മാഡം... ചെറുതല്ല, ചെല്ലാനം നിവാസികളുടെ ആശങ്ക
text_fieldsചെല്ലാനം കടപ്പുറത്ത് കടൽക്ഷോഭം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കടൽത്തീരത്ത് 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. രൂക്ഷമായ കടലേറ്റത്തിൽ നിന്ന് രക്ഷ ആവശ്യപ്പെട്ട് വർഷങ്ങളായി ജനം നടത്തുന്ന മുറവിളി സർക്കാറുകൾ അവഗണിക്കുന്നത് നിത്യ കാഴ്ചയാണ്. ഇതോടെ ഇവർ സമരരംഗത്ത് എത്തിയെങ്കിലും കോവിഡ് മഹാമാരി പ്രത്യക്ഷ സമര പരിപാടികളുടെ മുനയൊടിച്ചു. ചെല്ലാനം നിവാസികളുടെ ദുരിത ജീവിതവും വരാനിരിക്കുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടി മാധ്യമം ആഴ്ച്ചപ്പതിപ്പ് ഇക്കഴിഞ്ഞ മാർച്ചിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സ്റ്റാഫ് റിപോർട്ടർ ഷംനാസ് കാലായിൽ തയാറാക്കിയ ആ ലേഖനം വായിക്കാം. ചിത്രങ്ങൾ: അഷ്കർ ഒരുമനയൂർ
കടലിൽനിന്ന് ആഞ്ഞടിക്കുന്ന തിരയെക്കാൾ ശക്തമായ പ്രതിഷേധ വേലിയേറ്റം ചെല്ലാനത്തിെൻറ തീരത്ത് അലയടിക്കുന്നുണ്ട്. ജീവിതം അരക്ഷിതമായതിെൻറ ആശങ്കയിൽ അതിജീവനത്തിനുവേണ്ടി പോരാടുകയാണ് ഇവിടത്തെ ജനങ്ങൾ. ജീവനും സ്വത്തിനും സംരക്ഷണം തേടി ഓഫിസുകൾ കയറിയിറങ്ങിയ ചെല്ലാനം നിവാസികൾക്ക് സമരമല്ലാതെ മെറ്റാരു മാർഗമില്ല. ചെല്ലാനംകാരുടെ വാക്കുകളിൽ അധികൃതരുടെ അനാസ്ഥക്കെതിരായ പ്രതിഷേധമുണ്ട്, കൃത്യമായ നിലപാടും പരിഹാര നിർദേശങ്ങളുമുണ്ട്. അതിനുമപ്പുറം വരും തലമുറക്ക് ചെല്ലാനത്തെ ഒരു കണ്ണീരോർമയായി കൈമാറ്റം ചെയ്യാൻ മനസ്സില്ലെന്ന പ്രഖ്യാപനവുമുണ്ട്. ഓഖി തിരമാലകൾ ആർത്തിരമ്പിയെത്തിയതോടെ നിലനിൽപിനുള്ള വഴിതേടിയിറങ്ങിയ അവരുടെ ആവശ്യം ശാശ്വത പരിഹാരമാണ്. ക്യാമ്പുകൾ ചൂണ്ടിക്കാട്ടി തണലൊരുക്കിയെന്ന് അഭിമാനിക്കുന്നവർ തങ്ങളുടെ മുന്നിലേക്ക് വരേണ്ടതിെല്ലന്ന് അവർ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
പ്രതിഷേധവുമായി ഇറങ്ങുമ്പോൾ, ഞങ്ങൾ ജീവിച്ചിരിക്കണമെന്ന് ചിന്തയുള്ള ഏതെങ്കിലുമൊരുദ്യോഗസ്ഥനുണ്ടോ എന്നതാണ് അവരുടെ ചോദ്യം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരുപറ്റം മനുഷ്യർ ചെറുത്തുനിൽപിെൻറ ഉറച്ച ശബ്ദമാകുന്നത് മാറ്റമൊന്ന് മാത്രം പ്രതീക്ഷവെച്ചാണ്. വൈകാതെ കടന്നുവരേണ്ട നീതിയുടെ കരങ്ങളെ തട്ടിമാറ്റാൻ അനുവദിക്കില്ലെന്ന ശക്തമായ താക്കീതാണ് എറണാകുളം ജില്ലയിലെ ചെല്ലാനം ജനകീയ വേദിയുടെ നൂറ് ദിവസം പിന്നിട്ട നിരാഹാര സമരം. അടിച്ചമർത്തലുകൾക്കും വിദ്വേഷപ്രചാരണങ്ങൾക്കും തകർക്കാനാകാത്തതാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഈ സമരം. നിരാഹാര സമരപ്പന്തലിലെ അണമുറിയാത്ത മുദ്രാവാക്യങ്ങൾ ജീവിക്കാനുള്ള അവകാശ സംരക്ഷണമാണ് ആവശ്യപ്പെടുന്നത്. നീതിയുടെ വെളിച്ചം കടന്നുവരേണ്ടത് ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണെന്ന് അവർ വീണ്ടും വീണ്ടും അധികൃതരോട് ചോദിച്ചുകൊണ്ടിരിക്കുന്നു.
