പ്രതിപക്ഷത്തിന് മുന്നിലെ വെല്ലുവിളികൾ
text_fields‘‘ഒരു മിനിറ്റ്, ഒരു മിനിറ്റ്... ഇ.ഡി നിങ്ങളുടെ വാതിലിൽ വന്ന് മുട്ടേണ്ട എന്നുണ്ടെങ്കിൽ മിണ്ടാതിരിക്കുക’’- പ്രതിപക്ഷത്തിന് ഒരു കേന്ദ്രമന്ത്രി നൽകിയ മുന്നറിയിപ്പാണിത്.ലോക്സഭയിൽ അധ്യക്ഷന്റെയും മുതിർന്ന മന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് മന്ത്രി മീനാക്ഷി ലേഖി ഇത് പറഞ്ഞത്. സഭ പുലർത്തിയ വാചാലമായ നിശ്ശബ്ദത രാഷ്ട്രീയനേട്ടങ്ങൾക്കായി ഔദ്യോഗിക ഏജൻസികളുടെ വർധിച്ചുവരുന്ന ദുരുപയോഗത്തെ സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന ഒമ്പതു മാസങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. പുതിയതായി രൂപവത്കരിക്കപ്പെട്ട ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസിന് (ഇൻഡ്യ) ഭരണകൂട അധികാരത്തിന്റെയും രാഷ്ട്രീയ കൃത്രിമത്വത്തിന്റെയും സംയുക്ത ശക്തിയെ നേരിടാൻ കഴിയുമോ?
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ആദായനികുതി വകുപ്പ് എന്നിവയുടെ സംയോജനത്തിലൂടെ പ്രതിപക്ഷത്തെ വൻതോതിൽ ഞെരുക്കിക്കൊണ്ടിരിക്കവെ കൂടുതൽ കൃത്യമായ ‘ഓപറേഷൻ താമര’യുടെ സമ്മർദത്താൽ സഖ്യം തകരുമോ?
കർണാടകയിൽ നേരിടേണ്ടിവന്ന തെരഞ്ഞെടുപ്പ് തകർച്ചയും പ്രതിപക്ഷ പാർട്ടികളുടെ ഒരുമിച്ചിരിപ്പും ഭരണപാർട്ടിയിൽ വല്ലാത്ത പരിഭ്രമം സൃഷ്ടിച്ചിട്ടുണ്ട്. സകല വിഭവങ്ങളുമൊരുക്കി ആവതു പ്രചാരണങ്ങൾ നടത്തിയിട്ടും സമ്പൂർണ മാധ്യമപിന്തുണയോടെ മോദി 19 തെരഞ്ഞെടുപ്പ് റാലികൾ നടത്തിയിട്ടും കർണാടകയിൽ അവരുടെ വിജയതന്ത്രങ്ങൾ അപ്പാടെ തകർന്നുപോയിരുന്നല്ലോ.
മോദിയുടെ പൊട്ടിത്തെറികൾ
മോദിജാലങ്ങൾക്കൊപ്പം അമിത് ഷായുടെ കേൾവികേട്ട ബൂത്ത് മാനേജ്മെന്റ് ശൃംഖലയും മാധ്യമപിന്തുണയുമായിരുന്നു വരുന്ന വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ വിജയത്തിനായി പാർട്ടി കണ്ടുവെച്ചിരുന്നത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ മോദി സമീപകാലത്ത് നടത്തുന്ന യുക്തിരഹിതമായ പൊട്ടിത്തെറികൾ ഈ തന്ത്രം പാളിയതിലെ ഞെട്ടലിനെ പ്രകടമാക്കുന്നു
പ്രതിപക്ഷത്തെ ‘ലൂട്ട് കി ദുകാൻ’ എന്നും ‘ലൂട്ട് കി ബസാർ’ (കൊള്ളയുടെ കമ്പോളം) എന്നും ധിക്കാരപൂർവം വിശേഷിപ്പിച്ച മോദി ‘ഇൻഡ്യ’ എന്ന പേരിന് പിന്നിൽ ഒളിച്ചിരിക്കുന്ന രാജ്യത്തിന്റെ ശത്രുക്കൾ എന്നും പരിഹസിക്കുന്നു. അവർ ടുക്ഡേ ടുക്ഡേ സംഘത്തെ പ്രോത്സാഹിപ്പിച്ചു എന്നുപറഞ്ഞ അദ്ദേഹം പ്രതിപക്ഷം നടത്തിയ ബംഗളൂരു യോഗം അഴിമതിക്കാരുടെ സംഗമമായിരുന്നുവെന്നും തന്റെ ദേശീയ ജനാധിപത്യസഖ്യം (എൻ.ഡി.എ) കരുത്തിന്റെ സഖ്യമാണെന്നും അവകാശപ്പെടുന്നു.
