ജീവിത നിറങ്ങൾ
text_fieldsഇടിവെട്ടുന്നതുകേട്ട് ഞെട്ടിയുണർന്നപ്പോൾ ആകെ ഇരുട്ട്. പുറത്ത് നല്ല മഴ. ക്ലോക്കിൽ നോക്കിയപ്പോൾ ആറര മണി. പടച്ചോനേ, അത്താഴം കഴിക്കാൻ ഉണർന്നില്ലേ? നോമ്പ് പാടാകുമല്ലോ. നോമ്പ് തുറന്നപ്പോഴും ഒന്നും കഴിച്ചതായി ഓർമയില്ല. അല്ല, നോമ്പ് തുറന്നിട്ടേയില്ല. ങേ, അപ്പോ ഇത് വൈകുന്നേരമായിരുന്നോ?
ഉച്ചക്ക് രണ്ടുമണിക്ക് കോവിഡ് ഒ.പിയിലെ ഡ്യൂട്ടി കഴിഞ്ഞുവന്ന് കുളിച്ച് വസ്ത്രം മാറി ഒന്ന് കിടന്നതാണ്. ഉറങ്ങിപ്പോയി. തൊട്ടപ്പുറത്തെ ഹോട്ടലിൽ വിളിച്ച് കഴിക്കാനുള്ളത് പാർസൽ പറഞ്ഞ് ബാക്കിയുള്ള കാര്യങ്ങളിലേക്ക് തിരിഞ്ഞു. ഈയൊരു വർഷം ഒരു ദിവസം പോലും വീട്ടിൽനിന്ന് നോമ്പ് തുറന്നിട്ടില്ല. ആരും പ്രതീക്ഷിക്കാതെ വന്നുപെട്ട മഹാമാരിയെ തുരത്തുന്ന കൂട്ടത്തിൽ പങ്കാളിയായതുകൊണ്ട് റമദാൻ മാത്രമല്ല, ജീവിതത്തിെൻറ താളംതന്നെ മറ്റെന്തോ ആയി മാറിയിരിക്കുന്നു.
കഴിഞ്ഞ രണ്ടുമാസമായി കോവിഡ് സ്ക്രീനിങ് ഒ.പിയിലാണ് ജോലി. ആശുപത്രിയിൽ വരുന്നവരെ അഡ്മിറ്റ് ചെയ്യണോ അതോ വീടുകളിലേക്ക് വിടണോ എന്നെല്ലാം സീനിയർ ഡോക്ടർമാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്നയിടം. ഓരോ രോഗിയോടും നല്ലോണം സമയമെടുത്ത് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച് ഞങ്ങളും ഞങ്ങളുടേതായ രീതിയിൽ ഈ യുദ്ധത്തിൽ പങ്കാളികളാകുന്നു. രോഗികളുമായി സമ്പർക്കം ഉണ്ടായിരിക്കാമെന്നതുകൊണ്ട് മനസ്സമാധാനത്തോടെ വീട്ടിൽ ചെല്ലാവുന്ന അവസ്ഥയല്ല. മാതാപിതാക്കൾ പ്രതിരോധശേഷി കുറഞ്ഞവരാണ്. രോഗപ്പകർച്ചക്കുള്ള ചെറിയ സാധ്യതപോലും ഒഴിവാക്കിയേ മതിയാകൂ. അതുകൊണ്ടുതന്നെ മക്കൾ ഉൾപ്പെടെ കുടുംബത്തിലാരും കൂടെയില്ലാത്ത ആയുസ്സിലെ ആദ്യത്തെ നോമ്പുകാലവുമാണ്.
ചെറുപ്പത്തിൽ മുതിർന്നവർ മുപ്പതുനോമ്പും കിട്ടാൻ പ്രാർഥിക്കുമ്പോൾ ഞങ്ങൾ ഇരുപത്തൊമ്പതിന് മാസം കാണണേ എന്ന് പ്രാർഥിക്കും. മറ്റൊന്നും കൊണ്ടല്ല, രാത്രി പെട്ടെന്ന് പെരുന്നാളാകുമ്പോൾ ഉപ്പയുടെ കൂടെയുള്ള എടിപിടീന്നുള്ള ടൗണിൽപോക്കും രാത്രി വൈകിയുള്ള മൈലാഞ്ചിയിടലും ഫിത്ർ സകാത്തിെൻറ അരിയളക്കലും വിതരണവുമൊക്കെയായി ആകെ മേളമാകും. മുപ്പതാം നോമ്പുണ്ടായാൽ ഇതൊക്കെ പകലാകും, ഒരു രസമില്ല. പെരുന്നാൾ തലേന്ന് അങ്ങാടിയിലെ കളിപ്പാട്ടങ്ങൾ കണ്ടാലും വാങ്ങിത്തരാൻ പറയില്ല. അന്ന് വാങ്ങിത്തന്നാൽ പെരുന്നാളിൻറന്ന് പുറത്തു കൊണ്ടുപോയില്ലെങ്കിലോ. പല ഷോപ്പിലുള്ള ബലൂണും പത പറപ്പിക്കുന്ന കുഴലുമൊക്കെ വാങ്ങാൻ വീട്ടുകാർ തന്ന പത്തും ഇരുപതുമൊക്കെ കൂട്ടിവെച്ച് കാത്തിരിക്കുന്ന എനിക്കും സഹോദരനും അതെങ്ങനെ സഹിക്കാനാവും!
