തൂണിലും തുരുമ്പിലും ചൈന പറിച്ചെറിയൽ എളുപ്പമല്ല
text_fieldsഎവിടെ നോക്കിയാലും അവിടെല്ലാം ചൈനീസ് ഉൽപന്നം കാണും. നിത്യജീവിതത്തിൽ നാം കാണുന്ന ഉപകരണങ്ങളിൽ മിക്കവയും ചൈനീസ് നിർമിതമാണ്. കളിപ്പാട്ടവും ഇലക്ട്രോണിക് ഉൽപന്നങ്ങളും വരെ. വിലക്കുറവും രൂപകൽപന മികവുമാണ് ചൈനീസ് ഉൽപന്നങ്ങളെ ജനപ്രിയമാക്കിയത്. ഭൂരിഭാഗം സ്മാർട്ട്ഫോണുകളും ചൈനീസ് ആണ്. അതിനാൽ ചൈനയെ മാറ്റിനിർത്തുക ഒരു രാജ്യത്തിനും അത്ര എളുപ്പമല്ല. ഇന്ത്യൻ സൈനികരുടെ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾപോലും നിർമിക്കുന്നത് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ്. രാജ്യത്ത് ആഭ്യന്തരമായി നിർമിക്കുന്ന പല ഉൽപന്നങ്ങളുടേയും ഘടകഭാഗങ്ങൾ വരുന്നതും ചൈനയിൽനിന്നാണ്. സ്മാർട്ട് ഫോൺ വിപണിയിൽ 72 ശതമാനമാണ് അവരുടെ മേധാവിത്വം.
ആപ്പിൾ, സാംസങ്, എൽജി അടക്കം കമ്പനികൾ അവരുടെ ഉൽപന്നങ്ങൾ നിർമിക്കുന്നതും ഘടകങ്ങൾക്ക് ആശ്രയിക്കുന്നതും ചൈനയെയാണ്. പല മേഡ് ഇൻ ഇന്ത്യ ഫോണുകളും ചൈനീസ് നിർമിതമാണ്. 40 ശതമാനം ഇലക്ട്രോണിക്സ് പാർട്സുകളും അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നവ. ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ 70 ശതമാനം ഘടകങ്ങളും വരുന്നത് ചൈനയിൽനിന്ന്. 5ജി നെറ്റ്വർക്ക് ഒരുക്കാനും ഇന്ത്യയടക്കം പല രാജ്യങ്ങളും ചൈനീസ് കമ്പനിയായ വാെവയ് അടക്കമുള്ളവയെ ആണ് ആശ്രയിക്കുന്നത്. റോബോട്ടിക്സ്, നിർമിത ബുദ്ധി, 5ജി, ഡാറ്റ അനലറ്റിക്സ്, ബഹിരാകാശ സാങ്കേതികത തുടങ്ങിയവയിലെല്ലാം ചൈനീസ് ആധിപത്യമുണ്ട്. അരനൂറ്റാണ്ടായി അമേരിക്ക കൈയടക്കിവെച്ചിരുന്ന രംഗങ്ങളിലെല്ലാം ഇന്ന് ചൈയുടെ മേധാവിത്വം പ്രകടമാണ്.
ഇനിയെന്ത്?
ആപ് നിരോധനം പലരാജ്യങ്ങളിലും പതിവാണ്. ചൈനയിൽ ഗൂഗ്ൾ ആപ്പുകളില്ല. അവർ പകരം ആപ്പുകൾ സൃഷ്ടിക്കുകയാണ് ചെയ്യുക. വാട്സ്ആപ്പിെൻറ പകരക്കാരനാണ് വീ ചാറ്റ്. ഇന്ത്യയും അതുപോലെ ബദൽമാർഗങ്ങൾ തേടേണ്ടി വരും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം മുതലാക്കാനാകും. റിപ്പോർട്ടുകൾ പ്രകാരം, ഇൻറർനെറ്റ് സേവനദാതാക്കൾക്ക് ഈ അപ്ലിക്കേഷനുകൾ തടയുന്ന നിർദേശങ്ങൾ ഉടൻ വരും. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ഡൗൺലോഡ് നിരോധനവും വരും. ടിക്ടോക് ഇപ്പോൾതന്നെ പ്ലേ സ്റ്റോറിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഉപയോക്താക്കൾ അക്കൗണ്ടുകൾ ഇല്ലാതാക്കുകയും ആപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യുകയും വേണമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
വില കൂടും
ചൈനയെ പൂർണമായി ഒഴിവാക്കി മറ്റ് രാജ്യങ്ങളിൽനിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങാൻ തീരുമാനിച്ചാൽ ഇരട്ടി വില നൽകേണ്ടിവരും. ഇലക്ട്രോണിക്സ് അടക്കമുള്ള ഉൽപന്നങ്ങളുടെ വില കുറയാൻ കാരണം ചൈനീസ് നിർമാണഘടകങ്ങളാണ്. അല്ലെങ്കിൽ കുറഞ്ഞ ചെലവിൽ അസംസ്കൃതവസ്തുക്കളും ഘടകങ്ങളും നാം ഉൽപാദിപ്പിക്കണം. അതിന് സാവകാശം വേണം. ചൈനയേക്കാൾ തൊഴിൽ ചെലവ് ഇന്ത്യയിൽ കൂടുതലായതും വിലങ്ങുതടിയാവും.
