അർണബ് ഗോസ്വാമിയുടെ ചാറ്റുകൾ; സർക്കാറിന്‍റെ പൂച്ചാണ് പുറത്താകുന്നത്
text_fieldsടെലിവിഷൻ റേറ്റിങ് തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് വീണ്ടെടുത്ത വിവാദ വാട്സാപ് ചാറ്റുകളെ കുറിച്ച് സർക്കാർ തല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടും ഭരണകൂടം പ്രതികരിച്ചിട്ടില്ല. മുമ്പ് റാഡിയ ടേപ്പുകളിലെന്നപോലെ, വ്യവസായികളും നിയന്ത്രണ ഏജൻസികളും സർക്കാറും തമ്മിലെ അവിഹിത കൂട്ടുകെട്ട് തുറന്നുകാട്ടുന്ന ഈ ചാറ്റുകളെ കുറിച്ച് ആഴത്തിൽ അന്വേഷണം ഉണ്ടായേ പറ്റൂ.
സൈനിക രഹസ്യങ്ങൾ, സൈനിക ആക്രമണ വിശദാംശങ്ങൾ എന്നിവയുടെ സ്വകാര്യത ലംഘിക്കപ്പെട്ടതു സംബന്ധിച്ചും അസ്വാഭാവിക ചോദ്യങ്ങൾ ഉയരുന്നുണ്ട്. ബലാകോട്ട് വ്യോമാക്രാമണം, ഒരു ജഡ്ജിയെ 'വിലകൊടുത്തുവാങ്ങൽ', ടെലിവിഷൻ റേറ്റിങ് പോയിൻറ് തട്ടിപ്പ് എന്നിങ്ങനെ പലതും. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ടെലിവിഷൻ റഗുലേറ്ററി അതോറിറ്റി (ട്രായ്) പോലും പരിക്കേൽക്കാതെ രക്ഷപ്പെടുന്നില്ല. ചാറ്റുകൾ സൂചിപ്പിക്കുന്നതു പ്രകാരം ട്രായിയെയും അർണബ് ഗോസ്വാമിയുടെ എതിർചാനലുകളെയും സമ്മർദത്തിലാക്കി കീഴ്പെടുത്താനുള്ള നീക്കത്തിന് ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും എതിരായിരുന്നില്ല താനും.
ഗൗരവതരമായി ഇടക്ക് പറയുന്ന, ഒരു ജഡ്ജിയെ വാങ്ങാമെന്ന നിർദേശം കോടതിയലക്ഷ്യമാണ്. നിരവധി കാർട്ടൂണിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ, കൊമേഡിയൻമാർ തുടങ്ങി പലരുടെയും കേസുകളിൽ ശക്തമായി ഇടപെട്ട സുപ്രീം കോടതി, നിയമ വിദ്യാർഥികൾ, അറ്റോണി ജനറൽ എന്നിവർ ഇൗ വിഷയത്തിലും എത്ര കണ്ട് ഇടപെടുന്നു എന്നതും നോക്കിക്കാണേണ്ടതുണ്ട്.
സൈനിക രഹസ്യം ചോർത്തലാണ് നടന്നതെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആൻറണി കുറ്റപ്പെടുത്തുന്നു. ബലാകോട്ടിെല സൈനിക രഹസ്യം യൂനിഫോമണിഞ്ഞ ഒരു പട്ടാളക്കാരനും ചോർത്തിയതല്ലെന്ന് അദ്ദേഹം ഖണ്ഡിതമായി പറയുന്നു. കൂടുതൽ കാബിനറ്റ് മന്ത്രിമാർക്കു പോലും അത്തരം വിവരങ്ങൾ നേരത്തെ ലഭിക്കുന്നില്ല. മൂന്നോ നാലോ കാബിനറ്റ് മന്ത്രിമാർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് (എൻ.എസ്.എ), മൂന്നോ നാലോ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മാത്രമാണ്, ആൻറണി പറയുന്നു, ആക്രമണം നേരത്തെ അറിയുന്നത്.
