അത്ര എളുപ്പമല്ല ചെങ്ങന്നൂരിലെ സമവാക്യങ്ങൾ
text_fields11ാം മണിക്കൂറിലാണെങ്കിലും ചെങ്ങന്നൂരിൽ മാണിയും വെള്ളാപ്പള്ളിയും മനസ്സ് തുറന്നു. ചെങ്ങന്നൂർ എന്ന ഒരൊറ്റ അജണ്ടയിൽ മാത്രമാണെങ്കിലും യു.ഡി.എഫുമായി സഹകരിക്കാൻ കെ.എം. മാണി തയാറായി. ഇടതു പക്ഷത്തോടൊപ്പമാണെന്ന് ആദ്യെമാക്കൊ സൂചന നൽകിയ വെള്ളാപ്പള്ളി നടേശനാകെട്ട മൈക്രോഫിനാൻസ് കേസിെൻറ പേരിലെ നീരസം മുൻനിർത്തി സമദൂര സിദ്ധാന്തം അവതരിപ്പിച്ച് കൈ കഴുകി. കർണാടകയിലെ സർക്കാർ രൂപവത്കരണവും നിപ വൈറസ് മരണങ്ങളും തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പും നിറയുന്നതിനിടയിലും ചെങ്ങന്നൂരിെൻറ പ്രാധാന്യം വാർത്തകളിൽ മുന്നിൽതന്നെ നിറയുന്നതിന് കാരണം അതിെൻറ രാഷ്ട്രീയ പ്രാധാന്യംതന്നെയാണ്.
ചെങ്ങന്നൂരിെൻറ പൊതുവായ രാഷ്ട്രീയ സ്വഭാവം എങ്ങനെയുള്ളതാണെന്ന് വിലയിരുത്താൻ രാഷ്ട്രീയത്തിെൻറ ബാലപാഠം അറിഞ്ഞാൽ മാത്രം മതി. ബഹുഭൂരിപക്ഷം വരുന്ന നായർ വോട്ടുകൾതന്നെയാണ് മണ്ഡലത്തിെൻറ അടിസ്ഥാന ഘടകം. നായർ സമുദായത്തിെൻറ മേൽക്കോയ്മയെ അവഗണിക്കാനാവില്ലെന്നതാണ് ചെങ്ങന്നൂരിനെ വേറിട്ടുനിർത്തുന്നത്. എൻ.എസ്.എസിെൻറ ആശീർവാദത്തിൽ രൂപംകൊണ്ട് അധികാര സ്ഥാനങ്ങളിൽ എത്തുകയും പിന്നീട് കേരള രാഷ്ട്രീയത്തിൽനിന്ന് അസ്തമിക്കുകയും ചെയ്ത എൻ.ഡി.പിയുടെ പ്രിയ മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂരെന്നത് വിസ്മരിക്കാനാവില്ല.
ഐക്യ ജനാധിപത്യ മുന്നണിയോട് ഏറ്റവും കൂടുതൽ ആഭിമുഖ്യം പുലർത്തിയിട്ടുള്ള ചെങ്ങന്നൂർ നിയമസഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തുടർച്ചയായി പിന്തുണച്ച പാരമ്പര്യമില്ല. 1957ന് ശേഷം 67ലും 70ലും പിന്നീട് 87ലും അവസാനം 2016ലും മാത്രമേ മണ്ഡലം ഇടതിനെ തുണച്ചുള്ളൂ. ചുരുക്കത്തിൽ, 1957 മുതൽ 2018 വരെ ആറു പതിറ്റാണ്ടിനുള്ളിൽ വെറും 20 വർഷത്തിൽ താഴെ മാത്രമാണ് എൽ.ഡി.എഫിെൻറ ജനപ്രതിനിധികൾക്ക് അവസരം ലഭിച്ചതുള്ളൂ. സി.പി.എമ്മിെൻറ ആലപ്പുഴ ജില്ല സമ്മേളനം കായംകുളത്ത് നടക്കവെ 2018 ജനുവരി 14നാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ച് ചെങ്ങന്നൂർ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായർ മരിക്കുന്നത്. ചെങ്ങന്നൂർ കാരായ മൂന്ന് പ്രമുഖ സ്ഥാനാർഥികൾ മാറ്റുരക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതയുമായാണ് ഇക്കുറി തെരഞ്ഞെടുപ്പു നടക്കുന്നത്.
