തീരദേശ ഹൈവേ; മത്സ്യത്തൊഴിലാളി സമൂഹം വംശഹത്യ നിഴലിൽ
text_fieldsഒമ്പതു ജില്ലകളിലൂടെ കടന്നുപോകുന്ന, 623 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശ ഹൈവേ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ, വിശദ പദ്ധതി രേഖ വെളിപ്പെടുത്താതെ, പഠനങ്ങളോ ചർച്ചകളോ ഇല്ലാതെ നടപ്പാക്കുന്ന പദ്ധതി കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാക്കുമെന്ന ആശങ്ക മുന്നോട്ടുവെക്കുന്നുആക്ടിവിസ്റ്റും തീരഭൂ സംരക്ഷണ വേദി ചെയർപേഴ്സനുമായ മാഗ്ലിൻ ഫിലോമിന
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തീരദേശ ഹൈവേക്കുവേണ്ടി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. സ്ഥലം ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ, പൊലീസ് സഹായത്തോടെ അനധികൃതമായി വീടുകളിൽ പ്രവേശിച്ചാണ് റവന്യൂ വകുപ്പ് അധികൃതർ പിങ്ക് കല്ലുകൾ നാട്ടുന്നത്. വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) പ്രസിദ്ധീകരിക്കാതെയും ജനങ്ങൾക്കിടയിൽ വിശദീകരിക്കാതെയും ജനപ്രതിനിധികളോടുപോലും കാര്യങ്ങൾ മറച്ചുെവച്ചുമാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. വിവരാവകാശ അപേക്ഷകൾക്കും ജനപ്രതിനിധികൾ നടത്തുന്ന അന്വേഷണങ്ങൾക്കും ഡി.പി.ആർ തയാറായി വരുന്നതേയുള്ളൂ എന്ന മറുപടിയാണ് ലഭിക്കുന്നത്. ഇങ്ങനെ ജനങ്ങളിൽനിന്നും ജനപ്രതിനിധികളിൽ നിന്നും മറച്ചുവെച്ചുകൊണ്ട് എന്തുകൊണ്ടാവും ഒരു പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്?
സർക്കാറിന്റെ അഭിമാന പദ്ധതി
തീരദേശ ഹൈവേയെ സംബന്ധിച്ച പരിമിത വിവരങ്ങൾ നമുക്ക് ലഭിക്കുന്നത് ടൂറിസം - പൊതുമരാമത്ത് മന്ത്രി നടത്തിയ ചില പ്രസ്താവനകളിൽനിന്നും ചില മാധ്യമ റിപ്പോർട്ടുകളിൽ നിന്നുമാണ്. അതുപ്രകാരം, ഒമ്പതു ജില്ലകളിലായി 52 സ്ട്രെക്ചറിലായി 623 കിലോമീറ്റർ ദൈർഘ്യത്തിൽ കേരളത്തിന്റെ തീരദേശത്തുകൂടെ കടന്നുപോകുന്നതാണ് ഈ പാത. 537 കി. മീറ്റർ ദൂരം കിഫ്ബിഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി നിർവഹിക്കുന്നത്. ബാക്കി ഭാരത് മാല പരിയോജന സ്കീമിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു. 14 മുതൽ 15.6 മീറ്റർ വരെ വീതിയിലാണ് റോഡ്. 2026 ൽ നിർമാണം പൂർത്തിയാക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
രണ്ടര മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, നടപ്പാത, ബസ് വേ, വാഹനപാത, വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ, റസ്റ്റാറന്റുകൾ തുടങ്ങിയ സംവിധാനങ്ങൾ ഈ പാതയിൽ ഉണ്ടായിരിക്കും. 50 കിലോമീറ്റർ ഇടവിട്ട് 12 ഇടങ്ങളിൽ പ്രത്യേക ടൂറിസം ഹബ്ബുകൾ നിർമിക്കും. ഈ ടൂറിസം ഹബ്ബുകളിൽ എല്ലാവിധ വിനോദ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഹോട്ടൽ സമുച്ചയങ്ങൾ, കഫറ്റീരിയ, പാർക്കിങ് സൗകര്യങ്ങൾ, ടോയ്ലറ്റ് സൗകര്യങ്ങൾ, ഫ്ലോട്ടിങ് ബ്രിഡ്ജ്, മറ്റ് വിനോദ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയും സജ്ജീകരിക്കും.
