യുതാനന്ദന് ഇന്ന് പാർട്ടിയിൽ വോട്ടിനുപോലും അനുമതിയും അവകാശവുമില്ല. കഴിഞ്ഞ സമ്മേളനത്തിൽ തനിക്കെതിരെ സംഘടന റിപ്പോർട്ടിൽ ആരോപണങ്ങൾ കുത്തിനിറച്ചതിൽ പ്രതിഷേധിച്ച് ഇറങ്ങിയ വി.എസിെന അനുനയിപ്പിച്ച് തിരിച്ചെത്തിക്കാൻ ശ്രമമുണ്ടായെങ്കിലും അദ്ദേഹം തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിെൻറ ഔദ്യോഗിക വസതിയിലേക്കു പോകുകയായിരുന്നു. അവിടെനിന്ന് മൂർച്ഛിച്ച വിഭാഗീയതയെ പിടിച്ചുകെട്ടി, വി.എസിനെക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുപ്പിച്ച് ഭരണം തിരിച്ചുപിടിച്ചത് സീതാറാം െയച്ചൂരിയുടെ നയവൈഭവമായിരുന്നു. എന്നാൽ, പിണറായി സർക്കാർ അധികാരമേറ്റശേഷം വി.എസിനെ അപ്രസക്തനാക്കുന്നതിൽ ഔദ്യോഗിക വിഭാഗം വിജയിച്ചു. ജീവിതം മുഴുവൻ പോരാട്ടത്തിൽ നീറ്റിമിനുക്കിയ പഴയ വി.എസിെൻറ വെറും നിഴലാണ് ഇക്കുറി സമ്മേളനവേദിയിൽ ഉണ്ടാകുക. നനഞ്ഞുകത്തുന്ന തിരിയിൽ ഒരു ജ്വാല പ്രതീക്ഷിക്കുന്ന അണികൾ അപ്പോഴും പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കുന്നുണ്ടാകും.
വിഭാഗീയത പാർട്ടിക്ക് അന്യംനിന്നിരിക്കുന്നു. ആഞ്ഞടിക്കാൻ ഒരു എതിർ ഗ്രൂപ്പില്ലാത്തതിനാൽ ചർച്ചകളിലെ വിഷയവും പ്രതിയോഗിയും ഇക്കുറി സി.പി.ഐ ആകാം. ഇടതുമുന്നണിയിൽ സി.പി.എമ്മിന് അലോസരമുണ്ടാക്കുന്ന ഏക പാർട്ടിയാണ് സി.പി.ഐ. അംഗബലത്തിൽ അത് രണ്ടാം പാർട്ടിയാണ്. നിയമസഭയിൽ മറ്റു പാർട്ടികളുടെ അംഗബലം വിരലിൽ എണ്ണാവുന്നത്ര മാത്രം. പാർട്ടി പിളർന്നശേഷം സി.പി.എമ്മില്ലാതെ സി.പി.ഐ പലകുറി ഭരിച്ചിട്ടുണ്ട്. എന്നാൽ, സി.പി.ഐ ഇല്ലാതെ സി.പി.എമ്മിന് ഭരിക്കാനായിട്ടില്ല. അതിനാൽതന്നെ മുന്നണിയിൽ തങ്ങളെക്കാൾ ചെറുപാർട്ടിയായിട്ടുപോലും സി.പി.ഐക്കുള്ള പ്രാമുഖ്യം സി.പി.എമ്മിന് എന്നും അപകർഷതയുണ്ടാക്കുന്നുണ്ട്. ഭരിക്കുമ്പോഴൊക്കെ സി.പി.ഐ, മുന്നണിയിലെ സ്വത്വം നിലനിർത്തുന്ന നിലപാടുകൾ ചങ്കൂറ്റത്തോടെ പ്രകടിപ്പിക്കാറുമുണ്ട്. സി.പി.ഐയുടെ നടന്നുകൊണ്ടിരിക്കുന്ന സമ്മേളനങ്ങളിൽ സി.പി.എമ്മിെൻറ നയവൈകല്യങ്ങളാണ് പ്രധാന വിഷയമായി ഉയരുന്നത്. അവക്ക് മാധ്യമങ്ങളിൽ ലഭിക്കുന്ന പ്രാധാന്യം സി.പി.