പട്ടാളക്കാരല്ലാത്ത ഇവരിലൊരാളാണ് ആക്രമണത്തിന് മൂന്നു ദിവസം മുമ്പ് അർണബിന് വിവരം ചോർത്തി നൽകിയത്. രാജ്യദ്രോഹമാണ് ഈ കുറ്റമെന്നും കുറ്റവാളി നിർബന്ധമായും ശിക്ഷിക്കപ്പെടണമെന്നും ആൻറണി കട്ടായം പറയുന്നു. ''ഔദ്യോഗിക രഹസ്യം ചോർത്തുന്നത് ക്രിമിനൽ കുറ്റമാണ്, സൈനിക നീക്കം സംബന്ധിച്ച രഹസ്യങ്ങളാകുേമ്പാൾ അത് രാജ്യദ്രോഹം മാത്രമല്ല, ദേശവിരുദ്ധവുമാണ്. അവർക്ക് ശിക്ഷ ലഭിക്കണം''- അദ്ദേഹം ഇത്ര കൂടി പറയുന്നു.
പുൽവാമ ഭീകരാക്രമണത്തിന് മൂന്നു മണിക്കൂർ മാത്രം കഴിഞ്ഞ് ഗോസ്വാമി ആഘോഷപൂർവം ദാസ്ഗുപ്തയോട് പറയുന്നുണ്ട്: ''നാം ഭ്രാന്തമായ ജയം നേടിയിരിക്കുന്നു''. തെൻറ ടി.വി ചാനലുകളിൽ ആക്രമണത്തിെൻറ കവറേജാകാം പരാമർശമെക്കിലും പിന്നാമ്പുറത്ത് ഭീതിദമായ ചിലതിലേക്കു കൂടി ഞെട്ടിക്കുംവിധം അത് വിരൽ ചൂണ്ടുന്നു. ആക്രമണത്തിൽ ഞെട്ടിത്തരിച്ച രാജ്യം കണ്ണീരണിഞ്ഞുനിൽക്കുേമ്പാൾ ഈ ടെലിവിഷൻ അവതാരകൻ ഇതിൽനിന്ന് കൂടുതൽ പേരെ കാഴ്ചക്കാരായി കിട്ടിയതിൽ അർമാദിക്കുകയായിരുന്നു.
പാകിസ്താനിലെ ബലാക്കോട്ടിൽ വ്യോമാക്രമണത്തിെൻറ മൂന്നു ദിവസം മുമ്പുതന്നെ എന്തു നടക്കുമെന്ന് ഗോസ്വാമി അറിയുന്നുണ്ട്. ജനം സന്തോഷത്തിലാറാടുംവിധമാകും ആക്രമണമെന്ന് ഇയാൾക്ക് ഉറപ്പുംലഭിക്കുന്നു. വിഷയത്തിൽ ഗോസ്വാമി മാത്രമല്ല, ചങ്ങാതിയും ഒരേ തീർപ്പിലാണ് എത്തുന്നതും. ഭരണകക്ഷി തെരഞ്ഞെടുപ്പ് തൂത്തുവാരും, 'വലിയ മനുഷ്യന്' ആക്രമണം തീർച്ചയായും ഒരു നല്ലകാര്യമാണ്. ''ജനം അർമാദിക്കുമെ''ന്ന് പറയുേമ്പാൾ വാക്കുപിഴവല്ലെന്ന് ഉറപ്പുവരുത്താനും ഗോസ്വാമി കരുതൽ എടുക്കുന്നുണ്ട്.
ഒരു ലോബീയിസ്റ്റാകട്ടെ, വ്യവസായിയാകട്ടെ 'എങ്ങനെയാണ് അയാൾക്ക് പ്രധാനമന്ത്രിയുടെ പേര് പറയാതെവിടാനും ഒപ്പം എതിരാളികളെ ഭീഷണിയുടെ മുനയിൽ നിർത്താനും കഴിയുന്നത്''- കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിക്കുന്നു. പ്രധാനമന്ത്രിയുമായും അദ്ദേഹത്തിെൻറ ഓഫീസുമായും തനിക്കുള്ള ഉറ്റ ബന്ധത്തിലുള്ള വിശ്വാസം ഞെട്ടിക്കുന്നതാണ്''- അദ്ദേഹം പറയുന്നു.