മത സാമുദായിക ഘടകങ്ങൾ
രാഷ്ട്രീയത്തിന് അപ്പുറം മത -സാമുദായിക ബന്ധങ്ങളും കുടുംബ ബലവും വ്യക്തിപരമായ സ്വാധീനങ്ങളുമാണ് ചെങ്ങന്നൂരിലെ ജയപരാജയങ്ങളെ നിശ്ചയിക്കുന്നത്. അങ്ങനെ നോക്കിയാൽ മൂന്നു മുന്നണികളുടേയും സ്ഥാനാർഥികൾ ഒട്ടും മോശക്കാരല്ല. വികസന പ്രശ്നങ്ങൾ തലനാരിഴ കീറിമുറിച്ച് ആരോപണ പ്രത്യാരോപണങ്ങളിൽ മുക്കി തലങ്ങനെയും വിലങ്ങനെയും ചർച്ച ചെയ്യപ്പെടുമെങ്കിലും ഒടുവിൽ പതിവുപോലെ ഇത്തരം ഘടകങ്ങൾതന്നെയായിരിക്കും വിധി നിർണയിക്കുക എന്ന പതിവ് ഇക്കുറിയും ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാനും, എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയും രണ്ടാം വട്ടമാണ് ചെങ്ങന്നൂരിൽ സ്ഥാനാർഥികളാവുന്നത്. 2006ൽ ആദ്യമായി മത്സരിച്ച പി.സി. വിഷ്ണുനാഥിനോടായിരുന്നു 5132 വോട്ടുകൾക്ക് സജി ചെറിയാൻ പരാജയപ്പെട്ടത്. ഉപതെരഞ്ഞെടുപ്പിൽ ആരായിരിക്കും മത്സരിക്കുക എന്നതു സംബന്ധിച്ച് പുറത്ത് പലതരത്തിലുമുള്ള ചർച്ചകൾ നടക്കുേമ്പാഴും ജില്ല സെക്രട്ടറിയായ സജി ചെറിയാനെ അവതരിപ്പിക്കാൻ പാർട്ടി ധൈര്യം കാണിച്ചു. ഒരിക്കൽ മണ്ഡലം നഷ്ടപ്പെട്ട സജി പിന്നീട് ബോധപൂർവംതന്നെ മണ്ഡലത്തിലെ സജീവ സാന്നിധ്യമായി മാറിയിരുന്നു. പാലിയേറ്റിവ് -ജനകീയ ജൈവ കൃഷി അടക്കമുള്ള പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിനും ജാതിമത വിശ്വാസങ്ങൾക്കും അപ്പുറം ലഭിച്ച വ്യക്തിപരമായ ബന്ധങ്ങൾ മറ്റ് കമ്യൂണിസ്റ്റ് നേതാക്കൾക്ക് അവകാശപ്പെടാൻ കഴിയുന്ന ഒന്നല്ല.
അതേസമയം, ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ കാൽ നൂറ്റാണ്ടായി എല്ലാ തെരഞ്ഞെടുപ്പുകളിലും പേര് സജീവ പരിഗണനക്കായി ഉയർന്നുവരുകയും അവസാന നിമിഷം കോൺഗ്രസ് പട്ടികയിൽനിന്ന് നിർദാക്ഷിണ്യം പുറന്തള്ളപ്പെടുകയും ചെയ്യുന്നയാെളന്ന നിലയിൽ പാർട്ടിയിലും വോട്ടർമാരിലും ഡി. വിജയകുമാറിനോടുള്ള പൊതുവായ വികാരം അനുതാപംതന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി 42,682 വോട്ടുകൾ നേടി ശ്രദ്ധേയ സാന്നിധ്യം കാഴ്ചവെച്ച പി.എസ്. ശ്രീധരൻ പിള്ള തന്നെ എൻ.ഡി.എ സ്ഥാനാർഥിയുമായതോടെ ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിനെ ത്രിേകാണ മത്സരം എന്ന ക്ലീഷേ വിശേഷണത്തിൽനിന്നു മാറ്റിനിർത്താൻ കഴിയാതെവന്നു.
