കശ്മീർ തടങ്കലിൽ; വടക്കു കിഴക്ക് തീ
text_fieldsന്യൂഡൽഹി: വീണ്ടും അധികാരത്തിൽ വന്ന് ആറു മാസത്തിനകം നിഷ്കരുണം വിഭജനത്തിെൻറ രണ്ടാമത്തെ കാര്യപരിപാടിയും പാർലമെൻറിൽ പൂർത്തിയാക്കി മോദിസർക്കാർ. പ്രതിപക്ഷ ശബ്ദങ്ങൾക്കും പൊതുവികാരത്തിനും വിലകൽപിക്കാതെ അജണ്ട മുന്നോട്ടു നീക്കുേമ്പാൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തീയാളുന്നു. പട്ടാള ബൂട്ടുകളുടെ ഒച്ചക്ക് കനം കൂടുന്നു. ആദ്യ പാർലമെൻറ് സമ്മേളനത്തിൽ പ്രത്യേക പദവി എടുത്തു കളഞ്ഞ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ജമ്മു-കശ്മീർ ഇന്നും കരുതൽ തടങ്കലിലാണ്.
വലിയ ആശങ്കകളിലേക്ക് രാജ്യത്തെ തള്ളിവിട്ടാണ് മോദിസർക്കാർ അധികാരത്തിൽ വന്നശേഷമുള്ള രണ്ടാമത്തെ പാർലമെൻറ് സമ്മേളനം വെള്ളിയാഴ്ച അവസാനിക്കുന്നത്. വർഗീയ ധ്രുവീകരണം ആയുധമാക്കിയ ഭരണകക്ഷിക്കു മുന്നിൽ ഏതാനും പ്രാദേശിക കക്ഷികൾ കാണിച്ച വിധേയത്വമാണ് പൗരത്വ നിയമഭേദഗതി ബില്ലിനെ നേരിയ വോട്ടുവ്യത്യാസത്തിൽ രാജ്യസഭ കടക്കാൻ സമ്മതിച്ചത്. സുപ്രീംകോടതിയിൽ ഈ നിയമനിർമാണം ചോദ്യം ചെയ്യപ്പെടുമെന്നു വ്യക്തം. എന്നാൽ, അതിനെല്ലാമിടയിൽ രാഷ്ട്രീയമായി തങ്ങളുടെ സന്ദേശം ഹിന്ദുത്വ ‘അഭിമാന’മായി ബഹുഭൂരിപക്ഷത്തിലേക്ക് കൈമാറാനാണ് ബി.ജെ.പിയും സർക്കാറും ശ്രമിക്കുന്നത്.
ജമ്മു-കശ്മീരിനെ വികസനത്തിലേക്കും ദേശീയ മുഖ്യധാരയിലേക്കും നയിക്കാനെന്ന പേരിൽ നടത്തിയ വിഭജനം വഴി സർക്കാരോ അന്നാട്ടുകാരോ ഒന്നും നേടിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സാഹചര്യങ്ങൾ. നാലു മാസത്തോളമായി പൂട്ടിയിട്ട അവസ്ഥയാണ് ഒരു സംസ്ഥാനം നേരിടുന്നത്. കരുതൽ തടങ്കലിലാക്കിയ മൂന്നു മുൻമുഖ്യമന്ത്രിമാർ അടക്കമുള്ളവരെ എത്ര കാലത്തിനു ശേഷമാണ് സ്വതന്ത്രരാക്കുന്നതെന്ന കാര്യം ഇപ്പോഴും അവ്യക്തം.
കാവിയിൽ മുങ്ങി അവർ
ഈ ബില്ലിനോടുള്ള വിവിധ പ്രാദേശിക കക്ഷികളുടെ നിലപാട് ബി.ജെ.പിയോടുള്ള ചായ്വും വിധേയത്വവും ഒരുപോലെ വ്യക്തമാക്കുന്നതാണ്. ബിഹാറിലെ ജനതാദൾ-യു നേതാവ് നിതീഷ്കുമാർ മുസ്ലിം വിശ്വാസം കൂടി നേടി അധികാരത്തിൽ വന്ന മുഖ്യമന്ത്രിയാണ്. ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ്, ഒഡിഷയിലെ ബി.ജെ.ഡി, തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ തുടങ്ങി വിവിധ പ്രദേശിക പാർട്ടികൾ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കാവിയുടുക്കുന്നതിെൻറ ചിത്രം കൂടിയാണ് വ്യക്തമാവുന്നത്.
നിങ്ങൾ രണ്ടാംതരക്കാർ
കുടിയേറിയവരും അല്ലാത്തവരുമായ രാജ്യത്തെ മുസ്ലിംകളെ വലിയ ഭയപ്പാടിലേക്ക് തള്ളിവിട്ടാണ് പൗരത്വ നിയമഭേദഗതി ബിൽ പാസാക്കിയത്. കുടിയേറിയ മുസ്ലിംഇതര ന്യൂനപക്ഷങ്ങൾക്കു മാത്രം ബാധകമായ ബില്ലാണെന്ന് സർക്കാർ അവകാശപ്പെടുെന്നങ്കിലും, ഇന്ത്യൻ പൗരനെന്നു തെളിയിക്കാൻ രേഖകളുമായി പല പടികളും കയറേണ്ട ഗതികേടിലേക്ക് മുസ്ലിംകളെ തള്ളിവിടാൻ ഭരണകൂടത്തിന് സാധിക്കും. ദേശീയ പൗരത്വ രജിസ്റ്റർ ദേശവ്യാപകമായി നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനവും അക്കാര്യമാണ് വ്യക്തമാക്കുന്നത്.
അതിനെക്കാളുപരി, രാജ്യത്ത് രണ്ടാംതരക്കാരനായി മാറുന്നതിെൻറ അഭിമാനക്ഷതം കൂടിയാണ് ഏറ്റവും വലിയ ന്യൂനപക്ഷ സമുദായം ഏറ്റുവാങ്ങുന്നത്. സാമ്പത്തിക മാന്ദ്യത്തിെൻറ തീവ്രത മറച്ചു പിടിച്ച് ഭരണം മുന്നോട്ടു നീക്കാൻ മോദിസർക്കാർ ന്യൂനപക്ഷവിരുദ്ധ ഹിന്ദുത്വ വികാരം ആളിക്കുേമ്പാൾ, ശക്തമായ ചെറുത്തുനിൽപ് പാർലമെൻറിൽ കാണിക്കാൻ വിവിധ പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടു വന്നത് ശ്രദ്ധേയമാണ്. എന്നാൽ, രാജ്യത്തിെൻറ യഥാർഥ വിഷയങ്ങൾ മറച്ചു കളയുന്ന വർഗീയ രാഷ്ട്രീയത്തിനു മുന്നിൽ പ്രതിപക്ഷം അന്ധാളിച്ചു തന്നെ നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.