‘‘തിരിച്ചറിയാനാവാത്ത വിധം നശിപ്പിച്ചിരുന്നു ഞങ്ങളുടെ വീടുകൾ’’
text_fieldsമഹാരാഷ്ട്രയിൽ നിന്നുള്ള മുൻ രാജ്യസഭാംഗം സംഭാജി രാജെ ഛത്രപതി ‘കൈയേറ്റമുക്ത വിശാലഗഢ്’ എന്ന പ്രമേയത്തിൽ ഒരു കാമ്പയിൻ ആരംഭിച്ചിരുന്നു. സഹ്യാദ്രി നിരകളിലെ ഒരു കുന്നിനുമേലെ നിർമിച്ച കോട്ടയിലേക്ക് പദയാത്രയും ഏറെമുമ്പേ ആസൂത്രണം ചെയ്തിരുന്നു. ജൂലൈ 14ന് പ്രഖ്യാപിച്ച പദയാത്രയിൽ സംഭാജിയുടെ ആഹ്വാനം പിൻപറ്റി നിരവധി സംഘടനകൾ, മുഖ്യമായും വലതുപക്ഷ ഗ്രൂപ്പുകൾ വ്യാപകമായി അണിചേർന്നു. സംഭാജിയും കൂട്ടരും വിശാലഗഢ് കോട്ടയിൽ എത്തുന്നതിനു മുമ്പേ സമീപ...
മഹാരാഷ്ട്രയിൽ നിന്നുള്ള മുൻ രാജ്യസഭാംഗം സംഭാജി രാജെ ഛത്രപതി ‘കൈയേറ്റമുക്ത വിശാലഗഢ്’ എന്ന പ്രമേയത്തിൽ ഒരു കാമ്പയിൻ ആരംഭിച്ചിരുന്നു. സഹ്യാദ്രി നിരകളിലെ ഒരു കുന്നിനുമേലെ നിർമിച്ച കോട്ടയിലേക്ക് പദയാത്രയും ഏറെമുമ്പേ ആസൂത്രണം ചെയ്തിരുന്നു. ജൂലൈ 14ന് പ്രഖ്യാപിച്ച പദയാത്രയിൽ സംഭാജിയുടെ ആഹ്വാനം പിൻപറ്റി നിരവധി സംഘടനകൾ, മുഖ്യമായും വലതുപക്ഷ ഗ്രൂപ്പുകൾ വ്യാപകമായി അണിചേർന്നു.
സംഭാജിയും കൂട്ടരും വിശാലഗഢ് കോട്ടയിൽ എത്തുന്നതിനു മുമ്പേ സമീപ ഗ്രാമങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. ‘ജയ് ഭവാനി’, ‘ജയ് ശിവാജി’, ‘ജയ് ശ്രീരാം’ വിളികളുമായി മൂന്ന് കിലോമീറ്റർ അകലെയുള്ള ഗജാപൂർ ഗ്രാമത്തിലെത്തിയ അക്രമിക്കൂട്ടം അവിടത്തെ മുസ്ലിം വീടുകളിൽ കയറി കുഴപ്പം സൃഷ്ടിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഈ ഗ്രാമത്തിലെ മസ്ജിദ് ഉൾപ്പെടെ ഒരു കെട്ടിടവും നിയമവിരുദ്ധമായി നിർമിച്ചതാണെന്ന ആക്ഷേപങ്ങളുണ്ടായിരുന്നില്ല.
‘‘അക്രമാസക്തരായ ആളുകൾ ഗ്രാമത്തിലേക്ക് കൂട്ടമായി വരുന്നുവെന്ന വിവരമറിഞ്ഞതും, കാര്യങ്ങൾ മോശം നിലയിലേക്ക് പോകുമെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് വീടുകൾ പൂട്ടി പലായനം ചെയ്യുകയായിരുന്നു’’- ഗ്രാമവാസിയായ ഒരു നാൽപത്തിയഞ്ചുകാരി പറയുന്നു. ഞാനും ഭർത്താവും മകളും അവർ വൈകീട്ട് തിരിച്ചെത്തിയപ്പോൾ സ്വന്തം വീട് തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. “വീടിന്റെ ഓരോ ചുമരിലും ജനക്കൂട്ടം രോഷം പ്രകടിപ്പിച്ചിരുന്നു’’ വീടിന്റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ച് നശിപ്പിക്കുക മാത്രമല്ല, ധാന്യപ്പാത്രത്തിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും കൊള്ളയടിച്ചാണ് അക്രമികൾ പോയത്.