മണ്ഡലത്തിൽതന്നെ ജനിച്ച, ആഴത്തിൽ ബന്ധുബലവും സൗഹൃദവലയവും പാർട്ടി ബന്ധങ്ങളുമുള്ള ഇവരിൽ ഒരാളേയും മോശം സ്ഥാനാർഥി എന്ന നിലയിൽ പ്രഥമദൃഷ്ട്യാ മാറ്റിനിർത്താൻ കഴിയുന്നില്ല എന്നിടത്താണ് ചെങ്ങന്നൂരിലെ സമവാക്യങ്ങൾ എളുപ്പമല്ലാതാകുന്നത്. അതേസമയം, കഴിഞ്ഞ കാലങ്ങളിൽ ആരെയൊക്കെ ചെങ്ങന്നൂർ തെരഞ്ഞെടുത്തുവോ അവരെല്ലാംതന്നെ പരിഗണിക്കപ്പെടാനിടയായത് കൃത്യമായ രാഷ്ട്രീയ നിലപാടുകൾക്കൊപ്പംതന്നെ മണ്ഡലത്തിെൻറ സവിശേഷമായ മത -ജാതി സ്വാധീനങ്ങളാണെന്നതിൽ തർക്കമില്ല.
ജനസംഖ്യയുടെ 26 ശതമാനം നായർ സമുദായമാണെന്നാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണിയുടേയും സ്ഥാനാർഥികൾ നായർ സമുദായത്തിൽ പെട്ടവരായിരുന്നതിനാൽ മൂന്നുപേർക്കുമായി അത് വിഭജിച്ചു പോകുകയായിരുന്നു. വിഷ്ണുനാഥിനോടുള്ള എതിർപ്പും രാമചന്ദ്രൻ നായർക്ക് അനുകൂലമായി. ശ്രീധരൻ പിള്ളക്കും ന്യായമായ രീതിയിൽ നായർ വോട്ടിൽ വിഹിതം ലഭിച്ചിരുന്നു. സമദൂരം എന്ന പഴയ പല്ലവിയിൽതന്നെയാണ് എൻ.എസ്.എസ് ഉറച്ചുനിൽക്കുന്നത്. സാമ്പത്തിക സംവരണം അടക്കമുള്ള വിഷയങ്ങളിൽ എൻ.എസ്.എസിനോട് അനുകൂലമായ നിലപാടാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നതെന്നതിനാലും അടുത്ത മൂന്നു വർഷക്കാലവും അവർ അധികാരത്തിൽ തുടരുമെന്നതിനാൽ സമുദായത്തിന് അനുകൂലമായി കൂടുതൽ കാര്യങ്ങൾ നേടിയെടുക്കാനുണ്ടെന്നുമുള്ള വസ്തുത നേതൃത്വം അണികൾക്ക് സന്ദേശമായി നൽകിയിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. പക്ഷേ, ചെങ്ങന്നൂരിലെ നായർ സമുദായാംഗങ്ങളിൽ കഴിഞ്ഞ തവണ രാമചന്ദ്രൻ നായർക്ക് അനുകൂലമായി ഉണ്ടായ തരംഗം ഇത്തവണ പൊതുവെ വിജയകുമാറിനായിരിക്കുമെന്നാണ് അറിയുന്നത്. തന്നെയുമല്ല കോൺഗ്രസിെൻറ പല നേതാക്കളും പ്രവർത്തകരും സജീവ കരയോഗം ഭാരവാഹികളും പ്രവർത്തകരുമാണ്. എൻ.എസ്.എസിെൻറ ഭരണസ്ഥാനം വഹിച്ചയാളാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എൻ. വിശ്വനാഥൻ. ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളുമായി അടുത്ത് ബന്ധമുള്ള വിജയകുമാറിന് പരമ്പരാഗത ആർ.എസ്.എസ്, ബി.ജെ.പി വോട്ടുകളിൽ ഒരു പങ്ക് സ്വാഭാവികമായി ലഭിക്കും.
