Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅടയ്ക്കണം പിൻവാതിലുകൾ,...

അടയ്ക്കണം പിൻവാതിലുകൾ, തുറക്കണം മുൻവാതിലുകൾ

text_fields
bookmark_border
അടയ്ക്കണം പിൻവാതിലുകൾ, തുറക്കണം മുൻവാതിലുകൾ
cancel

ഏതൊരാളും കാംക്ഷിക്കുന്നത് സർക്കാർ ജോലി തന്നെയാണ്. അതിന്‍റെ തെളിവാണ് നമ്മുടെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം, പി.എസ്.സിയുടെ ഓരോ വിജ്ഞാപനത്തിലേക്കും അപേക്ഷകരുടെ എണ്ണം. സർക്കാർ സംവിധാനത്തിലെ തൊഴിൽ സാധ്യതകളിൽ കുറച്ചെങ്കിലും പൊതുസമൂഹത്തിന് ലഭ്യമാകാതെ സ്വാധീനമുള്ളവരിലേക്ക് പോകുന്നുവെന്ന ഗുരുതരസ്ഥിതി കാണാതിരിക്കാനാകില്ല.

ഭരണപാർട്ടിയുടെ ലിസ്റ്റ് പ്രകാരം നടക്കുന്ന നിയമനമായാലും പണം കൊടുത്ത നിയമനമായാലും. ഈ സാധ്യത തൊഴിൽ തട്ടിപ്പ് സംഘങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് അടിവരയിടുന്നതാണ് പൊതുമേഖ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയത്തിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകഥകൾ. ഒരു കണക്ക് ആദ്യം തന്നെ പറയാം.

സംസ്ഥാനത്ത് 38.33 ലക്ഷം തൊഴിലന്വേഷകർ

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ 2021 ലെ കണക്കു പ്രകാരം 38.33 ലക്ഷം (3833086) തൊഴിലന്വേഷകരാണ് സംസ്ഥാനത്ത്. ഇതിൽ 2416953 സ്ത്രീകൾ. 1416133 പുരുഷന്മാർ. പ്രഫഷണൽ -സാങ്കേതിക യോഗ്യത നേടിയവർ 290011 പേർ. മറ്റുള്ളവർ 35,43.075. ഇക്കൂട്ടത്തിൽ 1103 ഡോക്ടർമാരുണ്ട്. 56,540 എൻജിനീയർമാരുണ്ട്. 43,081 എൻജിനീയറിങ് ഡിപ്ലോമക്കാരുണ്ട്. ഐ.ടി.ഐ സർട്ടിഫിക്കറ്റ് നേടിയവർ 66,916. കാർഷിക ബിരുദധാരികൾ 1533. വെറ്ററിനറി ഡോക്ടർമാർ 856. മറ്റു പ്രഫഷനൽ യോഗ്യതയുള്ളവർ 10,99,84 പേരും.

പത്താം ക്ലാസിൽ താഴെ യോഗ്യതയുള്ളവർ 2,46,930 പേരാണ്. എസ്.എസ്.എൽ.സി മാത്രമുള്ളവർ 18,10,753 പേർ. ഹയർസെക്കൻഡറി മാത്രമുള്ളവർ 13,77,799 പേർ. ബിരുദ ധാരികൾ 4,47,567 പേർ. ബിരുദാനന്തര ബിരുദധാരികൾ 1,46,825 പേർ. ആകെ നോക്കിയാൽ ഈ ഗണത്തിൽ 38.33 ലക്ഷം പേരാണ് (38,33,088 ) തൊഴിൽ അന്വേഷിക്കുന്നത്. ഇത്രയും പേർ തൊഴിൽ തേടുന്ന, അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർ കൂടുതലുള്ള ഒരു സംസ്ഥാനത്ത് ലഭ്യമായ തൊഴിൽ സാധ്യതകൾ പണം കൊടുത്തു നേടാൻ ശ്രമിക്കുന്നതും ഉന്നതർ തട്ടിപ്പിൽ ഉൾപ്പെടുന്നതും അത്ര നിസ്സാരമല്ല.

