പുകയില്ലാ പാതയിലൂടെ തെളിഞ്ഞ നാളെയിലേക്ക്...
text_fieldsകോവിഡാനന്തര ചൈനയിൽ ഏറ്റവും കൗതുകകരമായ കാര്യം റോഡുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ ബാഹുല്യമാണ്. നാലഞ്ച് വർഷം മുമ്പു വരെ റോഡിലിറങ്ങുന്ന നൂറിൽ പത്ത് വാഹനങ്ങൾ മാത്രമായിരുന്നു ഇലക്ട്രിക് എങ്കിൽ ഇന്നത് എൺപതായി ഉയർന്നിരിക്കുന്നു. ടാക്സികൾ സുലഭമായിരുന്ന ഫോഷാനിൽ ഇപ്പോൾ മണിക്കൂറുകൾ കാത്ത് നിന്നാലേ ഒരു ടാക്സി കാണാനൊക്കൂ. അത്രയ്ക്കങ്ങ് വികസനം എത്തിയിട്ടില്ലാത്ത, തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് ടാക്സികൾ മാറ്റിയെന്നാണ് അറിഞ്ഞത്
കോവിഡിൽ നഷ്ടമായ മൂന്നര വർഷങ്ങളെ ഏതുവിധേനയും തിരികെപ്പിടിക്കണമെന്ന ദൃഢനിശ്ചയത്തോടെ കഠിനശ്രമത്തിലാണ് ചൈനയിപ്പോൾ. വീഥികൾക്കിരുവശങ്ങളിലും പുതുതായി തലയുയർത്തിയ അനേകം പുത്തൻ കെട്ടിടങ്ങൾ കാണുമ്പോൾ ഒരു കാര്യം വ്യക്തം- ലോകം അടച്ചുപൂട്ടിയിരുന്ന നാളുകളിലും ഇവിടെ വികസന- നിർമാണ പദ്ധതികളെല്ലാം മുറതെറ്റാതെ മുന്നോട്ടുപോവുകയായിരുന്നു.
ചൈനയുടെ സാമ്പത്തിക ഉന്നമനത്തിന്റെ നട്ടെല്ല് വിദേശ കയറ്റുമതി തന്നെയാണ്. വിദേശികളുടെ ഒഴുക്കിനെ ത്വരിതപ്പെടുത്താൻ നാനാതരം എക്സിബിഷനുകൾ രാജ്യത്തിെൻറ വിവിധയിടങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. 1957 മുതൽ നടത്തിപ്പോരുന്ന, ലോകം മുഴുവൻ ഉറ്റുനോക്കുന്ന, ഏറ്റവും പുരാതനവും ബൃഹത്തുമായ കാന്റൺ ഫെയർ ഈ മാസം ആരംഭിച്ചുകഴിഞ്ഞു.
കോവിഡാനന്തര ചൈനയിൽ ഏറ്റവും കൗതുകകരമായ കാര്യം റോഡുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ ബാഹുല്യമാണ്. നാലഞ്ച് വർഷം മുമ്പു വരെ റോഡിലിറങ്ങുന്ന നൂറിൽ പത്ത് വാഹനങ്ങൾ മാത്രമായിരുന്നു ഇലക്ട്രിക് എങ്കിൽ ഇന്നത് എൺപതായി ഉയർന്നിരിക്കുന്നു. ടാക്സികൾ സുലഭമായിരുന്ന ഫോഷാനിൽ ഇപ്പോൾ മണിക്കൂറുകൾ കാത്ത് നിന്നാലേ ഒരു ടാക്സി കാണാനൊക്കൂ.
അത്രയ്ക്കങ്ങ് വികസനം എത്തിയിട്ടില്ലാത്ത, തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് ടാക്സികൾ മാറ്റിയെന്നാണ് അറിഞ്ഞത്. ‘ഉബർ’ പോലുള്ള ചൈനീസ് ആപ്പുകളുടെ സേവനങ്ങളെയാണ് ഇവിടെ ഇപ്പോൾ വാഹനങ്ങൾക്കായി ജനങ്ങൾ ആശ്രയിക്കുന്നത്.
2021ൽ മാത്രം 33 ലക്ഷം വൈദ്യുതി വാഹനങ്ങളാണ് ചൈനീസ് നിരത്തിലിറങ്ങിയത്. ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന് ‘വലിയ ഓട്ടോമൊബൈൽ രാജ്യത്തിൽനിന്ന് ഓട്ടോമൊബൈൽ പവർ’ ആയി മാറാൻ കഴിയുകയുള്ളൂവെന്ന് പ്രസിഡന്റ് ഷി ജിൻപിങ് 2014ൽ പ്രഖ്യാപിച്ചിരുന്നു.