സമ്പൂർണ അവഗണനയുടെ കഥ
പടിഞ്ഞാറ് ഭാഗത്ത് കടൽ, കിഴക്ക് കായൽ. ഇതിനിടയിൽ വീതികുറഞ്ഞ് നീളത്തിൽ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് എറണാകുളം ജില്ലയിലെ ചെല്ലാനം. സ്വസ്ഥമായ സാമൂഹിക ജീവിതം സാധ്യമാകുന്ന മനോഹരമായ സ്ഥലം. ഇവിടെയുണ്ടായ സമരജ്വാലകൾക്ക് പറയാനുള്ളതിലേറെയും അവഗണനയുടെ കഥകളാണ്. വാഗ്ദാനങ്ങൾ നൽകിയും ഭയപ്പെടുത്തിയും വഞ്ചന നടത്തിയവരാണ് അതിലെ കഥാപാത്രങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കടൽകയറ്റംകൊണ്ട് ബുദ്ധിമുട്ടുമ്പോൾ ഓരോ തവണയും ക്യാമ്പുകളിലേക്ക് മാത്രം വഴിതുറന്നവരെക്കുറിച്ച്, കടൽഭിത്തിയും പുലിമുട്ടും ഉടൻ യാഥാർഥ്യമാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചവരെക്കുറിച്ച്, ശാശ്വത പരിഹാരമെത്തിയെന്ന് ചൂണ്ടിക്കാട്ടി ജിയോട്യൂബ് പദ്ധതി ഉദ്ഘാടനം ചെയ്തവരെക്കുറിച്ച്, വിദ്വേഷ പ്രചാരണം നടത്തി സമരങ്ങളുടെ മുനയൊടിക്കാൻ ശ്രമിച്ചവരെക്കുറിച്ച്, ഇതിെൻറയെല്ലാം അപ്പുറത്ത് ജനങ്ങളെ കുടിയൊഴിപ്പിച്ച് തീരം തന്നെ കോർപറേറ്റുകൾക്ക് വിൽപന നടത്താൻ കോപ്പുകൂട്ടുന്നവരെക്കുറിച്ച് എല്ലാം അവർക്ക് ഇപ്പോൾ കൃത്യമായ ബോധ്യങ്ങളുണ്ട്.
2017ൽ ഓഖി തിരമാലകൾ തീരത്തെ തകർത്തെറിഞ്ഞ സമയം. നിലനിൽപിനായി ഓരോ വർഷവും കടൽകയറ്റത്തിന് മുമ്പും ശേഷവും കേണപേക്ഷിക്കുന്ന ചെല്ലാനം നിവാസികൾക്ക് ഇത്തവണ നിലതെറ്റി. അവർ തെരുവിലിറങ്ങി. ചെറുപ്പക്കാരായിരുന്നു നേതൃത്വം നൽകിയത്. പ്രദേശത്തെ പള്ളിയുടെയടക്കം നേതൃത്വത്തിൽ ജനകീയ സമിതി രൂപപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ആരും തിരിച്ച് വീടുകളിലേക്ക് പോകില്ലെന്ന് പ്രഖ്യാപിച്ചു. എങ്കിലും പ്രതിഷേധങ്ങൾക്കപ്പുറം സംഘടിതമായ തുടർച്ചയായ ഒരു സമരത്തിെൻറ രൂപത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നില്ല.
കാലങ്ങളായി മറ്റാരെക്കാളും ഇക്കാര്യത്തിൽ ഉറപ്പുള്ള അധികൃതർ വീണ്ടും സമാശ്വാസം കണ്ടെത്തിയത് കൂട്ടായ പ്രതിരോധം തീരത്ത് ഉടലെടുക്കില്ലെന്നതിൽതന്നെയായിരുന്നു. സമരങ്ങൾ ശക്തിപ്രാപിച്ചപ്പോൾ അധികൃതർ ഉറപ്പുകളുമായി രംഗത്തെത്തി. പരിഹാരമാർഗമെത്തുകയാണെന്ന് ഇത്തവണയും അവർ വെറുതെ കരുതി. എന്നാൽ സമരത്തെ അടിച്ചമർത്തുകയെന്ന ലക്ഷ്യം മാത്രമായിരുന്നു അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇതോടെയാണ് ചെല്ലാനം ജനകീയ വേദി എന്ന പേരിൽ നാട്ടുകാർ കൂട്ടായ്മ രൂപപ്പെടുത്തി അനിശ്ചിതകാല റിലേ നിരാഹാര സമരത്തിനിറങ്ങിയത്. പ്രദേശവാസികളായ മറിയാമ്മ ജോർജ് കുരിശിങ്കൽ ചെയർപേഴ്സണും വി.ജെ. ജോൺസൺ കൺവീനറുമായ സമിതിയുടെ ഈ സത്യഗ്രഹ സമരമാണ് ഇന്ന് നൂറ് ദിവസം പിന്നിട്ടിരിക്കുന്നത്.