സുഹൃത്ത് പാർഥോ ദാസ്ഗുപ്തയുമായി നേരത്തെയുള്ളൊരു സംഭാഷണത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭൂരിപക്ഷം നേടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ലോക്സഭയിേലക്ക് 235, 245 സീറ്റുകളേ ബി.ജെ.പിക്ക് നേടാനാകൂ എന്നും പറയുന്നു. അതുകൊണ്ടാണ്, സുപ്രധാനമായ ചിലത് പദ്ധതിയിട്ടതായി ദാസ്ഗുപ്തയോട് പറയുന്നത്, അത് ജനത്തെ അത്യാവേശത്തിലാക്കുമെന്നും പറയുന്നു. സംഭവത്തോടെ ഭരണകക്ഷി തെരഞ്ഞെടുപ്പ് തൂത്തുവാരുന്ന സ്ഥിതി സംഭവിക്കുമെന്നും ദാസ്ഗുപ്ത മനസ്സിലാക്കുന്നു. കരുതലിെൻറ ഭാവം സ്വീകരിക്കുന്ന ഗോസ്വാമി 'ഇത് ഇൗ സീസണിൽ വലിയ മനുഷ്യന് ഗുണകരമാകും' എന്നും പറയുന്നു. ബി.ജെ.പി 301 സീറ്റുമായി വിജയം വരിച്ചു.
പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുടൻ, കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഏപ്രിൽ- മേയ് മാസം നടക്കുന്ന തെരഞ്ഞെടുപ്പിെൻറ പ്രചാരണനടപടികൾ നിർത്തിവെച്ചു. ഉത്തർ പ്രദേശിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക വധ്ര നിശ്ചയിച്ച വാർത്താസമ്മേളനവും ഉപേക്ഷിച്ചു. എല്ലാ രാഷ്ട്രീയ പരിപാടികളും അടിയന്തരമായി അവസാനിപ്പിക്കുകയാണെന്നും സർക്കാറിനൊപ്പം നിലയുറപ്പിക്കാനാണ് ഇപ്പോൾ തീരുമാനമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 14 ദിവസം പൊതുവേദികളിൽ കോൺഗ്രസ് നേതൃത്വം രാഷ്ട്രീയ പ്രഭാഷണങ്ങളും നിർത്തിവെച്ചു.
നേരെ മറിച്ച്, ബി.ജെ.പി ഇരട്ടി വീര്യത്തോടെ കാര്യങ്ങൾ ഊർജിതമാക്കുന്ന തിരക്കിലായിരുന്നു. തെരുവുകൾ നിറഞ്ഞ് ദേശഭക്തി ഗാനങ്ങൾ അത്യുച്ചത്തിൽ മുഴക്കി മോട്ടോർ സൈക്കിൾ റാലികളുടെ ബഹളം. രാജ്യത്തെ കവലകളിൽ മുഴുക്കെ പാകിസ്താന് മുന്നറിയിപ്പ് നൽകി ബി.ജെ.പി നേതാക്കളുടെ പട. പ്രതികാരത്തിനായി മുഴങ്ങിയ വാചാടാപോങ്ങൾ. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് പാർട്ടി വക സംസ്കാര ചടങ്ങുകൾ. നരേന്ദ്ര മോദിയും അമിത് ഷായും റാലികളിൽ അത്യാവേശത്തോടെ സംസാരിക്കുന്നതും തകൃതി. ബലാകോട്ട് ആക്രമണത്തിന് രണ്ടാഴ്ച കഴിഞ്ഞ്, ഗുജറാത്തിലെ ശ്രോതാക്കളോടായി പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ''തുമേ ഖൂഷ്, ദേശ് ഖൂഷ്'' (നിങ്ങൾക്ക് സന്തോഷം, രാജ്യത്തിന് സന്തോഷം).
