ഭാരത് ജോഡോ പദയാത്ര: സംഘ് പരിവാറിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കാൻ പോരാട്ടത്തിന്റെ 150 ദിനങ്ങൾ
text_fieldsഭയവും വെറുപ്പും വിതറി ഭരണകൂടം മലിനപ്പെടുത്തിയ ഭാരതത്തിന്റെ ആശങ്കകൾ മുറ്റി നിൽക്കുന്ന വഴികളിലൂടെ, രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള 3500 ഓളം കിലോമീറ്റർ ദൂരം കാൽനടയായി പിന്നിട്ടു രാഹുൽ ഗാന്ധിയും സഹയാത്രികരും രാജ്യതലസ്ഥാനത്തു തിരിച്ചെത്തുമ്പോൾ രാജ്യം വല്ലാതെ ആഗ്രഹിച്ചു പോകുന്ന ഒരു പുതു ചരിത്രത്തിന്റെ പിറവിക്കു അവിടെ തുടക്കമാകും. സെപ്റ്റംബർ 7 മുതലുള്ള 150 ദിവസങ്ങൾ സംഘപരിവാറിൽ നിന്ന് ഇന്ത്യയെ അതിന്റെ യഥാർഥ ആത്മാവിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള പോരാട്ടങ്ങളുടെ നാളുകളാണ്. രാജ്യത്തിൻറെ തെക്കേയറ്റത്തു ത്രിവേണീ സംഗമഭൂമിയിൽ നിന്ന് കശ്മീർവരെ ഇന്ത്യയിൽ ഇന്നേ വരെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും നടത്താനായിട്ടില്ലാത്ത പദയാത്ര എന്ന മഹത്തായ മുന്നേറ്റത്തിലേക്കു ചുവടുവയ്ക്കുന്ന രാഹുൽഗാന്ധിക്കൊപ്പം രാജ്യത്തെ ജനലക്ഷണങ്ങളും അണിചേരും.
'മിലേ കദം, ജോഡോ വദൻ', അഥവാ; 'ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം'; എന്നത് കേവലമൊരു മുദ്രാവാക്യമല്ല; ഇന്ത്യയുടെ ഹൃദയം തുടിക്കുന്നൊരു സന്ദേശം കൂടിയാണ്. ഈ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രാഹുൽ ഗാന്ധിയും സംഘവും കാൽനടയായി പിന്നിടുമ്പോൾ ഇന്ത്യയെ തൊട്ടറിഞ്ഞ, ഇന്ത്യയുടെ വേദനകളറിഞ്ഞ, അവയ്ക്കുള്ള പരിഹാരങ്ങൾ കണ്ടെത്തിക്കൊണ്ടുള്ള മഹായാത്ര കൂടിയാകും. നാടിനെ ഭിന്നിപ്പിക്കുന്ന, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞുചേർന്ന, അടിമുടി ഈ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർത്തുകളഞ്ഞ, ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽപ്പറത്തിയ മോദി ഭരണകൂടത്തെ ജനങ്ങൾക്ക് മുൻപിൽ തുറന്നുകാണിക്കുകയാണ് ഈ യാത്രയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്തുകൊണ്ട് ഭാരത് ജോഡോ യാത്ര ? എന്ന ചോദ്യം ഇനിയും ആരുടെയെങ്കിലും മനസ്സിൽ ബാക്കി നിൽക്കുന്നുവെങ്കിൽ യാത്രയ്ക്കൊടുവിൽ അവർക്ക് അതിനൊരുത്തരം തെളിയും.