വിലക്ക് ചൈനക്ക് പുത്തരിയല്ല
കോവിഡ് പിടിമുറുക്കി വരുന്ന സമയത്ത് അമേരിക്കൻ ഭരണകൂടത്തിെൻറ നിർബന്ധത്തിന് വഴങ്ങി ഗൂഗ്ൾ ചൈനീസ് കമ്പനി വാവെയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കിനെ വെല്ലുവിളിയായി ഏറ്റെടുത്ത് വാവെയ് സൃഷ്ടിച്ച പുതിയ ഒാപറേറ്റിങ് സിസ്റ്റം ‘ഹാർമണി ഒ.എസ്’ ചില സ്മാർട്ട് ടി.വികളിൽ അവതരിപ്പിച്ചെങ്കിലും സ്മാർട്ട്ഫോണുകളിൽ ഇതുവരെ വ്യാപകമായില്ല. ഗൂഗ്ൾ പ്ലേസ്റ്റോറില്ലാത്ത ഫോണും വാവെയ് ഇറക്കി.
ഇന്ത്യയാണ് ടിക്ടോകിന് എല്ലാം
2019ല്‍ ടിക്ടോക് ഡൗണ്‍ലോഡ് ചെയ്തത് 32.3 കോടി ഇന്ത്യക്കാരാണ്. ആകെ ഡൗണ്‍ലോഡുകളുടെ 44 ശതമാനവും ഇന്ത്യയില്‍നിന്നാണ്. ടിക്ടോക് ഫേസ്ബുക്കിനുപോലും വെല്ലുവിളിയാവാൻ കാരണം ഇന്ത്യയിലെ ഈ ജനപ്രിയതയാണ്. ടിക്ടോക് ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് ആഗോള വിപണിയില്‍ സാന്നിധ്യമുറപ്പിച്ചതും ഇക്കാര്യം കൊണ്ടാണ്. 15 സെക്കൻഡ് മാത്രമുള്ള ലഘു വിഡിയോകൾ അപ്ലോഡ് ചെയ്യുന്ന ടിക്ടോകിൽ 13 വയസ്സോ അതിന് മുകളിലോ ഉള്ളവർക്ക് മാത്രമേ അനുമതിയുള്ളൂ. എന്നാൽ, വയസ്സ് മാറ്റി ടിക്ടോകിൽ കുട്ടികളും അക്കൗണ്ടുകൾ തുടങ്ങാറുണ്ട്. 2019 മേയിൽ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ടിക്ടോക് പ്രവർത്തനം ഇന്ത്യയിൽ രണ്ടാഴ്ചത്തേക്ക് തടഞ്ഞു.
