മാങ്കുളം : കാടു വിഴുങ്ങുന്ന നാട്; വാ പിളർന്ന് വനംവകുപ്പ്
text_fieldsകോരിത്തരിപ്പിൽ മൂന്നാറിനൊപ്പമോ അതിലേറെയോ സ്ഥാനമുണ്ട് മാങ്കുളത്തിന്. ആദ്യമായി ഇവിടെയെത്തുന്നവർക്ക് കാഴ്ചകൾ കണ്ടുള്ള രോമാഞ്ചമാണെങ്കിൽ മാങ്കുളം നിവാസികൾക്ക് ഭയംകൊണ്ട് രോമം എഴുന്നു നിൽക്കുന്നതാണ്. ഭൂമിശാസ്ത്രപരമായി േനാക്കിയാൽ അങ്ങനെയാകണമെന്നില്ല. കേരള വനംവകുപ്പിന്‍റെ മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍റെ 2024-25 മുതൽ 2033-34 വരെയുള്ള വർക്കിങ് പ്ലാനിൽ പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനത്തിൽ മാങ്കുളം ഡിവിഷനിൽ 13.7 ശതമാനം സ്ഥലമാണ് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്നത്. 29.8 ശതമാനം താരതമ്യേന താഴ്ന്ന സ്ഥലങ്ങളാണ്. 41 ശതമാനം ഇടത്തരം ഭൂമിയിൽ പെടും. വനംവകുപ്പിന്‍റെ വിവരപ്രകാരം ഇവിടുത്തെ 80 ശതമാനം ഭൂമിസമുദ്രനിരപ്പിൽ നിന്നും 2000 മുതൽ 2500 അടിവരെ ഉയരമുള്ള ഭൂമിയാണ്. ചുരുക്കത്തിൽ മൂന്നാർ മേഖലയുമായി ഏറെ വിത്യാസമുള്ള ഭൂ പ്രദേശമാണ് മാങ്കുളം.
ഇങ്ങനെ കിടക്കുന്ന ഈ മാങ്കുളം ഡസനോളം ഭീഷണികൾ നേരിടുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ നിലപാട്. മാങ്കുളത്തെ ഓർത്ത് വനംവകുപ്പ് എന്തിനാണ് ഇത്ര ടെൻഷൻ അടിക്കുന്നതെന്നാണ് മാങ്കുളം നിവാസികളുടെ ചോദ്യം. കാരണം ഇവിടെ കാടുപിടിച്ചുകിടക്കുന്ന ഒമ്പതിനായിരത്തിൽ പരം ഹെക്ടർ ഭൂമി റവന്യൂ വകുപ്പിന്‍റേതാണ്. അവിടെ വേണ്ട സംരക്ഷണം നൽകുകയെന്ന ചുമതലയെ വനംവകുപ്പിനുള്ളൂ. മാങ്കുളം വനംഡിവിഷന്‍റെ വർക്കിങ് പ്ലാനിലെ ആറു മുതൽ ഒമ്പതുവരെ പേജുകളിലായി മാങ്കുളം വനംഡിവിഷൻ നേരിടുന്ന പന്ത്രണ്ടോളം പ്രതിസന്ധികൾ വിവരിക്കുന്നുണ്ട്.
അതിൽ ഒന്നാമത്തേത് റിസർവ് വനമാക്കാനുള്ള വിജ്ഞാപനം പൂർത്തിയാക്കിയിട്ടില്ല എന്നതാണ്. ജി.ഒ (പി) 25/2007/എഫ് ആന്‍റ് ഡബ്ലിയുഎൽഡി 16/5/2007 ഉത്തരവിലൂടെ മാങ്കുളം റിസർവ് വനമാക്കാനുള്ള കരടുവിജ്ഞാപനം വനംവകുപ്പ് ഇറക്കിയെങ്കിലും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനായിട്ടില്ല. ദേവികുളം ആർ.ഡി.ഒ ആണ് ഫോറസ്റ്റ് സെറ്റിൽമെന്‍റ് ഓഫീസർ. ഇതുവരെയും അതിരുകൾ നിർണ്ണയിക്കാൻ പോലും കഴിഞ്ഞിട്ടില്ല. വനവിജ്ഞാപനം തൃശങ്കുവിലായതിനാൽ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമായി നിരന്തരം സംഘട്ടനം നടക്കുന്നുമുണ്ട്.