ബലാകോട്ട് വ്യോമാക്രമണം തന്നെയും വൻവിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഫെബ്രുവരി 26ന് പുലർച്ചെയാണ് ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ നിയന്ത്രണ രേഖക്കരികെ ബലാകോട്ടിനോട് ചേർന്ന് ബോംബുകൾ വർഷിക്കുന്നത്. ആക്രമണം ആദ്യം സ്ഥിരീകരിക്കുന്നത് പാകിസ്താനായിരുന്നു. പക്ഷേ, ആളപായമില്ലെന്നും കുറെ മരങ്ങളും ജീവനുള്ള ഒരു കാക്കയും അപകടത്തിൽ പെട്ടെന്നും കൂടി അവർ പറഞ്ഞു.
കേന്ദ്ര സർക്കാർ വിശദീകരണം പക്ഷേ, ബലാക്കോട്ടിലെ ഭീകര ക്യാമ്പുകൾ ആക്രമിക്കപ്പെട്ടെന്നായിരുന്നു. 300 ഭീകരർ കൊല്ലപ്പെട്ടതായി കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും അവകാശപ്പെട്ടു. ഇന്ത്യൻ വ്യോമസേന മേധാവി ബി.എസ് ധനോവ പ്രഖ്യാപിച്ചത് എത്ര പേർ മരിച്ചെന്നു പറയൽ വ്യോമസേനയുടെ പണിയല്ലെന്നായിരുന്നു. ബലാകോട്ടിലെ ഭീകര ക്യാമ്പായിരുന്നു കൃത്യമായ ലക്ഷ്യമെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. ''അതൊരു മലനിരയിലായിരുന്നു. പരിസരത്ത് സിവിലിയൻമാർ ഇല്ലായിരുന്നു. അതിനാൽ, സിവിലിയൻ മരണത്തിന് സാധ്യത തീരെ ഇല്ലായിരുന്നു. മദ്റസ അല്ലാത്തതിനാൽ കുട്ടികളും ഉണ്ടാകില്ല. കുറെയേറെ ഭീകരർ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്''- എയർ മാർഷൽ ഹരി കുമാറിനെ ഉദ്ധരിച്ച് ദി പ്രിൻറ് റിപ്പോർട്ട് ചെയ്തു.
പ്രഥമ ഘട്ട പ്ലാനിങ്ങിൽ നാല് ഓഫീസർമാർ മാത്രമായിരുന്നു പങ്കാളികളെന്നും അതിൽ വ്യോമസേന മേധാവി ധനോവക്കൊപ്പം താനും ഉണ്ടായിരുന്നതായി എയർ മാർഷൽ കുമാർ പറയുന്നു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, പ്രതിരോധ മന്ത്രി എന്നിവരും ആക്രമണം അറിഞ്ഞതായി കരുതുന്നു. ആസ്ട്രേലിയൻ സ്ട്രറ്റീജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ നഥാൻ റൂസർ നടത്തിയ ഉപഗ്രഹ വിവര അപഗ്രഥനത്തിലെ തീർപ് ഇങ്ങനെ: ''കാര്യമാത്ര നാശനഷ്ടങ്ങൾ സംഭവിച്ചതിന് വ്യക്തമായ തെളിവുകളില്ല. അതിനാൽ, ആക്രമണത്തെ കുറിച്ച് ഇന്ത്യൻ അവകാശ വാദങ്ങളിൽ കഴമ്പുണ്ടെന്ന് പറയാനാകില്ല''. വേൾഡ്വ്യൂ-2 ഉപഗ്രഹം നൽകിയ ചിത്രങ്ങൾ വെച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ 'ലക്ഷ്യം പിഴച്ചെന്നും' പറയുന്നു.
ബലാകോട്ട് ആക്രമണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുന്നു. 20 ഓ 200 ഓ ഭീകരർ കൊല്ലപ്പെട്ടിരുന്നുവെങ്കിൽ പാകിസ്താന് വാർത്ത ഒളിച്ചുവെക്കാനാകില്ലായിരുന്നു. ഭീകര സംഘടനകൾ പ്രതികാരത്തിന് മുറവിളി കൂട്ടുമായിരുന്നു. പക്ഷേ, ഒന്നും കേട്ടില്ല. എന്നുവെച്ചാൽ, യഥാർഥ നാശനഷ്ടം വരുത്തുന്നതിലുപരി നിർണായക തെരഞ്ഞെടുപ്പിൽ സ്വന്തം നാട്ടിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള എന്തോ ആയിരുന്നിരിക്കണം.