പുറത്തുവന്നത് 15 കോടിയുടെ തട്ടിപ്പ്

പ്രഫഷനലായി പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ ടൈറ്റാനിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു സംഘം തട്ടിയെടുത്ത തുക 15 കോടി കവിയും. ഇവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ഉദ്യോഗാർഥികളുടെ ഇന്‍റർവ്യൂ നടന്നത് ടൈറ്റാനിയം കമ്പനിയിൽ െവച്ച്. വലിയ സുരക്ഷ സംവിധാനവും കർശന പരിശോധനയുമുള്ള കമ്പനി. ഇവിടത്തെ ലീഗൽ ഡി.ജി.എം ശശി കുമാരൻ തമ്പിയുടെ ഓഫിസിൽെവച്ചാണ് ഭൂരിഭാഗം പേരുടെയും ഇന്‍റർവ്യൂ നടന്നത്. ഒരാളെ ഇന്‍റർവ്യൂ ചെയ്തത് മാനേജിങ് ഡയറക്ടർ തന്നെയെന്നാണ് വെളിപ്പെടുത്തൽ.

ഇടനില ചെയ്ത സി.ഐ.ടി.യു നേതാവിനെതിരെയും കേസ് വന്നിട്ടുണ്ട്. തട്ടിപ്പുകാർ ഈ സർക്കാർ സ്ഥാപനത്തിനകത്ത് വന്ന് ഇന്‍റർവ്യൂ നടത്തിയത് ആദ്യമായിരിക്കില്ല. കമ്പനിയിലും പുറത്തുമുള്ള പലരും ഒത്താശ ചെയ്തിട്ടുണ്ട്. ജോലിക്കായി ഒരാളിൽനിന്ന് വാങ്ങിയത് 12 മുതൽ 20 ലക്ഷം രൂപ വരെ. കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുന്നു. ഇടനിലക്കാരി ദിവ്യ നായരുടെ വാക്കുകളെടുത്താൽ 31 പേരെയാണ് അവർ ടൈറ്റാനിയത്തിലെത്തിച്ചത്.

75,000 രൂപയോളം ശമ്പളം കിട്ടുമെന്നായിരുന്നു വിശ്വസിപ്പിച്ചിരുന്നത്. കെമിസ്റ്റ്, ജൂനിയർ അസിസ്റ്റന്‍റ്, ഡ്രൈവർ, ജൂനിയർ എൻജിനീയർ, പ്ലംബർ, വർക്ക് അസിസ്റ്റന്‍റ് തുടങ്ങിയ തസ്തികകളിലേക്കായിരുന്നു വാഗ്ദാനം. ഇടനിലക്കാരി അറസ്റ്റിലായെങ്കിലും വമ്പൻമാർ ഇപ്പോഴും പുറത്ത് തന്നെ.ടൈറ്റാനിയത്തിൽ അടുത്തിടെ നടന്നത് 125 ഓളം നിയമനങ്ങളാണ്. ഇതിൽ ഈ തട്ടിപ്പ് സംഘം വഴി കയറിയവർ ഉണ്ടോ എന്ന് ഒരു വ്യക്തയുമില്ല. വലിയ തട്ടിപ്പിന്‍റെ ഒരറ്റം മാത്രമാണ് പുറത്തുവന്നത്.

തിരുകിക്കയറ്റൽ ഒറ്റപ്പെട്ടതല്ല

അരക്കോടിയിലേറെ വരുന്ന കേരളത്തിലെ തൊഴിലന്വേഷകരെ ഞെട്ടിച്ച ഈ സംഭവം കേരളത്തിൽ ഒറ്റപ്പെട്ട ഒന്നാണെന്ന് കാണാനേ കഴിയില്ല. രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് സർവിസ് കമീഷനുള്ള, ഏതു മേഖലയിലേക്കും ആളെ നൽകാൻ പ്രഫഷനൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സ്ഥാപിച്ച കേരളത്തിൽ അവയെ നോക്കുകുത്തിയായി ഊടുവഴികൾ വഴി ചിലർ സർവിസിലേക്ക് കടന്നുകയറുന്നുവെന്ന് വ്യക്തമാവുകയാണ്. തിരുവനന്തപുരത്തെ തന്നെ മേയറുടെ പേരിൽ ഉദ്യോഗാർഥികളെ നൽകാൻ കത്ത് പോയത് ഭരണപാർട്ടിയുടെ ജില്ല സെക്രട്ടറിക്കാണ്.