അടുത്ത പ്രശ്നം വനം തുണ്ടുതുണ്ടായി കിടക്കുന്ന എന്നതാണ്. അതായത് മാങ്കുളം വനംഎന്നത് ഒന്നിച്ചു കിടക്കുന്നതല്ല. തുണ്ടുതുണ്ടായി കാടുപിടിച്ചു കിടക്കുന്നയിടങ്ങളും അതിനിടയിൽ മനുഷ്യർ താമസിക്കുന്ന സ്ഥലങ്ങളും ചേർന്നതാണിത്. പ്രദേശവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ വൃക്ഷങ്ങളുടെ രൂപവത്ക്കരണം, സൂഷ്മആവാസവ്യവസ്ഥ, ജൈവവൈവിധ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
ഇനിയുള്ളത് ഭൂമിയുടെ ഉപയോഗത്തിൽ വന്ന മാറ്റങ്ങളാണ്. കൈയ്യേറ്റവും വനനശീകരണവും പിന്നീടുണ്ടായ വികസനപ്രവർത്തനങ്ങളും വനത്തിന്‍റെ സ്വാഭാവികത നശിപ്പിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ആശങ്കപ്പെടുന്നുണ്ട്. നാലാമത്തെ പ്രശ്നമായി മാങ്കുളത്തെ ഭൂമിയിൽ വളരെക്കുറച്ച് മേൽമണ്ണ് മാത്രമാണുള്ളതെന്ന് പറയുന്ന വനംവകുപ്പ് ഇവിടെനിന്നും ഏറെയകലെയുള്ള ഇടമലയാർ ഡാമിൽ മാങ്കുളത്തെ മണ്ണ് ഒലിച്ചുചെന്നു ഡാം നിറയും എന്നും അവകാശപ്പെടുന്നുണ്ട്. എന്നാൽ മണ്ണൊലിപ്പ് തടയാനുള്ള നടപടികളൊന്നും അവർ സ്വീകരിക്കുന്നുമില്ല. അഞ്ചാമത്തെ പ്രശ്നം മാങ്കുളത്തെ കാലാവസ്ഥാ വ്യതിയാനമാണ്. വനത്തിന്‍റെ ആവാസ വ്യവസ്ഥയെ കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിച്ചിട്ടുണ്ട് വനനശീകരണം േവഗത്തിലാകാൻ ഇതിടയാക്കുന്നു.
ആറാമത്തെ പ്രശ്നമായി ഭൂമി പതിച്ചുകൊടുത്തതിനെ തുടർന്നുണ്ടായ കൈയ്യേറ്റവും മരംവെട്ടും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതേ ഖണ്ഡികയിൽ ഇ, പ്രദേശം ഏലം, തേയില, കാപ്പി, കുരുമുളക്, കൊക്കോ തുടങ്ങിയ കൃഷികൾക്ക് അനുയോജ്യമായ സ്ഥലമാണെന്നും പറയുന്നുണ്ട്. മാങ്കുളത്തിന്‍റെ ഭാഗമായ ആനക്കുളത്ത് പാലാ സെന്‍ട്രൽ ബാങ്കിന്‍റെ ലിക്വിഡേറ്റർ എന്ന നിലയിൽ ഹൈകോടതി എഴുതിെക്കാടുത്ത ഭൂമിയുള്ളവർ വരെയുണ്ട്. നിയമാനുസൃതം ജീവിക്കുന്നവരുടെ പ്രവർത്തനങ്ങളാണ് വനനശീകരണമായി വനംവകുപ്പ് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്.