ഇവിടത്തെ പ്രശ്നപരിഹാരത്തിന് ഒരു വഴിയും ഇനിയും തെളിഞ്ഞിട്ടില്ല. ആദ്യഘട്ടത്തിലെ സമരങ്ങൾ നിലച്ച്, കഷ്ടപ്പാട് മാത്രം ബാക്കിയായ സമയത്താണ് ഇങ്ങനെ കാര്യങ്ങൾ പോയാൽ ശരിയാകില്ലെന്ന് മനസ്സിലാക്കി നിരാഹാര സമരത്തിലേക്ക് തങ്ങളിറങ്ങിയതെന്ന് പ്രദേശവാസിയും െചല്ലാനം ജനകീയ വേദി ചെയർപേഴ്സനുമായ മറിയാമ്മ ജോർജ് കുരിശിങ്കൽ പറയുന്നു. സമൂഹത്തിലെ വിവിധ കോണുകളിൽനിന്ന് ഈ സമയം തങ്ങൾക്ക് പിന്തുണയുണ്ടായി. ഇതിനിടെ പലരും വിദ്വേഷ പ്രചാരണങ്ങളുമായും കടന്നെത്തി. അവരെ ചെവിക്കൊള്ളില്ലെന്ന് പറയുന്നതിന് കൃത്യമായ കാരണവുമുണ്ട്. കടൽ കയറി ദുരിതത്തിലാകുമ്പോഴും അല്ലാത്ത സമയങ്ങളിലുമെല്ലാം ഒപ്പമുണ്ടാകുന്നവരാണ് സമരപ്പന്തലിലെത്തുന്നത്. ഇന്നോളം കൂടെ നിന്നവരെ തങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെന്നും മറിയാമ്മ ജോർജ് കൂട്ടിച്ചേർക്കുന്നു. കടൽകയറുമ്പോൾ വരുകയും ചിത്രങ്ങൾ പകർത്തി പബ്ലിക് റിലേഷൻസ് വകുപ്പിെന ഏൽപിക്കുകയും ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥരുൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അവരുടെ വാക്കുകളിൽ വ്യക്തം.
കരയിൽ കടൽ രൂപപ്പെടുന്നു
20 വർഷത്തോളമായി ചെല്ലാനത്ത് കടൽകയറ്റ പ്രശ്നങ്ങളുണ്ട്. തീരത്തിെൻറ വലിയൊരു ശതമാനം ഭാഗവും ഇങ്ങനെ അപഹരിക്കപ്പെട്ടിരിക്കുന്നു. ‘‘ആറ് നിരവരെ വീടുകളുണ്ടായിരുന്ന സ്ഥലമാണ് ഇപ്പോൾ കടലായി മാറിയിരിക്കുന്നത്’’ ^തീരത്ത് കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകൾക്ക് സമീപം നിന്ന് കടലിലേക്ക് വിരൽചൂണ്ടി പ്രദേശവാസിയായ മൈക്കിൾ പറഞ്ഞു. ഒരുകാലത്ത് കണ്ടക്കടവ് ഭാഗത്ത് സ്ഥിതിചെയ്തിരുന്ന രണ്ട് പള്ളികൾ ഇന്ന് കടലിനടിയിലാണെന്നും പ്രദേശവാസികളുടെ സാക്ഷ്യം. 20 വർഷമായി കടൽഭിത്തി പുനരുദ്ധാരണം നടന്നിരുന്നില്ല. ഓരോ തവണയും വെള്ളം അടിച്ച് കയറുമ്പോൾ പ്രളയ സമാനമായ സാഹചര്യമാണ്. സെപ്റ്റിക് മാലിന്യമുൾപ്പെടെയാണ് വീടുകളിലേക്ക് ഈ സമയത്ത് വ്യാപിക്കുന്നത്. സാധാരണ കടൽകയറ്റമുണ്ടാകുമ്പോൾ ക്യാമ്പുകൾ തുറക്കപ്പെടുന്നതും മണൽചാക്കുകൾ നിരത്തപ്പെടുന്നതുമാണ് തീരത്തെ കാഴ്ച. സന്നദ്ധ സംഘടനകളും നാട്ടുകാരുംതന്നെയാണ് ജീവൻരക്ഷാമാർഗമെന്ന നിലയിൽ ഇതിന് ചുക്കാൻ പിടിക്കുന്നതെന്നതും വാസ്തവം.
കടൽഭിത്തിയുടെ തകർച്ചയോെട കടൽ കയറിവരുകയും തീരം ഇല്ലാതാവുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണ് ചെല്ലാനം നേരിട്ടത്. ചെല്ലാനം ഫിഷിങ് ഹാർബറിെൻറ നിർമാണം തകർച്ചയുടെ ആക്കം കൂട്ടി. ഈ പ്രദേശത്തേക്ക് തിരമാലയുെട ശക്തി വർധിക്കുകയും കടൽഭിത്തി തകർച്ച പൂർണമാകുകയും ചെയ്തു. നിലവിൽ ഒരു കിലോമീറ്ററിലധികം പലസ്ഥലങ്ങളിലായി കടൽഭിത്തി നശിച്ചിരിക്കുന്നു. ചെല്ലാനം തീരത്ത് കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി, മറുവക്കാട്, ചെറിയകടവ് എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലായാണ് തകർച്ച. ഇത് പുനർനിർമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരങ്ങൾ മുഴുവനും. ശക്തമായ പ്രതിഷേധം ഉയർന്ന് ചെല്ലാനം തീരം മുദ്രാവാക്യങ്ങളാൽ മുഖരിതമായി. ഈ ഘട്ടത്തിലൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടായിട്ടില്ല.