ഒഴിവുകൾ 295. നഗരസഭയിലെ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഇതേ ജില്ല സെക്രട്ടറിക്ക് നൽകിയ കത്തിൽ ഒമ്പതുപേരെ നൽകാനാണ് ആവശ്യപ്പെട്ടത്. കത്തുകൾ പുറത്ത് വന്നിരുന്നില്ലെങ്കിൽ അവർ ഇപ്പോൾ അതത് സ്ഥാപനങ്ങളിൽ എത്തിയേനെ. തലസ്ഥാനത്തെ ഒരു മർക്കന്‍റയിൽ ബാങ്കിൽ നിയമനത്തിന് ജില്ല സെക്രട്ടറി മൂന്നു പേരെ നിയമിക്കാനുള്ള കത്ത് നൽകി. അവരെ നിയമിച്ചു. മെഡിക്കൽ കോളജിലെ എസ്.എ.ടി ആശുപത്രിയിൽ ലോക്കൽ സെക്രട്ടറി സ്വന്തം ബന്ധുക്കളെ കൂട്ടത്തിൽ നിയമിച്ചുവെന്ന് കണ്ടെത്തി.

തട്ടിപ്പ് കേസിലെ വിവാദ നായികയായ പ്രതി പണംവാങ്ങി നിയമന ഉത്തരവു തന്നെ നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. കേസ് ഒത്തുതീർന്നു. സർക്കാർ സ്ഥാപനത്തിലെ നിയമന ഉത്തരവ് എങ്ങനെ നൽകിയെന്ന ചോദ്യം പോലും ആരും ഉയർത്തുന്നില്ല. നിയമനം നടക്കുന്ന ഊടുവഴികൾ പലതുണ്ട്. ഒരു നഗരസഭയിൽ നിയമനത്തിന് ആളെ നൽകാൻ പാർട്ടി സെക്രട്ടറിക്ക് എന്ത് അധികാരം? കേരളത്തിലെ പി.എസ്.സിക്ക് പുറമെ നടക്കുന്ന നിയമനങ്ങളുടെ സ്വാധീന വഴിയാണ് വ്യക്തമാക്കുന്നത്.

എന്തുകൊണ്ട് പൊതുമേഖല നിയമനങ്ങൾ പി.എസ്.സിയിലെത്തുന്നില്ല

കേരളത്തിലെ ഏറക്കുറെ പൊതുമേഖല സ്ഥാപനങ്ങളുടെയും നിയമനങ്ങൾ പി.എസ്.സിയെ ഏൽപിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ, ചുരുക്കം ചില സ്ഥാപനങ്ങളിലെ നിയമനം മാത്രമേ പൂർണമായി പി.എസ്.സി വഴി നടക്കുന്നുള്ളൂ. ബാക്കിയെല്ലാം നിയമത്തിന്‍റെ നൂലാമാലകൾ ഉപയോഗപ്പെടുത്തി ഇഷ്ടക്കാരെ നിയമിക്കുന്നു. മാറിമാറി വരുന്ന സർക്കാറുകൾക്ക് പൊതുമേഖല പൂർണമായി പി.എസ്.സിക്ക് വിടുന്നതിന് താൽപര്യമേയില്ല. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനവും അത്ര മെച്ചമൊന്നുമല്ല. അവിടെ നിന്ന് ലിസ്റ്റ് വാങ്ങിയാലും ഇന്‍റർവ്യൂ നടക്കുമ്പോൾ ഇഷ്ടക്കാരാണ് കയറുന്നത്. എങ്കിലും ഒരു ലിസ്റ്റുണ്ട്.

ഒരു സ്ഥാപനത്തിലെ നിയമനം പി.എസ്.സിക്ക് വിട്ടാൽ അതിന്‍റെ സ്പെഷൽ റൂൾസ് തയാറാക്കി സ്ഥാപനവും സർക്കാരും പി.എസ്.സിയും അംഗീകരിച്ച് വിജ്ഞാപനം ചെയ്യണം. അത് ചെയ്യില്ല. നിയമസഭ സമിതി ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിരുന്നു. എന്നിട്ടും നടന്നില്ല. നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിലെ വിശേഷാൽ ചട്ടങ്ങൾ അടിയന്തരമായി രൂപവത്കരിക്കാൻ ഭരണ വകുപ്പുകൾക്ക് നിർദേശം നൽകിയെന്ന പതിവ് മറുപടിയാണ് സർക്കാറിന്.