ഏഴാമത്തെ കുഴപ്പം നായാട്ടാണ്. ഇതിനു വ്യക്തമായ കണക്കൊന്നും വനംവകുപ്പിന്‍റെ പക്കലില്ല. പ്രദേശത്ത് റിസാർട്ടുകളും വിനോദസഞ്ചാരവും വർധിക്കുന്നത് മൂലം നായാട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നതാണ് നിഗമനം. എട്ടാമത് അനധികൃതമായി ആളുകൾ കാട്ടിൽ കയറാനും മലിനീകരണം നടത്താനുമുള്ള സാധ്യതമയാണ്. ഒമ്പതാമതായി കഞ്ചാവ് കൃഷി നടത്താൻ ആളുകൾക്ക് തോന്നിയേക്കാം എന്ന ആശങ്കയും പങ്കുവെച്ചിട്ടുണ്ട്. പത്താമത്തെ പ്രതിസന്ധിയാണ് ഏറെ ശ്രദ്ധേയം. 1924 ലെ പ്രളയത്തിൽ നശിച്ചുപോയ പഴയ ആലുവ- മൂന്നാർ റോഡ് തുറക്കണമെന്ന ആവശ്യം പ്രദേശത്തിന് ഭീഷണിയാണെന്ന് വനംവകുപ്പ് പറയുന്നു. പുഴകൾക്ക് കുറുകെ പാലങ്ങൾ അടക്കമുണ്ടായിരുന്ന റോഡിലൂടെ നൂറ്റാണ്ട് മുമ്പ് കാളവണ്ടിയിലാണ് ഗതാഗതം നടത്തിയിരുന്നതെന്നും വനംവകുപ്പ് പറയുന്നുണ്ട്. എന്നാൽ ഇൗ വഴി തുറക്കുന്നത് ആർക്കാണ് ഭീഷണി എന്ന് മിണ്ടിയിട്ടില്ല.
പതിനൊന്നാമത്തെ കാരണവും രസകരമാണ്. വന്യജീവികളും മനുഷ്യരും തമ്മിലെ സംഘർഷത്തിന്‍റെ പേരിൽ പാർശ്വവൽക്കരിക്കപ്പെട്ട കർഷകരെ സഹായിക്കുന്ന രാഷ്ട്രീയേതര സംഘടനകൾ വനംവകുപ്പിനെതിരെ പ്രചാരണം നടത്തുന്നു എന്നതാണിത്. ഇതുമൂലം വനാതിർത്തിയിൽ കഴിയുന്നവരും വനംവകുപ്പും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണ്.
പന്ത്രണ്ടാമതായി വനാതിർത്തിയിലും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന വികസന പ്രവർത്തനങ്ങളും സ്ഥലത്തിന്‍റെ ഉടമസ്ഥത സംബന്ധിച്ച തർക്കങ്ങളും പ്രദേശവാസികളുമായി നിരന്തരം ഏറ്റുമുട്ടുന്നതിന് ഇടയാക്കുന്നുണ്ട്. വന്യജീവികളും മനുഷ്യരും തമ്മിലെ സംഘർഷം വനംവകുപ്പിന് കൂടുതൽ തലവേദന സൃഷ്ടിക്കുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യരെ മുഴുവൻ മാറ്റി പാർപ്പിച്ചാൽ മാത്രമെ കേരളവനം വകുപ്പിന് മാങ്കുളത്തെ വനപരിപാലനം സാധ്യമാകൂ.
ഏറെ വിചിത്രമായ കാര്യം മാങ്കുളം റിസർവ് വനം സംബന്ധിച്ച കരടുവിജ്ഞാപനം 2007 മെയ് 16 ന് പുറപ്പെടുവിച്ചുവെങ്കിലും ഇതുവരെ വനത്തിന്‍റെ കൃത്യമായ മാപ്പ് പ്രസിദ്ധീകരിക്കാൻ പോലും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല എന്നതാണ്. 2024-34 കാലഘട്ടത്തിലേക്കുള്ള മാങ്കുളം ഫോറസ്റ്റ് ഡിവിഷന്‍റെ വർക്കിങ് പ്ലാനിന്‍റെ 26 ാം പേജിൽ ഒരു മാപ്പ് നൽകിയിട്ടുണ്ട്. ഒപ്പം ഇതിന് നിയമപരമായ സാധുതയില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അതായത് നാടേത് കാടേത് എന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ലെങ്കിലും മാങ്കുളത്ത് കാട്ടുനീതി കൊണ്ടുവന്നേ ഒക്കൂെവന്ന നിർബന്ധത്തിലാണ് വനംവകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.