പരിഹാസ്യമായ കാട്ടിക്കൂട്ടൽ ആയിരുന്നുവെന്ന് പറയാനും തെളിവില്ലെങ്കിലും അത് ഒരു ദുരന്തത്തിലാണ് കലാശിച്ചത്. ഫെബ്രുവരി 27ന് പാക് യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. പക്ഷേ, 'അവയെ തുരത്തുകയായിരുന്നു'. അതിനിടെ, ഒരു വ്യോമസേന ഹെലികോപ്റ്റർ വെടിവെച്ചു വീഴ്ത്തപ്പെട്ടു. ഇന്ത്യൻ സേന കരയിൽനിന്നു നടത്തിയ നീക്കത്തിൽ ലക്ഷ്യം തെറ്റിയായിരുന്നു സംഭവമെന്നാണ് ആരോപണം. ഒപ്പം, പാക് വിമാനങ്ങളെ പിന്തുടർന്ന ഒരു ഇന്ത്യൻ വിമാനം പാകിസ്താൻ മണ്ണിൽ വെടിയേറ്റുവീണു. വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തടവുകാരനായി പാക് സൈനിക പിടിയിൽ കുടുങ്ങി. മോചനമാകുന്നത് 60 മണിക്കൂർ കഴിഞ്ഞും.
ബലാകോട്ട്, പുൽവാമ, ടി.ആർ.പി എന്നിവയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങൾ പലതുണ്ട്. സംവിധാനങ്ങളുടെ പ്രവൃത്തി സംബന്ധിച്ച് പഠിച്ച് പ്രവർത്തനം മെച്ചപ്പെടുത്താൻ വഴികൾ നിർദേശിക്കാൻ സംയുക്ത പാർലമെൻററി സമിതിയെ കൊണ്ട് അന്വേഷണമാണ് ആവശ്യം.
അർണബ് ഗോസ്വാമിയുടെ വാട്സാപ് ചാറ്റുകൾ
ഫെബ്രുവരി 23, 2019
അർണബ് ഗോസ്വാമി: മറ്റൊരു കുറിപ്പ്, കാര്യമായി വലിയ ചിലത് സംഭവിക്കും.
പി.ഡി.ജി: ദാവൂദ്
എ.ജി: അല്ല, സാർ. പാകിസ്താൻ. കാര്യമാത്രമായ ചിലത് ഇത്തവണ നടക്കും.
പി.ഡി.ജി: നല്ലത്.
എ.ജി: ഈ സമയത്ത് വലിയ മനുഷ്യന് അത് നന്നാകും.
പി.ഡി.ജി: അേതാടെ അദ്ദേഹം തെരഞ്ഞെടുപ്പ് തൂത്തുവാരും.. ആക്രമണമാണോ? അതല്ല, അതിലേറെ വലുതോ?
എ.ജി: സാധാരണ ആക്രമണത്തെക്കാൾ വലുത്. അതേ സമയം, കശ്മീർ വിഷയത്തിലും സുപ്രധാനമായ ചിലത്. പാക് വിഷയത്തിൽ ജനം അത്യാവേശത്തിലാകുന്ന ആക്രമണം നടത്താനാകുമെന്ന് സർക്കാർ വിശ്വാസത്തിലാണ്. പറഞ്ഞ വാക്കുകൾ അതേപടി.
പി.ഡി.ജി: ഉം.... കശ്മീർ (സന്ദർശനത്തിന്) ക്ഷണമുണ്ട്. പോകണോ?
എ.ജി: മാർച്ച് രണ്ടിന് സുഷമ ഒ.ഐ.സിക്ക് പോകുന്നുണ്ട്. എന്നുവെച്ചാൽ, അതുവരെ മറ്റൊന്നില്ല.
(ബലാകോട്ട് ആക്രമണം നടക്കുന്നത് ഫെബ്രുവരി 26നാണ്).