ഇൻഡ്യ സഖ്യത്തെ അധിക്ഷേപിച്ച് പത്തു നാളുകൾക്ക് ശേഷം രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഒരു ഔദ്യോഗിക ചടങ്ങിൽ വീണ്ടും പ്രതിപക്ഷത്തെ അഴിമതിക്കാരെന്നും വംശവാഴ്ചക്കാരെന്നും വിളിച്ചു.
ഒരു വിദേശിയാണ് കോൺഗ്രസ് സ്ഥാപകൻ എന്നതായിരുന്നു മോദിയുടെ മറ്റൊരു പരിഹാസം. ചരിത്രകാരനായ ബിപിൻ ചന്ദ്ര ഇന്ത്യാസ് സ്ട്രഗിൾ ഫോർ ഇൻഡിപെൻഡൻസ് എന്ന തന്റെ വിഖ്യാതപുസ്തകത്തിൽ വിദേശ ഏജന്റല്ലെന്ന് പറഞ്ഞ എ.ഒ. ഹ്യൂമിനെ ഉദ്ദേശിച്ചായിരുന്നു ഈ പരാമർശം. പൊട്ടിത്തെറികൾ അത്തരത്തിൽ അങ്ങനെ നീണ്ടുപോകുന്നു.
ഔദ്യോഗിക വേദികളെ പക്ഷപാതപരമായ പ്രചാരണങ്ങൾക്കായി ദുരുപയോഗിക്കുക എന്നത് നിലവിലെ പ്രധാനമന്ത്രി സ്ഥാപനവത്കരിച്ച ഒരു കീഴ്വഴക്കമാണ്. സർക്കാർ പ്രവർത്തനങ്ങളുടെ തുടർച്ചയായ ദുരുപയോഗം കഴിഞ്ഞ മാസം മറ്റൊരു ജനാധിപത്യപാരമ്പര്യത്തെ ഇല്ലാതാക്കുന്നതിലേക്ക് നയിച്ചു. സിക്കാറിൽ നടന്ന പ്രധാനമന്ത്രിയുടെ ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് മൂന്ന് മിനിറ്റ് പ്രസംഗം നടത്തേണ്ടതായിരുന്നു. എന്നാൽ, അഗ്നിവീർപോലുള്ള അസുഖകരമായ വിഷയങ്ങൾ മുഖ്യമന്ത്രി പരാമർശിക്കുമെന്ന് അറിഞ്ഞതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് അവസാന നിമിഷം അത് റദ്ദാക്കി.
മോദിയുടെ വ്യക്തിപ്രഭാവം മങ്ങുന്നുവെന്നകാര്യത്തിൽ ബി.ജെ.പി അണികൾക്കുള്ളിൽ വ്യാപകമായ ആശങ്കയുണ്ട്. അമിത് ഷായുടെ സാന്നിധ്യത്തിൽ ഈ വിഷയം ഉന്നയിച്ച ഛത്തിസ്ഗഢിലെ ബി.ജെ.പി നേതാക്കൾ പ്രാദേശികതലത്തിലെ പ്രതിഭകളെ കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും അഭ്യർഥിച്ചു. ഹിന്ദുത്വത്തെയും മോദിയുടെ വ്യക്തിപ്രഭാവത്തെയും അമിതമായി ആശ്രയിക്കുന്നതിലെ നിരർഥകതയെക്കുറിച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ് മുഖപത്രമായ ഓർഗനൈസർ പോലും ബി.ജെ.പി ഉന്നതർക്ക് മുന്നറിയിപ്പ് നൽകി. പരസ്യമായി പറയാൻ മുന്നോട്ടുവരുന്നില്ലെങ്കിലും പാർട്ടിയിലെ മറ്റുപലരും ഇതേ അഭിപ്രായക്കാരാണ്.
