തീരത്തെ തകർക്കുന്ന കരിമണൽക്കൊള്ള
text_fieldsകരിമണൽ വ്യാപാരിയുടെ മാസപ്പടി അടുത്തകാലത്ത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു, ഭരണ-പ്രതിപക്ഷ നേതാക്കൾ അതേച്ചൊല്ലി പരസ്പരം ആരോപണങ്ങൾ വാരിവിതറി. അപ്പോഴും കരിമണൽ ഖനനം കേരളത്തിൽ വരുത്തിവെക്കുന്ന ദോഷത്തെക്കുറിച്ച് ആരും പറഞ്ഞില്ല. ആരോപണമുയർത്തി എതിർപക്ഷ നേതാക്കളെ മുൾമുനയിൽ നിർത്താനല്ലാതെ ഇതുമൂലം മരണമുനമ്പിലായ തീരത്തെയോ അവിടത്തെ ജനങ്ങളെയോ സംബന്ധിച്ച് ഒരു പാർട്ടിക്കും നേതാക്കൾക്കുമില്ല സങ്കടം.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളെ അത്യന്തം അപകടകരമായ സ്ഥിതിയിലാക്കിയതിൽ ശാസ്ത്രീയ പഠനമില്ലാതെ അഴിമുഖത്ത് നടത്തുന്ന മണൽവാരൽ വഹിച്ച പങ്ക് വളരെ വലുതാണ്. മുന്നറിയിപ്പുകളൊന്നും വകവെക്കാതെയാണ് ആലപ്പാട്ടെ ഖനനം. ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 89 ചതുരശ്ര കിലോമീറ്റർ ആയിരുന്നത് ഇപ്പോൾ വല്ലാതെ കുറഞ്ഞു. ഖനനം നടന്ന പ്രദേശം മുഴുവൻ കടലായി. കടലിനും കായലിനും ഇടക്കുള്ള വാലുപോലെയായി ഈ പഞ്ചായത്ത്.
ആലപ്പുഴ പുറക്കാട് പഞ്ചായത്തിൽപ്പെട്ട തോട്ടപ്പള്ളിയിൽ വർഷങ്ങളായി സ്വകാര്യ കമ്പനികൾ കരിമണൽ ഖനനം നടത്തുന്നു. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്ന് മോചിപ്പിക്കാനെന്ന പേരിലാണ് തോട്ടപ്പള്ളിയിലെ ഖനനം. അതിന്റെ മറവിൽ ലക്ഷക്കണക്കിന് ഘനമീറ്റർ മണൽ നീക്കം ചെയ്തുകഴിഞ്ഞു.
തീരസംരക്ഷണത്തിനായി തോട്ടപ്പള്ളി പൊഴിമുഖത്തിനുചേർന്ന് ആയിരക്കണക്കിന് കാറ്റാടി മരങ്ങളാണ് നട്ടിരുന്നത്. പൊഴിമുഖത്തിന് വീതികൂട്ടുകയെന്ന വ്യാജേന കരിമണൽ ലോബിക്ക് സഞ്ചാരപാത ഒരുക്കാൻ ഈ മരങ്ങൾ വെട്ടിമാറ്റിയപ്പോൾ തീരശോഷണം ശക്തമായി. കണ്ടലും കാറ്റാടിയും നട്ടുള്ള പ്രകൃതിദത്ത തീരസംരക്ഷണത്തോടുള്ള സർക്കാറിന്റെ നിസ്സഹകരണം കൂടിയാണ് ഇത് തെളിയിക്കുന്നത്. ആലപ്പുഴ ജില്ലയിൽ പെരുമ്പള്ളി, ആറാട്ടുപുഴ എം.ഇ.എസ് ജങ്ഷൻ, വട്ടച്ചാൽ, രാമഞ്ചേരി തുടങ്ങിയയിടങ്ങളിലെല്ലാം തീരം അനുദിനം ഇല്ലാതാവുകയാണ്.