ഫെബ്രുവരി 26, 2019
എ.ജി: ആജ്തകിന് അത് നഷ്ടമായി. പി.എമ്മിനെ ഇരുട്ടിലാക്കി.
പി.ഡി.ജി: എന്തുപറ്റി?
എ.ജി: ചാനലിെൻറ അന്ത്യം. ആജ്തകിന് ഒന്നാം നമ്പർ ആകാനാകില്ല. മോദിയെ ഒരു ദിവസം ഇരുട്ടിൽ നിർത്തി. മോദി...മോദി... മോദി... എല്ലായിടത്തും മോദി.
പി.ഡി.ജി: മറ്റ് എല്ലാ സ്ക്രീനിലും അദ്ദേഹത്തെ ഞാൻ കണ്ടു.
എ.ജി: വ്യാജ പാക് പ്രചാരണ വിഡിയോയും അവർ കാണിച്ചു.
പി.ഡി.ജി: സത്യത്തിലും? ആ പാക് ജനറലിനെ? 12 ചാനലുകൾക്ക് നോട്ടീസ് ലഭിച്ചു? ഒരേ വിഷയമാണോ?
ഫെബ്രുവരി 27, 2019
പി.ഡി.ജി: നേരത്തെ നിങ്ങൾ സംസാരിച്ചതു തന്നെയായിരുന്നോ ഇന്നലത്തെ ആക്രമണം? അതോ കൂടുതലെന്തെങ്കിലും വരുന്നുണ്ടോ?
എ.ജി: കൂടുതൽ വരുന്നു. ഒരു പാക് എഫ്- 16 തകർന്നുവീണു- ഇന്ത്യയുടെ ഒന്നും.
പി.ഡി.ജി: ചില റിപ്പോർട്ടർമാരെ പ്രത്യേകമായി നിയോഗിക്കണം-ഇറാഖിൽ സി.എൻ.എൻ പോലെ ഒരു വിപ്ലവമാകും.
എ.ജി: എവിടെയാണ് നമ്മുടെ വിമാനം തകർന്നത്, അവർ ശ്രീനഗർ വിട്ടില്ലല്ലോ, ഞങ്ങൾ ബദ്ഗാമിൽ നിന്ന് ലൈവ് നൽകുന്നുമുണ്ട്. ആഗസ്റ്റ് 2, 2019
കേന്ദ്ര സർക്കാർ ജമ്മുവിനെ പ്രത്യേക സംസ്ഥാനമാക്കുന്നു, കശ്മീറും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളും... എന്നുവെച്ചാൽ, ഇനി ഒരു രാഷ്ട്രീയ കക്ഷിയും പാടില്ല. ഡൽഹി ആസ്ഥാനമായി ഗവർണർ ഭരണമാകും ഇനി എെന്നന്നേക്കും. ഒരാഴ്ചക്കകം ഉത്തരവിറങ്ങും. ഉത്തരവിന് രണ്ടു ദിനം മുമ്പ് കർഫ്യൂ നടപ്പാക്കും. 370ാം വകുപ്പും 35 എയും റദ്ദാക്കും.
പി.ഡി.ജി: സത്യമാണോ?
എ.ജി: അതേ സാർ.
പി.ഡി.ജി: വലിയ സംഭവമാണ്.
എ.ജി: വാർത്തകൾ ബ്രേക്ക് നൽകുന്നതിൽ പ്ലാറ്റിനം മാനദണ്ഡങ്ങളാണ് ഞാൻ നിശ്ചയിചിട്ടുള്ളത്. ഈ സ്റ്റോറി ഞങ്ങളുടെതാണ്. എൻ.എസ്.എയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും തിങ്കളാഴ്ച ബന്ധപ്പെടും. (പാർലമെൻറിൽ പ്രഖ്യാപനം വരുന്നത് ആഗസ്റ്റ് അഞ്ചിന്). ആഗസ്റ്റ് 5, 2019
എ.ജി: ഒാപറേഷൻ കശ്മീർ. ഗ്രൗണ്ട് സീറോയിൽനിന്ന് ലൈവ് അപ്ഡേറ്റുകൾ. ജമ്മുകശ്മീരിലുടനീളം 10 റിപ്പോർട്ടർമാർ.
