ചിത്താരി പുഴയുടെ തിരിച്ചുവരവും പൊതുഭൂമികളുടെ വീണ്ടെടുപ്പും
text_fieldsചിത്താരി പുഴ സംരക്ഷണത്തിനായുള്ള ജനകീയ ശ്രമം
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്തുകൂടി ഒഴുകുന്ന ചിത്താരി പുഴയുടെ നീളം കഷ്ടി ഇരുപത്തിയഞ്ച് കിലോമീറ്ററാണ്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ നദികളെയും പോലെ അതും വൻ തോതിലുള്ള കയ്യേറ്റവും മാലിന്യ നിക്ഷേപവും കാരണം മരണശയ്യയിലായിരുന്നു. കഴിഞ്ഞ നവംബറിൽ അത് കുറച്ചുദൂരം ഗതിമാറിയുമൊഴുകി. കുറെ വീടുകളും പൊതുസ്ഥലങ്ങളും വഴിമാറിയ പുഴ കൊണ്ടുപോകുമെന്ന സ്ഥിതിവന്നപ്പോൾ നാട്ടുകാർ രംഗത്തിറങ്ങി.
മത്സ്യത്തൊഴിലാളികളും കർഷകരുമെല്ലാം ചേർന്ന് നടത്തുന്ന കൂട്ടായ ശ്രമം വിജയം കണ്ടു. പുഴ പഴയ വഴി ഒഴുകാൻ തുടങ്ങി. മാലിന്യം നീക്കം ചെയ്തും പാഴ്ചെടികളെ നീക്കിയും പുതുജീവൻ പകരുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
പൊതു ഉപയുക്തതയിലുള്ള ഭൂമിയുടെ തിരിച്ചുപിടിക്കലിൽ ശ്രദ്ധേയമായ മാതൃകയാണ് ചിത്താരിപ്പുഴ സംരക്ഷണമെന്ന് പറയാം.കാലാവസ്ഥ മാറ്റത്തിന്‍റെ കെടുതികൾ ഭൂമിയെയും മനുഷ്യരാശിയെയും ഒന്നാകെ ദോഷകരമായി പൊതിയുന്നൊരു കാലമാണിത്. വിഭവങ്ങളുടെയും സ്രോതസ്സുകളുടെയും യുക്തിസഹവും സുസ്ഥിരവുമായ വിനിയോഗവും സംരക്ഷണവും ഈ പ്രശ്നത്തെ നേരിടുന്നതിൽ ഏറെ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെയാണ് പൊതു ഭൂമി' (Land commons) എന്നത് നിർണ്ണായകമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകേണ്ട ഒന്നായി മാറുന്നതും.
ഒരു സമൂഹത്തിലെ എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്യമായതും പങ്കുവെയ്ക്കപ്പെടുന്നതുമായ ഒന്നാണ് പൊതു ഭൂമി.പൊതു ഉടമസ്ഥതയിലുള്ളതെന്ന് പറയാവുന്ന വനങ്ങളും, മേച്ചിൽ സ്ഥലങ്ങളും, കൃഷി ചെയ്യാത്ത ഭൂമിയുമടക്കമുള്ള നിർണ്ണായകമായ ആവാസവ്യവസ്ഥ, പൊതുസേവനങ്ങൾ നൽകുന്ന ഭൂപ്രദേശങ്ങൾ എന്നീ ഭൂമികളും ഇതിലുൾപ്പെടും. കളിസ്ഥലങ്ങൾ, പുഴയോരങ്ങൾ, മൈതാനങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, കാർഷികേതര ഭൂമി എന്നിവയെല്ലാം ഈ പ്രയോഗത്തിന് കീഴിൽ വരും.ഇവയെല്ലാം സുപ്രധാനമായ പാരിസ്ഥിതിക മൂല്യമുള്ളതും ആഗോളതലത്തിൽ ശതകോടിക്കണക്കിന് മനുഷ്യരുടെ ഉപജീവനോപാധിയുമാണ്.
ഇന്ത്യയിലെങ്ങും പൊതു ഭൂമി സംരക്ഷണവും സുസ്ഥിരമായ നിലനിൽപ്പും വിനിയോഗവും വലിയ തോതിലുള്ള വെല്ലുവിളി നേരിടുന്നുണ്ട്. കൈയേറ്റങ്ങളും അന്യാധീനപ്പെടുത്തലുമെല്ലാം അവയുടെ നിലനിൽപ്പിനെ അപകടത്തിലാക്കുന്നു. ഈ ഒരു പശ്ചാത്തലത്തിൽ പൊതുഭൂമികൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ കോമണ്‍സ് കണ്‍വീനിംഗ് എന്ന പേരിൽ ദേശീയ തലത്തിൽ ഒരു പ്രചാരണ പരിപാടിക്ക് തന്നെ കഴിഞ്ഞ വര്ഷം തുടക്കമിട്ടിരുന്നു. കേരളമടക്കം 20 സംസ്ഥാനങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കൾ, വിദ്യാഭ്യാസ പണ്ഡിതർ, പൗര സമൂഹ സംഘടനകൾ, മാധ്യമ പ്രവർത്തകർ, വ്യാപാര സമൂഹത്തിൽ നിന്നുള്ളവർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ തട്ടിലുള്ള ആളുകളെ ഒന്നിച്ചുചേർത്തുകൊണ്ടുള്ള പ്രചാരണങ്ങളാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
പരിസ്ഥിതിയുമായുള്ള പാരസ്പര്യത്തിലൂന്നിയ മനുഷ്യരുടെ സാമൂഹികജീവിതത്തിൽ പൊതുഭൂമി വഹിക്കുന്ന പങ്കിന്‍റെ പ്രകടമായ സാക്ഷ്യങ്ങൾ നമുക്ക് ചുറ്റും നിരവധിയുണ്ട്.ഇവയുടെ സാമ്പത്തിക മൂല്യം കണക്കാക്കുക എന്നത് എളുപ്പമല്ല.ഒരുപാട് മനുഷ്യർക്ക് ഇന്ധനം, കാലിത്തീറ്റ, വെള്ളം എന്നീ അവശ്യവിഭവങ്ങൾ നൽകിക്കൊണ്ട് പൊതുഭൂമി, ഗ്രാമീണ കുടുംബങ്ങളുടെ വലിയ വരുമാന സ്രോതസ്സായി നിലനില്‍ക്കുന്നു.