തകർന്നടിയുന്ന സമ്പദ് വ്യവസ്ഥ
ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) ഉയർച്ചയിലേക്ക് പോകുന്ന ഘട്ടത്തിലാണ് ഡോ. മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ധനിൽ നിന്ന് നരേന്ദ്രമോദി രാജ്യത്തിന്റെ അധികാരമേറ്റെടുക്കുന്നത്. ശേഷമുള്ളത് ചരിത്രത്തിലുണ്ട്. നോട്ടുനിരോധനവും ജി.എസ്.ടിയും മുതൽ ഇന്ത്യയുടെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർക്കാൻ കഴിയാവുന്നതൊക്കെയും നരേന്ദ്ര മോദിയെന്ന ഭരണാധികാരി ചെയ്തുകഴിഞ്ഞു. ലോകബാങ്കിന്റെ മുൻ ചീഫ് ഇക്കോണമിസ്റ്റായ കൗശിക് ബസു ദിവസങ്ങൾക്കു മുൻപു പറഞ്ഞതു കേൾക്കണം: ' 2016-ന് ശേഷം രാജ്യത്തെ നിക്ഷേപ-ജി.ഡി.പി അനുപാതം കുറഞ്ഞു. അത് രാജ്യത്തെ സൂക്ഷ്മ, ഇടത്തര വ്യാപാരങ്ങളെ ബാധിച്ചു. തൊഴിൽ സൃഷ്ടിയെ ബാധിച്ചതോടൊപ്പം അതു യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും വർധിപ്പിച്ചു..' .
ലോകബാങ്കിന്റെ കണക്കു പ്രകാരം 2004 മുതൽ 2014 വരെയുള്ള കാലത്തെ ശരാശരി വളർച്ച 7.5-8 ശതമാനമാണ്. അതായത് രണ്ട് യു.പി.എ സർക്കാരുകളുടെയും കാലമാണെന്ന് ഓർക്കുക. മൻമോഹൻ സിങ് സർക്കാർ നിലനിർത്തിയ സാമ്പത്തിക വളർച്ചയുടെ ഉപഭോക്താവ് കൂടിയായിരുന്നു 2016 വരെ നരേന്ദ്ര മോദിയും. എന്നാൽ, മോദിയുടെ ഭരണവീഴ്ചകൾ ഫലത്തിലേക്ക് വരാൻ തുടങ്ങിയതോടെ 2016 മുതൽക്ക് സാമ്പത്തിക മേഖല താഴേക്ക് കുതിച്ചു. നോട്ടുനിരോധനമായിരുന്നു ആരംഭം. അനാവശ്യമായൊരു പ്രഖ്യാപനവും മുന്നൊരുക്കങ്ങളുടെ സമ്പൂർണ അഭാവവും മൂലം സമ്പദ് വ്യവസ്ഥ തകർന്നടിയുക മാത്രമായിരുന്നില്ല അവിടെ സംഭവിച്ചത്.
ബാങ്കുകൾക്ക് മുന്നിൽ വരിനിന്നു മരണപ്പെട്ടവരുടെ കണക്കുകൾ ഇന്നുവരെ ഔദ്യോഗികമായി സൂക്ഷിക്കാൻ പോലും സർക്കാരിനായിട്ടില്ലെന്നത് വിഷയത്തിന്റെ കാഠിന്യം ബോധ്യപ്പെടുത്തുന്നതാണ്. ഇതിനൊപ്പം ജി.എസ്.ടി നടപ്പാക്കുന്നതിൽ വന്ന വീഴ്ച കൂടി നേരിട്ടതോടെ, 2016-ന് മുൻപ് കൈവരിച്ച നേട്ടത്തിലേക്ക് ഒരിക്കൽക്കൂടിയെത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ല.
സാമ്പത്തികമായി തകർന്നുനിൽക്കുന്നൊരു ജനതയുടെ തലയിലേക്ക് അധികഭാരമായി വിലക്കയറ്റവും ഇന്ധന വിലയുടെ അസാധാരണമായ വർധനവും കൂടി വന്നതോടെ ചരിത്രം കാണാത്തൊരു അപകടത്തിലേക്കാണ് ഇന്ത്യ പോകുന്നത്. രാജ്യത്തെ ജനതയുടെ ചുമലിൽ 26 ലക്ഷം കോടി രൂപയുടെ ഉയർന്ന നികുതിഭാരം അടിച്ചേൽപ്പിച്ച മോദിസർക്കാർ, സമ്പന്നരുടെ 10.86 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളിയതും ഓർക്കേണ്ടതുണ്ട്. സാധാരണക്കാരന്റെ നടുവൊടിച്ചുകൊണ്ട്, ചങ്ങാത്ത മുതലാളിത്തത്തിന്റെ സാധ്യതകളിൽ വിരാജിക്കുന്നൊരു പ്രധാനമന്ത്രിയെയും ഭരണകൂടത്തേയും തുറന്നുകാണിക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ആദ്യ കടമ.