നിരന്തരം പത്ത് വർഷത്തോളമായി വീടുകൾക്ക് തകർച്ച നേരിടുകയാണ്. ഭൂരിഭാഗം വീടുകളും അടിത്തറക്ക് ഇളക്കം തട്ടി ചരിഞ്ഞുപോയിരിക്കുന്നു. നിലത്ത് ചവിട്ടിയാൽ തറ താഴ്ന്നുപോകുന്ന അവസ്ഥ, മണൽ കൂമ്പാരം വീടിെൻറ തറയേക്കാൾ ഉയരത്തിലാണ്. ഓരോ വർഷവും കടൽകയറ്റം കഴിഞ്ഞ് ക്യാമ്പുകളിൽനിന്ന് തിരിച്ചെത്തുന്ന ജനം കടം വാങ്ങി വീട് പുനരുദ്ധാരണം നടത്തും. പരിഹാരമില്ലാത്തതിനാൽ, തുടർന്നുള്ള വർഷം വീണ്ടും തകർച്ചയെ അഭിമുഖീകരിക്കും. ഇതോടെ കടത്തിൽ മുങ്ങി വിഷമിക്കുന്ന അവസ്ഥ. വരുമാന സ്രോതസ്സുകൾ പലതും നശിച്ചു. മണ്ണിെൻറ ജൈവഘടനയിൽതന്നെ മാറ്റം വന്ന് കര കടലായി രൂപപ്പെടുകയാണ് ഇവിടെ.
എവിടെയുമെത്താത്ത ജിയോ ട്യൂബ് പദ്ധതി
നിലവിൽ ചെല്ലാനം ജനകീയ വേദിയുടെ സമരപ്പന്തൽ നിൽക്കുന്ന അതേസ്ഥലത്ത് 2017ൽ മറ്റൊരു ഉദ്ഘാടനം നടന്നിരുന്നു. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്ത ജിയോ സിന്തറ്റിക് ട്യൂബ് പദ്ധതി. പ്രളയമടക്കമുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപകമായി പാറഖനനം സാധ്യമല്ലാത്തതിനാൽ കടൽഭിത്തി നിർമിക്കാൻ കല്ലിന് പകരം വസ്തു കണ്ടെത്തണമെന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ജിയോ സിന്തറ്റിക് ട്യൂബ് സ്ഥാപിക്കാൻ തീരുമാനമായത്. 20 അടി നീളവും അഞ്ചടി വീതിയുമുള്ള ട്യൂബുകൾ കടലിലെ കൽഭിത്തിക്ക് പകരം സ്ഥാപിക്കുകയാണ് ലക്ഷ്യമിട്ടത്.
കടൽഭിത്തിക്ക് പകരം ജിയോട്യൂബുകൾ സ്ഥാപിച്ച് തിരയുടെ ശക്തി ദുർബലപ്പെടുത്താനായിരുന്നു പദ്ധതി. ടെൻഡർ വിളിച്ച് നിർമാണ കരാർ നൽകി. കരാറെടുത്ത കമ്പനി ജിയോട്യൂബ് സ്ഥാപിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി കടലിൽനിന്ന് മണ്ണ് ഡ്രഡ്ജ് ചെയ്ത് ജിയോ ട്യൂബ് നിറക്കാനാണ് ലക്ഷ്യമിട്ടത്. ട്യൂബുകൾ നിറക്കാൻ ശക്തിയുള്ള പമ്പുകളോ അടിസ്ഥാന അറിവുകളോ ഇല്ലാത്ത കരാറുകാരന് ഒന്നും ചെയ്യാനാകില്ലെന്ന് ആദ്യം മനസ്സിലാക്കിയതും ജനങ്ങളാണ്. കാര്യങ്ങൾ പ്രഹസനമായി മാറുകയാണെന്ന് മനസ്സിലാക്കി നാട്ടുകാർ വീണ്ടും പ്രതിഷേധമറിയിച്ചു. കടലിൽനിന്ന് മണ്ണെടുക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ കരാറുകാരന് ഉണ്ടായിരുന്നില്ല.
