കോട്ട അകത്തുനിന്നു പൊളിക്കുന്ന കമ്യൂണിസ്റ്റുകൾ
text_fieldsബംഗാളിൽ എസ്.എഫ്.ഐ ചാവേറായി തുടങ്ങി ഡി.വൈ.എഫ്.ഐയിലും പാർട്ടിയിലും അംഗമായി 2011 വരെ പ്രവർത്തിച്ച സുർജ്യ ഭൗമിക് എഴുതിയ Gangster State: The Rise and Fall of the CPI(M) വായിക്കുമ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പരീക്ഷണത്തിന്റെ ദുരനുഭവപ്പകർപ്പുകൾ കാണാം‘‘കോട്ട പിടിച്ചടക്കാനുള്ള എളുപ്പമാർഗം അതിനുള്ളിൽനിന്നുള്ള അട്ടിമറിയാണ്. അതിനാൽ, നാം ഒരുനിലക്കും സ്വയം നശിപ്പിക്കരുത്. അഴിമതിക്കാർ ഫലപ്രദമായി ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ പാർട്ടിക്ക്...
ബംഗാളിൽ എസ്.എഫ്.ഐ ചാവേറായി തുടങ്ങി ഡി.വൈ.എഫ്.ഐയിലും പാർട്ടിയിലും അംഗമായി 2011 വരെ പ്രവർത്തിച്ച സുർജ്യ ഭൗമിക് എഴുതിയ Gangster State: The Rise and Fall of the CPI(M) വായിക്കുമ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പരീക്ഷണത്തിന്റെ ദുരനുഭവപ്പകർപ്പുകൾ കാണാം
‘‘കോട്ട പിടിച്ചടക്കാനുള്ള എളുപ്പമാർഗം അതിനുള്ളിൽനിന്നുള്ള അട്ടിമറിയാണ്. അതിനാൽ, നാം ഒരുനിലക്കും സ്വയം നശിപ്പിക്കരുത്. അഴിമതിക്കാർ ഫലപ്രദമായി ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ പാർട്ടിക്ക് ജനങ്ങളുടെ വിശ്വാസവും പിന്തുണയും നഷ്ടപ്പെടും’’ -സോഷ്യലിസ്റ്റ് വ്യവസ്ഥ തകർന്ന 10 കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ പാർട്ടികളുടെ കുമ്പസാര സമാഹാരത്തിൽനിന്നുള്ളതാണ് ഈ വരികൾ. സോവിയറ്റ് യൂനിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും സോഷ്യലിസ്റ്റ് വ്യവസ്ഥ തകരാൻ കാരണം സോഷ്യലിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾക്ക് സംഭവിച്ച പിശകല്ലെന്നും അത് നടപ്പാക്കിയതിലെ പിശകാണെന്നുമാണ് സി.പി.എം കാഴ്ചപ്പാട്. ആ പാളിച്ചകൾ ഇന്ത്യയിൽ ആവർത്തിക്കാതിരിക്കാൻ തോറ്റ കമ്യൂണിസ്റ്റുകളുടെ സ്വയം വിലയിരുത്തലുകൾ ശേഖരിക്കാൻ പാർട്ടി തീരുമാനിച്ചു.
