എനിക്ക് ഞാൻ നൽകുന്ന സമ്മാനം
text_fieldsകഴിവതും പുഞ്ചിരിക്കുക, ആരെങ്കിലും നമുക്കൊരു ഉപകാരം ചെയ്താൽ, അതെത്ര നിസ്സാരമായിക്കൊള്ളട്ടെ, നന്ദിവാക്ക് പറയുക. ഒരാൾ നമുക്കുനേരെ കാളക്കൂറ്റനെ പോലെ വന്നെന്നിരിക്കട്ടെ, പതിയെ മാറിക്കൊടുക്കുക. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. നമ്മുടെ യാത്രയും കാളക്കൂറ്റന്റെ യാത്രയും അതാതിന്റെ വഴിക്ക് നടന്നുകൊള്ളും
അൽപം പഴക്കമുള്ള ഒരോർമ പറയാം. കോളജ് കാലത്തെ നാടും പരിസരവുമാണ് പശ്ചാത്തലം. രണ്ട് കലാലയ സുഹൃത്തുക്കളാണ് കഥാപാത്രങ്ങൾ. ഇരുവരും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമെല്ലാം പ്രഗത്ഭർ. രണ്ടു പേരോടും എനിക്ക് നല്ല അടുപ്പവുമുണ്ടായിരുന്നു. പരസ്പരം അറിയാവുന്നവരായതിനാൽ അവരുടെ അടിസ്ഥാന സ്വഭാവവും എനിക്ക് പരിചിതമായിരുന്നു. ഒരാൾ സദാസമയം മുഖത്ത് പുഞ്ചിരിയും പെരുമാറ്റത്തിൽ പ്രസന്നതയും വെച്ചുപുലർത്തുന്നയാൾ. എന്തെങ്കിലും ഒരു തിരിച്ചടി നേരിട്ടാൽ ഒരു പരിധിക്കപ്പുറം ഇദ്ദേഹം ദുഃഖിക്കുന്നത് കണ്ടിട്ടില്ല. അടുത്തദിവസം, തലേന്നാൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ഉല്ലാസവാനായി ഞങ്ങൾക്ക് മുന്നിലെത്തും. അതേക്കുറിച്ച് ചോദിച്ചാലോ, ‘‘അത് പോട്ടെ, അതെല്ലാം കഴിഞ്ഞ കാര്യമല്ലേ’’ എന്നുപറഞ്ഞ് ചിരിച്ചുതള്ളുകയും ചെയ്യും.
രണ്ടാമത്തെ സുഹൃത്ത് നേർ വിപരീത പ്രകൃതക്കാരനായിരുന്നു. വല്ല തിരിച്ചടിയോ വീഴ്ചയോ സംഭവിച്ചെന്നിരിക്കട്ടെ, ഒരു മാസം കഴിഞ്ഞാലും അവൻ അതിന്റെ വേദനയിൽ നീറിപ്പുകഞ്ഞുകൊണ്ടിരിക്കും. അതേക്കുറിച്ചെങ്ങാനും ചോദിച്ചാൽ മുഖം വിവർണമാകും. അവിടെയും തീരില്ല. അതിന്റെ കാരണങ്ങൾ നിരത്തും. ഉത്തരവാദികൾ ആരൊക്കെ, അതിലേക്ക് നയിച്ച സാഹചര്യങ്ങൾ, തന്റെ ഭാഗത്തെ ന്യായങ്ങൾ എന്നിവയെല്ലാം വിശദീകരിക്കും.
മനുഷ്യപ്രകൃതത്തിന്റെ വ്യത്യസ്തമായ രണ്ട് തലങ്ങളായി മാത്രമേ ഞാൻ ഈ രണ്ട് കൂട്ടുകാരുടെയും സമീപനങ്ങളെ കണ്ടിരുന്നുള്ളൂ. കലാലയ കാലത്തെ സൗഹൃദം ഒരുഘട്ടം കഴിഞ്ഞപ്പോൾ അതങ്ങറ്റുപോയി.
വർഷങ്ങൾക്കുശേഷം രണ്ടുപേരെയും ഞാൻ അവിചാരിതമായി കാണാനിടയായി.