അന്വേഷണ ഏജൻസികളുടെ ദുരുപയോഗം
അധികാരത്തിൽ ഒമ്പതു വർഷം പിന്നിടുന്ന ഭരണനേതൃത്വം തളർച്ചയുടേയും നൂതനാശയങ്ങളുടെ അഭാവത്തിന്റെയും ലക്ഷണങ്ങൾ കാണിക്കുന്നു. പകരം, ഉന്നമിട്ടുള്ള വ്യാപകമായ ഇ.ഡി, സി.ബി.ഐ, ഐ.ടി റെയ്ഡുകളും ഒറ്റക്കും കൂട്ടമായുമുള്ള ഓപറേഷൻ താമരകളും കൂടുതൽ കലാപങ്ങളും വിദ്വേഷം പടർത്തലുമൊക്കെയാണ് ഇപ്പോൾ നടത്തിവരുന്നത്. ഇതിനൊപ്പം മോദിയെ കൂടുതലായി ഊതിവീർപ്പിക്കൽ, ചില ബി.ജെ.പി ഘടകങ്ങളുടെ പുനഃസംഘടന, ബൂത്ത് മാനേജ്മെന്റ് കൂടുതൽ തീവ്രമാക്കൽ, പ്രചാരണത്തിനായി കൂടുതൽ കോർപറേറ്റ് ഫണ്ടുകൾ എന്നിവയും ചേർക്കുന്നു. കോർപറേറ്റുകൾക്ക് അടുത്തിടെ നൽകിയ ഇളവുകളുടെ പരമ്പര പ്രത്യുപകാരം പ്രതീക്ഷിച്ചുള്ളതാണെന്ന് പലരും നിരീക്ഷിക്കുന്നുണ്ട്.
‘‘ഒരു മിനിറ്റ്, ഒരു മിനിറ്റ്... ഇ.ഡി നിങ്ങളുടെ വാതിലിൽ വന്ന് മുട്ടേണ്ട എന്നുണ്ടെങ്കിൽ മിണ്ടാതിരിക്കുക’’- പ്രതിപക്ഷത്തിന് ഒരു കേന്ദ്രമന്ത്രി നൽകിയ മുന്നറിയിപ്പാണിത്. ലോക്സഭയിൽ അധ്യക്ഷന്റെയും മുതിർന്ന മന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് മന്ത്രി മീനാക്ഷി ലേഖി ഇത് പറഞ്ഞത്. സഭ പുലർത്തിയ വാചാലമായ നിശ്ശബ്ദത രാഷ്ട്രീയനേട്ടങ്ങൾക്കായി ഔദ്യോഗിക ഏജൻസികളുടെ വർധിച്ചുവരുന്ന ദുരുപയോഗത്തെ സൂചിപ്പിക്കുന്നു.
ഇ.ഡി മേധാവിയുടെ കാലാവധി നാലാമതും നീട്ടിയെടുക്കുന്നതിനായി മോദിസർക്കാർ സുപ്രീംകോടതിയിൽ തിരക്കിട്ട് സമർപ്പിച്ച ഹരജികൾ ഈ കളിയുടെ വ്യാപ്തി ബോധ്യപ്പെടുത്തുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഏജൻസികൾ പ്രതിപക്ഷത്തെ ഉന്നമിട്ട് ഒരു പദ്ധതി തുടങ്ങാനിരിക്കുന്നുവെന്ന് ഭരണകക്ഷിയുടെ വാർത്തകൾ കവർ ചെയ്യുന്ന മാധ്യമപ്രവർത്തകർ പറയുന്നു. മഹാരാഷ്ട്രയിൽ നടത്തിയ സംഘടിത കൂറുമാറ്റ മാതൃകക്കാണ് കൂടുതൽ മുൻഗണനയെന്നാണ് കേൾക്കുന്നത്.
ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ ധരം സിങ് ചോക്കറിനെതിരെ അടുത്തകാലത്തുണ്ടായ ഇ.ഡി നീക്കം പുതിയ കടന്നുകയറ്റങ്ങളുടെ തുടക്കമാണോ എന്ന് നമുക്കറിയില്ല. ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് നേരെ വീണ്ടുമാരംഭിച്ച വേട്ടയുടെ കാര്യവും അങ്ങനെതന്നെ. എന്നാൽ, അസന്തുഷ്ടരായ പ്രതിപക്ഷ നേതാക്കളെ വരുതിയിലാക്കാൻ ബി.ജെ.പിയുടെ ഹൈദരാബാദ് യോഗത്തിൽ പാർട്ടി പ്രവർത്തകരോട് നഡ്ഡ അഭ്യർഥിച്ചത് തീർച്ചയായും ഇ.ഡിയെ ഉൾക്കൊള്ളിച്ച് നടത്താനിരിക്കുന്ന ഓപറേഷൻ താമരയുടെ, അല്ലെങ്കിൽ ‘ക്വിറ്റ് ഇൻഡ്യ’ നടപടികളുടെ ഭാഗമാണ്.
