കോൺഗ്രസ് എന്നാണ് പഠിക്കുക?
text_fieldsബി.ജെ.പി മുന്നോട്ടുവെച്ച തീവ്ര ഹിന്ദുത്വ അജണ്ടയെ വെല്ലുവിളിച്ചും മതനിരപേക്ഷ-ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞുമാണ് കോൺഗ്രസ് പാർട്ടി കർണാടകയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടതും മിന്നുന്ന വിജയം സ്വന്തമാക്കിയതും.
അതിന്റെ ആഘോഷമേളങ്ങൾ തുടരുന്നതിനിടെ നവംബറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ കോൺഗ്രസ് പാർട്ടിയെ ഒന്ന് നോക്കിയാൽ ആരും അമ്പരക്കും. ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ മത്സരിക്കാനൊരുങ്ങുന്ന കോൺഗ്രസ് മുന്നോട്ടുവെക്കുന്നതും ഹിന്ദുത്വംതന്നെ, ഗാഢത അൽപം കുറവുണ്ടെന്നു മാത്രം.
കർണാടകയിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന് പറയാൻ കോൺഗ്രസ് നേതാക്കൾ ധൈര്യംകാണിച്ചു. ഹിജാബ് നിരോധനം പിൻവലിക്കുമെന്നും ബി.ജെ.പി സർക്കാർ റദ്ദാക്കിയ നാലു ശതമാനം മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും അവർ പ്രഖ്യാപിച്ചു.
ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് ബദലായി പല ബി.ജെ.പി നേതാക്കളും ജയ് ബജ്റംഗ് ബലി എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രസംഗങ്ങൾ അവസാനിപ്പിച്ചത്. എന്നാൽ, സാമുദായിക ധ്രുവീകരണത്തിലൂന്നി തെരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിയെ കൈയൊഴിയാനായിരുന്നു ജനങ്ങളുടെ തീരുമാനം.
കർണാടകയിലെ ജനവിധിയുടെ പൊരുൾ കോൺഗ്രസ് തിരിച്ചറിയുമെന്നും വരുംതെരഞ്ഞെടുപ്പിൽ അതവർക്ക് വഴികാട്ടുമെന്നൊക്കെയാണ് നാടും ജനങ്ങളും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 230 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് മുതൽ പ്രിയങ്ക ഗാന്ധി വരെയുള്ള നേതാക്കൾ തികച്ചും വിപരീത നിലപാടാണ് കൈക്കൊള്ളുന്നത്.
അതിരൂക്ഷമാംവിധം കാവിവത്കരിക്കപ്പെട്ട ഹിന്ദി ബെൽറ്റിൽ മതനിരപേക്ഷ അജണ്ട മാറ്റിവെച്ചാലേ ഫലമുള്ളൂ എന്നാവും പാർട്ടി നേതൃത്വം കരുതുന്നുണ്ടാവുക? അങ്ങനെയെങ്കിൽ കഴിഞ്ഞ 20 വർഷമായി വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി സ്വീകരിച്ച തെരഞ്ഞെടുപ്പ് നിലപാടുകൾ വിശകലനംചെയ്യാനുള്ള സമയമാണിത്. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടും പാർട്ടി എന്തുകൊണ്ടാണ് അവിടെയെല്ലാം തോറ്റുപോയതെന്നും പരിശോധിക്കുക.
ജനസംഖ്യയിലും നിയമസഭ, ലോക്സഭ മണ്ഡലങ്ങളുടെ കാര്യത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള ഉത്തർപ്രദേശിൽ കോൺഗ്രസ് പൂർണമായി എഴുതിത്തള്ളപ്പെട്ടിരിക്കുകയാണ്. മൃദുഹിന്ദുത്വംകൊണ്ട് ബി.ജെ.പിയെ ചെറുക്കാൻ പറ്റുമായിരുന്നെങ്കിൽ അവിടെ പാർട്ടി ജയിക്കേണ്ടതായിരുന്നില്ലേ. ബിഹാർ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിത്യാദി സംസ്ഥാനങ്ങളിലെല്ലാം നിയമസഭ തെരഞ്ഞെടുപ്പുകളിൽ അപമാനകരമായ തോൽവിയാണ് കോൺഗ്രസ് അഭിമുഖീകരിച്ചിട്ടുള്ളത്.
എത്രമാത്രം ഹിന്ദുത്വം വാരിപ്പൂശുന്നുവോ ഹിന്ദി ഹൃദയഭൂമിയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും അവർ അത്രകണ്ട് അപ്രസക്തമായി മാറിയതായി കാണാം. ഹിന്ദുത്വ നിലപാടിന്റെ കാര്യത്തിൽ ബി.ജെ.പിയുമായി മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ലതന്നെ.
ഭാരത് ജോഡോ യാത്രയിലുടനീളം ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നയങ്ങളെ കടന്നാക്രമിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിലും അതേ ഭാഷയും ശൈലിയും നിലപാടും അദ്ദേഹം പിന്തുടർന്നു. അത് പാർട്ടിക്കു നൽകിയ മേൽക്കൈ മതാടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിക്കുന്ന ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തോട് ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്കും മടുപ്പാണ് എന്ന് സൂചിപ്പിക്കുന്നു.