ശക്തികുറഞ്ഞ മോട്ടോർ ഉപയോഗിച്ച് മണ്ണെടുക്കാൻ ശ്രമിച്ചപ്പോൾ തിരമാലയിൽപെട്ട് അത് തകർന്നു. ഹാർബറിൽനിന്ന് മണലെടുക്കാൻ ശ്രമിച്ചപ്പോൾ അത് തുറമുഖ വകുപ്പ് അനുവദിച്ചില്ല. ഈ പ്രദേശത്ത് മണലില്ല എന്ന റിപ്പോർട്ടുമായി പണി നിർത്തിവെച്ചു. ഇതിനിടെ വീണ്ടും സ്ഥലത്ത് വെള്ളം കയറി. കടൽ കയറി വീടുകൾക്കുള്ളിൽവരെ മണൽ അടിഞ്ഞ ഘട്ടത്തിലാണ് മണൽ ഇല്ലാത്ത പ്രദേശമാണിതെന്ന കരാറുകാരെൻറ വാദം. തോട്ടിൽനിന്ന് പഞ്ചായത്ത് അനുമതിയോടെ മണലെടുപ്പ് ഈ പ്രദേശത്ത് നടന്നിരുന്നു. ഇത് പ്രകാരമുള്ള മണൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ലോറി തടഞ്ഞിട്ട സംഭവവുമുണ്ടായി.
120 ജിയോട്യൂബുകൾ ലക്ഷ്യമിട്ടിരുന്നെങ്കിലും എട്ടെണ്ണം മാത്രമാണ് സ്ഥാപിക്കാൻ കരാറുകാരന് കഴിഞ്ഞത്. കോൺട്രാക്ട് കൊടുത്തതല്ലാതെ കൃത്യമായ ഒരു അവലോകനമോ പരിശോധനയോ നടന്നിട്ടില്ലെന്ന് സമരവേദിയിൽ നിരാഹാരമിരിക്കുന്നതിനിടെ പ്രദേശവാസിയായ ബേബി ജോർജ് വലിയപറമ്പിൽ ചൂണ്ടിക്കാട്ടുന്നു. 120 ട്യൂബുകൾ നിറക്കേണ്ടിയിരുന്ന സ്ഥാനത്ത് കരാറുകാരന് ആകെ കഴിഞ്ഞത് എട്ട് ട്യൂബുകൾ നിറക്കാൻ മാത്രം.
ഇത്രയൊക്കെ ആയപ്പോഴും പ്രശ്നങ്ങൾക്ക് പരിഹാരമാകാത്ത സാഹചര്യത്തിലാണ് 2019 ഒക്ടോബർ 28ന് നിരാഹാര സമരം ആരംഭിച്ചത്. തുടർന്ന് നവംബർ 24ന് പണി വീണ്ടും തുടങ്ങാൻ തീരുമാനിച്ചു. നോർത്ത് ബസാർ റോഡിലും കമ്പനിപ്പടിക്ക് വടക്കും 33 എണ്ണം വീതവും വാച്ചാക്കലിൽ 15, ചെറിയകടവിൽ 21 എന്നിങ്ങനെയാണ് സ്ഥാപിക്കാനുള്ളതെന്നും ജലസേചന വകുപ്പ് പറയുന്നു.
വഴിതടയലും പഞ്ചായത്ത് ഉപരോധവുമടക്കമുള്ള സമരങ്ങളും ഒരുവശത്ത് ശക്തമായിരുന്നു. ഇതോടെ സർക്കാർ കരാർ റദ്ദാക്കാൻ തീരുമാനിച്ചു. തനിക്ക് നഷ്ടമുണ്ടായെന്ന് ആരോപിച്ച് കരാറുകാരൻ കോടതിയിൽ കേസ് നൽകി. ഈ സമയം കോടതിയിൽ കരാറുകാരന് ആറ് മാസം കൂടി സമയം നീട്ടി നൽകാമെന്ന് സർക്കാർ അഭിഭാഷകൻ നിലപാട് അറിയിച്ചു. എന്നാൽ അത് നടപ്പിലാക്കാൻ സർക്കാർ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ് കരാറുകാരൻ വീണ്ടും കോടതി അലക്ഷ്യ ഹരജി നൽകി. 15 ദിവസത്തിനകം പണി ആരംഭിക്കണമെന്ന് കോടതി ഉത്തരവിട്ടു.
മാർച്ച് അഞ്ചിനകം ജിയോട്യൂബ് സ്ഥാപിക്കണമെന്ന നിർദേശമാണ് കോടതി നൽകിയിരിക്കുന്നത്. നവംബർ 24ന് വീണ്ടും പണി ആരംഭിച്ചു. തോട്ടിൽനിന്നുമെടുത്ത മണൽ ഉപയോഗിച്ച് വേളാങ്കണ്ണിയിൽ പണി തുടങ്ങി. ആകെ എട്ടെണ്ണം നിറച്ചപ്പോൾ മണൽ തീർന്നു. തോട്ടിൽനിന്നും മണലെടുക്കാൻ കഴിയുമായിരുന്നെങ്കിലും കരാറുകാരെൻറ പക്കൽ അതിനുള്ള സാങ്കേതിക സംവിധാനങ്ങളുണ്ടായിരുന്നില്ല. ഇതിനിടെ കരാറുകാരന് പണി തീർക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി അധികൃതർ റിപ്പോർട്ട് നൽകി. ഡിസംബറിൽ കരാർ റദ്ദാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി. എന്നാൽ വീണ്ടും അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സമയം നീട്ടി വാങ്ങി.