എമ്മിന് മനോവിഷമമുണ്ടാക്കാറുണ്ട്. അതിനിടെയാണ് സി.പി.എം, കേരള കോൺഗ്രസ് സഖ്യത്തിനുള്ള സാധ്യതകൾ വികസിപ്പിച്ചെടുത്തത്. സി.പി.ഐയുടെ ശല്യം തീർക്കുക എന്ന അജണ്ടയാണ് മാണിയുമായുള്ള അടുപ്പംകൊണ്ട് സി.പി.എം ഉദ്ദേശിക്കുന്നത്. അതല്ലെങ്കിൽ അഴിമതിപ്പാർട്ടിയെന്ന് സി.പി.എം തന്നെ മുദ്രകുത്തിയ മാണിഗ്രൂപ്പുമായി അടുപ്പം കാട്ടേണ്ട ആവശ്യം വൻ ഭൂരിപക്ഷമുള്ള ഇടതുമുന്നണിക്ക് ഇന്നില്ല. മാണി വന്നാൽ സി.പി.ഐ ഇല്ലെങ്കിലും ഭരിക്കാനാകുമെന്ന തോന്നൽ ഉണ്ടാക്കാനും അവരെ കൂടുതൽ ഒതുക്കാനും കഴിയും. ഭരണതലത്തിൽ ആ പാർട്ടി ഇപ്പോൾ കാട്ടുന്ന മുൻകൈ അതോടെ തീർക്കാനാകും. ഈ ഭീഷണി മുന്നിൽകണ്ടാണ് സി.പി.ഐ മാണിയെ ശക്തമായി എതിർക്കുന്നത്. അതിനാലാണ്, സി.പി.എമ്മിനെ ജില്ല സമ്മേളനങ്ങളിൽ സി.പി.ഐയുടെ സംസ്ഥാന നേതാക്കൾ നിശിതമായി വിമർശിക്കുന്നത്. ദേശീയതലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്ന് സി.പി.എം പറയുമ്പോൾ അത് അനിവാര്യമാണെന്ന് സി.പി.ഐ പറയുന്നതിനു കാരണവും മറ്റൊന്നല്ല. അതിനാൽ തൃശൂർ സമ്മേളനത്തിൽ സി.പി.ഐക്ക് ചില്ലറ ‘സമ്മാനങ്ങൾ’ പാർട്ടി കരുതിെവച്ചിട്ടുണ്ടാകും. അത് ചിലപ്പോൾ പ്രമേയമായിതന്നെ പുറത്തുവരാനും ഇടയുണ്ട്.
നേതൃത്വത്തെ വിമർശിക്കാനാണെങ്കിൽ സി.പി.എമ്മിെൻറ പ്രതിനിധികൾക്ക് ഗുരുതരമായ വിഷയങ്ങളുണ്ട്. കണ്ണൂരിലെ കോൺഗ്രസ് യുവനേതാവായ ഷുഹൈബിെൻറ വധം പാർട്ടിക്കുമേൽ തീരാകളങ്കം ചാർത്തിയിട്ടുണ്ട്. ന്യൂനപക്ഷേപ്രമം പറഞ്ഞുനടക്കുന്ന പാർട്ടിനേതൃത്വം കൊലപാതകത്തിനു കൂട്ടുനിന്നുവെന്ന് അണികൾക്കിടയിലും അറിയാം. പാർട്ടിയിലെ ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽതന്നെ ഇത് ചർച്ചാവിഷയമാണ്. എന്നാൽ, സമ്മേളനത്തിൽ ഇത് പരാമർശിക്കപ്പെടും എന്നതിന് അപ്പുറത്തേക്കെത്തിക്കാൻ ആർക്കും കഴിയില്ല. അതിനു നേതൃത്വം നൽകാൻ കെൽപുള്ള നേതാക്കൾ ഇന്ന് പാർട്ടിയിലില്ല. എന്നാൽ, കൊലപാതക രാഷ്ട്രീയത്തിനെതിരെ പേരിനൊരു പ്രമേയം പാസാക്കി ജനത്തിെൻറ കണ്ണിൽ പൊടിയിടാൻ പാർട്ടി നേതൃത്വം മടിക്കുകയുമില്ല. അതേസമയം, ഈ സംഭവംകൊണ്ട് മറ്റൊരു നേട്ടംകൂടി നേതൃത്വത്തിനുണ്ടാകുന്നുണ്ട്. സി.പി.