എല്ലാ പൊതുമേഖല സ്ഥാപനങ്ങളുടെയും നിയമനം പി.എസ്.സിക്ക് വിട്ടാൽ നിയമനത്തിന് ഒരു പ്രയാസവുമുണ്ടാകില്ല. താൽക്കാലിക്കാരെ എംപ്ലോയ്മെന്‍റ് എകസ്ചേഞ്ച് വഴിയുമാകാം. പക്ഷേ, എല്ലാ സ്ഥാപനവും താൽക്കാലിക നിയമനമെന്ന പേരിൽ ആളെ നിയമിക്കുന്നു. പത്തു വർഷം കഴിയുമ്പോൾ സ്ഥിരപ്പെടുത്തുന്നു. സമീപ കാലത്ത് മാത്രം ടൈറ്റാനിയത്തിൽ 120 പേരെയാണ് നിയമിച്ചത്. അതിൽ 90 പേർ ഓപറേറ്റർ തസ്തികയിലാണ് നിയമനം നേടിയത്.

സർക്കാർ സർവിസിലെത്ര താൽക്കാലികക്കാർ?

സർക്കാർ സർവിസിലും ലക്ഷക്കണക്കിന് പേരാണ് താൽക്കാലികമായി ദിവസവേതനക്കാരായോ കരാറുകാരായോ ജോലി ചെയ്യുന്നത്. ഇവരിലേറെയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി വന്നവരല്ല. മൂന്നു ലക്ഷത്തിലേറെ പേർ ഇങ്ങനെ പ്രവർത്തിക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ, താൽക്കാലികക്കാരുടെ കണക്ക് ക്രോഡീകരിച്ചിട്ടില്ലെന്ന മറുപടിയാണ് നിയമസഭയിൽ മുഖ്യമന്ത്രി തന്നെ പറയുന്നത്.

ചില പുത്തൻതലമുറ സ്ഥാപനങ്ങൾ വഴിയാണ് പലരെയും കരാർ പ്രകാരം നിയമിക്കുന്നത്. അതിൽ മുന്നിൽ സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് (സി.എം.ഡി) ആണ്. പൊതുമേഖല -സർക്കാർ ഇതര സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ച് അവർ റാങ്ക് ലിസ്റ്റ് തയാറാക്കി കൊടുക്കും. അടുത്തിടെ പുറത്ത് വന്ന കണക്ക് പ്രകാരം വൻ തുകയാണ് ഇവർക്ക് ഫീസിനത്തിൽ നൽകിയത്.

താൽക്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി മതി

ഏത് തസ്തികയിലേക്കും ആളെ നൽകാൻ നിലവിൽ സർക്കാർ സംവിധാനമുണ്ട്. സ്ഥിരമാണെങ്കിൽ പി.എസ്.സി വഴിയും താൽക്കാലികമാണെങ്കിൽ എപ്ലോയ്മെന്‍റ് വഴിയും. എസ്.എസ്.എൽ.സി പാസാകാത്തവർ മുതൽ പി.ജിക്കാർ വരെയും പ്രഫഷനലുകളും ഡോക്ടർമാരും എൻജിനീയർമാരും ജോലിക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചാണ് നമ്മുടേത്.

അതൊന്നും ഉപയോഗിക്കാതെ എല്ലാം പിൻവാതിൽ വഴി നടത്തുകയും ആ വാതിൽ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുകയും തട്ടിപ്പുകാരുടെ ആളുകൾ കൂടി കടന്നുകൂടുകയും ചെയ്യുന്നത് കേരളത്തിന് ഭൂഷണമല്ല. ഇഷ്ടക്കാരെ കയറ്റാനല്ലെങ്കിൽ എന്തിന് പിൻവാതിൽ തുറന്നുവെക്കുന്നു? പി.എസ്.സിയും എംപ്ലോയ്മെന്‍റും മുൻവാതിലായി നിലനിർത്തി എല്ലാ പിൻവാതിലുകളും സർക്കാർ അടച്ചുപൂട്ടണം. നിയമപ്രശ്നങ്ങളുണ്ടെങ്കിൽ പുതിയ നിയമം കൊണ്ടുവരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentback door hiring
News Summary - Close the back doors, open the front doors
Next Story