നെറ്റിയിൽ കാവിക്കെട്ടുകളണിഞ്ഞ് കോടാലികളും മുളവടികളുമേന്തി ഗ്രാമത്തിൽ കടന്നുകയറിയ അക്രമികൾ കണ്ണിൽ കണ്ടതെല്ലാം തകർത്തു എന്ന് പറയാനാവില്ല, മുസ്ലിംകളുമായി ബന്ധപ്പെട്ട വീടുകളും സ്ഥാപനങ്ങളും അവരുടെ വാഹനങ്ങളും മാത്രമാണ് നശിപ്പിക്കപ്പെട്ടത്-ഇരകളിലൊരാൾ ദ വയറിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ വീടും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും നശിപ്പിച്ചു. അക്രമികളെത്തും മുമ്പ് ഗ്രാമം വിടാൻ സാധിക്കാതെ പോയ അയൽവാസിക്ക് തലയിൽ ആഴത്തിലുള്ള മുറിവുമേറ്റു.
ആൾക്കൂട്ടത്തിൽ നിന്ന് ആരോ ആക്രമണം വിഡിയോയിൽ പകർത്തി. അത്തരത്തിലെ ഡസനിലധികം വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അക്രമികൾക്ക് തരിമ്പ് കൂസലോ ജാള്യതയോ ഇല്ലായിരുന്നു. ഒരു കർച്ചീഫ് കൊണ്ടുപോലും മുഖം മറക്കാതെ, അത്രമേൽ ധാർഷ്ട്യത്തോടെയാണ് അക്രമികൾ ഗ്രാമത്തിൽ പ്രവേശിച്ചത്’’- ഗ്രാമവാസികളിലൊരാൾ പറയുന്നു.
ആക്രമണ വിഡിയോകളിൽ, ഏറ്റവും ഞെട്ടിപ്പിക്കുന്നത് ഒരു ഗ്രാമത്തിലെ പള്ളി അകത്തുനിന്നും പുറത്തുനിന്നും തകർക്കുന്ന ദൃശ്യമാണ്. ആളുകൾ പള്ളിയുടെ ഖുബ്ബ (താഴികക്കുടം) തകർക്കാൻ ശ്രമിക്കുന്ന വിഡിയോ വൈറലാണ്. അമ്പതിലേറെ ആളുകൾ അകത്തേക്ക് ഇരച്ചുകയറി കേടുവരുത്തുകയായിരുന്നെന്ന് പള്ളി പരിചാരകരിലൊരാൾ പറഞ്ഞു.
യാതൊരുവിധ ‘പ്രകോപനങ്ങളുമില്ലാതെ’യാണ് ഈ അതിക്രമങ്ങളെല്ലാം നടന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. സ്വന്തം കാര്യം നോക്കി സമാധാനത്തോടെ ജീവിച്ചുവരികയാണ് ഇവിടത്തെ ജനങ്ങൾ. കൈയേറ്റമോ കൈയേറ്റ വിരുദ്ധ കാമ്പയിനോ ഞങ്ങളെ ബാധിക്കുന്ന വിഷയമേ അല്ലായിരുന്നു. അതിനിടക്കാണ് ആളുകൾ കടന്നുകയറി അതിക്രമങ്ങൾ അഴിച്ചുവിട്ടത് -ഒരു കോളജ് വിദ്യാർഥി പറയുന്നു. അദ്ദേഹത്തിന്റെ പിതാവിനും അക്രമത്തിൽ പരിക്കേറ്റിരുന്നു.