എമ്മുമായി രാഷ്ട്രീയസഖ്യം വേണമെന്ന് ആരെങ്കിലും പറഞ്ഞാൽ കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും അതിനെ അനുകൂലിക്കില്ലെന്നതാണത്. കോൺഗ്രസ് സഖ്യം വേണമെന്ന് അഖിലേന്ത്യ സെക്രട്ടറി സീതാറാം െയച്ചൂരി പറയുമ്പോൾ അതിനെ ശക്തമായി എതിർത്തുവന്നതും പരാജയപ്പെടുത്താൻ മുൻകൈ എടുത്തതും കേരളഘടകമാണ്. കോൺഗ്രസിെൻറ ഭാവി വാഗ്ദാനം എന്നുതന്നെ കരുതപ്പെട്ടിരുന്ന, ന്യൂനപക്ഷ വിഭാഗത്തിനിടയിൽ ശക്തമായ വേരുകളുള്ള യുവാവായിരുന്നു ഷുഹൈബ്. അതിനാൽ ഇനി ഈ പാർട്ടിയുമായി സഖ്യത്തിനു മാനസികമായി അടുക്കാൻ കോൺഗ്രസ് നേതാക്കൾക്കു കഴിയാതായിരിക്കുന്നു. അങ്ങനെ ഈ സംഭവം സി.പി.എമ്മിെൻറ രാഷ്ട്രീയ നയത്തെയും സ്വാധീനിക്കാൻ പോന്നതാകുമെന്നത് ഒരു വൈചിത്യ്രമാണ്.
മറ്റൊന്ന്, പാർട്ടി നേതാക്കളിൽ കുന്നുകൂടുന്ന സമ്പത്തിനെ സംബന്ധിച്ച ആരോപണമാണ്. ഏറ്റവും അടുത്ത ഉദാഹരണം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകനെതിരെ ദുബൈയിൽ ഉണ്ടായ കേസാണ്. 13 കോടി രൂപയുടെ ആരോപണമാണ് വന്നത്. പാർട്ടി നേതാവിെൻറ മകന് ഇത്ര വലിയ ആസ്തി എവിടെനിന്നു വന്നു എന്ന ശക്തമായ സംശയം പൊതുജനത്തിനു മുന്നിൽ ഉയർന്നിരുന്നു. ആരോപണം വന്നശേഷം നടന്ന ഏക ജില്ല സമ്മേളനം തിരുവനന്തപുരത്തേതാണ്. എന്നാൽ, സെക്രട്ടറിയുടെ രണ്ടാമത്തെ മകെൻറ സാന്നിധ്യംകൊണ്ടുതന്നെ സമ്മേളനത്തിൽ ഈ ആരോപണത്തിെൻറ കൂമ്പടക്കാൻ നേതൃത്വത്തിനു കഴിഞ്ഞു. പാർട്ടിനേതാക്കളുടെ സമ്പാദ്യത്തിനും സമ്പന്നസഹവാസത്തിനുമെതിരെ പാലക്കാട് പ്ലീനം പാസാക്കിയ പ്രമേയം നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറെ പ്രസക്തമാണ് വിഷയം. എന്നാൽ, അത് ഉൾപ്പാർട്ടി വിമർശനവും ചർച്ചയുമാക്കാൻ ഇഷ്ടപ്പെടുന്ന നേതൃത്വം ഇന്നു പാർട്ടിക്കുള്ളിലില്ല. അതിനാൽതന്നെ പാർട്ടി സെക്രട്ടറിക്ക് മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് പ്രസക്തിയില്ലാതാകുന്നു. പുതിയ ഒരു സെക്രട്ടറി ഉണ്ടാകുമെന്നും അത് എ.