സ്വാഭാവിക തീരമാണ് പരിഹാരം
കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള പല കാരണങ്ങളാലാണ് തീരമില്ലാതാവുന്നത്. അശാസ്ത്രീയ നിർമാണങ്ങളും കൃത്യമായ ആസൂത്രണമില്ലാത്തതും തീരശോഷണത്തിന് വേഗത കൂട്ടി. കടലിനെ വെറുതെ വിടുക, ഒരു നിർമാണവും വേണ്ട തുടങ്ങിയ വാദങ്ങളും ശക്തം. എങ്കിലും സ്വാഭാവിക തീരമാണ് പ്രതിവിധിയെന്ന് പല പഠനങ്ങളും അടിവരയിടുന്നുണ്ട്. തീരത്തെ 50 മീറ്ററിനുള്ളിലെ എല്ലാവരെയും മാറ്റിപ്പാർപ്പിക്കുകയെന്നതാണ് പ്രധാന നിർദേശം. എല്ലാ വർഷവും കടൽ ഭിത്തി കെട്ടുന്നതിനേക്കാൾ കുറവാണ് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഈ ചെലവ്.
തീരത്ത് മണ്ണടിയുന്നത് തടയുകയല്ലാതെ മണ്ണൊലിപ്പ് തടയുന്നില്ലെന്നാണ് കടൽഭിത്തിക്കെതിരായ പ്രധാന പരാതി. വേലിയേറ്റ സമയത്ത് കടൽഭിത്തിയിൽ അടിച്ചശേഷം കടലിലേക്ക് മടങ്ങുന്ന തിരയുടെ ശക്തി ഭിത്തികളില്ലാത്ത ഭാഗത്തേതിനേക്കാൾ കൂടുതലാണ്. ഇതാണ് ഭിത്തിയുള്ള ഭാഗത്ത് മണ്ണൊലിപ്പ് കൂടാൻ കാരണം. ഒരുലക്ഷത്തിലധികം അനധികൃത നിർമാണം കേരള തീരത്തുണ്ടെന്നാണ് കണക്ക്.
കേരള സർവകലാശാലയിലെ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ ഡോ. എ. ബിജുകുമാർ, തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ ഹെൽത്ത് സയൻസസ് തീരപഠന വിഭാഗത്തിലെ റിട്ട. ചീഫ് സയന്റിസ്റ്റ് ഡോ. കെ.വി. തോമസ്, ഡോ. അജയകുമാർ വർമ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിലും കടൽഭിത്തി തീരശോഷണത്തിനുള്ള ശാശ്വത പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
തീരത്തേക്ക് പുഴകൾവഴി വന്ന മണലിന്റെ ലഭ്യത കുറഞ്ഞതും കണ്ടൽക്കാടുകളുടെ വ്യാപക നാശവും പുഴകളുടെയും കായലുകളുടെയും തീരത്തുണ്ടായ മാറ്റവും ആലപ്പാട് മേഖലയിലെ കരിമണൽ ഖനനവും അഴിമുഖത്തെ മണൽവാരലും തീരശോഷണം വേഗത്തിലാക്കുന്നു.
50 മീറ്റർ തീരം കടലിനുതന്നെ വിട്ടുനൽകുക, ഓരോ പ്രദേശത്തിന്റെയും പാരിസ്ഥിതിക സ്ഥിതിയറിഞ്ഞ് പദ്ധതികൾ നടപ്പാക്കുക, നിലവിലെ പുലിമുട്ടുകൾ തീരശോഷണം ശക്തമാക്കിയെന്ന യാഥാർഥ്യം ഉൾക്കൊണ്ട് മെച്ചപ്പെട്ട രീതി തുടരുക, മണൽത്തിട്ടകളും കണ്ടൽക്കാടുകളും പോലുള്ള പ്രകൃതിദത്ത കവചങ്ങൾ പുനഃസ്ഥാപിക്കുക, തീര സംരക്ഷണം നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏകോപന സമിതിയുണ്ടാക്കുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ട് തീരസംരക്ഷണത്തിന് മുന്നോട്ടുവെക്കുന്നത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.