തൊഴിലില്ലാത്തൊരു ഇന്ത്യ
'അടുത്ത 18 മാസത്തിനുള്ളിൽ 10 ലക്ഷം പേർക്ക് തൊഴിൽ' എന്നായിരുന്നു ഈ വർഷം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം. ഇതിന് മുൻപ് നടത്തിയ വാഗ്ദാനങ്ങളെയൊക്കെ മറന്നുകൊണ്ട് വീണ്ടുമൊരു പ്രഖ്യാപനത്തിന് കൂടി രാജ്യം കാതോർത്തപ്പോൾ ഓർക്കേണ്ടതായി ചിലതുണ്ട്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി അഥവാ സി.എം.ഐ.ഇയുടെ കണക്കുപ്രകാരം ഈ വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കായ 8.3 ശതമാനമാണ് ഓഗസ്റ്റ് മുതൽ രാജ്യത്ത് നിലനിൽക്കുന്നത്. നഗരമേഖലയിൽ ഇത് 9.6 ശതമാനവും ഗ്രാമങ്ങളിൽ 7.7 ശതമാനവുമായി. തൊഴിലുള്ളവരുടെ എന്നതിൽ 20 ലക്ഷത്തിന്റെ കുറവും കാണപ്പെട്ടു. തൊഴിൽനിരക്ക് 37.6 ശതമാനത്തിൽ നിന്നും 37.3 ശതമാനമായി.
ഇക്കഴിഞ്ഞമാസത്തെ കണക്കുകൾ പ്രകാരം ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലാണ് തൊഴിലില്ലായ്മ ഏറ്റവുമധികം. 37.3 ശതമാനം. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് തൊഴിലില്ലായ്മ ഏറ്റവും കുറവ്, 0.4 ശതമാനം. ഇങ്ങനെ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത ദുഷ്കരമായ സാഹചര്യത്തിലേക്ക് ഇന്ത്യ കൂപ്പുകുത്തും മുൻപ് ജനങ്ങൾ വസ്തുതകൾ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയിലാണ് 'ഭാരത് ജോഡോ യാത്ര' ഇന്ത്യയെ സംബന്ധിച്ചു വളരെ നിർണായകമാകുന്നത്.
ജനം തിരിച്ചറിഞ്ഞ നാളുകൾ
ഒരുവർഷത്തിലധികം നീണ്ടുനിന്ന സമരത്തിനൊടുവിൽ കർഷക കരിനിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നു. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ജനകീയ സമരത്തിന്റെ ഗുണപരമായ ഫലം. ജനാഭിപ്രായങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, അടിമുടി കർഷകവിരുദ്ധമായ കരിനിയമങ്ങൾ നടപ്പിലാക്കാൻ തുനിഞ്ഞ ഭരണകൂടത്തിന്റെ അഹന്ത ട്രാക്ടറുകളിലും കലപ്പകളിലും തട്ടിത്തകരുന്ന കാഴ്ചയായിരുന്നു അത്.