ഡിസംബർ മാസമെടുത്ത റദ്ദാക്കാനുള്ള തീരുമാനം 2020 ജനുവരിയിലാണ് നടപ്പായത്. നിർമാണത്തിന് പുതിയ ടെൻഡർ വിളിച്ചപ്പോൾ ഏറ്റെടുക്കാൻ ആരുമുണ്ടായിട്ടില്ല. ഇതിന് പിന്നിൽ സംഘടിത ശ്രമമുണ്ടോയെന്നും സമരക്കാർ സംശയിക്കുന്നു. ജിയോ ട്യൂബ് എന്നത് ഒരു ശാശ്വത പരിഹാരല്ല, താൽക്കാലിക ആശ്വാസത്തിനുള്ള ഈ മാർഗംപോലും കൃത്യമായി ചെയ്തുതീർക്കാൻ കഴിയാത്തവർ 2000 കുടുംബങ്ങളെ എങ്ങനെ രക്ഷിക്കുമെന്നാണ് പറയുന്നതെന്ന് സമരക്കാർ ചോദിക്കുന്നു. വാഗ്ദാന ലംഘനത്തിെൻറ കഥകൾ തുടർന്നാൽ വരും നാളുകളിൽ മുൻവർഷങ്ങളിലേതിനെക്കാൾ വലിയ ആഘാതത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല.
ഇത് പരിഹാരമല്ല, കോർപറേറ്റുകൾക്കുള്ള തീറെഴുത്താണ്
പരിഹാര മാർഗങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ കുടിയൊഴിപ്പിക്കൽ പദ്ധതിയെക്കുറിച്ചാണ് ജനങ്ങൾക്ക് കിട്ടുന്ന മറുപടി. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം ധ്വംസിക്കപ്പെടുമോ എന്ന ആശങ്ക ഇങ്ങനെയാണ് അവർക്കിടയിൽ രൂക്ഷമായത്. ഇവിടത്തെ പ്രശ്നങ്ങളെയല്ല സർക്കാർ അഭിസംബോധന ചെയ്യുന്നതെന്ന് ഇതിലൂടെ വ്യക്തം. സമഗ്രമായ പദ്ധതികളില്ലാത്തതിെൻറ എല്ലാ പോരായ്മകളും പ്രകടം. അപകടമേഖലയാണെന്ന വാദമുന്നയിച്ച് ജനങ്ങളെ മാറ്റിപ്പാർപ്പിക്കലാണ് അധികൃതർ കാണുന്ന പരിഹാരം. തീരത്ത് 50 മീറ്റർ പരിധിയിലുള്ളവരെ പത്ത് ലക്ഷം രൂപ നൽകി മാറ്റിപ്പാർപ്പിക്കുന്നതിന് ‘പുനർഗേഹം’ എന്ന പേരിൽ പദ്ധതി തയാറാക്കപ്പെട്ടിരിക്കുകയാണ്.
ഒഴിഞ്ഞുപോകുന്നവർക്ക് സ്ഥലം വാങ്ങാൻ ആറ് ലക്ഷവും വീട് വെക്കാൻ നാല് ലക്ഷവും നൽകാമെന്നാണ് അധികൃതരുടെ വാഗ്ദാനം. ഗുണഭോക്താക്കളുടെ പട്ടികയുണ്ടാക്കുന്ന നടപടികൾ പുരോഗമിക്കുകയുമാണ്. ഓരോ കുടുംബത്തിനും പത്ത് ലക്ഷം നൽകുമ്പോൾ അവരുടെ നിലവിലുള്ള സ്ഥലത്തിെൻറ മൂല്യം കണക്കാക്കപ്പെടുമോ എന്നും ആശങ്കയുണ്ട്. പദ്ധതിപ്രകാരം നിർമിക്കുന്ന വീടുകൾ നൽകി 12 വർഷത്തിന് ശേഷമേ ആധാരം കൈമാറുകയുള്ളൂ. സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിൽ ലക്ഷം വീടിന് സമാനമായ ഫ്ലാറ്റുകളും ഇതിെൻറ ഭാഗമായി തയാറാകുമെന്നാണ് വിവരം.
കൂടാതെ തിരുവനന്തപുരം മുതൽ കാസർകോട് വരെ രണ്ട് വശവും സൈക്കിൾ ട്രാക്കോടുകൂടിയ തീരദേശ ഹൈവേ പദ്ധതി സർക്കാറിനുണ്ട്. തുറമുഖങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് ഹൈവേ നിർമിക്കാൻ കേന്ദ്ര സർക്കാറിെൻറ ‘സാഗർമാല’ എന്ന പദ്ധതിയും. ചരക്ക് നീക്കം സുഗമമാക്കുക, മേഖലയിലേക്ക് കൂടുതൽ മൂലധന നിക്ഷേപം സാധ്യമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇവ തയാറാക്കപ്പെട്ടിരിക്കുന്നത്. ഇതിെൻറയൊക്കെ ഭാഗമാണ് തീരവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമമെന്ന് സമരസമിതി പ്രവർത്തകൻ തുഷാർ നിർമൽ സാരഥി ചൂണ്ടിക്കാട്ടുന്നു. കടൽ മൂലധന ശക്തികൾക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിൽ. എന്നാൽ അത് വ്യക്തമാക്കാതെ തീരത്തെ സംരക്ഷിക്കാനുള്ള നടപടിയെന്നാണ് സർക്കാർ പറയുന്നത്.
