ഇന്ത്യൻ ജനതയെ കോൺഗ്രസ് ഇരുളിൽ തള്ളരുത്
text_fieldsഇലക്ഷൻ കമീഷൻ കുറച്ച് ആഴ്ചത്തേക്ക് ഇ.വി.എമ്മുകളിൽ ഒന്ന് തനിക്ക് നൽകിയാൽ, അത് കൃത്രിമമാണോ അതോ കൃത്രിമം കാണിക്കാൻ കഴിയുമോ എന്ന കാര്യം തെളിയിക്കാനാവുമെന്ന് സാം പിട്രോഡ ഉറപ്പിച്ചുപറയുന്നു.
നിർണായകമായ വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ കോൺഗ്രസ് വിഷമ സന്ധിയിലാണെന്ന വാർത്തകൾ മാധ്യമങ്ങളിൽ വിപുലമായി പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാകർമം സംബന്ധിച്ച നിലപാട്. ഈ വിഷയത്തിൽ ദേശീയതലത്തിലോ കേരളത്തിലെ നേതാക്കൾക്കിടയിലോ ആശയ വ്യക്തതയോ അഭിപ്രായ സമന്വയമോ ഇല്ല എന്നതാണ് മതനിരപേക്ഷ വിഭാഗങ്ങൾക്കിടയിൽ ഉയരുന്ന പൊതുവായ സങ്കടം. നെഹ്റുവിയൻ കാഴ്ചപ്പാടിൽനിന്നുള്ള വ്യതിയാനം ദേശീയതലത്തിൽ കോൺഗ്രസിന്റെ അഭിപ്രായ സ്ഥിരതയെയും ആശയസ്ഥൈര്യത്തെയും കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. കോൺഗ്രസിൽ വിശ്വാസവും പ്രതീക്ഷയുമർപ്പിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ രൂപപ്പെടുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അയോധ്യയിലെ രാമക്ഷേത്ര വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നവരുടെ മതവും ജാതിയും നോക്കിയാണ് അവർക്കെതിരെ വിമർശനവും ട്രോളും പടച്ചുവിടുന്നതെന്നാണ് ഇന്ത്യയുടെ ടെലികമ്യൂണിക്കേഷൻ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സാം പിട്രോഡ സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ ഈ ലേഖകനോട് പറഞ്ഞത്.
രാമക്ഷേത്ര വിഷയത്തിൽ വിശ്വാസവും മതവും വ്യക്തിപരമായ കാര്യമാണെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും പറഞ്ഞത് താൻ ക്രിസ്ത്യാനിയായതുകൊണ്ടാണ് എന്നാണ് ബി.ജെ.പിയുടെ ഉന്നത നേതാക്കളടക്കം ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ബിഹാറിലെ വിശ്വകർമ കുടുംബത്തിൽ ജനിച്ച സത്യനാരായൺ ഗംഗാറാം പിട്രോഡ ഇത് പറയുമ്പോൾ ചിരിക്കുന്നുണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളിൽ ചിലരാവട്ടെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർമാൻ കൂടിയായ സാം പിട്രോഡയുടെ വാക്കുകൾ പാർട്ടിയുടെ അഭിപ്രായമല്ല എന്നുപറഞ്ഞ് മനഃപൂർവം അകലം പാലിക്കാൻ ശ്രദ്ധിക്കുന്നു.
രാമക്ഷേത്ര വിഷയത്തിൽ സീനിയർ കോൺഗ്രസ് നേതാക്കളും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻകാല അധ്യക്ഷന്മാരുമായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, കെ. മുരളീധരൻ എം.പി എന്നിവരെടുത്ത നിലപാടുകൾ വ്യക്തവും കൃത്യവുമാണ്.
ഇ.വി.എം കൃത്രിമത്വം
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഏറെ വിമർശനങ്ങളുയരുകയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതതന്നെ സംശയാസ്പദമാക്കുകയും ചെയ്യുന്നതായിരുന്നു ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൃത്രിമ സാധ്യതകൾ. എന്നാൽ, ഈ വിഷയത്തിൽ സജീവമായ ഇടപെടൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളിൽനിന്ന് ഉണ്ടായില്ല. വിരമിച്ച ജഡ്ജിമാർ, മുൻ സിവിൽ ഉദ്യോഗസ്ഥർ, സർവകലാശാല പ്രഫസർമാർ, മുതിർന്ന പത്രപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുൾക്കൊള്ളുന്ന സിറ്റിസൺസ് കമീഷൻ ഓൺ ഇലക്ഷൻസ് (സി.സി.ഇ) 2021 ജനുവരി 30ന് ഇ.വി.എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ലോക്കൂർ അധ്യക്ഷനായ സമിതി എല്ലാ വിവിപാറ്റുകളും വോട്ടുകൾക്കൊപ്പം എണ്ണണമെന്ന നിർദേശം മുന്നോട്ടുവെക്കുന്നു.