പെരുന്നാളിന് ബ്രേക്ക്ഫാസ്റ്റ് തൊട്ടപ്പുറത്തെ വീട്ടിലെ 'ചേച്ചി'യുടെ കൈകൊണ്ടാണ്. അവർ വീട്ടിൽ ഉർദു സംസാരിക്കുന്ന പഠാണി വിഭാഗത്തിൽപെട്ടവരാണ്. എനിക്കായി ചതുരഷേപ്പിൽ പരത്തിയ ചൂടു പറാത്തയും മുട്ട പുഴുങ്ങിയിട്ട ചിക്കൻകറിയും ചായയും തരും. പെരുന്നാൾ നമസ്കാരശേഷം ചോറുണ്ണുന്നത് അപ്പുറത്തെ കുഞ്ഞാപ്പാക്കയുടെ വീട്ടിൽനിന്നാണ്. പിന്നെ നടന്ന് ഫുഡടിയാണ്. നാടുമുഴുവൻ കറങ്ങിനടന്ന് സ്വന്തം വീട്ടിൽനിന്ന് കഴിക്കുന്നത് മിക്കവാറും രാത്രിയിലായിരിക്കും.
കല്യാണം കഴിഞ്ഞപ്പോൾ സ്വയം ഒരുങ്ങുന്നതിന് പകരം മക്കളെ ഒരുക്കലായി പെരുന്നാൾ. അപ്പോഴും വീട്ടിൽനിന്നുള്ള ഒരുകൂട്ടം പുതുവസ്ത്രം എനിക്കും ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഉമ്മച്ചി വാങ്ങിത്തന്നു. മെഡിസിന് പഠിക്കുന്ന കാലത്ത് കോളജിൽ ഞങ്ങളുടെ ബാച്ച് ഇഫ്താർ ഒരുക്കിയ വർഷം ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നാണ്. അതുപോലെ ഹൗസ് സർജൻസിക്കാലത്തെ നോമ്പിന് ഒരിക്കൽ 24 മണിക്കൂർ ഡ്യൂട്ടി ദിവസം പേഷ്യൻറിെൻറ വീട്ടുകാർ ഭക്ഷണം കൊണ്ടുവന്ന് വാർഡിൽ നോമ്പ് തുറപ്പിച്ചതും പെരുന്നാളിെൻറ അന്നുവരെ ഡ്യൂട്ടിയെടുത്തതുമൊന്നും മറക്കാനാവില്ല.
ഇക്കൊല്ലം നോമ്പായതറിഞ്ഞത് ഉമ്മ ഫോണിൽ വിളിച്ചുപറഞ്ഞപ്പോഴാണ്. ഞാനപ്പോൾ വാട്സ്ആപ് ഗ്രൂപ്പിൽ മക്കയിലെ പ്രവാസി സുഹൃത്തുക്കളുമായി കോവിഡ് കാലത്തെ നോമ്പിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. അന്നുതൊട്ട് ഇതെഴുതുന്ന റമദാനിലെ അവസാന പത്തിൽ ഏതോ ഒരു ദിവസം വരെ ജീവിതം ആശുപത്രിയിലും വാർത്തകൾക്കും ഫേസ്ബുക് ബോധവത്കരണ പോസ്റ്റുകൾക്കുമെല്ലാമിടയിലാണ്. ഇക്കുറി ചികിത്സതന്നെയാണ് ആരാധന.
