കാവിപ്പടയുടെ മാരകയോഗി
text_fieldsഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും മുഖ്യമന്ത്രിപദത്തിൽ യോഗി ആദിത്യനാഥ് അവരോധിക്കപ്പെട്ടതും നൽകുന്ന സൂചനകൾ വ്യക്തമാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം ലക്ഷ്യമിടുന്ന ബി.ജെ.പി വിവാദ പുരുഷനായ ഇത്തരം കടുത്ത വിദ്വേഷ പ്രസംഗകരെ ഉയർത്തിക്കാട്ടിയാകും 2019ലെ തെരഞ്ഞെടുപ്പ് അങ്കം വിജയിപ്പിക്കുക. ബി.ജെ.പി അതിെൻറ വിഭാഗീയ വിദ്വേഷഭരിത രാഷ്ട്രീയം പൂർവാധികം രൂക്ഷമായ തോതിൽ പ്രയോഗവത്കരിക്കും. ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തിയെതന്നെ പാർട്ടി കണ്ടെത്തിയിരിക്കുന്നു! യു.പിയിൽ മൃഗീയ ഭൂരിപക്ഷമാണ് പാർട്ടിക്ക് ലഭിച്ചത്. ആർ.എസ്.എസ് പ്രവർത്തകനല്ല യോഗി ആദിത്യ എന്നത് ശ്രേദ്ധയമായൊരു സവിശേഷതയാണ്. പാർട്ടികളല്ല, ഹിന്ദുത്വ ചിന്താഗതിയാണ് സംഘ്പരിവാറിനെ ഒന്നിപ്പിക്കുന്ന പ്രതിഭാസമെന്ന സൂചനയാണ് ആർ.എസ്.എസുകാരനല്ലാത്ത ഒരു നേതാവിനെ ഭരണസാരഥ്യത്തിലേക്കുയർത്തുകവഴി ഭാരതീയ ജനത പാർട്ടി ജനങ്ങൾക്കു നൽകുന്ന സന്ദേശം.
മറ്റൊരു വായനകൂടി ഇവിടെ പ്രാധാന്യമർഹിക്കുന്നതായി ഞാൻ കരുതുന്നു. മണ്ഡൽ സംവരണ പ്രക്ഷോഭങ്ങളും കമണ്ഡൽ പ്രക്ഷോഭങ്ങളും (രാംമന്ദിറിനു വേണ്ടിയുള്ള) വ്യാപകമായി അരങ്ങേറിയ സംസ്ഥാനങ്ങളാണ് യു.പിയും ബിഹാറും. ക്രമേണ മണ്ഡൽ സംവരണവാദം ശക്തിപ്രാപിക്കാൻ തുടങ്ങിയതോടെ കമണ്ഡൽ പ്രക്ഷോഭങ്ങളുടെ കരുത്ത് ക്ഷയിക്കുകയുണ്ടായി. യു.പിയിലും ബിഹാറിലും ദലിത് പിന്നാക്ക വിഭാഗങ്ങൾ കൂടുതലായി അധികാരകേന്ദ്രങ്ങളിൽ വാഴിക്കപ്പെടുന്ന സ്ഥിതിവിശേഷവും പ്രകടമായി. പിന്നാക്ക വിഭാഗങ്ങൾക്ക് അവസരം നൽകാൻ ബി.ജെ.പി പോലും നിർബന്ധിതമായി. ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയവർ നേതൃനിരയിലേക്കുയർന്നത് ഉദാഹരണം. പരിവാറിൽ മേൽൈക്ക ലഭിച്ചിരുന്ന സവർണ വരേണ്യ വർഗങ്ങളിൽ, പിന്നാക്ക വിഭാഗങ്ങൾക്ക് ലഭ്യമായ ഇൗ മികച്ച പരിഗണനകൾ നീരസം വിതച്ചു.
ഇൗ അസ്വാസ്ഥ്യങ്ങൾ യഥാസമയം കണ്ടെത്തിയ ബി.ജെ.പി നേതൃത്വം വീണ്ടും സവർണ വിഭാഗ പരിഗണനകൾ പുനഃസ്ഥാപിക്കുന്ന നീക്കങ്ങൾക്ക് തുടക്കമിട്ടു. അതോടെയാണ് രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന, ഗോവ, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിപദങ്ങളിൽ സവർണ ഉപരിവർഗക്കാർ പുനഃപ്രതിഷ്ഠിക്കപ്പെട്ടത്. പ്രബല രജപുത്ര വംശജനായ യോഗി ആദിത്യനാഥിെൻറ നിയമനത്തിൽ ഇൗ മേൽജാതി ഘടകവും വലിയ അളവിൽ പ്രവർത്തിച്ചതായി വേണം കരുതാൻ. പഴയ ജാതീയ സമവാക്യങ്ങളിലേക്കു മടങ്ങാൻ സവർണ ജാതിക്കാർക്ക് കനകാവസരം ലഭ്യമാക്കുന്ന പാർട്ടി സമീപനം ചൂഷണംചെയ്ത മേൽജാതിക്കാർ കൂടുതൽ പദവികളിൽ ഇടം തേടുന്ന ആപത്കരമായ പ്രവണതക്കും യു.പി ഇനി സാക്ഷ്യംവഹിച്ചേക്കും.