പ്രദേശം അപകടത്തിലാണെന്ന് പറഞ്ഞ് ആളുകളെ ഒഴിപ്പിച്ചാൽ പ്രശ്നങ്ങൾക്ക് അറുതിയാകുമോ എന്ന സാധാരണ മത്സ്യത്തൊഴിലാളിയുടെ ചോദ്യം ഇവിടെ പ്രസക്തമാണ്. വരും കാലങ്ങളിൽ വീണ്ടും കടൽ കയറ്റമുണ്ടാകും, അത് കൂടുതൽ തീരം കൈയടക്കി മുന്നോട്ടുപോകും, എന്താണ് അധികൃതർ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇനിയെങ്കിലും വ്യക്തമായി പറയണമെന്ന് അവർ ആവശ്യപ്പെടുന്നതും ഇത്തരം സംശയങ്ങൾനിമിത്തമാണ്.
ഏറ്റവും സ്വാദിഷ്ഠമായ മത്സ്യവിഭവം ലഭ്യമാകുന്ന കടലിലെ 34 നോട്ടിക്കൽ മൈൽ വരുന്ന മേഖല കപ്പൽചാലാക്കാനുള്ള പദ്ധതിയും നടക്കുന്നുണ്ട്. കടൽ സ്വകാര്യവ്യക്തികൾക്ക് കൈമാറി മത്സ്യക്കൃഷി എന്ന ആശയവും രൂപപ്പെട്ടുവരുന്നു. ഈ ആശങ്കകളെല്ലാം യാഥാർഥ്യമാകുന്നുവെന്ന് തോന്നിപ്പിക്കുംവിധമാണ് 50 മീറ്റർ പരിധിയിൽനിന്നും ആളുകളെ ഒഴിപ്പിക്കുക എന്ന പദ്ധതിയും വരുന്നത്.
ഫോർട്ട് കൊച്ചി ബീച്ചിനടുത്ത് സ്ഥിതിചെയ്യുന്ന ഐ.എൻ.എസ് ദ്രോണാചാര്യയുടെ സമീപത്ത് കാര്യങ്ങളെല്ലാം സുരക്ഷിതമാണ്. രാജ്യരക്ഷക്ക് വലിയ പ്രാധാന്യമെന്ന് പറഞ്ഞ് ചെയ്തിരിക്കുന്ന ഇക്കാര്യം കാണുമ്പോൾ സാധാരണ ജനങ്ങളില്ലാതെ എന്ത് രാജ്യസുരക്ഷയെന്ന് പ്രദേശവാസികൾ ചോദിക്കുന്നു. പശ്ചിമ ഘട്ടത്തിലേതിന് സമാനമായ ഗുരുതരാവസ്ഥയാണ് തീരത്തുമുള്ളത്. നിലവിലുള്ള പ്രശ്നങ്ങൾക്ക് കാരണവും ഇത്തരം മാനുഷിക ഇടപെടലിലൂടെ തീരത്തിെൻറ സ്വാഭാവികത നഷ്ടപ്പെട്ടുവെന്നതാണ്. പരമാവധി ക്ഷമയും നശിപ്പിച്ച് നാട്ടുകാരെ പൊറുതിമുട്ടിച്ച് പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യമാണ് പിന്നിലെന്ന് സമരക്കാർ പറയുന്നു. പശ്ചിമഘട്ട മേഖലയിൽ ആദിവാസികളോട് ചെയ്യുന്നതിന് സമാനമാണ് തീരത്തെ അവസ്ഥയെന്ന് സമരസമിതി പ്രവർത്തകനായ ജെയ്സൺ കൂപ്പർ താരതമ്യം ചെയ്യുന്നു.