2025 ഓടെ രാജ്യത്ത് വിൽക്കുന്ന കാറുകളിൽ 20 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് ചൈന പദ്ധതിയിട്ടിരുന്നത്. ഒരുപക്ഷേ ഈ വർഷം തന്നെ ആ ലക്ഷ്യം സാധ്യമായേക്കും. ഇരുപതിലേറെ പ്രബല ഇലക്ട്രിക്ക് വെഹിക്കിൾ (EV) നിർമാതാക്കളുണ്ട് ചൈനയിൽ.
ഔഡി, ഹോണ്ട, ബെൻസ് തുടങ്ങിയ ആഗോള കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങളും ലഭ്യമാണ്. മിക്ക ഷോപ്പിങ് കോംപ്ലക്സുകളിലും മൂന്നിലേറെ ഇലക്ട്രിക് വാഹനങ്ങളുടെ ഡിസ്പ്ലേ ഷോറൂമുകൾ കാണാം. റോഡിലോ ബുഗാട്ടിയെയും ഫെറാരിയെയും വെല്ലുന്ന ചൈനീസ് സ്പോർട്സ് വാഹനങ്ങളും.
ചൈനയിലെ ഇലക്ട്രിക് വാഹനക്കൂട്ടത്തിലെ രാജാവായ ‘Build Your Dreams’ എന്ന ബി.വൈ.ഡിയെ ഇപ്പോൾ ഇന്ത്യക്കാർക്കും അറിയാം. ഈ കമ്പനി യു.എസിൽ ചില നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. വാരൻ ബഫറ്റ് തലവനായ Berkshire Hathaway എന്ന കമ്പനിക്കും ഇതിൽ നിക്ഷേപമുണ്ട്.
അമേരിക്കൻ ഇ.വി വിപണിയിൽ പ്രവേശിക്കാൻ ബി.വൈ.ഡി പദ്ധതിയിടുന്നുണ്ടോ എന്നാണിപ്പോൾ ലോകത്തിന്റെ ആകാംക്ഷ. കഴിഞ്ഞ രണ്ടു വർഷമായുള്ള തങ്ങളുടെ ബിസിനസ് വിപുലീകരണം മുൻനിർത്തി, 2023ൽ വിപണിയിൽനിന്നുള്ള വിഹിതം 40 മുതൽ 50 ശതമാനം വരെ വളരുമെന്നാണ് ബി.വൈ.ഡി പ്രതീക്ഷ.
നമ്മൾ മലയാളികൾക്ക് അധികം പിടിയില്ലെങ്കിലും വർഷങ്ങളായി ഇന്ത്യയിലും BYDയുടെ വാഹനങ്ങൾ ഉണ്ട്. വൈദ്യുതി ബസും ട്രക്കും തുടങ്ങി ഒരു വൈദ്യുതി വാഹനത്തിനുവേണ്ട സകലതും സ്വന്തമായി നിർമിക്കുന്ന ഈ കമ്പനി ഗവേഷണത്തിനടക്കം കോടികൾ ചെലവഴിക്കുന്നു. വാഹന നിർമാണത്തിന് പുറമേ ട്രാൻസിറ്റ് റെയിൽ, സെമി കണ്ടക്ടർ അടക്കമുള്ളവയുടെ നിർമാണ ഗവേഷണം, ബാറ്ററി നിർമാണം എന്നിവയുമുണ്ട്.
അമേരിക്കൻ ജയന്റായ ടെസ്ലയെ മറികടന്നാണ് ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതിവാഹന നിർമാതാവ് എന്ന സ്ഥാനം ബി.വൈ.ഡി സ്വന്തമാക്കിയത്. 2022 നവംബറോടെ 1.62 ദശലക്ഷം കാറുകൾ ബി.വൈ.ഡി വിറ്റപ്പോൾ, ആ കൊല്ലമാകെ ടെസ്ലക്ക് വിൽക്കാനായത് 1.37 ദശലക്ഷം കാറുകൾ.
ടെസ്ല ഇപ്പോഴും ചൈനയിൽ ആഡംബര വാഹനമാണ്. പ്രതിയോഗിയാവട്ടെ, താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് ഓപ്ഷനുകൾ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. ചൈനയിൽ ടെസ്ലയുടെ ബേസിക് മോഡലിന് ഇന്ത്യൻ രൂപ 15 ലക്ഷത്തിലേറെ വരില്ല. യു.എസിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ടെസ്ലയുടെ ചില മോഡൽ കാറുകൾക്കെല്ലാം നാല്പത് ശതമാനത്തിലേറെ വിലക്കുറവ് കാണാം.