20 ഗ്രാമപഞ്ചായത്തുകളിലും 11 മുനിസിപ്പാലിറ്റികളിലും നാല് കോർപറേഷനുകളിലുമായി 540.61 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ചാവും സ്ഥലവില നിശ്ചയിക്കുകയെന്ന് പറയുന്ന ഔദ്യോഗിക വൃത്തങ്ങൾ 600 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റോ 13 ലക്ഷം രൂപയോ ഇന്നത്തെ നിലയിൽ കെട്ടിടം നിർമിക്കാൻ ആവശ്യമായ വിലയായി നിശ്ചയിച്ചിരിക്കുന്നുവെന്നും കൂട്ടിച്ചേർക്കുന്നുണ്ട്.
തീരദേശ ജനതയെ എങ്ങനെ ബാധിക്കും?
തീരദേശ ഹൈവേയുടെ സമഗ്ര പദ്ധതി രേഖ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. പദ്ധതികൊണ്ട് ഉണ്ടാവാൻ ഇടയുള്ള സാമൂഹിക ആഘാതങ്ങൾ എന്താണ് എന്നും പരിസ്ഥിതിയെ ഈ പദ്ധതി എങ്ങനെ ബാധിക്കുന്നു എന്നും വിശദമായ പഠനം നടക്കേണ്ടതുണ്ട്. അത് ജനങ്ങൾക്കിടയിൽ ചർച്ചചെയ്യുകയും ഉണ്ടാവാൻ ഇടയുള്ള ആഘാതങ്ങൾക്ക് പരിഹാരം നിർദേശിക്കപ്പെടുകയും വേണം. ജനക്ഷേമകരമായ ഒരു പദ്ധതിയാണ് തീരദേശ ഹൈവേ എങ്കിൽ എന്തുകൊണ്ടാണ് ജനങ്ങളിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കുന്നത്?
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരാഹിത്യം നേരിടുന്ന സ്ഥലം തീരദേശമാണ്. വാസയോഗ്യമായ സ്ഥലത്ത് ജനങ്ങൾ തിങ്ങി താമസിക്കുന്നു. കാലാവസ്ഥ വ്യതിയാനവും തീരത്ത് നടക്കുന്ന അനിയന്ത്രിത നിർമാണ പ്രവർത്തനങ്ങളും കൊണ്ട് തികച്ചും അരക്ഷിതമായ ജീവിതസാഹചര്യമാണ് തീരദേശ ജനത നേരിടുന്നത്. നിരന്തരം ആവർത്തിക്കുന്ന കടൽക്ഷോഭം നിരവധി കുടുംബങ്ങളെ ഭവനരഹിതരാക്കുന്നു. അവരെ ഫലപ്രദമായി പുനരധിവസിപ്പിക്കാൻ ഒരു നടപടിയും ഭരണകൂടം കൈക്കൊള്ളുന്നുമില്ല. കടൽകയറ്റം തടയുന്നതിന് ഫലപ്രദമായ ഒരു ഇടപെടലും സർക്കാറുകൾ നടത്തിയിട്ടില്ല. കേരള വികസനത്തിന്റെ പുറമ്പോക്ക് ഭൂമിയാണ് കേരളത്തിലെ തീരപ്രദേശങ്ങൾ. നിരവധി വർഷങ്ങളായി കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർ ഗോഡൗണുകളിലും മറ്റും അഭയാർഥികളായി കഴിയുന്ന കാഴ്ച ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ, ഇപ്പോൾ തന്നെ എല്ലാ നിലയിലും നിലംപരിശാക്കപ്പെട്ട ഒരു ജനസമൂഹത്തെ കുടിയിറക്കിയാണ് തീരദേശ ഹൈവേ പണിയാനൊരുങ്ങുന്നത്.