പശ്ചിമ ബംഗാൾ ഘടകത്തിനായിരുന്നു ചുമതല. ചൈനയടക്കം 10 രാജ്യങ്ങളിലെ പാർട്ടിരേഖകളാണ് സമാഹരിച്ചത്. 1998ൽ സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിതിന്റെ ആമുഖക്കുറിയോടെ ഇന്ത്യയിലെ സഖാക്കൾക്കുള്ള ആ പാഠപുസ്തകം പുറത്തിറക്കി. ‘കമ്യൂണിസ്റ്റ് പാർട്ടികളുടെ സമകാലീന രേഖകൾ’ എന്ന പേരിൽ ‘ചിന്ത’ ഇറക്കിയ മലയാളം പതിപ്പിന് അന്നത്തെ സംസ്ഥാന സെക്രട്ടറി, ഇന്നത്തെ മുഖ്യമന്ത്രി, പിണറായി വിജയനാണ് മുഖക്കുറിയെഴുതിയത്. കമ്യൂണിസ്റ്റുകൾ സാർവദേശീയ കാഴ്ചപ്പാടിൽ വിലയിരുത്തലുകൾ നടത്തേണ്ടവർ (മുസ്ലിംകൾക്ക് ആ കാഴ്ചപ്പാട് ‘ഹറാം’ ആണെന്നും പിണറായി) ആയതിനാൽ, തിരിച്ചടി നേരിട്ട ശേഷം തെറ്റുതിരുത്തലിൽ വ്യാപൃതരായ ആഗോള കമ്യൂണിസ്റ്റ് പാർട്ടികളുടെ കുമ്പസാരം അവരും അവരെക്കുറിച്ച് അറിയേണ്ടവരും വായിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയോ ഇല്ലേ, സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഭരണകൂടം സാമ്രാജ്യത്വത്തിന്റെ വാലാട്ടികളായതിനാൽ അവരെ സായുധമായി അട്ടിമറിക്കുന്നത് എങ്ങനെ, ചൈന ഇന്ത്യയെ ആക്രമിക്കുമ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ രാജ്യത്തിനൊപ്പമോ ചൈനക്കൊപ്പമോ നിൽക്കേണ്ടത് എന്നിവയിലൊക്കെ സഖാക്കൾ സാർവദേശീയ വിദ്യ തേടിയിരുന്നത് ചൈനയിൽനിന്നായിരുന്നതിനാലാവണം ആദ്യപാഠം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടേതാണ്. മുകളിൽ പറഞ്ഞ ‘കോട്ടക്കകത്തുനിന്നുള്ള അട്ടിമറി’ മുന്നറിയിപ്പു നൽകിയത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാണ്. അതിനായി കേഡറുകൾക്ക് അച്ചടക്കത്തിന്റെ 31 ഉഗ്രശാസനങ്ങളും നൽകി. അതിലൊരെണ്ണവും കമ്യൂണിസ്റ്റുകളെ തീണ്ടാൻ പാടില്ലെന്നായിരുന്നു ചൈനീസ് ശാസന. സ്വർണക്കടത്ത്, പൊലീസിലെ ആർ.എസ്.എസ് സ്വാധീനം, എ.ഡി.എം ആത്മഹത്യ, ‘പാവപ്പെട്ട സഹകരണ ജീവനക്കാരന്റെ’ പെട്രോൾ ബങ്ക് തുടങ്ങി കേരളത്തിലെ സി.പി.എം കോട്ടക്കകത്ത് ദിനേന തഴച്ചുവളരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആ 31 കമ്യൂണിസ്റ്റ് ശാസനങ്ങൾ വായിക്കേണ്ടതുതന്നെ. ബിസിനസ് നടത്താൻ അനുവദിക്കില്ല എന്നതാണ് ഒന്നാം കൽപന.
ജീവിതപങ്കാളി, മക്കൾ, ബന്ധുക്കൾ എന്നിവരുടെ ബിസിനസ് പ്രവർത്തനങ്ങൾക്ക്/വീടുവാങ്ങാൻ വിവേചനപരമായ ആനുകൂല്യങ്ങൾ നൽകുന്നതിന് അധികാര ദുർവിനിയോഗം അനുവദിക്കില്ല, വ്യക്തിപ്രധാന സന്ദർഭങ്ങൾ പൊതുപണം ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ അനുവദിക്കില്ല, പൊതുപണം ഉപയോഗിച്ച് സ്വന്തമായോ കുടുംബാംഗങ്ങൾക്കോ വേണ്ടി വീടു വാങ്ങാനോ നിർമിക്കാനോ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ അനുവദിക്കില്ല, പൊതുപണം ഉപയോഗിച്ച് വിവിധ ക്ലബ് അംഗത്വം നേടാനോ ഗാനശാല, നാടകശാല, നിശാക്ലബുകൾ എന്നിവയിലെ വിനോദപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ല, പൊതുപണം ഉപയോഗിച്ചോ അംഗീകാരമില്ലാതെ പൊതുവാഹനങ്ങൾ ഉപയോഗിച്ചോ ഡ്രൈവിങ് പഠിക്കാൻ അനുവദിക്കില്ല എന്നിങ്ങനെ പോകുന്നു പിണറായി കേഡർമാർക്ക് ചൊല്ലിപ്പഠിക്കാൻ നൽകിയ അരുത് കൽപനകൾ.