താഴ്വരയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങൾ രാവിലെ 6.12 മുതൽ.
പി.ഡി.ജി: മനസ്സിലാകുന്നില്ല- ഉമറിെൻറയും മഹ്ബൂബയുടെയും വീടുകൾക്ക് മുമ്പിൽ പൊലീസുകാരുടെ എണ്ണം കൂട്ടിക്കൂട്ടിവരുന്നു- വീട്ടുതടങ്കൽ തന്നെയല്ലേ അത്? ഉദ്യോഗസ്ഥർ അങ്ങനെ പറയുന്നുണ്ടോ?
എ.ജി: അരിശം പൂക്കുന്ന ദിനമാണിത്.... അൽപം ആലോചിക്കൂ.
ഉമർ: നാമും ഏകാന്തരാണ്.
മഹ്ബൂബ: നമ്മളും ഏകാന്തർ.
അമിത് ഷാ: ചിരി വരുന്നില്ലേ?
പി.ഡി.ജി: ലോധ ഡിവലപേഴ്സ് വരികയാണ്... കശ്മീരിെൻറ പേര് അപ്പർ ഹരിയാന എന്നാക്കുന്നു. പി.ഡി.ജി: ഒരു നിർദേശം മാത്രം.. ഇംഗ്ലീഷ് ചാനലിൽ ഹിന്ദി കലർത്തരുത്. ദക്ഷിണേന്ത്യൻ കാണികൾ ചാനൽ മാറ്റും.
എ.ജി: ശ്രീനഗറിലെത്തിയ ആദ്യ റിപ്പോർട്ടർമാർ 'ഭാരതി'ൽനിന്നായപ്പോൾ... എന്നെ എൻ.എസ്.എ വിളിച്ച് എവിടെനിന്ന് വിവരമറിഞ്ഞെന്ന് ചോദിച്ചു.. കശ്മീരിലേക്ക് പുറപ്പെടുംമുമ്പ് ഡോവൽ എന്നെ കണ്ടിരുന്നു.
(നേരത്തെ വിവരമറിഞ്ഞ് അത് കശ്മീരിലെ തെൻറ റിപ്പോർട്ടർ സംഘത്തിന് ഗോസ്വാമി കൈമാറിയെന്ന് മനസ്സിലാക്കാം). ഒക്ടോബർ 14, 2019
അർണബ് ഗോസ്വാമി: പ്രസിഡൻറ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറർ അരുൺ ധുമാൽ. രജതിന് അർഹിച്ച പദവി നൽകുന്നു ഇത്. ഡി.ഡി.സി.എ അഴിമതി കേസിൽ അന്വേഷണം കാത്തിരിക്കുന്നു. അയാളെ കുറിച്ചോ നിലവാരമില്ലാത്ത അയാളുടെ ചാനലിനെ കുറിച്ചോ ഇനി ആധി വേണ്ട.
പാർഥോദാസ് ഗുപ്ത (പി.ഡി.ജി): പക്ഷേ, ഇപ്പോഴും ഐ.ബി.എഫ് ബോർഡിലുണ്ട്. മുതിർന്ന പലരും ഇപ്പോഴും അദ്ദേഹം ശക്തനെന്നു തന്നെ കരുതുന്നു.
എ.ജി: അവർ പിന്നീട് മനസ്സിലാക്കും. ബി.സി.സി.ഐ ഏറ്റെടുക്കുകയാണെന്ന് അയാൾ പ്രഖ്യാപിച്ചിരുന്നു. ഒരു വിഡ്ഢിയെ പോലുണ്ട് അയാൾ. ബി.എ.ആർ.സി സംവിധാനവുമായി കളിക്കാൻ ഇനിയും അയാളെ അനുവദിക്കാതിരിക്കണം. ഒരു വഞ്ചകനാണ് അയാൾ. ഒരു എം.പി പോലും അയാളെ പരിഗണനക്കെടുക്കുന്നില്ല. പ്രതിഛായ മങ്ങിക്കൊണ്ടിരിക്കുന്ന ഒറ്റച്ചാനൽ മുതലാളി.