540.61 ഹെക്ടർ (ഏകദേശം 1350 ഏക്കർ) ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ ആയിരക്കണക്കിന് കുടുംബങ്ങൾ കുടിയിറക്കപ്പെടും. തീരദേശത്തെ ബഹുഭൂരിപക്ഷം മനുഷ്യരും മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളിലും ഏർപ്പെട്ട് ഉപജീവനം കഴിക്കുന്നവരാണ്. തീരത്തുനിന്ന് പായിക്കപ്പെട്ടാൽ ഇവർ എങ്ങനെയാണ് ജീവിക്കുക? ഭൂലഭ്യത പരിമിതമായ തീരത്തുനിന്നും ആട്ടിയകറ്റപ്പെടുന്നവർ തൊഴിലിൽനിന്നും ജീവിതത്തിൽനിന്നും കൂടിയാണ് അകറ്റപ്പെടുന്നത് എന്നു മറക്കരുത്.
ഭൂമി പിടിച്ചെടുക്കൽ നിയമവിരുദ്ധം
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പദ്ധതി ബാധിക്കുന്ന 70 ശതമാനം പേരുടെ അംഗീകാരമുണ്ടെങ്കിലേ പദ്ധതി നടപ്പാക്കാൻ പാടുള്ളൂ. എന്നാൽ, ഇവിടെ പദ്ധതി ബാധിക്കുന്നവരെ ഉൾപ്പെടുത്തി പൊതു ഹിയറിങ് നടത്തുകയോ അവരോട് അഭിപ്രായം ചോദിക്കുകയോ ചെയ്യാതെ ഭൂമിയിൽ അതിക്രമിച്ചു കയറുകയായിരുന്നു.
കുടിയിറക്കപ്പെടുന്നവർക്കും സ്ഥലം നഷ്ടപ്പെടുന്നവർക്കും നഷ്ടപരിഹാരം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. 600 ചതുരശ്ര അടിയുള്ള ഫ്ലാറ്റോ 13 ലക്ഷം രൂപയോ ഇന്നത്തെ നിലയിൽ കെട്ടിടം നിർമിക്കാനാവശ്യമായ വിലയായി നിശ്ചയിച്ചിരിക്കുന്നുവെന്നു പറയുമ്പോൾ തീരദേശ ജനത നഷ്ടപരിഹാരമായി ഇതൊക്കെയേ അർഹിക്കുന്നുള്ളൂവെന്നാണ് അർഥം! ഭൂമി പിടിച്ചെടുത്ത് ഫ്ലാറ്റുകളിലേക്ക് ആട്ടിയോടിക്കുമ്പോൾ അതുവരെ കൈവശമുണ്ടായിരുന്ന തുച്ഛമായ ഭൂമിയുടെ അവകാശംപോലും കവർന്നെടുക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് നിർമിച്ചു നൽകിയ ഫ്ലാറ്റുകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായ നിലയിലാണ് എന്നും മറക്കരുത്. ഭൂമിയിലുള്ള അവകാശം പലനിലയിൽ മനുഷ്യരുടെ ആത്മാഭിമാനത്തെ ഉയർത്തുന്നുണ്ട്. മലയാളി ഒരു ആധുനിക സമൂഹമായി ഉയർന്നതിൽ ഭൂമിയിലുള്ള അധികാരം സ്വന്തമായി ലഭിച്ചതിലൂടെയാണെന്ന് അവകാശപ്പെടുന്നവരാണ് നാം. എന്നാൽ, തീരജനത ഈ അഭിമാനബോധത്തിൽനിന്ന് പുറത്താക്കപ്പെട്ടവരാണ്! ഏറ്റവും കുറഞ്ഞ ഭൂമി കൈവശമുള്ളവരാണ് തീര ജനത. പലർക്കും ഒന്നോ രണ്ടോ സെന്റ് ഭൂമി കൈവശമുണ്ടെങ്കിലും അതിന് ഇതുവരെ പട്ടയം ലഭ്യമായിട്ടില്ല എന്നതും മലയാളിയുടെ ‘കൊട്ടിഘോഷിക്കപ്പെട്ട അഭിമാനം’ ഒരു വ്യാജ നിർമിതിയാണെന്ന് തെളിയിക്കുന്നതാണ്.
