ഇനിയെങ്കിലും മനസ്സിലാക്കുക കോൺഗ്രസ് തോറ്റതിന്റെ കാരണം
text_fieldsലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിനുശേഷം പൊതുസമൂഹത്തെ നിരാശപ്പെടുത്തിയതാണ് ജനം കോൺഗ്രസിനെ കൈയൊഴിയാൻ കാരണമെന്ന് നിരീക്ഷിക്കുന്നു ബോളിവുഡിലെ തിരക്കഥാകൃത്ത് ദറാബ് ഫാറൂഖി
പ്രിയപ്പെട്ട രാഹുൽ ഗാന്ധി,
മികച്ച പ്രകടനം കാഴ്ചവെച്ച 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നും താങ്കളുടെ പാർട്ടിക്ക് വിജയം സ്വന്തമാക്കാൻ സാധിക്കാഞ്ഞത് എന്തുകൊണ്ടാണെന്നത് ആരും താങ്കൾക്ക് വിശദീകരിച്ചു തന്നിട്ടുണ്ടാവാൻ ഇടയില്ല. ആരെങ്കിലും അത് വ്യക്തമായി തുറന്നുപറയാൻ സമയമായിരിക്കുന്നുവെന്നതിനാൽ വേദനാജനകമായ ചില സത്യങ്ങൾ ഞാൻ പറഞ്ഞുതരാം.
ആദ്യം, ലോക്സഭാ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് ഞാൻ വിശദീകരിക്കാം.
കോൺഗ്രസ് ബുദ്ധികേന്ദ്രങ്ങൾ താങ്കളോട് പല കാരണങ്ങൾ പറയുന്നുണ്ട്:
1. ഭാരത് ജോഡോ യാത്ര കാരണമാണ്
2. നിങ്ങളൊരു ബഹുജന നേതാവായിരിക്കുന്നു
3. തെരഞ്ഞെടുപ്പിലുടനീളം ജനം മോദിക്കെതിരെ പോരാടി
4. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പ്രചാരണം ശക്തമായിരുന്നു
5. ഇൻഡ്യ മുന്നണി ഒരു സേന കണക്കെ പ്രവർത്തിച്ചു.
ഈ കാര്യങ്ങളെല്ലാം ഒരു പരിധിവരെയോ പരോക്ഷമായോ ശരിയാണെങ്കിലും യഥാർഥ കാരണം അതൊന്നുമല്ല.
സത്യത്തിൽ, താങ്കളൊരു ബഹുജന നേതാവായി മാറിയിട്ടൊന്നുമില്ല. പക്ഷേ, താങ്കൾ നടത്തിയ ഭാരത് ജോഡോ യാത്ര ജനങ്ങൾക്ക് അത്തരത്തിലെ ഒരു പ്രതീക്ഷയുടെ തിളക്കം പകർന്നിരുന്നു. ജനം മോദിക്കെതിരെ തെരഞ്ഞെടുപ്പിൽ പോരാടി, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ. എന്തുകൊണ്ടായിരുന്നു അതെന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കോൺഗ്രസിന്റെ സമൂഹമാധ്യമ പ്രചാരണവും വിജയകരമായിരുന്നു. അത് എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചിട്ടുണ്ടോ?
ഇനി അതിന്റെ നിജസ്ഥിതി പറയാം:
ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ, പൊതുസമൂഹത്തിൽനിന്നുള്ള മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന വിദ്യാസമ്പന്നരായ ആയിരക്കണക്കിന് ഇന്ത്യക്കാരെ നിങ്ങൾ പ്രചോദിപ്പിച്ചു. ഈ ആയിരക്കണക്കിന് യോദ്ധാക്കൾ നിങ്ങൾക്കായി നിരന്തരം പോരാടി, സംഘികളെ നേരിടാനും സമൂഹമാധ്യമ പ്രചാരണത്തെ പിന്തുണക്കാനും എല്ലാ ദിവസവും സമയം ചെലവിട്ടു, എല്ലാറ്റിനുമുപരിയായി, അവർ ഒരു ബൃഹത് ആഖ്യാനം തന്നെ സൃഷ്ടിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം സാധ്യമാക്കിയത് അവരാണ്. അവരിൽ ഭൂരിഭാഗവും ഇപ്പോൾ സജീവമല്ല. ഞാനും അക്കൂട്ടത്തിൽ ഒരാളാണ്.
ഞങ്ങൾ താങ്കളെ പിന്തുണക്കുന്നുണ്ട്, പക്ഷേ നിങ്ങളെയും കോൺഗ്രസിനെ ആകെത്തന്നെയും ഞങ്ങൾക്ക് മടുത്തിരിക്കുന്നു. ആളുകളുടെ പ്രയത്നങ്ങളെയും സംഭാവനകളെയും നിസ്സാരമായി കാണുന്നതിൽ സവിശേഷ വൈദഗ്ദ്ധ്യമുള്ള ഒരു പ്രസ്ഥാനമാണ് കോൺഗ്രസ്. നിങ്ങൾ മൃദു ഹിന്ദുത്വത്തിലേക്ക് വഴുതിവീഴുന്നത് കാണുമ്പോൾ, നിങ്ങൾ മതനിരപേക്ഷതക്കുവേണ്ടി ശക്തമായി നിലകൊള്ളുന്നില്ലെന്നും പുരോഗമനാത്മകമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ താൽപര്യമില്ലെന്നും അവർ തിരിച്ചറിയുന്നു, നിരാശരാകുന്നു.