കാർഷിക മേഖലയുടെ ഉത്പാദന, വിപണന രംഗമൊന്നാകെ കൈയടക്കാൻ തുനിഞ്ഞ കോർപ്പറേറ്റ് ഭീമന്മാർ വളർത്തുന്നൊരു ഭരണകൂടം ഞെട്ടിവിറച്ച ആ നാളുകൾ രാജ്യത്തെ ജനങ്ങൾക്കുള്ള തിരിച്ചറിവ് കൂടിയാണ്. കോവിഡിനും കാലാവസ്ഥയ്ക്കും തകർക്കാൻ കഴിയാത്ത പോരാട്ട വീര്യവുമായി ജീവൻ വരെ പണയം വെച്ചുകൊണ്ട് ഡൽഹിയിലും സംസ്ഥാനാതിർത്തികളിലും കർഷകർ നിലയുറപ്പിക്കുകയായിരുന്നു. ഇനിയുമിതാവർത്തിച്ചാൽ പ്രതിരോധം തീർക്കാൻ പാർലമെന്റിനുള്ളിൽ ബില്ലുകൾ പാസ്സാക്കിയെടുക്കാൻ ഉപയോഗിക്കുന്ന മൃഗീയ ഭൂരിപക്ഷത്തിനും സാധ്യമാകില്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണിത്.
വിഭജനം തുടരുന്നു
ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം, ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയയാളുടെ രാഷ്ട്രീയ പ്രസ്ഥാനവും പയറ്റുന്ന കാഴ്ച ഇന്ന് രാജ്യത്ത് സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം വന്നാൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന ചിന്തയെ അപ്പാടെ തകർത്തുകൊണ്ട് മറ്റൊരു പ്രശ്നവുമായി ബി.ജെ.പി രംഗപ്രവേശം ചെയ്തു. വാരാണസിയിൽ പള്ളിയും ക്ഷേത്രവും ഉണ്ട്. 400 വർഷമായി പള്ളി പ്രശ്നമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു വിഷയമാക്കാൻ ശ്രമിക്കുകയാണ്. അയോധ്യയ്ക്കുശേഷം വാരാണസി പുതിയ പ്രശ്നമാക്കി ഉയർത്താൻ ബി.ജെ.പി നിരന്തരം ശ്രമിക്കുന്നു. ഇതിനിടയിൽ താജ്മഹലും കുത്തബ് മിനാറും കൂടി ഉയർത്തി സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് വിവിധ ബി.ജെ.പി സർക്കാരുകൾ പല സംസ്ഥാനങ്ങളിൽക്കൂടി പയറ്റുന്നത്.
ഒപ്പം വസ്ത്രധാരണവും ഒരു വിഷയമാക്കി ഉയർത്തി ന്യൂനപക്ഷങ്ങളെ അസ്വസ്‌ഥരാക്കുകയെന്ന കൃത്യമായ പ്ലാൻ ഓഫ് ആക്ഷൻ ബി.ജെ.പി രാജ്യത്ത് നടപ്പാക്കുന്നു. ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ സമീപനം തുടരുക എന്നതിനൊപ്പം ഭിന്നിപ്പിച്ച് ഭരിക്കാനുള്ള അടവുനയവും ഇവിടെക്കാണാം. ഗോൾവാൾക്കർ മുതൽ, ഗോഡ്‌സെ വഴി സവർക്കറിലൂടെ മോഹൻ ഭാഗവതിലും മോദിയിലും വരെ കുടികൊള്ളുന്ന ആത്യന്തിക ലക്ഷ്യങ്ങളെ എത്തിപ്പിടിക്കുക എന്നതിനൊപ്പം, രാജ്യം വിറ്റുതുലയ്ക്കുന്ന, കോർപ്പറേറ്റ് ഭീമന്മാരെ ഊട്ടിയുറക്കുന്ന കാഴ്ചകളിൽ നിന്ന് ജനങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടാമെന്ന ഗൂഢലക്ഷ്യവും ഇവിടെയുണ്ട്.