കെ. ബാലനായിരിക്കുമെന്നും നേരത്തേ ചില കേന്ദ്രങ്ങൾ സൂചിപ്പിച്ചിരുന്നു. അവരെല്ലാം ഇപ്പോൾ നിശ്ശബ്ദരാണ്. ആരോപണങ്ങളെ തള്ളിക്കളയുക എന്നതാണ് ഇന്ന് പാർട്ടിയുടെ നയം. അതിനാൽ തിരുത്തൽ വെറും ചർച്ചകളിലൊതുങ്ങും. മാത്രമല്ല, ലോക കേരള സഭ എന്ന സംവിധാനം നല്ലതാണെങ്കിലും ഉദ്ദേശ്യശുദ്ധിയെ സംശയിച്ചവർ നിരവധിയാണ്. പ്രവാസികളെ സഹായിക്കാനോ അവരുടെ നിക്ഷേപസാധ്യത വർധിപ്പിക്കാനോ അല്ല, മറിച്ച് പാർട്ടിയുടെ സാമ്പത്തിക േസ്രാതസ്സ് വർധിപ്പിക്കുക എന്ന ദുരുദ്ദേശ്യമാണുള്ളതെന്ന ആരോപണം നിയമസഭക്കുള്ളിലും ഉയർന്നതാണ്. അതിനാൽ സമ്പത്തിനോട് എതിർപ്പുള്ള പാർട്ടിയല്ല ഇന്നത്തേത് എന്ന സന്ദേശം അണികൾക്കിടയിലും എത്തിയിട്ടുണ്ട്. അതിനാൽ പാർട്ടി സെക്രട്ടറിയുടെ മകൻ വിദേശത്ത് സാമ്പത്തിക തട്ടിപ്പിൽ ഏർപ്പെട്ടത് ലോക കേരള സഭയിൽ അംഗങ്ങളായി എത്തിയ പ്രവാസികളിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്നു കരുതുന്നവർക്ക് നിശ്ശബ്ദരായിരിക്കാനേ കഴിയൂ.
അങ്ങനെ നോക്കിയാൽ അപ്രതീക്ഷിതമായ ഏതെങ്കിലും തീരുമാനമോ ചർച്ചയോ പ്രതീക്ഷിക്കാവുന്ന ഒരു സമ്മേളനമല്ലിത്. അതിനാൽതന്നെ ഏറെ നാളുകൾക്കു ശേഷം ഒരു കോളിളക്കവുമില്ലാതെ പോകുന്ന സമ്മേളനമായി ഇതു മാറാനാണ് സാധ്യത. എന്നാൽ, പാർട്ടി കോൺഗ്രസിെൻറ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ഈ സമ്മേളനമായിരിക്കും. ഫാഷിസഭരണത്തിനെതിരെ വിശാലസഖ്യം വേണമെന്ന പൊതുജനാഭിപ്രായത്തെ തള്ളിക്കളയാൻ ഈ സമ്മേളനം മുൻകൈ എടുക്കുന്നു എന്നതാണത്. കോൺഗ്രസിനെ ബി.ജെ.പിയോടൊപ്പം നിർത്തി എതിർക്കുക എന്നതാണ് ആ നിലപാട്. ഫലത്തിൽ അത് ബി.ജെ.പിക്കാണ് സഹായകമാകുക എന്നത് പാർട്ടിക്കുള്ളിലും ചർച്ചയായിക്കഴിഞ്ഞതാണ്. എന്നാൽ, സംസ്ഥാന നേതൃത്വത്തിെൻറ താൽപര്യം മറ്റൊന്നാണ്. ഫാഷിസത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്ന പാർട്ടി എന്ന പ്രതീതി ഉണ്ടാക്കി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ വാങ്ങി അധികാരത്തിലേറിയ പാർട്ടിയാണിത്. ആ വിശ്വാസത്തെ പാടെ അവഗണിക്കുന്ന അവസ്ഥയിലാണ് ഇന്ന് സംസ്ഥാന നേതൃത്വം. ഈ നിലപാട് കേന്ദ്രനേതൃത്വത്തിൽ അടിച്ചേൽപിക്കാനുള്ള ബലം സംസ്ഥാന ഘടകത്തിനുണ്ടെന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വം നേരിടുന്ന ഏറ്റവും വലിയ പരാധീനതയായി പരിണമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.