പക്ഷേ, എല്ലാറ്റിനുമുപരിയായി, അവർ പ്രത്യയശാസ്ത്ര ബോധ്യമുള്ള വ്യക്തികളാണെന്ന് നിങ്ങൾ തിരിച്ചറിയണം; സംഘികളുടെ ഇക്കോ സിസ്റ്റത്തെ നേരിടാൻ അവർക്കേ കഴിയൂ. നിലവിൽ അവർക്ക് താങ്കളിലും കോൺഗ്രസിലും വിശ്വാസം നഷ്ടമായിരിക്കുന്നു.
ഞാൻ ഒരുകാര്യം കൂടി പറയട്ടെ, ആഖ്യാനങ്ങൾ സൃഷ്ടിക്കേണ്ടതെങ്ങനെയെന്ന് നിങ്ങളുടെ സംഘത്തിന് യാതൊരു ധാരണയുമില്ലാത്തതിനാൽ ഭാവിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തോൽക്കും; പ്രാഥമികമായി കോൺഗ്രസ് നേതാക്കൾ സവിശേഷാധികാരമുള്ള പഴഞ്ചൻ ചിന്തയുമായി നടക്കുന്നവരാണ്, ക്രിയാത്മകമായി കഥ പറയാൻപോലും കഴിവില്ലാത്തവർ.
തെരഞ്ഞെടുപ്പുകൾ എല്ലായ്പോഴും വൈകാരികമായ ഒരു വിഷയത്തിലൂന്നിയാണ്, അവ എന്താണെന്ന് നിങ്ങൾക്കറിയില്ല. ഇന്ത്യയിലെ പൗരസമൂഹം പക്ഷേ അങ്ങനെയല്ല. കാരണം അതിൽ കലാകാരന്മാരും മാധ്യമപ്രവർത്തകരും മറ്റ് പ്രഫഷണലുകളുമുൾപ്പെടെ ജീവിതത്തിന്റെ എല്ലാ തുറകളിൽനിന്നുമുള്ള ആളുകളുണ്ട്. അവരെല്ലാം മികച്ച കഥ പറച്ചിലുകാരാണ്. തെരഞ്ഞെടുപ്പുകൾ എല്ലായ്പോഴും വിജയിക്കുന്നത് വൈകാരികമായ ആഖ്യാനത്തിലൂടെയാണ്.
2024ലെ പൊതു തെരഞ്ഞെടുപ്പിൽ താങ്കളത് കണ്ടതാണ്; അവർ നല്ല രീതിയിൽ പണിയെടുത്തു. നിങ്ങളുടെ ഉപദേശകരെക്കാൾ ജനം പറയുന്നത് ശ്രദ്ധിക്കുക. അവരെ പ്രചോദിപ്പിക്കുകയും അവരുടെ മൂല്യങ്ങളുമായി താദാത്മ്യം പ്രകടിപ്പിക്കുകയും ചെയ്യുക. നിങ്ങൾ അവരെ പ്രചോദിപ്പിക്കുകയാണെങ്കിൽ, സംഘികൾക്ക് ചെറുക്കാൻ കഴിയാത്ത ഒരു ബൃഹത് ആഖ്യാനം അവർ നിങ്ങൾക്കായി തയാറാക്കും.
ഇന്ത്യൻ പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന പുരോഗമനാത്മകമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്ന പക്ഷം, ഇനിയൊരിക്കലും നിങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല.
ഞാൻ പറയുന്നത് അൽപം പരുഷമായിട്ടാണെന്ന് തോന്നിയേക്കാം. പക്ഷേ, ഇത് താങ്കൾ അംഗീകരിക്കേണ്ട ഭയാനകമായ ഒരു യാഥാർഥ്യമാണ്. സംഘികൾ വിജയിക്കുന്നത് അവരുടെ ആവാസവ്യവസ്ഥ അവർക്കുവേണ്ടി കഠിനമായി പോരാടുന്നതിനാലാണ്.
ഇപ്പറഞ്ഞതു പോലൊരു ആവാസവ്യവസ്ഥ കുറച്ചുകാലം നിങ്ങൾക്കുമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ നിങ്ങൾക്കത് നഷ്ടപ്പെട്ടിരിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത് താങ്കളാണ്; വിജയിക്കണമെങ്കിൽ, അതിനുതകുന്ന ഒരു ആവാസവ്യവസ്ഥ നിർമിക്കുക. എന്നെ വിശ്വസിക്കൂ, ആയിരക്കണക്കിനാളുകൾ അതിനൊരുക്കമാണ്; എന്നിരുന്നാലും, നിങ്ങൾ അവരുടെ പ്രത്യയശാസ്ത്രത്തിനുവേണ്ടി പണിയെടുക്കുന്നതുവരെ അവർ നിങ്ങൾക്കുവേണ്ടി പോരാടുകയില്ല.
‘ഇന്ത്യ എന്ന ആശയ’മാണ് അവരുടെ പ്രത്യയശാസ്ത്രം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.