പി.ഡി.ജി: ഐ.ബി.എഫ് ബോർഡിൽ എന്തിനാകും ഉദയ് അയാളെ നിർത്തുന്നത്?
എ.ജി: ബി.സി.സി.ഐ അധ്യക്ഷനാകുമെന്ന് അയാളെ വിശ്വസിപ്പിച്ചിരുന്നു.
(ബി.സി.സി.ഐ തെരഞ്ഞെടുപ്പ് നടക്കുന്നത് ഒക്ടോബർ 23ന്). എപ്രിൽ നാല്, 2019
എ.ജി: ബി.ജെ.പി വന്നാൽ രണ്ടു മാസത്തിനകം 'ട്രായ്'ക്ക് പല്ലുംനഖവുമുണ്ടാകില്ല. അവർ എ.എസിനെ കൂട്ടുപിടിച്ചിട്ടുണ്ട്.
പി.ഡി.ജി: ഇനിയും 'ബാർകി'നെ കുറിച്ച് വലിയ വായിൽ പറയാതിരിക്കാൻ 'ട്രായ്'ക്ക് നിർദേശം നൽകാൻ എ.എസിനോട് പറയാനാകുമോ?
എ.ജി: ഞാൻ ഒരു സന്ദേശം അയക്കാം... എ.എസിെൻറ രാഷ്ട്രീയ നീക്കങ്ങൾക്ക് എതിരാണ് ട്രായ് നീക്കമെന്ന് പറയാവുന്ന മൂന്ന് പോയിൻറുകൾ പറയാനാകുമോ? ജൂൺ 10, ജൂൺ 20, 2019
എ.ജി: ലാൻഡിങ് പേജുകൾ അളവെടുക്കുന്നത് നിർത്താൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെടും. എം.ഐ.ബിയുമായി ഇപ്പോൾ സംസാരിച്ചു. എൻ.ബി.എഫ് പ്രഖ്യാപിക്കാൻ ശ്രമിക്കുകയാണ്. രജതിനെ നിർവീര്യമാക്കും.
പി.ഡി.ജി: അതേ, അതിന് മന്ത്രിയുടെ അനുഗ്രഹവുമുണ്ടാകും.
എ.ജി: അത് അദ്ദേഹവും പി.എം.ഒയും ചെയ്യും. രണ്ടുപേരോടും പറഞ്ഞിട്ടുണ്ട്. മേയ് 17, മേയ് 25, 2017
എ.ജി: എല്ലാ മന്ത്രിമാരും നമുക്കൊപ്പമാണ്. ശുദ്ധ ചവറ്. ബന്ധപ്പെട്ട ഒരാളുമായി ഇന്ന് സംസാരിച്ചു. ആർ.എസ്.പിയോടും.
പി.ഡി.ജി: പക്ഷേ, നമുക്ക് കോടതി കേസ് നഷ്ടപ്പെടാനാകില്ല.
എ.ജി: നിങ്ങളുടെ കുറിപ്പ് ഞാൻ കണ്ടു.
പി.ഡി.ജി: മനു സിങ്വി നിങ്ങളെ പ്രതിക്കൂട്ടിലാക്കാൻ പരമാവധി ശ്രമിക്കും.
എ.ജി: അയാൾക്ക് സാധിക്കില്ല. സന്ദീപ് സേഥി രണോത്സുകനാണ്.
പി.ഡി.ജി: പക്ഷേ അയാളല്ല... ജഡ്ജിയെ വില കൊടുത്തു വാങ്ങൂ...
(പ്രമുഖ ഹിന്ദി/ഇംഗ്ലീഷ് ചാനൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ കേസുമായി ബന്ധപ്പെട്ടാണിത്. ബാർക് റേറ്റിങ്സിൽ കൃത്രിമമായിരുന്നു വിഷയം).
കടപ്പാട് : സഞ്ജുക്ത ബസു
വിവർത്തനം: കെ.പി മൻസൂറലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.