വാളും മഴുവുമുൾപ്പെടെയുള്ള ആയുധങ്ങളുമായാണ് പ്രതിഷേധക്കാർ വന്നതെങ്കിലും പൊലീസ് അവരെ പിടികൂടിയില്ല. ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാൻ തക്ക സന്നാഹങ്ങളൊന്നുമില്ലാതെ കുറച്ച് പൊലീസുകാർ, അക്രമാസക്തരായ ജനക്കൂട്ടത്തെ ഓടിച്ചുവിടാൻ വിഫലശ്രമം നടത്തുന്നത് വിഡിയോകളിൽ കാണാം. അക്രമികളുടെ വാളുകൊണ്ട് വെട്ടേറ്റ് ഒരു പൊലീസുകാരന്റെ തോളിൽ പരിക്കേൽക്കുകയും ചെയ്തു. നേരിട്ടോ വിഡിയോകളിലോ കണ്ട അക്രമികളാരും തന്നെ അന്നാട്ടുകാരല്ലെന്നാണ് ഈ ലേഖിക സംസാരിച്ച ഗ്രാമവാസികൾ ഒന്നടങ്കം പറഞ്ഞത്.
എല്ലാ വിഭാഗം ആളുകളും ഒരുമയോടെ പാർക്കുന്ന ഈ ഗ്രാമത്തിൽ വളരെ കുറവ് മുസ്ലിം വീടുകൾ മാത്രമാണുള്ളത്. ഗ്രാമത്തിലെ ജീവിതം ഇക്കാലമത്രയും സമാധാനപൂർണമായിരുന്നെന്നും വീടുകൾക്കും പള്ളിക്കും നേരെ അക്രമം നടത്തിയവരിലാരും തന്നെ ഗജാപൂരിൽ നിന്നുള്ളവരല്ലെന്നുമാണ് ഇരകൾ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിലുള്ള കോട്ടകളിലെ കൈയേറ്റങ്ങളൊഴിവാക്കിക്കാൻ ദീർഘകാലമായി കാമ്പയിൻ നടത്തുന്നയാളാണ് സംഭാജി രാജെ. അനൗദ്യോഗിക കണക്കുകൾ പ്രകാരം കോട്ടകളിൽ 150ലേറെ പുതിയ നിർമിതികളാണ് പണിയപ്പെട്ടിരിക്കുന്നത്. 2022 ഡിസംബറിൽ, ഇവ നീക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിയ നോട്ടീസിനെതിരെ ചില താമസക്കാർ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നൽകിയ സ്റ്റേ ഉത്തരവിനെത്തുടർന്ന് ഏഴ് കെട്ടിടങ്ങൾക്ക് പൊളിയിൽ നിന്ന് സംരക്ഷണം ലഭിച്ചു. മുസ്ലിം, ഹിന്ദു സമുദായങ്ങളിൽ നിന്നുള്ളവരുടേതാണ് ഈ വീടുകളും സ്ഥാപനങ്ങളും തന്റെ പ്രതിഷേധത്തിന് വർഗീയ ഛായ ഉണ്ടായിരുന്നില്ലെന്നും കോട്ട കൈയേറുന്നവർ ന്യൂനപക്ഷ സമുദായക്കാരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്നുമാണ് സംഭാജി രാജെയുടെ അവകാശവാദം. നിലവിലെ സംഭവ വികാസങ്ങൾക്ക് ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന മഹായുതി സർക്കാറിനെ കുറ്റപ്പെടുത്തുന്ന മുസ്ലിം സമുദായം സംഭാജി രാജെയുടെ പ്രചാരണം ഇതുവരെ സമാധാനപരമായിരുന്നെന്ന പക്ഷക്കാരാണ്.