ആദ്യ സുഹൃത്തിനെ കാണുന്നത് ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു. പല കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ സദാ പുഞ്ചിരിക്കുന്ന, എല്ലാത്തിനെയും പോസിറ്റിവ് ആയി കാണുന്ന അവന്റെ പഴയ സ്വഭാവത്തെ കുറിച്ചും ഞാൻ ഓർത്തുപറഞ്ഞു. ‘‘കലാലയ കാലത്തെ ആ ഞാൻ തന്നെയാണ് ഇപ്പോഴും. ഈ ലോകത്ത് എല്ലാവർക്കും ഒരിടമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒന്നും അമിതമായി ആഗ്രഹിക്കാറില്ല. അതിരുകവിഞ്ഞ പ്രതീക്ഷകളുമില്ല, അതിനാൽ നഷ്ടബോധം ഒട്ടുമില്ല.’’ -ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതേ പ്രകൃതവും മനോഗതിയുമാണ് ഭാര്യക്കും മക്കൾക്കും എന്നുകൂടി കേട്ടത് എന്നെ സന്തോഷവാനാക്കി. സർക്കാർ തലത്തിൽ ഉന്നത തലത്തിൽ എത്താൻ അദ്ദേഹത്തെ പ്രാപ്തമാക്കിയതിൽ ഒരു ഘടകം ഈ ജീവിതവീക്ഷണം ആയിരിക്കണം. എല്ലാത്തിനെയും മറക്കാനും പൊറുക്കാനുമുള്ള മനസ്സ് ആയിരുന്നു അയാളുടെ കരുത്ത്. സ്പർധ, വിദ്വേഷം, പ്രതികാര മനോഭാവം എന്നിത്യാദി സ്വഭാവങ്ങളുടെ തരിപോലും അന്നും ഇന്നും അവന്റെ ഉള്ളിലില്ല.
പിന്നെയും വർഷങ്ങൾ കഴിഞ്ഞ് ഒരു ഷോപ്പിങ് മാളിൽ വെച്ചാണ് രണ്ടാമത്തെ സുഹൃത്തിനെ കണ്ടുമുട്ടുന്നത്. കടയിലെ കാഷ്യറോട് അദ്ദേഹം തർക്കിക്കുന്നതായിരുന്നു ആദ്യ കാഴ്ച. രേഖപ്പെടുത്തിയ വിലയും ഈടാക്കിയ വിലയും തമ്മിൽ ചില്ലറ രൂപയുടെ വ്യത്യാസം വന്നതാണ് കാര്യം. സൗമ്യമായി പരിഹരിക്കാവുന്ന വിഷയം. തർക്കം കഴിഞ്ഞ് വിവർണ മുഖത്തോടെ തിരിഞ്ഞുനടന്ന അദ്ദേഹത്തിന്റെ പിന്നാലെ പോയ ഞാൻ പതുക്കെ തോളിൽ തട്ടി. അതത്രക്കങ്ങ് ഇഷ്ടപ്പെടാത്ത മട്ടിൽ വെട്ടിത്തിരിഞ്ഞ് നോക്കി. എന്നെ തിരിച്ചറിഞ്ഞതും പൊടുന്നനെ മുഖഭാവം മാറി. നിറഞ്ഞ ചിരിയോടെ, കണ്ടിട്ട് കുറേയായല്ലോ ചങ്ങാതീ എന്നും പറഞ്ഞ് ഹസ്തദാനം ചെയ്തു. എനിക്കും സന്തോഷം. മാളിലെ കോഫി ഷോപ്പിലിരുന്ന് കുറച്ചുനേരം സംസാരിച്ചു. അവന്റെ സംസാരത്തിൽ എന്തെന്നില്ലാത്ത ഗതിവേഗം എനിക്കനുഭവപ്പെട്ടു. ശ്വാസം പിടിച്ചാണ് എല്ലാം പറയുന്നത്. പറഞ്ഞ കഥകളേറെയും പലരുമായുമുള്ള ഏറ്റുമുട്ടലുകളെ കുറിച്ചായിരുന്നു. അതിൽ നേടിയെടുത്ത അൽപായുസ്സുള്ള വിജയങ്ങളെക്കുറിച്ച് വാതോരാതെ അവൻ സംസാരിച്ചു, വല്ലാതെ നിർവൃതികൊണ്ടു. കാപ്പിയുടെ ഒരോ കവിളിറക്കവും അവന്റെ വീര്യം കൂട്ടിക്കൊണ്ടിരുന്നു. ഒരു മാറ്റവുമില്ല! പഴയ കൂട്ടുകാരനെ ഒരർഥത്തിലും എനിക്ക് നഷ്ടപ്പെട്ടില്ല എന്ന് ഉൾചിരിയോടെ ഞാൻ മനസ്സിലാക്കി!!