നീല സമ്പദ്ഘടനയും കേരളവും
കടലിന്റെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തെപ്പറ്റി പഠിക്കുന്ന സാമ്പത്തിക ശാസ്ത്ര ശാഖയാണ് നീല സമ്പദ് വ്യവസ്ഥ. കേന്ദ്രസർക്കാർ രണ്ടു വർഷം മുമ്പ് ആവിഷ്കരിച്ച പദ്ധതിയുടെ പേരും ഇതുതന്നെ- നീല സമ്പദ് വ്യവസ്ഥ (Blue Economy). സാമ്പത്തിക വളർച്ചക്ക് സഹായിക്കുംവിധം കടലിന്റെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് ഉപജീവനത്തിനും തൊഴിൽ ലഭ്യതക്കും കടൽ വിഭവങ്ങളുടെ സുസ്ഥിര വിനിയോഗമാണ് ഇതുകൊണ്ട് അർഥമാക്കുന്നത് എന്ന് ലോക ബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ പറയുന്നുണ്ടെങ്കിലും വൻകിട മൂലധന ശക്തികൾക്ക് കടലും തീരവും തുറന്നു കൊടുക്കലാണ് ഇതുവഴി നടക്കുന്നത്.
കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന നയരേഖയുടെ സൂക്ഷ്മവിശകലനം പരമ്പരാഗത മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചുപോന്നവരെ തീരെ പരിഗണിക്കുന്നില്ല എന്നു കാണാം. മത്സ്യം, ധാതുക്കൾ, ഖനിജങ്ങൾ എന്നിവയുടെ വമ്പിച്ച കൊളള ലക്ഷ്യമിട്ടുകൊണ്ടുള്ള നയമാണിത്. ഇത് സാധ്യമാകണമെങ്കിൽ മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളും മുഖ്യ വരുമാനമായി കണക്കാക്കുന്ന വിഭാഗങ്ങളെ തീരത്തുനിന്നും മാറ്റേണ്ടതുണ്ട്. ഹാർബറുകൾ കേന്ദ്രീകരിച്ചുളള വൻകിട മത്സ്യബന്ധനം മാത്രമാണ് അവർ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരമൊരു നിഗൂഢ പദ്ധതിയുടെ റിഹേഴ്സലായിരുന്നു ലക്ഷദ്വീപിൽ പ്രയോഗിച്ചത്. ഇതിന്റെ കേരള സാഹചര്യത്തിലേക്കുള്ള പറിച്ചുനടലാണ് പുനർഗേഹം പദ്ധതിയും തീരദേശ ഹൈവേയും.
കേന്ദ്ര സർക്കാറിന്റെ നയങ്ങളെ പ്രത്യക്ഷത്തിൽ എതിർക്കുകയും പ്രയോഗത്തിൽ നടപ്പാക്കുകയും ചെയ്യുന്ന ഒരു അന്തർധാര കേരളത്തിൽ ദൃശ്യമാണ്. തീരവും കടലും കോർപറേറ്റുകൾക്കും ടൂറിസം മാഫിയക്കുമായി പങ്കുവെക്കാനുള്ള വ്യഗ്രതയാണ് ഈ പദ്ധതിയിൽ ഉള്ളടങ്ങിയിട്ടുള്ളത്. വികസനത്തിന്റെ പേരിൽ കോർപറേറ്റ് വാഴ്ചയെ ഉറപ്പുവരുത്തുന്നതാണ് തീരദേശ ഹൈവേ.
വരുന്നൂ, ടൂറിസം വസന്തം!