സി.പി.എം പ്രസിദ്ധീകരിച്ച ഈ തിരുത്തൽ രേഖ പന്തീരാണ്ടു കൊല്ലം വായിച്ചിട്ടും ലോകത്ത് ഏറ്റവും ദീർഘകാലം അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ് ഗവൺമെന്റ് (ഭരണകൂടം അല്ല, അത് ഇ.എം.എസ് പറഞ്ഞതുപോലെ മിതവാദ പാർലമെന്ററി പ്രവർത്തനം വഴിയല്ല, ജനകീയ സായുധ അട്ടിമറി വിപ്ലവത്തിലൂടെയാണല്ലോ വരേണ്ടത്) പശ്ചിമ ബംഗാളിൽ 2011ൽ നിലംപൊത്തി. 34 വർഷം നീണ്ട സി.പി.എം ഭരണത്തിന്റെ പതനകാരണം, പഠിക്കാതെപോയ കുമ്പസാരപുസ്തകത്തിൽ പറഞ്ഞതുതന്നെയെന്ന് പരാജിത മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ 2011 ഡിസംബർ 18ന് കൊൽക്കത്തക്കു സമീപം കൃഷ്ണനഗറിൽ പ്രവർത്തകരുടെ മുന്നിൽ ഏറ്റുപറഞ്ഞു. ‘‘പാർട്ടിയുമായി ബന്ധപ്പെട്ട ചിലയാളുകൾ അതിനെ പണമുണ്ടാക്കാനുള്ള വേദിയായി കണ്ടു. അതിനാണ് ജനം ഞങ്ങളെ ശിക്ഷിച്ചതും വലിച്ചെറിഞ്ഞതും. ഭയലേശം കൂടാതെ ഈ ഭൂതഗണങ്ങളെ പാർട്ടിയിൽനിന്നു നീക്കണം. അവരെ നീക്കിയതുകൊണ്ട് പാർട്ടിക്ക് ഒരു ചുക്കും വരില്ല. മുഷിഞ്ഞ ലളിതവേഷം ധരിച്ച്, ലളിതജീവിതവുമായി പാർട്ടിയെ സേവിക്കുന്ന ആയിരക്കണക്കിന് അംഗങ്ങൾ പാർട്ടിക്കുണ്ട്. അവരാണ് പാർട്ടിയുടെ അഭിമാനം’’ -പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം ഏറ്റുപറഞ്ഞു. ആ ലാളിത്യം പകർത്താൻ മുന്നിൽ നിന്നിട്ടും ബംഗാളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗോർബച്ചേവ് ആകാനായിരുന്നു ബുദ്ധദായുടെ വിധി.
മൂന്നര പതിറ്റാണ്ട് ഭരിച്ച പശ്ചിമ ബംഗാളിൽ സി.പി.എം സർക്കാറിനെ ജനം തിരിച്ചുവരാനാകാത്ത വിസ്മൃതിയിലേക്ക് എടുത്തെറിഞ്ഞതിന്റെ കാരണം കൊൽക്കത്തയിലെ പ്രശസ്തമായ പ്രസിഡൻസി കോളജിൽ എസ്.എഫ്.ഐ ചാവേറായി തുടങ്ങി ഡി.വൈ.എഫ്.ഐയിലും പാർട്ടിയിലും അംഗമായി 2011 വരെ പ്രവർത്തിച്ച സുർജ്യ ഭൗമിക് എഴുതി മൂന്നു വർഷം മുമ്പ് പ്രസിദ്ധീകരിച്ച Gangster State: The Rise and Fall of the CPI(M) വിശദീകരിക്കുന്നുണ്ട്. തന്റെയും ഏരിയ കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റിയിലെയും പോളിറ്റ് ബ്യൂറോയിലെയും വരെ സഖാക്കളുടെയും അനുഭവങ്ങളിലൂടെയും സഞ്ചരിക്കുന്ന ആ കൃതി വായിക്കുമ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പരീക്ഷണത്തിന്റെ ദുരനുഭവപ്പകർപ്പുകൾ കാണാം. സോഷ്യലിസത്തിന്റെ നീതിസമൂഹത്തിലേക്ക് കർഷകരെയും തൊഴിലാളികളെയും വിളിച്ചുകൂട്ടിയ നേതാക്കൾ ബംഗാളിനെ ‘ഗാങ്സ്റ്റർ സ്റ്റേറ്റ്’ ആക്കി മാറ്റിയ വിധം ഭൗമിക് ഇച്ഛാഭംഗത്തോടെ വിശദീകരിക്കുമ്പോൾ കേരളത്തിലെ മാർക്സിസ്റ്റുകളുടെയും ഗതി എങ്ങോട്ട് എന്നു കൃത്യമായി ബോധ്യപ്പെടും.
ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് ഗവൺമെന്റ് കേരളത്തിൽ അധികാരമേറ്റപ്പോൾതന്നെ ഒരു ജനാധിപത്യക്രമത്തിലെ അതിന്റെ ബാലാരിഷ്ടതകളും പരിമിതികളും വെളിപ്പെട്ടതാണ്; അതു പരസ്യമായി സമ്മതിച്ചുതരാൻ ഇ.എം.എസ് നമ്പൂതിരിപ്പാട് മുതൽ പിണറായി വരെയുള്ളവർ തയാറല്ലെങ്കിലും. ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർതന്നെ മോഹഭംഗത്തിനു വഴിവെച്ചുവെന്ന് കമ്യൂണിസ്റ്റ് ചിന്തകനായിരുന്ന കെ. ദാമോദരൻ 1975 സെപ്റ്റംബർ-ഒക്ടോബർ ലക്കം ‘ന്യൂ ലെഫ്റ്റ് റിവ്യൂ’വിൽ പത്രാധിപർ താരിഖ് അലിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ്. ‘കേരളം സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിന്റെ ഉത്തമമാതൃകയായിത്തീരുമെന്നും അത് ലോകം മുഴുവനുള്ള സഖാക്കൾക്കും വഴികാട്ടിയാകും എന്നൊക്കെയായിരുന്നു ഇ.എം.എസിന്റെ ധാരണ. ‘‘താമസിയാതെ, സിവിൽ സർവിസ് അതിശക്തമായൊരു സാധനമാണെന്നും സംസ്ഥാനത്തെ സിവിലുദ്യോഗസ്ഥരുടെ മേധാവിയായ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെയല്ല, കേന്ദ്രത്തിൽനിന്നുള്ള കൽപനകളനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും നമ്പൂതിരിപ്പാടിനും മന്ത്രിമാർക്കും പെട്ടെന്നു ബോധ്യമായി. അങ്ങനെ ചില പരിഷ്കാരങ്ങൾക്ക് ഗണപതി കുറിക്കുന്ന കാര്യത്തിൽതന്നെ കമ്യൂണിസ്റ്റ് മന്ത്രിസഭ അശക്തമായി. ശരിയായ മറ്റു വീക്ഷണങ്ങളില്ലാതിരുന്നതുകൊണ്ട് അതു വഴിമുട്ടി നിന്നു...കുറച്ചു കഴിഞ്ഞപ്പോൾ ഒരു കമ്യൂണിസ്റ്റു ഗവൺമെന്റുണ്ടാകുന്നതിന്റെ പുതുമയൊക്കെ മാറി’’ എന്നു ദാമോദരൻ. അതോടെ, കമ്യൂണിസ്റ്റുകളുടെ ലക്ഷ്യം പാർലമെന്ററി ഭൂരിപക്ഷവും ഗവൺമെന്റ് രൂപവത്കരണത്തിനുള്ള സഖ്യസമ്പാദനവുമായിത്തീർന്നു.