പത്തുപതിനഞ്ച് നിമിഷം കഥകൾ ശാന്തമായി കേട്ട ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
‘‘നിന്റെ വീരഗാഥകളൊക്കെ കേട്ടു. എപ്പോഴും ഇങ്ങനെ തർക്കവും വഴക്കുമായാൽ മനസ്സും സംഘർഷഭരിതമായിരിക്കില്ലേ? നമ്മുടെ ആരോഗ്യത്തെയും മനസ്സിനെയും അത് ബാധിക്കില്ലേ?
‘‘ഹേയ്, എനിക്ക് ഒരു സംഘർഷവുമില്ലെന്ന് മാത്രമല്ല, ഇതാണ് എന്റെ സന്തോഷം. ഇങ്ങനെയാണ് ഞാനെന്റെ സാന്നിധ്യം അറിയിക്കുന്നതുതന്നെ!’’-ഇത് പറഞ്ഞതുതന്നെ ഉറച്ച ശബ്ദത്തോടെയായിരുന്നു.
ചങ്ങാതിയുടെ ചൂട് കുറക്കാൻ പാകത്തിൽ ഞാൻ പറഞ്ഞു. ‘‘ശരിയാകാം, ഇങ്ങനെയും ചിലപ്പോൾ സമാധാനം കിട്ടുമായിരിക്കാം. എന്നാലും എന്തുമാത്രം മാനസികവും ശാരീരികവുമായ അധ്വാനം വേണ്ടിവരും ഇതിന്?’’.
അൽപനേരം മൗനം തുടർന്ന അവൻ പിന്നെ പറഞ്ഞു: ‘‘ഹനീഷ് പറഞ്ഞത് ശരിയാ. എന്താ ചെയ്യുക, പണ്ടുമുതലേ ഞാനിങ്ങനെയായിപ്പോയി’’.
‘‘അതറിയാം, പക്ഷേ, ചെറിയ ഒരു തിരുത്തലിനെങ്കിലും ഒന്ന് ശ്രമിക്കരുതോ’’ എന്നായി ഞാൻ.
‘‘ശരി, ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറയൂ’’ -കൂട്ടുകാരൻ മൊഴിഞ്ഞു.
ഞാൻ പറഞ്ഞു. ‘‘ഒന്ന്, കഴിവതും പുഞ്ചിരിക്കുക, രണ്ട്, ആരെങ്കിലും നമുക്കൊരു ഉപകാരം ചെയ്താൽ, അതെത്ര നിസ്സാരമായിക്കൊള്ളട്ടെ, നന്ദിവാക്ക് പറയുക. മൂന്ന്, ഒരാൾ നമുക്കുനേരെ കാളക്കൂറ്റനെ പോലെ വന്നെന്നിരിക്കട്ടെ, പതിയെ മാറിക്കൊടുക്കുക. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. നമ്മുടെ യാത്രയും കാളക്കൂറ്റന്റെ യാത്രയും അതാതിന്റെ വഴിക്ക് നടന്നുകൊള്ളും.’’
ഇതെല്ലാം ഒന്ന് ശീലിച്ചുനോക്കാമെന്ന് അദ്ദേഹം ഏൽക്കുകയും ഞങ്ങൾ പിരിയുകയും ചെയ്തു.