കർണാടകത്തിലേറ്റ പരാജയത്തോട് മോദി-ഷാമാർ ആദ്യമായി പ്രതികരിച്ചത് പഴയ എൻ.ഡി.എയെ തിടുക്കത്തിൽ വിപുലീകരിച്ചുകൊണ്ടാണ്. ചെറുപാർട്ടികൾ പ്രതിപക്ഷ സഖ്യത്തിലേക്ക് ആകർഷിക്കപ്പെടുന്നത് തടയാനും അതുവഴി സഖ്യത്തിലെ പാർട്ടികളുടെ എണ്ണത്തിൽ 38-26 എന്ന മുൻതൂക്കം നേടാനും അവർക്കായി. എന്നാൽ, അതോടെ പ്രതിപക്ഷത്തെ കുത്താൻ പാർട്ടി കാര്യമായി ഉപയോഗിച്ചുപോന്ന രണ്ട് കാര്യങ്ങൾ നഷ്ടമായി. എൻ.ഡി.എ ഇപ്പോൾ ഇൻഡ്യയേക്കാൾ വലിയ ഖിച്ഡിയായി മാറിയിരിക്കുന്നു. മാത്രവുമല്ല, രാഹുൽ ഗാന്ധിക്കെതിരെ കുടുംബവാഴ്ച ആരോപണം ഉന്നയിക്കുമ്പോൾ എൻ.ഡി.എയുടെ പല പങ്കാളികൾക്കും നോവനുഭവപ്പെടും.
ബി.ജെ.പി.യുടെ സ്വന്തം ഖിച്ഡിയാവട്ടെ പല സഖ്യകക്ഷികൾക്കും ഇതിനകംതന്നെ പുളിച്ചുകഴിഞ്ഞു. ഉത്തർപ്രദേശിലെ നിഷാദ് പാർട്ടി തലവൻ സഞ്ജയ് നിഷാദും ബി.ജെ.പി നേതാവ് ജയ് പ്രകാശ് നിഷാദും വെവ്വേറെ ‘മഹാകുംഭുകൾ’ സംഘടിപ്പിച്ച് പരസ്യമായി രംഗത്തെത്തി. മറ്റൊരു പ്രധാന എൻ.ഡി.എ സഖ്യകക്ഷിയായ പാസ്വാന്റെ പാർട്ടിയിൽ അമ്മാവൻ പശുപതിക്കും മരുമകൻ ചിരാഗിനുമിടയിൽ ശക്തമായ ഭിന്നത ഉടലെടുത്തിരിക്കുന്നു. അടുത്തകാലം വരെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു അമ്മാവൻ. പശുപതിക്ക് ഒരു റോളുമില്ലാത്ത പുതിയ കരാറിന്റെ ഭാഗമായി ആറ് ലോക്സഭ സീറ്റുകൾ അനുവദിക്കാൻ അമിത് ഷാ സമ്മതിച്ചിട്ടുണ്ടെന്നാണ് ചിരാഗ് അവകാശപ്പെടുന്നത്.