യു.എസ് ജോർജ് വാഷിങ്ടൺ യൂനിവേഴ്സിറ്റിയിലെ പൂർവി എൽ. വോറയും ഭാഗീരഥ് നരഹരിയും യു.എസ്.എയിലെ നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റിയിലെ അലോക് ചൗധരിയും ഉൾപ്പെടെ ഈ വിഷയത്തിൽ അവഗാഹമുള്ള വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമാണ് സമിതി ഈ റിപ്പോർട്ട് തയാറാക്കിയത്. എന്തുകൊണ്ടോ ഈ വിഷയത്തിൽ ശക്തമായ ഇടപെടലുകൾ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ ലോകത്തെതന്നെ എണ്ണപ്പെടുന്ന ശബ്ദമായ സാം പിട്രോഡയുടെ വാക്കുകൾ ഇ.വി.എമ്മിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിമരുന്നിട്ടിരിക്കുകയാണ്.
ഇ.വി.എം മെഷീനുകളിൽ കൃത്രിമത്തിന് സാധ്യതയുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകൾ ബി.ജെ.പി നേടുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഇലക്ഷൻ കമീഷൻ കുറച്ച് ആഴ്ചത്തേക്ക് ഇ.വി.എമ്മുകളിൽ ഒന്ന് തനിക്ക് നൽകിയാൽ, അത് കൃത്രിമമാണോ അതോ കൃത്രിമം കാണിക്കാൻ കഴിയുമോ എന്ന കാര്യം തെളിയിക്കാനാവുമെന്ന് സാം പിട്രോഡ ഉറപ്പിച്ചുപറയുന്നു. ഇ.വി.എം വിഷയത്തിൽ സി.സി.ഇ മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന് തുടക്കമിട്ട, ഇപ്പോൾ ചികാഗോ സർവകലാശാലയിലെ സൈബർ സുരക്ഷയെക്കുറിച്ചുള്ള ഉപദേശക സമിതിയിലെ അംഗം കൂടിയായ സാം പിട്രോഡയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇതൊരു സജീവ പ്രശ്നമായി ഏറ്റെടുക്കാൻ കോൺഗ്രസ് ഇനിയും മടിക്കരുത്.
‘ഇൻഡ്യ’ മുന്നണിയുടെ കെട്ടുറപ്പ്
മതനിരപേക്ഷ ഇന്ത്യൻ സമൂഹത്തിന് ഏറെ പ്രതീക്ഷയേകി പിറവിയെടുത്ത ‘ഇൻഡ്യ’ മുന്നണിയെ ഒരേ മനസ്സോടെ ഒരുമിച്ചുചേർത്ത് മുന്നോട്ടുനയിക്കാൻ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഊർജം പേറുന്ന കോൺഗ്രസിന് സാധിച്ചാൽ രാജ്യത്തിന്റെ ആത്മാവിനെത്തന്നെ മുറിവേൽപ്പിച്ചുകൊണ്ടിരിക്കുന്ന വർഗീയ ഫാഷിസ്റ്റ് ഭരണത്തിന് അറുതിവരുത്താൻ സാധിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, വിവിധ ഉത്തരേന്ത്യൻ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ ഏതാനും ചില നേതാക്കളുടെ പിടിവാശിമൂലം ‘ഇൻഡ്യ’യുടെ ഐക്യത്തിന് ഇളക്കം തട്ടി, വിജയിക്കാമായിരുന്ന സീറ്റുകളിൽ തോൽവി ഏറ്റുവാങ്ങുകയും സംസ്ഥാന ഭരണം അകന്നുപോവുകയും ചെയ്തു.
കോൺഗ്രസ് ഉത്തരവാദിത്തം നിർവഹിക്കാൻ ഇനിയും സന്നദ്ധമായില്ലെങ്കിൽ 2024ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയും രാജ്യവും കനത്ത വില കൊടുക്കേണ്ടിവരും.
(ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.