ഇൗഴവ സമുദായത്തിനും മണ്ഡലത്തിൽ നിർണായക സ്വാധീനമുണ്ട്. അരലക്ഷത്തോളം വോട്ടുകൾ വരുമെന്നാണ് എസ്.എൻ.ഡി.പി വൃത്തങ്ങൾ പറയുന്നത്. ഇൗഴവ സമുദായത്തിലെ ബഹുഭൂരിപക്ഷം അണികളും പരമ്പരാഗതമായി ഇടതു പക്ഷത്തോടൊപ്പമാണെന്നതിൽ ചെങ്ങന്നൂരിലും അതിനുതന്നെയാണ് സാധ്യത. ചെങ്ങന്നൂർ യൂനിയനിൽ 13,827 വീടുകളും മാവേലിക്കര യൂനിയെൻറ മണ്ഡലത്തിലെ 2000 വീടുകളുമാണ് ഇൗഴവ സമുദായത്തിനുള്ളത്. അതേസമയം, ഇൗഴവ സമുദായത്തിലെ മധ്യ -ഉപരിവർഗ വിഭാഗങ്ങളിൽ െപട്ടവർ പണ്ടു മുതലേ കോൺഗ്രസ് പാരമ്പര്യമുള്ളവരാണ്. ബി.ഡി.ജെ.എസ് വോട്ടുകളായി കഴിഞ്ഞ തവണ ബി.ജെ.പിക്ക് പോയ വോട്ടുകളിൽ ഒരു വിഹിതം കോൺഗ്രസിന് ലഭിക്കും.
വിശ്വകർമരെ പ്രതിനിധാനംചെയ്യുന്നുവെന്ന അവകാശവാദവുമായി മോഹനൻ ആചാരി എന്നൊരു സ്ഥാനാർഥി മത്സര രംഗത്തുണ്ട്. സമുദായ വോട്ടുകൾ വിവിധ സംഘടനകളുമായി ബന്ധപ്പെട്ട തർക്കത്തിൽ വിവിധ മുന്നണികൾക്കായി വീതംവെക്കപ്പെടും. വിവിധ പട്ടികജാതി വിഭാഗങ്ങളുടെ വോട്ടുകളും ഇതേപോലെത്തന്നെയാണ്. ഇത്തരം വോട്ടുകൾ നിർണായകമാണ് എന്ന് അറിവുള്ളതിനാൽ മുന്നണികൾ ആരെയും പിണക്കാൻ ഒരുക്കമല്ല. മാന്നാർ, മുളക്കുഴ, കൊല്ലകടവ് എന്നീ പ്രദേശങ്ങളിെല മുസ്ലിം വോട്ടുകളും സ്ഥാനാർഥികളുടെ വിജയ പരാജയങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.
കഴിഞ്ഞ തവണ ബി.െജ.പി ജയിക്കാനിടയുണ്ട് എന്ന പ്രചാരണം ശക്തമായതിനെ തുടർന്ന് മുസ്ലിം വോട്ടുകളിൽ നല്ലൊരു പങ്കും ഇടതുപക്ഷത്തിനാണ് ലഭിച്ചത്. പതിനായിരത്തോളം വരുന്ന ഇൗ വോട്ടുകളിൽ നടന്ന ഏകീകരണം രാമചന്ദ്രൻ നായർക്ക് സഹായകമായിയെന്ന് എൽ.ഡി.എഫിന് തിരിച്ചറിയാം. എന്നാൽ, കണ്ണൂരിലെ ഷുഹൈബ് വധം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ഇത്തരം വോട്ടുകളെ പ്രതിരോധിക്കാനുള്ള കോൺഗ്രസിെൻറ ശ്രമം വിജയിച്ചതായാണ് സൂചന. മുൻ എം.എൽ.എ എ.എ. ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരെ കോൺഗ്രസ് ഇൗ മേഖലകളിലെ പ്രചാരണത്തിനായി നിയോഗിക്കുകയുണ്ടായി. ഫാഷിസത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കി ന്യൂനപക്ഷ സംരക്ഷണം എൽ.ഡി.എഫിെൻറ കൈകളിൽ ഭദ്രമായിരിക്കുമെന്ന വാഗ്ദാനവുമായി മന്ത്രി എ.സി. മൊയ്തീൻ, എളമരം കരീം തുടങ്ങിയവരെ മുൻനിർത്തി എൽ.ഡി.എഫും മേഖലയിൽ ശക്തമായിരുന്നു.