കർണാടകയിൽ, ബി.ജെ.പിയുടെ അട്ടിമറിക്കളി ദേവഗൗഡയും മകൻ കുമാരസ്വാമിയും തമ്മിൽ കടുത്ത ഭിന്നത സൃഷ്ടിച്ചു. ബി.ജെ.പിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യസാധ്യത ദേവഗൗഡ തള്ളിയിട്ടുണ്ട്. 37 സഖ്യകക്ഷികളിൽ പലതും കൂടുതൽ സീറ്റുകൾക്കായി കാര്യമായ അവകാശവാദം ഉന്നയിക്കുന്നതാണ് മറ്റൊരാശങ്ക. എൻ.ഡി.എയിലേക്ക് പുതുതായി പരിവർത്തനം ചെയ്തെത്തിയ തെലുങ്ക് ദേശം പാർട്ടിയുടെ (ടി.ഡി.പി) മേധാവി ചന്ദ്രബാബു നായിഡു ഏകീകൃത സിവിൽ കോഡിനായുള്ള മോദിയുടെ നീക്കത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
അമിത് ഷായുടെ ഇൻഫർമേഷൻ എൻജിനീയറിങ്ങിന്റെ വർധിത വീര്യത്തെ നേരിടാൻ ഇൻഡ്യ സഖ്യത്തിന്റെ പക്കൽ സമയം കുറഞ്ഞുവരുന്നു. കഴിഞ്ഞ മാസം മാധ്യമ ഉടമകളുമായും എഡിറ്റർമാരുമായും ഷാ നടത്തിയ പ്രത്യേക മീറ്റിങ്ങുകൾക്ക് ശേഷം മാധ്യമങ്ങളുടെ കാര്യം കൂടുതൽ കൈവിട്ടമട്ടായി. ഇപ്പോൾതന്നെ മാധ്യമപ്രവർത്തകർക്ക് മേലുള്ള രാഷ്ട്രീയസമ്മർദം അതിശക്തമാണ്. അടുത്തിടെ നടന്ന ലോക്നീതി സർവേ പ്രകാരം 82 ശതമാനം മാധ്യമപ്രവർത്തകരും തങ്ങളുടെ സ്ഥാപനം ബി.ജെ.പിയെ പിന്തുണക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ്.
മാധ്യമങ്ങളുടെ പക്ഷപാതിത്വം
രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച മാധ്യമങ്ങളുടെ സമീപകാല കവറേജ് ഒന്ന് വിശകലനം ചെയ്തുനോക്കിയാൽ ഒരു പാറ്റേൺ വെളിപ്പെടും: ബി.ജെ.പിയുടെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഔദ്യോഗിക അറിയിപ്പുകൾ അതേപടി മുഖവിലക്കെടുക്കുന്ന അവർ പ്രതിപക്ഷത്തിന്റെ വാർത്തകളിൽ പ്രതികൂലവും നിഷേധാത്മകവുമായ ആംഗിളുകൾ ഉയർത്തിക്കാണിക്കും. എന്നാൽ, കേന്ദ്ര ഭരണകക്ഷിയെ വിമർശിക്കുന്ന വാർത്തകൾ എവിടെയെങ്കിലും നിങ്ങൾക്ക് കാണാൻ സാധിക്കുമോ?
അതിനിടയിലാണ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്ന പ്രതിപക്ഷത്തിന് മോദി-ഷാ ഭരണത്തിന്റെ ദീർഘകാല വിശ്വസ്തനായിരുന്ന സത്യപാൽ മാലിക് കനത്ത മുന്നറിയിപ്പ് നൽകുന്നത്. അധികാരം നിലനിർത്താൻ ഇരുവരും ‘ഏതറ്റം വരെയും’ പോയേക്കുമെന്ന ഭയം അദ്ദേഹം പങ്കുവെക്കുന്നു. 370ാം വകുപ്പ് റദ്ദാക്കിയ ഘട്ടത്തിൽ ജമ്മു-കശ്മീരിൽ ഗവർണറായിരുന്നു മാലിക്. “യേ കുച്ച് ഭീ കർ സക്തേ ഹേ (അവർക്ക് എന്തും ചെയ്യാൻ സാധിക്കും),” എന്നാണ് തലസ്ഥാനത്ത് നടന്ന ഒരു ചടങ്ങിൽ മാലിക് പറഞ്ഞത്. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടയിൽ ബാലാകോട്ട് വ്യോമാക്രമണം ശക്തമാക്കി മോദി ആഖ്യാനം മാറ്റിമറിച്ചതെങ്ങനെയെന്ന് അദ്ദേഹം വിശദമാക്കി പറഞ്ഞു. മുഖ്യധാരാമാധ്യമങ്ങൾ പതിവുപോലെ തടി രക്ഷിക്കുകയും ആ വാർത്ത അവഗണിക്കുകയും ചെയ്തു.
(The Post-Truth: Media's Survival Sutra,Tryst with Strong Leader Populism എന്നീ ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവും ദ ഇക്കണോമിക് ടൈംസ്, ബിസിനസ് സ്റ്റാൻഡേഡ് പത്രങ്ങളുടെ മുൻ പൊളിറ്റിക്കൽ എഡിറ്ററുമായ ലേഖകൻ thewire.inൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.