ടിക്ടോക് വിഡിയോകൾ വഴി കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയേക്കാമെന്ന ആരോപണമുയർത്തി നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു മദ്രാസ് ഹൈകോടതിയുടെ വിധി. കമ്പനിയുടെ വിശദീകരണവും വ്യവസ്ഥകള്‍ പാലിക്കാമെന്ന ഉറപ്പും പരിഗണിച്ചാണ് നിരോധനം പിന്നീട് നീക്കിയത്. ടിക്ടോക് ഇന്ത്യയിൽ 61.1 കോടി പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ടിക്ടോകിെൻറ ചൈനീസ് പതിപ്പായ ഡോയിൻ (Douyin) 19.66 കോടി പേരെ ഡൗൺലോഡ് ചെയ്തിട്ടുള്ളൂ. യു.എസിൽ 16.5 കോടി പേരാണ് ഉപയോക്താക്കൾ. ടിക്ടോക് താരങ്ങൾ എന്ന വിഭാഗം തന്നെയുണ്ടായി. ഗൂഗ്ളിെൻറ ഉടമസ്ഥതയിലുള്ള യൂട്യൂബിന് ഇന്ത്യയിൽ ടിക്ടോക്കിനേക്കാൾ കൂടുതൽ ഉപയോക്താക്കളുണ്ടെങ്കിലും ഉള്ളടക്കത്തിെൻറയും സ്വാധീനത്തിെൻറയും കാര്യത്തിൽ ടിക്ടോക്കാണ് മുന്നിൽ.
ചോർത്തൽ മാത്രമല്ല കാരണം
ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്ക് അതിർത്തിയിലുണ്ടായ സംഘർഷമാണ് 59 ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് കാരണമെന്ന് വിശദീകരണമുെണ്ടങ്കിലും ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധവുമായി ബന്ധപ്പെട്ട തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാറിൽനിന്നും പുറത്തു വന്നതെന്നാണ് സൂചന. കേന്ദ്ര ഇൻറലിജൻസ് ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്ന ചൈനീസ് ആപ്പുകൾ സംബന്ധിച്ച് അന്വേഷിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവയിലെ 53 ആപ്ലിക്കേഷനുകൾക്കെതിരെ ഏജൻസികൾ റിപ്പോർട്ട് നൽകിയെന്നും അതിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിൽ വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ സൂം ആപ്പും ഉൾപ്പെട്ടിരുന്നെന്നാണ് വിവരം.
അമേരിക്കൻ കമ്പനിയായ സൂം ആപ്ലിക്കേഷൻ സുരക്ഷാ പ്രശ്നങ്ങളുടെ കാര്യത്തിൽ ഏറെ പഴികേട്ടതാണെങ്കിലും നിരോധിക്കപ്പെട്ടിട്ടില്ല. ഫേസ്ബുക്കും ഗൂഗ്ളുമൊക്കെ വിവരംചോർത്തൽ വിവാദങ്ങളിൽ പലതവണ പ്രതിസ്ഥാനത്തുവന്നവയാണ്. ഫേസ്ബുക്ക് ഇപ്പോഴും വിവരച്ചോർച്ച ആരോപണ നിഴലിൽതന്നെയാണ്. ചൈനീസ് ആപ്പുകളുടെ സെർവർ ചൈനയിലായതും അവയിലേക്ക് വിവരങ്ങൾ കടത്തുന്നതുമാണ് ഇപ്പോഴത്തെ നിരോധനത്തിന് കാരണമായി പറയുന്നത്.
പകരം?
നിരോധിച്ച 59 എണ്ണത്തിൽ കൂടുതൽ പരിചിതമായത് ടിക് ടോക്, ഷെയർ ഇറ്റ്, എക്സെൻഡർ, യുസി ബ്രൗസർ, കാം സ്കാനർ, ഹെലോ, ലൈക്കീ, ബിഗോ ലൈവ്, വിമേറ്റ്, ഇഎസ് ഫയൽ എക്സ്പ്ലോറർ, ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ എന്നിവയാണ്. ടിക്ടോകിന് പകരം ഇന്ത്യക്കാർക്ക് അടുത്തിടെ വന്ന മിത്രോൺ എന്ന ലഘു വിഡിയോ ആപ്പുണ്ട്. മറ്റുള്ള ആപ്പുകൾക്കും പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും പകരം ആപ്പുകളുണ്ട്.
ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന ആരോപണം യുസി ബ്രൗസറിനെതിരെ പണ്ടുമുതലേയുണ്ട്. ആൻഡ്രോയിഡിൽ ക്രോമും ഐഫോണിൽ സഫാരിയും യു.എസ് ആസ്ഥാനമായ മോസില്ലയും നോർവീജിയൻ കമ്പനിയായ ഓപറയും മറ്റും വെബ് ബ്രൗസറുകളായുള്ളതിനാൽ യു.സി ബ്രൗസറിെൻറ നിരോധനം അത്ര പ്രശ്നമാകാനിടയില്ല.