അടിയൊഴുക്കുകൾ
ഏതൊരു തെരഞ്ഞെടുപ്പിലും അവസാന നിമിഷമാണ് അടിയൊഴുക്കുകൾ സംഭവിക്കുക. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലാകെട്ട, അതിന് സാധ്യത ഏറെയാണ്. മനസ്സ് തുറക്കാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും അടക്കമുള്ള നിരവധി ഘടകങ്ങൾ മണ്ഡലത്തിെൻറ ഭാവി നിശ്ചയിക്കുന്നതിലെ പ്രധാന ഘടകമാണ്. ചെറു സംഘടനകളും പ്രസ്ഥാനങ്ങളും കൂട്ടായ്മകളുമൊക്കെ നടത്താറുള്ള വിലപേശൽ തന്ത്രങ്ങൾ ഒക്കെ ചെങ്ങന്നൂരിൽ പയറ്റിക്കഴിഞ്ഞു. വാശിയിൽ തുടങ്ങിയ പ്രചാരണങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചതിന് പിന്നിൽ കൃത്യമായ ഉറപ്പുകളുണ്ട്. പക്ഷേ, അത് ഏത് മുന്നണിയാണ്, ഏത് സ്ഥാനാർഥിയാണ് എന്ന് കൃത്യമായി പറയുക അസാധ്യം. അതേസമയം, ഇത്തരം ഉറപ്പുകൾ നൽകാൻ കോൺഗ്രസിനെ അപേക്ഷിച്ച് ഭരണമുള്ള സി.പി.എമ്മിനും ബി.െജ.പിക്കുമാണ് കൂടുതൽ എളുപ്പം. പ്രചാരണത്തിെൻറ തുടക്കത്തിൽ യുവജനങ്ങൾക്കായി ജോബ് ഫെയറും വനിതകൾക്കായി പാചകവാതക കണക്ഷനും അടക്കം കേന്ദ്ര പദ്ധതികളുടെ നീണ്ട ആനുകൂല്യ വിതരണവുമായി എൻ.ഡി.എ മുന്നിട്ടിറങ്ങിയിരുന്നു. അതെല്ലാം ഫലത്തിൽ ജനങ്ങൾ മറന്ന മട്ടാണ് കാണുന്നത്. പിന്നീട് മികച്ച സംഘാടകൻ എന്ന നിലയിൽ ഏതൊരാളെയും കൈയിലെടുക്കാൻ സജി ചെറിയാനുള്ള അനിതരസാധാരണമായ കഴിവാണ്. അദ്ദേഹം സംഘടന സംവിധാനത്തിെൻറ ചട്ടക്കൂടിന് അപ്പുറം വ്യക്തിപരമായി വേണമെങ്കിലും ഇത്തരം വാഗ്ദാനങ്ങളും ഉറപ്പുകളും നൽകാൻ പ്രാപ്തിയുള്ളയാളാണ്. ജയിച്ചാൽ മന്ത്രിസഭ പ്രവേശനം വരെ സജിക്ക് ലഭിക്കാനിടയുണ്ടെന്ന് അണിയറകളിൽ സംസാരമുണ്ട്.
കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാറുകൾക്ക് എതിരായ ഭരണവിരുദ്ധ വികാരങ്ങൾ എൻ.ഡി.എയെയും എൽ.ഡി.എഫിനെയും ഒരുപോലെ തിരിഞ്ഞുകൊത്താനിടയുള്ള ഘടകമാണെന്ന ലളിത സമവാക്യം സ്വാഭാവികമായും യു.ഡി.എഫിന് അനുകൂലമാകും. കഴിഞ്ഞ കുറി വെറും 2215 വോട്ടുകൾക്കാണ് എൻ.ഡി.എ മൂന്നാം സ്ഥാനത്തേക്ക് പോയത്. എന്നാൽ, അന്നത്തെ തിളക്കമാർന്ന പ്രകടനം എൻ.ഡി.എക്ക് ഇത്തവണ കാഴ്ചവെക്കാനാകുമോ എന്ന കാര്യം സംശയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.