കോലാപ്പൂർ രാജകുടുംബത്തിന്റെ പിന്മുറക്കാരനായ സംഭാജി രാജെ, ശിവാജി മഹാരാജിന്റെ 13-ാമത്തെ നേരിട്ടുള്ള പിൻഗാമിയും കോലാപ്പൂരിലെ രാജർഷി ഷാഹു മഹാരാജിന്റെ ചെറുമകനുമാണ്. താനുൾപ്പെടുന്ന മറാത്ത സമുദായത്തിന് സംവരണമെന്ന ആവശ്യം ശക്തമായ 2016 മുതലാണ് അദ്ദേഹം കക്ഷി രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ തുടങ്ങിയത്. ബി.ജെ.പിയിൽ ഔപചാരിക അംഗത്വമില്ലെങ്കിലും രാഷ്ട്രപതിയുടെ ക്വോട്ടയിൽ നിന്ന് 2016ൽ സാംഭാജി രാജെയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. 2022ൽ കാലാവധി അവസാനിച്ചതോടെ ‘സ്വരാജ്യ’ എന്ന സാമൂഹിക സംഘടന രൂപവത്കരിച്ച അദ്ദേഹം 2024ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു.
കോൺഗ്രസ് എം.പിയാണ് അദ്ദേഹത്തിന്റെ പിതാവ് ഛത്രപതി ഷാഹു മഹാരാജ്. ഞായറാഴ്ച നടന്ന അക്രമങ്ങളെ അപലപിച്ച ഷാഹു മഹാരാജ് മേഖലയിലെ ക്രമസമാധാനത്തകർച്ചക്ക് സംസ്ഥാന സർക്കാറിനെയും പ്രാദേശിക ഭരണകൂടത്തെയും കുറ്റപ്പെടുത്തി. സംഭാജി രാജെയും മുഖ്യമന്ത്രിയും തമ്മിലെ ചർച്ചയൊരുക്കാൻ കലക്ടർക്കും പൊലീസ് സൂപ്രണ്ടിനും താൻ നിർദേശം നൽകിയിരുന്നെങ്കിലും അവഗണിക്കപ്പെട്ടെന്നും ഇത് ഭരണപരമായ പരാജയമാണെന്നുമാണ് ഷാഹു മഹാരാജ് ആരോപിച്ചത്.
അനിഷ്ട സംഭവങ്ങൾ ഒട്ടനവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. വിശിഷ്യാ, ജില്ലയിലെ പൊലീസ് സേന സ്വീകരിച്ച നിലപാടുകളെക്കുറിച്ച്. സംഭാജി രാജെയുടെ കാമ്പയിനും ജാഥയും സംബന്ധിച്ച് മുൻകൂർ വിവരം ലഭിച്ചിട്ടും മേഖലയിൽ മതിയായ സേനയെ വിന്യസിക്കാൻ വീഴ്ച വരുത്തിയതിന്റെ കാരണം വ്യക്തമല്ല.
വാളുകളും ഹോക്കി സ്റ്റിക്കുകളും മഴുവുമായി നിരവധി വിഡിയോകളിൽ നിറഞ്ഞുനിൽക്കുന്ന ഹിന്ദുത്വ സംഘാംഗങ്ങളെ ആയുധങ്ങളുമായി ചുറ്റിനടക്കാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്നും അവരെ തടയാൻ നടപടിയെടുക്കാഞ്ഞത് എന്തുകൊണ്ടാണെന്നും ചോദ്യമുയരുന്നു. കോട്ട കൈയേറ്റ വിഷയത്തിന്റെ പേരിൽ സ്വകാര്യവ്യക്തികൾക്ക് നിയമം കൈയിലെടുക്കാൻ അനുമതി നൽകിയതും വിമർശിക്കപ്പെടുന്നു.
സംഭവത്തെ തുടർന്ന്, 21പേരെ അറസ്റ്റ് ചെയ്ത പൊലീസ് സംഭാജി രാജെക്കെതിരെയും എഫ്.ഐ.ആർ ചുമത്തിയിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും കോലാപൂർ അഡീഷനൽ പൊലീസ് സൂപ്രണ്ട് നികേഷ് ഖത്മോഡ് പാട്ടീൽ അറിയിച്ചു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ജൂലൈ 16ന് പുലർച്ച വിശാൽഗഢ് സന്ദർശിച്ച് കലക്ടറും പൊലീസും ഉൾപ്പെടെയുള്ള പ്രാദേശിക ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തി. മേഖലയിൽ ജൂലൈ 29 വരെ നിരോധനാജ്ഞയാണ്.
(Thewire.in സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.