ഇവിടെ ഒഴിവില്ലാതെ നിലവിളിക്കുന്ന ഫോണിെൻറ അപ്പുറത്ത് സഹായം തേടുന്ന പ്രവാസിയാകാം, എെൻറതന്നെ വിദ്യാർഥികളോ സുഹൃത്തുക്കളോ ആവാം. പാതിരയും പുലർച്ചയും നോക്കാതെ വന്ന കാളുകളിൽ പലതിനും പരിഹാരം തേടി യു.എ.ഇയിലേയും സൗദിയിലേയും കൂട്ടുകാരെ വിളിച്ചിട്ടുണ്ട്. അബൂദബിയും ദുബൈയും സിംഗപ്പൂരും നേരിട്ടു കണ്ടപ്പോൾ തോന്നിയ സമൃദ്ധിയൊന്നും വിദേശത്ത് പലയിടത്തുമില്ലെന്ന് അവർ അയച്ചുതന്ന മുറികളുടെ പടങ്ങൾ കാണിച്ചുതന്നു.
വിശപ്പും വേദനയും നിസ്സഹായതയും പേറിയ സംസാരങ്ങൾ ഉറക്കം കെടുത്തിയിട്ടുണ്ട്. നാട്ടിലുള്ള കുഞ്ഞിെൻറ പെട്ടെന്നുണ്ടായ അസുഖത്തിെൻറ കാര്യത്തിൽ ഭയന്ന് ''എെൻറ കുട്ടിക്ക് എന്താ ഡോക്ടറേ?'' എന്നുചോദിച്ച് കരഞ്ഞ മനുഷ്യൻ ഇന്ന് മോന് സുഖമുണ്ടെന്നുപറഞ്ഞ് വിളിച്ചിരുന്നു. ആ കുഞ്ഞുവാവയുടെ ട്രീറ്റ്മെൻറ് സംബന്ധമായ ഏർപ്പാടുകൾക്കുവേണ്ടി ഇതര ജില്ലയിലെ ആശുപത്രിയിൽ വിളിച്ചപ്പോൾ കിട്ടിയ സ്നേഹപൂർവമായ സഹകരണംപോലും പ്രവാസിയോടുള്ള ആരോഗ്യപ്രവർത്തകരുടെ മനോഭാവത്തിെൻറ ഭാഗമെന്നു തോന്നി.
എത്രയെത്ര പ്രവാസിപത്നികളാണ് ഈ റമദാനിൽ എനിക്ക് കൂട്ടുകാരികളായത്. എത്രയോ പ്രാർഥനകൾ നേടിയെടുക്കാനായതുതന്നെയാണ് ഈ വർഷത്തെ പുണ്യമാസം തന്ന സമ്പാദ്യം. എെൻറ കുഞ്ഞുങ്ങൾക്കു നൽകേണ്ടിയിരുന്ന സമയമാണ് എനിക്കാകെ ചെലവഴിക്കേണ്ടി വന്ന മുടക്കുമുതൽ. കോവിഡ് കാലത്ത് ഉമ്മച്ചിയെ കാണാത്ത സങ്കടം ഫോണിൽ വിളിക്കുമ്പോഴെല്ലാം പറയുമെങ്കിലും മക്കൾ എെൻറ ഉപ്പയുടേയും ഉമ്മയുടേയും അടുത്ത് സുരക്ഷിതരാണല്ലോ. നാളെ അവർക്കിതെല്ലാം മനസ്സിലാകുന്ന കാലം വരും.
ചങ്കുപറിച്ചുതന്ന് സ്നേഹിക്കുന്ന സാധാരണക്കാരായ പ്രവാസികളിൽ ഒരുപാട് പേർ സ്വന്തമായ നാളുകൾകൂടിയാണിത്. ലോകം മുഴുവൻ ഒരു ഭീകരവൈറസിനെതിരെ പൊരുതുന്നതിെൻറ കൂട്ടത്തിൽ വളരെ ചെറുതെങ്കിലും ഒരുപങ്ക് വഹിക്കാനായി. ഇതുവരെ ഒരു പരിചയവുമില്ലാത്ത ആർക്കൊക്കെയോ വേണ്ടപ്പെട്ടവളായി. വല്ലാത്തൊരനുഭവംതന്നെയായി ഈ വർഷത്തെ റമദാൻ. ഇപ്പോഴും കോവിഡ് ഒതുങ്ങിയിട്ടില്ല. കഷ്ടപ്പെട്ടാണെങ്കിലും നമ്മൾ വൈറസിനോടൊപ്പം സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ്. ഈ ദിവസങ്ങൾക്കിടയിലെവിടെയോ പെരുന്നാൾ കടന്നുവരുന്നെന്നറിയാം.