മൂന്നുമാസം കഴിഞ്ഞ് എനിക്കൊരു ഫോൺ കാൾ. മറുതലക്കൽ നമ്മുടെ കൂട്ടുകാരനാണ്: ‘‘കഴിഞ്ഞ മൂന്നുമാസമായി താൻ പറഞ്ഞത് ഞാൻ ശീലിച്ചുകൊണ്ടിരിക്കുകയാണ്. കാര്യമായ മാറ്റങ്ങളാണുണ്ടായത്. ഇപ്പോൾ നന്നായി ഉറക്കം കിട്ടുന്നു, പാട്ട് കേൾക്കാനും വ്യായാമം ചെയ്യാനുമൊക്കെ കഴിയുന്നുണ്ട്’’. ആത്മാർഥമായി നന്ദിയേറെ പറഞ്ഞാണ് ഫോൺ വെച്ചത്. ഒരാളുടെ ജീവിതത്തിൽ കുറച്ചുനാൾ അധ്യാപകനായതിന്റെ നിർവൃതിയിൽ ആ രാവിൽ ഞാനുറങ്ങി.
ജീവിതത്തിലെ പ്രതിസന്ധികളെയും തടസ്സങ്ങളെയും എപ്രകാരം സമീപിക്കണം, സമീപിച്ചുകൂടാ എന്നതിന്റെ കൃത്യമായ ഉദാഹരണങ്ങളാണ് ഈ രണ്ട് ജീവിതാനുഭവവും. ഒന്ന് കിണഞ്ഞ് ശ്രമിച്ചപ്പോൾ, വെറും മൂന്ന് മാസം കൊണ്ട് ഒരാളുടെ ജീവിതശീലം തന്നെ മാറുകയുണ്ടായി. മാറ്റത്തിനുള്ള ഇത്തരം ശ്രമങ്ങളെയാണ് മാനേജ്മെൻറ് പഠനങ്ങളിൽ ‘ചേഞ്ച് മാനേജ്മെൻറ്’ എന്ന് പറയുന്നത്. ഇവിടെ സംഭവിച്ചത് മനസ്സിന്റെ ദിശാമാറ്റമാണ്. പറയാൻ എളുപ്പമാണത്. പക്ഷേ, പ്രയോഗവത്കരിക്കുക ബുദ്ധിമുട്ടേറിയതും. ഇന്നലെവരെ ചായ കുടിച്ച ഒരാളോട് ഇന്നുമുതൽ കാപ്പി കുടിക്കണം എന്നും ഇന്നലെ വരെ വായിച്ച പത്രം മാറ്റി മറ്റൊരു പത്രം വായിക്കണം എന്നുമെല്ലാം പറയുന്നതുപോലെ കഠിനം.
രക്തശുദ്ധീകരണത്തിനാണ് വൈദ്യശാസ്ത്രത്തിൽ ഡയാലിസിസ് പ്രക്രിയ നടത്തുന്നത്. അതുപോലുള്ള ശുദ്ധീകരണ പ്രക്രിയ കൂടിയാണിത്. നിശ്ചയമായും ആ മാറ്റം വിജയത്തിലേക്ക് നമ്മെ നയിക്കും. അതിലുപരി, സമാധാനവും സ്വസ്ഥതയുമുള്ള സൃഷ്ടിപരമായ ജീവിതം നാം നമുക്ക് സമ്മാനിക്കും. പുതുതലമുറയിൽ, വിശേഷിച്ച് വിദ്യാർഥികളിൽ കാണുന്ന പല തെറ്റായ പ്രവണതകളിൽനിന്നും ഈ മനോഭാവം മുക്തി നൽകും. ഓർക്കുക, സ്വച്ഛമായൊഴുകുന്ന നദിക്കാണ് കുലംകുത്തിയൊഴുകുന്ന കാട്ടാറിനേക്കാൾ സ്ഥായീഭാവം. അമേരിക്കൻ ചിന്തകൻ എമേഴ്സന്റെ പ്രശസ്തമായ വാക്കുകൾ അതിനോട് ചേർത്തുവെക്കാം:
നിങ്ങൾക്ക് മാത്രമേ നിങ്ങളിൽ സമാധാനം കൊണ്ടുവരാൻ കഴിയൂ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.