എന്നാലും ബി.വൈ.ഡിയെപ്പോലെ, ടെസ്ലയുടെ ഉള്വശം അത്ര വിശാലമല്ല എന്നതും ചൈനക്കാർക്ക് ഇഷ്ടം കുറയാനുള്ള കാരണമാണ്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ അകം കണ്ടാൽ ആരുമൊന്ന് അമ്പരന്ന് പോവും.
കാറുകൾ മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ കൂട്ടത്തിൽ ഇ-സ്കൂട്ടറുകളും ഉണ്ട്. ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് വാടക നൽകി ആവശ്യാനുസരണം ഉപയോഗിക്കാനായി ഹെല്മറ്റടക്കമുള്ള ഇ-സ്കൂട്ടറുകൾ റോഡരികിൽ കാണാം. കാശ് കൊടുത്ത് സ്വന്തമായി വാങ്ങുന്നവരും കുറവല്ല.
നല്ല ഒതുക്കത്തിലുള്ള കാണാൻ അഴകേറിയ, പല നിറങ്ങളിലുള്ള സ്കൂട്ടറുകൾ. ഓഫിസുകൾ, പൊതുസ്ഥലങ്ങൾ, സർവകലാശാലകൾ, കമ്യൂണിറ്റികൾ എന്നിവിടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഭരണകൂടം വികസിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മിക്കയിടത്തും ചാർജ് ചെയ്യാനായി ചെറിയ സംഖ്യ അടച്ചാൽ മതിയാവും.
ഒരു കിലോമീറ്റർ ഓടിക്കാൻ ആകെ ചെലവ് വരുക 0.2 യുവാൻ മാത്രം. അത് മാത്രമല്ല, ഒരു മൊബൈൽ ആപ് ഉപയോഗിച്ച് റൈഡർമാർക്ക് അവരുടെ സമീപസ്ഥലങ്ങളിൽ ലഭ്യമായ ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനും ഓൺലൈനായി ചാർജിങ് ഫീസ് അടക്കാനും കഴിയും. വീട്ടിൽ വെച്ച് സ്കൂട്ടറുകൾ ചാർജ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഊർജക്ഷമതയുള്ള വാഹനങ്ങൾക്കായുള്ള പൊതുജനങ്ങളുടെ ഡിമാൻഡ് പ്രോത്സാഹിപ്പിക്കുന്നതിനും രൂപകൽപന ചെയ്ത ഇത്തരം സംരംഭങ്ങൾ വരും വർഷങ്ങളിൽ ചൈനയുടെ ഇ-സ്കൂട്ടർ വിപണിയുടെ വളർച്ച ഉറപ്പാക്കുമെന്നതിൽ സംശയമില്ല.
അപ്പോഴും ദീർഘദൂര യാത്രകൾക്ക് കൂടെ കൂട്ടാനാവില്ല എന്നതും എല്ലായിടങ്ങളിലും സുലഭമായി ചാർജിങ് സ്റ്റേഷനുകൾ ആയിട്ടില്ല എന്നതും ഇ- സ്കൂട്ടർ വാങ്ങുന്നതിൽനിന്ന് ആൾക്കാരെ അല്പം പിറകോട്ടേക്ക് വലിക്കുന്നുണ്ട്.
ചൈനയുടെ മുഖമുദ്രയാണ് സൈക്കിൾ. ഫൂട്പാത്തിനോട് ചേർന്നുള്ള സൈക്കിൾ ട്രാക്കുകളിൽ എന്നും തിരക്കായിരുന്നു. എന്നാലിപ്പോൾ സൈക്കിൾ സവാരിക്കാരുടെ അത്ര തന്നെ ഇ-സ്കൂട്ടർ സവാരിക്കാരുമുണ്ട് എന്നാണ് തെരുവുകളിലേക്ക് നോക്കുമ്പോൾ ബോധ്യമാവുന്നത്.
ചെറിയൊരു മൂളലോടെ ശരവേഗത്തിൽ ഓടുന്നവയാണ് ഇ- സ്കൂട്ടറുകൾ. ഹെൽമറ്റ് നിർബന്ധമാണ്, ഇല്ലെങ്കിൽ 600 യുവാൻ ആണ് പിഴ. മണിക്കൂറിൽ 25 കിലോമീറ്റർ എന്ന വേഗത നിയന്ത്രണം ലംഘിച്ചാലും വരും പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.