ഇന്ത്യയിൽ ഈ വിഭവസ്രോതസ്സുകൾ അവയുടെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥാ സേവനങ്ങളാൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും പരിസ്ഥിതിയിലും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.രാജ്യത്ത് ഇത്തരത്തിൽ 66.5 ദശലക്ഷം ഹെക്ടർ ഭൂമിയുണ്ടെന്നാണ് കണക്കുകള്‍.ഇതിൽ നിന്നുള്ള വാർഷിക വരുമാനം ഏതാണ്ട് 6,64,056 കോടി രൂപയോളം വരും. പക്ഷേ,ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്‍റെ കാൽഭാഗം വരുന്ന (205 ദശലക്ഷം ഏക്കർ) പൊതുഭൂമി പ്രതിവർഷം നാല് ശതമാനം എന്ന കണക്കിൽ നഷ്ടപ്പെടുകയോ ശോഷിക്കുകയോ ചെയ്യുന്നു.
ചൂഷണം, കയ്യേറ്റം, വേണ്ട രീതിയിലുള്ള മേൽനോട്ടമില്ലായ്മ എന്നിയെല്ലാം അതീവമൂല്യമുള്ള ആവാസവ്യവസ്ഥ യെ അപായപ്പെടുത്തുന്നതിനൊപ്പം ഈ വിഭവസ്രോതസ്സുകളെ ആശ്രയിച്ചു കഴിയുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഉപജീവന മാർഗങ്ങളെ ദോഷകരമായി ബാധിക്കുന്നുമുണ്ട്. പൊതുഭൂമിയുടെ ശോഷണം ജൈവവൈവിധ്യ ശോഷണത്തിനും വലിയ അളവിലുള്ള മണ്ണൊലിപ്പിനും ജല ഗുണനിലവാരം താഴുന്നതിനുമൊക്കെ കാരണമാവുന്നു.
പ്രാദേശിക സമൂഹ പങ്കാളിത്തത്തോടെ പൊതു ഭൂമിയുടെ സംരക്ഷണവും വിനിയോഗവും ശക്തിപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യണം. ഇതിന് വേണ്ടി പ്രാദേശിക ജനസമൂഹത്തെ ഇത്തരത്തില്‍ സാധ്യമായ അറിവും അനുബന്ധ സാമഗ്രികളും കൊണ്ട് ശാക്തീകരിക്കുകയും വേണം.ശക്തമായ നിയമ, സ്ഥാപന പരിഷ്ക്കരണങ്ങളും ഒപ്പം നടത്തേണ്ടതുണ്ട്.
ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ ഉപജീവന മാർഗങ്ങൾ പൊതുവിഭവങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ ഗോത്ര ജനതയുടെ അതിജീവനം 40-60 % വരുമാനവും വന വിഭവങ്ങളിൽ നിന്നാണ്. അതിലേറെയും ശേഖരിക്കുന്നത് സ്ത്രീകളാണ്.
ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക വളർച്ചയുടെയും നിലനില്പിന്‍റെയും അവിഭാജ്യ ഘടകമാണ് പൊതുവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗവും അതിന്‍റെ ഉടമസ്ഥതയും അതിന്മേലുള്ള പ്രാദേശിക ജനസമൂഹങ്ങളുടെ അധികാരവും എന്നത്. കാലാവസ്‌ഥ മാറ്റമടക്കമുള്ള വലിയ പ്രതിസന്ധികളെ നാം നേരിടുന്ന കാലത്ത് പൊതുവിഭവങ്ങളുടെ സൂക്ഷ്മവും കാര്യക്ഷമവുമായ വിനിയോഗം എന്നത് ഒഴിച്ചുകൂടാനാകാത്ത ഒരു ചുമതലയും ദൗത്യവും കൂടിയാണ്. അത് മുന്നോട്ടുവെക്കുന്ന പാരിസ്ഥിതിക മൂല്യങ്ങളുടെയും സാമൂഹികനീതിയുടെയും പ്രമേയങ്ങളെ ഇനിയും അവഗണിക്കാനാകില്ലെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.