ബി.ജെ.പിയുടെ പരസ്യപ്പലകകളിൽ ആറു നേതാക്കന്മാരായിരുന്നു തുടക്കത്തിൽ ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, മന്ത്രി ഉമാഭാരതി, കൽരാജ് മിശ്ര, കേശവ് മൗര്യ എന്നിവർ. എന്നാൽ, യോഗിയുടെ അനുയായികളും അയാളുടെ പാർട്ടി ഹിന്ദു യുവ വാഹിനിയുടെയും സമ്മർദം മുറുകിയതോടെ അയാളുടെ വലിയ മുഖം സംസ്ഥാന വ്യാപകമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പ്രചാരണ യോഗങ്ങളിൽ യോഗിയെ ഇറക്കുകയും വർഗീയ വിദ്വേഷം വമിക്കുന്ന ആ പ്രഭാഷണ ശൈലി പരമാവധി ചൂഷണംചെയ്ത് ബി.ജെ.പി വോട്ട്ബാങ്കുകൾ ഭദ്രമാക്കുകയുമുണ്ടായി. ആക്രമണോത്സുകമായ ആ പ്രസംഗങ്ങൾ ജനങ്ങളിൽ ഉളവാക്കിയ സ്വാധീനം ഏറക്കുറെ നേരിൽ ഗ്രഹിക്കാൻ യു.പിയിലെ പര്യടനം എനിക്ക് അവസരം നൽകി. മുറാദാബാദ്, അംറോഹ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ മാത്രമല്ല, ലഖ്നോ, അലഹബാദ് തുടങ്ങിയ മഹാ നഗരങ്ങളിലും യോഗിയുടെ വിദ്വേഷ പ്രചാരണം ലക്ഷ്യം നേടി.
കഴിഞ്ഞ രണ്ടു ദശകങ്ങളിലെ പ്രവർത്തനങ്ങളിലൂടെ താനാണ് ഹിന്ദുത്വയുടെ പ്രബലനായ തീപ്പൊരി നേതാവ് എന്ന് ആദിത്യനാഥ് സ്വയം തെളിയിക്കുകയുണ്ടായി. ഗൊരഖ്പുർ മണ്ഡലത്തിൽനിന്ന് തുടർച്ചയായി അഞ്ചുതവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇയാൾ. ഏതാനും വർഷമായി ഇൗ ഹിന്ദുത്വ രണഭേരി ഇപ്പോൾ നേപ്പാൾ ജനതയെ വരെ സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു. താൻ സർവ നിയമങ്ങൾക്കും അതീതനാണെന്ന് സ്വയം തെളിയിക്കുന്നതിൽ വിജയിച്ച യോഗിക്ക് മതമൈത്രിയിൽ തെല്ലും വിശ്വാസമില്ല. മുസ്ലിംകളെ പച്ചക്ക് കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യാനോ മുസ്ലിം സ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ആഹ്വാനം മുഴക്കാനോ സേങ്കാചമില്ലാത്ത വ്യക്തി. ഹിന്ദുത്വ ചിന്താഗതിക്കാർക്കിടയിൽ സ്വീകാര്യതയും പരിവേഷവും നേടാൻ ഏറ്റവും ഒടുവിൽ ചെയ്ത സൂത്രവും അമ്പരപ്പിക്കുന്നതായിരുന്നു. ഏഴ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്ര വിലക്കുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉത്തരവിനെ ആദ്യം സ്വാഗതം ചെയ്തുകൊണ്ടായിരുന്നു തെൻറ മുസ്ലിം വിരുദ്ധ മനോനില യോഗി ആവർത്തിച്ചു പ്രകാശിപ്പിച്ചത്.
തങ്ങളുടെ തട്ടകത്തിന് കൂടുതൽ വ്യാപ്തി നൽകുന്ന നേതാവിനെയാണ് യോഗിയിൽ ബി.െജ.പിയും ആർ.എസ്.എസും കണ്ടെത്തിയിരിക്കുന്നത്. ഗൊരഖ്പുർ, ഉത്തരാഞ്ചൽ മേഖലകളെ രണ്ടു ദശകമായി കാവിപ്പട തങ്ങളുടെ പുതിയ പരീക്ഷണശാലയായി പരിവർത്തിപ്പിച്ചുവരുകയായിരുന്നു. ബി.ജെ.പിയും ആർ.എസ്.എസും ഇയാൾ രൂപവത്കരിച്ച യുവ ഹിന്ദുത്വ സംഘടനയിലെ (ഹിന്ദു യുവ വാഹിനി) പ്രവർത്തകർ മുസ്ലിം ജനസാമാന്യത്തെ സദാ ഭീതിയിൽ നിർത്തുന്നു. നിങ്ങൾക്ക് ഇൗ ദേശത്ത് ജീവിക്കണമെന്നുണ്ടെങ്കിൽ ‘യോഗി, യോഗി’ എന്ന മന്ത്രം ഉരുവിടുക എന്നായിരുന്നു ഇൗ സംഘടന മുസ്ലിംകൾക്ക് നൽകിയ നിർദേശം. ഇൗ തെരഞ്ഞെടുപ്പിൽ ‘ദേശ് മേ മോദി, പ്രദേശ് മേ യോഗി’ എന്ന മുദ്രാവാക്യവും അവർ മുഴക്കി.
ഉത്തർപ്രദേശിലെ പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ കാവിപ്പട കൂടുതൽ വീറോടെ ആ മുദ്രാവാക്യം ആവർത്തിച്ചു മുഴക്കും. ഭിന്നതയുടെയും അപര വിേദ്വഷത്തിെൻറയും വിത്തുകൾ നാമ്പിട്ട് കൂടുതൽ വളർച്ച പ്രാപിച്ചുവരുന്ന ഇൗ ഘട്ടത്തിൽ ആശങ്കയുടെയും അശുഭാപ്തിയുടെയും നടുക്കമാണ് ഹൃദയത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യമേ കേഴുക.
(ഒൗട്ട്ലുക് വാരിക (ഹിന്ദി) അസി. എഡിറ്ററും എഴുത്തുകാരിയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.