കമ്യൂണിസ്റ്റു നേതാക്കളിൽ തെരഞ്ഞെടുപ്പുവഴി അധികാരം നേടാനും മന്ത്രിസഭകളുണ്ടാക്കാനുമുള്ള അത്യാഗ്രഹം മാത്രമാണ് കേരളം സൃഷ്ടിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ആശയം അധികാരലബ്ധി വരെ എന്ന് കമ്യൂണിസത്തിന്റെ ‘വഴികാട്ടുന്ന നക്ഷത്രമായ’ സ്റ്റാലിൻ നേരത്തേ പഠിപ്പിച്ചിട്ടുമുണ്ട്. അധികാരവും സാമ്രാജ്യവും നിലനിർത്താൻ ഹിറ്റ്ലറെ സഖാവായി വരിച്ചു അദ്ദേഹം. രണ്ടുകൊല്ലം കഴിഞ്ഞ് അതുവിട്ട് മുതലാളിത്ത സാമ്രാജ്യത്വശക്തികളായി സഖ്യത്തിൽ. അതിനു വേണ്ടി കമ്യൂണിസ്റ്റ് ഇന്റർനാഷനൽ പിരിച്ചുവിടാനും തയാറായി. അതുപഠിച്ച ഇന്ത്യൻ സഖാക്കൾ സ്റ്റാലിനെ പിന്തുടർന്ന് പാലക്കാട് നഗരസഭ മുതൽ പശ്ചിമ ബംഗാൾ നിയമസഭയും പാർലമെന്റും വരെ, അധികാരത്തിനു വേണ്ടി ഏതു ചെകുത്താനെയും കൂട്ടുപിടിക്കാൻ പഠിച്ചു. അധികാരത്തിന്റെ രുചി സഹകരണസംഘങ്ങളിലൂടെ താഴെ തട്ടിലെത്തിച്ചതുകൊണ്ട് അണികൾ ഒരുമുഴം മുമ്പേ ചാടും. ബംഗാളിൽ നേതൃനീത ഭേദമില്ലാതെ ആഗേ റാം, പോറേ ബാം (ആദ്യം റാം, പിന്നെ ഇടത്) എന്നും ചൊല്ലി സി.പി.എമ്മിൽനിന്ന് ബി.ജെ.പിയിലേക്ക് കൂടൊഴിഞ്ഞുപോയപോലെ.
അതുകൊണ്ട് ആർ.എസ്.എസ് നിയോഗിച്ച തെരഞ്ഞെടുപ്പ് എൻജിനീയർമാരെ കമ്യൂണിസ്റ്റ് ഭരണത്തിലെ പൊലീസ് മേധാവി പോയിക്കാണുന്നതും അങ്ങോരുടെ പൊലീസിന്റെ ‘രക്ഷാപ്രവർത്തന’ത്തിലൂടെ പൂരത്തിനിടയിലെ പുട്ടുകച്ചവടത്തിൽ ബി.ജെ.പി സ്ഥാനാർഥിക്ക് എമർജൻസി സഹായമെത്തുന്നതുമൊക്കെ അണികൾക്ക് നൽകുന്ന കൃത്യമായ സന്ദേശമുണ്ട്. ഫയലിലെ ജീവിതത്തിലേക്ക് ചൂണ്ടി മുഖ്യമന്ത്രി ഉദ്യോഗസ്ഥരിലെ മനുഷ്യത്വം ഉണർത്തിയപ്പോൾ അത് ഒരു ഉദ്യോഗസ്ഥജന്മം ഇല്ലാതാക്കാനുള്ള മരണസന്ദേശമാക്കി മാറ്റുകയായിരുന്നു അധികാരരുചിയുടെ വക്കുതൊട്ട സ്വജനപക്ഷപാതിയായ ഇളംമുറ സ്റ്റാലിനിസ്റ്റ്. അങ്ങനെ ഭരണമുറച്ചതിൽ പിന്നെ ഇന്ത്യയിൽ അവശേഷിക്കുന്ന അവസാന കമ്യൂണിസ്റ്റുകോട്ട അകത്തുനിന്ന് പൊളിക്കുന്ന തിരുതകൃതിയിലാണ് കേരള പാർട്ടി. മുസ്ലിംകളെ പ്രശ്നവത്കരിച്ച് അതിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള രക്ഷാപ്രവർത്തനവുംകൂടി പാർട്ടി ഏറ്റെടുത്തിരിക്കുന്നു.
തുടരും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.