പോസിറ്റിവ് സോണിലും ഐസൊലേഷൻ വാർഡിലും ക്വാറൻറീൻ സെൻററിലുമൊക്കെ ഒരു മുറിക്കകത്തിരുന്ന് പെരുന്നാൾ ആഘോഷിക്കുന്നവരെപ്പോലെയാണ് ഇക്കുറി ഈ ഡോക്ടറും. വേണമെങ്കിൽ ഏറെ ശ്രദ്ധയോടെ വീട്ടിൽ പോകാം, ഉമ്മയുണ്ടാക്കുന്ന വിശേഷവിഭവങ്ങൾ കഴിക്കാം, തിരികെ ആശുപത്രിയിലേക്ക് വരാം. മക്കളെയൊന്ന് ചേർത്തുപിടിക്കാനോ മനസ്സൊഴിഞ്ഞ് അവരോടൊപ്പമൊന്ന് കുത്തിമറിയാനോ കഴിയില്ലെങ്കിൽ അത് കൂടുതൽ നോവിക്കുകയാണ് ചെയ്യുക. ചിലപ്പോൾ അവർ കൂടെവരണമെന്ന് പറഞ്ഞ് വാശിപിടിച്ചേക്കാം. തൽക്കാലം അവരവിടെ സന്തോഷമായിരിക്കട്ടെ.
കോവിഡിനെ ഓടിച്ചുവിട്ട ശേഷവും പെരുന്നാളുകൾ ഉണ്ടാകുമല്ലോ. ആഘോഷങ്ങൾ അപ്പോഴാവട്ടെ. അല്ലെങ്കിലും അവർ കൂടെയുള്ള നേരമെല്ലാം എനിക്ക് വല്ല്യപെരുന്നാളാണല്ലോ. ഇക്കുറി ആൾക്കൂട്ടങ്ങൾ ചുരുങ്ങുന്നതും ആവേശം കുറയുന്നതുംതന്നെയാകും എന്തുകൊണ്ടും നല്ലത്.
ഒ.പിയിൽ വരുന്നവരോടും വിളിക്കുന്നവരോടുമെല്ലാം പറഞ്ഞതുതന്നെ പ്രിയപ്പെട്ട വായനക്കാരോടും പറയട്ടെ, കൈകൾ കഴുകിക്കൊണ്ടേയിരിക്കുക, വ്യക്തിഗത അകലം പാലിക്കുക, വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ആലിംഗനങ്ങളും ഹസ്തദാനങ്ങളുമൊന്നും വേണ്ട. നിങ്ങൾ വീട്ടിൽ ക്വാറൻറീനിലെങ്കിൽ 'ഹോം ക്വാറൻറീനില'ല്ല മറിച്ച് 'റൂം ക്വാറൻറീനിലാ'ണെന്നറിയുക. പ്രതിരോധശേഷി കുറവുള്ളവരെ വീട്ടിൽനിന്ന് മാറ്റുക. മുറിക്കകത്തിരിക്കുക. നിങ്ങൾ ഉപയോഗിക്കുന്ന പാത്രം, പത്രം, ഫോൺ, ലാപ്ടോപ്, തുണികൾ മുതൽ ബാത്റൂം വരെ മറ്റൊരാൾ ഉപയോഗിക്കാതിരിക്കുക.
14 ദിവസമല്ലേ? വെറും രണ്ടാഴ്ച. വേവുവോളം കാത്തില്ലേ നമ്മൾ... ഇനി ആറുവോളം കാക്കാം. പെരുന്നാളൊക്കെ ഇനിയും വരും, നമുക്ക് ആഘോഷിക്കാം. അതിനു നമ്മളും നമ്മുടെ പ്രിയപ്പെട്ടവരും ബാക്കിയുണ്ടാകാൻ വേണ്ടിയാണ് ഞാനും നിങ്ങളും നമ്മളും പലതും വേണ്ടെന്നുവെക്കുന്നത്, സഹിക്കുന്നത്. പ്രിയപ്പെട്ടവരെ കാക്കാനുള്ള അകലം വേദനയല്ല. നമ്മൾ അകലുന്നത് അടുക്കാൻ വേണ്ടിയാണെന്നോർക്കാം. ഏവർക്കും കൊറോണ മുക്ത ലോകത്തിന് മുന്നോടിയായ ഒതുക്കവും ഒരുമയുമുള്ള ഹൃദ്യമായ ചെറിയ പെരുന്നാൾ ആശംസകൾ.
ഈദ് മുബാറക്.
(തയാറാക്കിയത്: സുബൈർ പി. ഖാദർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.