പക്ഷേ, ഷെയർ ഇറ്റ്, എക്സെൻഡർ എന്നിവക്ക് പകരക്കാർ ഫയൽസ് ബൈ ഗൂഗ്ൾ (Files by Google), ഷെയർ ഓൾ (ShareAll), സെൻഡ് എനിവേർ (Send Anywhere), നിയർബൈ ഷെയറിങ് (Nearby Sharing), സൂപ്പർ ബീം, ഫീം (Feem) എന്നിവയാണ്. കാം സ്കാനറിന് പകരം അഡോബി സ്കാൻ ഉണ്ട്. കൂടാതെ മിക്ക ഫോണുകളും പ്രീ ഇൻസ്റ്റാൾഡ് സ്കാനർ ആപ് കാണും.
ഇതും അവസരമാക്കണം
സൂം ആപ്പിെൻറ സുരക്ഷ പ്രശ്നം ഉയർന്നപ്പോൾ നമ്മൾ സ്വതന്ത്ര സോഫ്റ്റ്വെയറിൽ കസ്റ്റമൈസ് ചെയ്തു. അതൊരു ആവശ്യകതയായിരുന്നു. പൊതുവെ കേമ്പാളത്തിൽ സൗജന്യമായി ലഭ്യമായത് ഉപയോഗിക്കുകയാണ് പൊതു പ്രവണത. അതിെൻറ സ്വകാര്യത, സുരക്ഷ പ്രശ്നങ്ങൾ എന്നിവ ഉപഭോക്താക്കൾ പരിഗണിക്കാറില്ല. ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. സ്വകാര്യതയും ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂനിയനിലൊക്കെ ശക്തമായ നിയമമുണ്ട്.
ഡാറ്റ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ പൂർണമായി വന്നിട്ടില്ല. സൈബർ നിയമത്തിെൻറ തുടർച്ചയായി കരട് തയാറായി വരുന്നതേയുള്ളൂ. കോവിഡ് പോലെ ഇതും അവസരമായി കാണണം. പ്രാദേശികമായി രാജ്യത്തുതന്നെ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിനൊക്കെ മാർക്കറ്റും സ്ട്രാറ്റജിയുമുള്ളതിനാൽ പ്രാദേശിക സംരംഭകർക്ക് പകരംവെക്കൽ എളുപ്പമല്ല. പ്രാദേശിക സംരംഭങ്ങൾ
നന്നായി വന്നാൽ അതൊക്കെ വിദേശ പങ്കാളിത്തത്തിലേക്കാണ് പോകുന്നത്. ഉദാഹരണം ബൈജൂസ് ആപ്. ചൈന അവരുടെ ആപ്പുകളാണ് പൂർണമായി അവിടെ ഉപയോഗിക്കുന്നത്. പക്ഷേ, അതൊരു നല്ല മാതൃകയാണെന്ന് കരുതുന്നില്ല. ലോകത്തുള്ള നല്ല മാതൃകകൾ എടുക്കുന്നത് തെറ്റാണെന്നും പറയാൻ കഴിയില്ല.
-കെ. അൻവർ സാദത്ത്
സി.ഇ.ഒ, കൈറ്റ്
ലോകനിലവാരമുള്ള ആപ് വരും
ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യമായി ചേർന്ന് ലോക നിലവാരത്തിലുള്ള മൊബൈൽ ആപ് നിർമാണത്തിന് ശ്രമം നടക്കുന്നുണ്ട്. മൊബൈൽ ആപ് വികസനം ലക്ഷ്യമിട്ട് സ്റ്റാർട്ടപ് മിഷൻ കോഴിക്കോട് പരീക്ഷണ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
ഇത് അവസരമാക്കാൻ ഉയർന്ന നിലവാരമുള്ള തദ്ദേശീയ ആപ്പുകൾ വേണം. പ്രത്യേക ആവശ്യത്തിനുള്ള ആപ്പുകളാണ് പ്രാദേശിക തലത്തിൽ ഇപ്പോഴുള്ളത്. ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ആപ്പുകൾ ഉണ്ടാവണമെങ്കിൽ അടിസ്ഥാനസൗകര്യവും പിന്തുണയും വേണം. അത്തരം പിന്തുണയാണ് സ്റ്റാർട്ടപ് മിഷൻ ഒരുക്കുന്നത്.
-ഡോ. സജി ഗോപിനാഥ്
സി.ഇ.ഒ, കേരള സ്റ്റാർട്ടപ് മിഷൻ
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.