വികസനവിഷയങ്ങളെ പിന്നാക്കംതള്ളിയൊതുക്കുന്ന വർഗീയരാഷ്ട്രീയത്തിൽ ഹിന്ദുസമൂഹത്തിന് താൽപര്യമില്ലെന്നും സഹോദര സമുദായങ്ങളുമായി സമാധാനപൂർണമായ സഹവർത്തിത്വമാണ് അവർ കാംക്ഷിക്കുന്നതെന്നും കർണാടകയിലെ ഫലം വിലയിരുത്തുമ്പോൾ വ്യക്തമാകുന്നു.
എന്നാലിപ്പോൾ മധ്യപ്രദേശിൽ പ്രചാരണത്തിന് തുടക്കംകുറിച്ച കോൺഗ്രസ്, ബജ്റംഗ് ദളിന്റെ മാതൃകയിൽ രൂപവത്കരിക്കപ്പെട്ട ബജ്റംഗ് സേനയുമായി വേദി പങ്കിടുന്ന കാഴ്ചയാണ് കാണാനാവുന്നത്. കമൽനാഥിന്റെയും മറ്റു സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തിൽ ബജ്റംഗ് സേന കോൺഗ്രസിൽ ലയിക്കുകയും ചെയ്തു.
ആ ചടങ്ങിൽവെച്ച് സേനാനേതാക്കളിൽനിന്ന് കമൽനാഥ് ഒരു ഗദയും ഏറ്റുവാങ്ങി. ജബൽപുരിൽ സന്ദർശനത്തിനെത്തിയ പ്രിയങ്ക ഗാന്ധി നർമദ ആരതിക്കുശേഷം ശംഖനാദം മുഴക്കിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചതുതന്നെ.
മധ്യപ്രദേശ് കോൺഗ്രസ് ഘടകത്തിനു കീഴിൽ രണ്ടു വർഷമായി പ്രത്യേക മത ഉത്സവാഘോഷ വിഭാഗംതന്നെ പ്രവർത്തിക്കുന്നുണ്ട്. ഹനുമൽഭക്തനായി വിശേഷിപ്പിക്കപ്പെടുന്ന കമൽനാഥ് തന്നെയാണ് അതിന് മേൽനോട്ടം വഹിക്കുന്നത്. സംസ്ഥാനമൊട്ടുക്ക് സംഘടിപ്പിച്ചുവരുന്ന ഭഗവദ്ഗീത പാരായണ പരിപാടിക്കായി നിരവധി പുരോഹിതരെയും പുരാണകഥ പറച്ചിലുകാരെയും പാർട്ടി നിയോഗിച്ചു.
കോൺഗ്രസ് ഒരു ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന ആർ.എസ്.എസ്-ബി.ജെ.പി പ്രചാരണത്തെ മറികടക്കാനായി സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഭഗവദ്ഗീതാ കഥനം സംഘടിപ്പിക്കാനാണ് തീരുമാനം. വർഗീയപ്രേരിത അജണ്ട മാത്രം മുന്നോട്ടുവെക്കുന്ന സംഘ്പരിവാറിൽനിന്ന് വിഭിന്നമായി 500 രൂപക്ക് എൽ.പി.ജി സിലിണ്ടർ, സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1500 രൂപ, പ്രതിമാസം 100 യൂനിറ്റ് സൗജന്യ വൈദ്യുതി, കാർഷിക കടാശ്വാസം, വയോജന പെൻഷൻ പദ്ധതി തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് നൽകുന്നുണ്ട്.
മധ്യപ്രദേശിലെ ശക്തമായ രാഷ്ട്രീയ മത്സരം ജയിക്കാൻ ഈ മൃദുഹിന്ദുത്വ മന്ത്രം മതിയാകുമോ എന്ന് കണ്ടുതന്നെയറിയണം. 2018ൽ 114 സീറ്റുകൾ നേടിയ കോൺഗ്രസ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കി സംസ്ഥാനത്ത് സർക്കാർ രൂപവത്കരിച്ചതാണ്. അന്ന് ബി.ജെ.പിക്ക് 109ഉം ബി.എസ്.പിക്ക് രണ്ടും സീറ്റുകളാണ് ലഭിച്ചിരുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ 22 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കാലുമാറിയതോടെ 18 മാസംകൊണ്ട് സർക്കാർ താഴെ വീണു. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ ബി.ജെ.പി സഭയുണ്ടാക്കുകയും ചെയ്തു.
(ദീർഘകാലം ഗുജറാത്തിൽ ഇന്ത്യൻ എക്സ്പ്രസ് സ്പെഷൽ കറസ്പോണ്ടൻറായിരുന്ന ലേഖകൻ ഇപ്പോൾ ഇന്ത്യ ടുമാറോ മുഖ്യപത്രാധിപരാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.