വേണ്ടത് ശാശ്വത പരിഹാരം
കടൽകയറ്റവും കടൽക്ഷോഭവും തീരത്ത് മുൻകാലങ്ങളിലേതിനെക്കാൾ വ്യാപകമായിരിക്കുകയാണ്. ഈ പ്രശ്നങ്ങളുടെ കാരണത്തെയാണ് ആദ്യം അഭിമുഖീകരിക്കേണ്ടത്. അശാസ്ത്രീയമായ നിർമാണങ്ങളാണ് ഇതിന് പിന്നിലെന്ന് അംഗീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. നിർഭാഗ്യവശാൽ, ഇത്തരം കാര്യങ്ങളൊന്നും അഭിസംബോധന ചെയ്യപ്പെടുന്നില്ല. കടൽകയറ്റം നിയന്ത്രിക്കാൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജിയോ ട്യൂബ് ഒരു താൽക്കാലിക സംവിധാനം മാത്രമാണ്. കൂടാതെ ഇത് സ്ഥാപിക്കേണ്ടത് യഥാർഥത്തിൽ തീരത്തല്ലെന്നും കടലിൽതന്നെയാണെന്നും വിദഗ്ധർ പറയുന്നു. തീരത്ത് തിരയെ തടഞ്ഞ് നിർത്തുകയെന്നതല്ല, കടലിൽ വെച്ചുതന്നെ അതിെൻറ ശക്തി ക്ഷയിപ്പിക്കുക എന്നതാണ് ചെയ്യേണ്ടതെന്ന് അവർ വ്യക്തമാക്കുന്നു. തീരം സുരക്ഷിതമല്ലെന്ന് പറഞ്ഞ് ജനങ്ങളെ ഒഴിപ്പിക്കുമ്പോൾ, അത് എങ്ങനെ സുരക്ഷിതമാക്കുമെന്നതിനെക്കുറിച്ച് അധികൃതർക്ക് കൃത്യമായ ധാരണകളില്ല.
അന്താരാഷ്ട്ര ഏജൻസികളുടെ പഠനങ്ങൾ പ്രകാരം കടൽകയറ്റം ലോകത്തിൽതന്നെ രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് കൊച്ചി. ഇന്ത്യയിൽ കൊച്ചിയെക്കൂടാതെ സൂറത്തും ഇതിലുൾപ്പെടും. ഈ വസ്തുതകളും വേണ്ടത്ര ഗൗരവത്തോടെയെടുക്കുന്നില്ല. നിലവിലെ അവസ്ഥയിൽ കുടിയൊഴിപ്പിക്കൽ മാത്രമാണ് അവർ പരിഹാരമായി കാണുന്നത്. ഇത് ശക്തമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പലരും പൊറുതിമുട്ടി ഇവിടെനിന്നും മാറിത്താമസിക്കാൻ തയാറാവുകയാണ്. കോർപറേറ്റ് താൽപര്യങ്ങളും അശാസ്ത്രീയമായ നിർമാണങ്ങളും ആഗോളതാപനമടക്കമുള്ള പ്രശ്നങ്ങളുമെല്ലാം ചേർന്ന് പരിസ്ഥിതിയെ ഇല്ലാതാക്കുന്ന പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നു. കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനവിഭാഗങ്ങളോട് തീരത്ത് നിന്നും മാറി താമസിക്കാൻ ആവശ്യപ്പെടുന്നത് വംശീയ ഉന്മൂലനത്തിന് തുല്യമാണ്. പരമ്പരാഗതമായി സമുദ്രത്തെക്കുറിച്ച് അവർക്ക് ലഭിച്ചിട്ടുള്ള അറിവുകൾ മൂല്യമേറിയതാണ്. ഇത് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിനും പുതിയ പദ്ധതികളിലൂടെയുള്ള കുടിയൊഴിപ്പിക്കൽ വഴിവെക്കും.
സുരക്ഷക്ക് മുൻതൂക്കം നൽകി തീരം വെച്ചുപിടിപ്പിക്കൽ പോലുള്ള ശാസ്ത്രീയപരിഹാരമാണ് ഇവിടെ ആവശ്യം. നെതർലൻഡ്സ് പോലുള്ള രാജ്യങ്ങളിൽ കടലിൽനിന്ന് മണ്ണ് ശേഖരിച്ച് ഇത്തരം കാര്യങ്ങൾ ചെയ്തുവരുന്നുണ്ട്. തീരം ബലപ്പെടുത്തി കൃത്രിമ ബീച്ചുകൾ നിർമിക്കപ്പെടുന്നു. അത് കൊച്ചി തീരത്തും അനുവർത്തിക്കാവുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊച്ചി കപ്പൽചാലിൽനിന്നും മണ്ണെടുത്ത് 24 മണിക്കൂറും നീളുന്ന ഡ്രഡ്ജിങ് നടക്കുന്നുണ്ട്.
ഇങ്ങനെയെടുക്കുന്ന മണ്ണ് പുറംകടലിൽ കൊണ്ടുപോയി തള്ളുകയാണ് െചയ്യുന്നത്. ഈ മണ്ണ് തീരം വെച്ചുപിടിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് വിദഗ്ധരുടെ അഭിപ്രായമുണ്ട്. എന്നാൽ തീരത്തെ മണലിെൻറയും ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണിെൻറയും ജൈവിക ഘടനയിൽ യോജിക്കുന്നതാണോ എന്ന പരിശോധന നടത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് അധികൃതർ ചിന്തിക്കുന്നുപോലുമില്ലെന്നതാണ് വാസ്തവം. തീരത്തെ അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് പഠനം നടത്തി അവയില്ലാതാക്കുന്നതിനും നടപടിവേണം. പ്രദേശം നേരിടുന്ന ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത് ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് സമഗ്രമായ തീരസംരക്ഷണ പദ്ധതി ആവിഷ്കരിക്കുകയാണ് വേണ്ടത്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.