തീരദേശ ഹൈവേ എന്ന പേരിൽ ഒരു മെഗാ ടൂറിസം പദ്ധതിയാണ് അടിച്ചേല്പിക്കുന്നത്. 50 കി.മീറ്റർ ദൈർഘ്യത്തിൽ ഇടവിട്ട് 12 ടൂറിസം ഹബ്ബുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. ഈ ടൂറിസം ഹബ്ബുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാതയാണിത്. കേരളത്തിന്റെ ഭാവി ടൂറിസമാണ് എന്നാണ് ഭരണാധികാരികൾ പറയുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതത്തെക്കാൾ മുഖ്യം വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളുടെ വിനോദാഘോഷങ്ങളും അത് കൊണ്ടുവരുന്ന വരുമാനവുമാണത്രെ!
പക്ഷേ, ലോകത്തിലെ പല രാജ്യങ്ങളിലും ടൂറിസം പ്രധാന വരുമാന മാർഗമായി അംഗീകരിച്ചശേഷം ആ ജനത നേരിട്ട ആത്മനാശത്തിന്റെ അനുഭവ പരമ്പരകൾ നമുക്കുമുന്നിൽ നിരനിരയായി കിടപ്പുണ്ട്. മത്സ്യബന്ധനവും അനുബന്ധ തൊഴിലും കൊണ്ട് ഒരു പരിധിവരെ ഭേദപ്പെട്ട ജീവിതം നയിച്ചിരുന്ന ഫിലിപ്പീൻസിലും തായ്ലൻഡിലും മറ്റും ടൂറിസം പടർന്നതോടെ മത്സ്യബന്ധനം ക്രമാതീതമായി കുറഞ്ഞ് മത്സ്യത്തൊഴിലാളികൾക്ക് തൊഴിലില്ലാതായി. കുടുംബം പോറ്റാൻ മറ്റ് നിവൃത്തി ഇല്ലാതെ ഒരു വിഭാഗം സ്ത്രീകളും കുട്ടികളും ഇപ്പോൾ ശരീരം തന്നെ വില്പനക്ക് വെച്ചിരിക്കുന്ന വിധം ഗതികെട്ട ജീവിതമാണ് നയിക്കുന്നത്!
വംശഹത്യയുടെ മുനമ്പിൽ
കേരളത്തിലെ തീരദേശത്തെ ജനങ്ങളിൽ മഹാ ഭൂരിപക്ഷവും മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളിലുമേർപ്പെട്ട് ഉപജീവനം കഴിക്കുന്നവരാണ്. തീരത്തെ സ്ഥിരതാമസമാണ് അവരുടെ തൊഴിൽ ലഭ്യത ഉറപ്പാക്കുന്നത്. ‘വികസന’ത്തിന്റെ പേരിൽ തീരത്തുനിന്ന് ഇറക്കിവിടപ്പെടുന്നവർ കടലോരത്തുതന്നെ താമസസ്ഥലം കണ്ടെത്തുക അസാധ്യമാണ്. ഏറ്റവും കൂടുതൽ കുറഞ്ഞ ഭൂ ലഭ്യതയുള്ള സ്ഥലമാണ് തീരദേശം. സർക്കാറിന്റെ ‘പുനർഗേഹം’ പദ്ധതിയുടെ പേരിൽ ഒഴിപ്പിക്കപ്പെട്ടവർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
മത്സ്യത്തൊഴിലാളി സമൂഹത്തെ തീരത്തുനിന്ന് ആട്ടിയോടിക്കുകയും അവരുടെ ഭൂമി കോർപറേറ്റുകൾക്കും ടൂറിസം മാഫിയക്കും കൈമാറുന്ന കുറ്റകൃത്യമാണ് ഇവിടെ അരങ്ങേറുന്നത്. ആദിവാസികൾ കാടുമായി എങ്ങനെ ബന്ധപ്പെടുന്നുവോ അതുപോലെ മത്സ്യത്തൊഴിലാളി സമൂഹം കടലും തീരവുമായി ഇഴുകിച്ചേർന്ന് കഴിയുന്ന ഗോത്രസ്വഭാവമുളള ജനതയാണ്. ആവാസ വ്യവസ്ഥയിൽ നിന്നുളള വിച്ഛേദം അവരുടെ ജീവിതത്തെ തകർത്തുകളയും. ഫലത്തിൽ അത് ഒരു വംശഹത്യ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.