ഭരണഘടനയെയും ദേശീയ പതാകയെയും തള്ളിപ്പറഞ്ഞവർ
75 വർഷക്കാലത്തിനിടയിൽ രണ്ട് ഭരണാധികാരികൾ ഒഴികെ മറ്റാരും മാറിമാറി ഇന്ത്യയുടെ ഭരണഘടനയെയും അതിന്റെ മതേതര സ്വഭാവത്തെയും ചോദ്യം ചെയ്തിരുന്നില്ല. വാജ്‌പേയിയുടെ ശ്രമം തുടക്കത്തിലേ പരാജയപ്പെട്ടെങ്കിൽ 2014 മുതൽ അതങ്ങനെയായിരുന്നില്ല. ഒരു സ്വതന്ത്ര പരമാധികാര -മതേതര റിപ്പബ്ലിക്കായി ഇന്ത്യയെ അംഗീകരിക്കാൻ എല്ലാക്കാലവും മടിയുണ്ടായിരുന്ന ആർ.എസ്.എസ്, ഇന്ത്യയുടെ അന്തസ്സത്തയെ മുറിവേൽപ്പിക്കാൻ ലഭിച്ച അവസരമായി 2014-ലെ തെരഞ്ഞെടുപ്പ് വിജയത്തെ കണ്ടു.
ഭരണഘടന മുതൽ ഇന്ത്യയുടെ ദേശീയ പതാകയെപ്പോലും അംഗീകരിക്കാൻ തയ്യാറാകാതിരുന്ന യഥാർഥ ആർ.എസ്.എസിനെ ഉള്ളിൽപ്പേറിയാണ് മോഹൻ ഭാഗവതിന്റെ ആർ.എസ്.എസ് നേതൃത്വം നൽകുന്ന നരേന്ദ്ര മോദിയുടെ ബി.ജെ.പി രാജ്യം ഭരിക്കുന്നത്.'വ്യത്യസ്ത പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്നുമുള്ള വ്യത്യസ്ത ഖണ്ഡികകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയ കുഴപ്പം പിടിച്ചതും ഭിന്നജാതീയവുമായ ഭരണഘടനയാണു നമ്മുടേത്. നമുക്കു സ്വന്തമെന്നു വിളിക്കാവുന്ന യാതൊന്നും അതിലില്ല.' എന്ന് ആർ.എസ്.എസിന്റെ വിചാരധാരയിൽ അവരുടെ താത്വികാചാര്യനായ എം.എസ് ഗോൾവാൾക്കർ ഇങ്ങനെ എഴുതിവെച്ചത് ചരിത്രരേഖകളിൽ തെളിഞ്ഞുതന്നെ കിടപ്പുണ്ട്.
ഇങ്ങനെ ഇന്ത്യയുടെ ഭരണഘടനയെ അടിമുടി തള്ളിപ്പറഞ്ഞവരെ ആരാധനാമൂർത്തികളായും താത്വികാചാര്യന്മാരായും മനസിലും ഹൃദയത്തിലും സൂക്ഷിച്ച്, അവരുടെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്നൊരു ഭരണകൂടമാണ് നരേന്ദ്ര മോദിയുടേതെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. ഭരണഘടനയിൽ തീരുന്ന ദേശദ്രോഹമല്ല ആർ.എസ്.എസിന്റെ ജീനുകളിൽ പടർന്നുകിടക്കുന്നത്. 2002 ജനുവരി 26-നാണ് ആർ.എസ്.എസ് ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിച്ചുകൊണ്ട് അവരുടെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയത്, സ്വാതന്ത്ര്യം ലഭിച്ചതിന് 55 വർഷങ്ങൾക്കിപ്പുറം !!!
ഇങ്ങനെ ഭരണഘടനയും ദേശീയ പതാകയും വേറൊരു വഴിയും ഇല്ലാതെ അംഗീകരിക്കാൻ നിർബന്ധിതമായ ഒരു പ്രസ്ഥാനം ദേശീയതയുടെ അപ്പോസ്തലന്മാരാകാൻ നടത്തുന്ന ശ്രമം തുറന്നുകാണിക്കാൻ കോൺഗ്രസ് ബാധ്യസ്ഥരാണ്.
ഇങ്ങനെ ഭാരത് ജോഡോ യാത്ര ഭരണകൂടത്തിന്റെ ജനവിരുദ്ധതയെ, ഭരണഘടനാ വിരുദ്ധതയെ ചോദ്യം ചെയ്തുകൊണ്ട് നൂറ്റമ്പതോളം ദിവസങ്ങൾ രാജ്യത്തിന്റെ വിരിമാറിൽക്കൂടി ജനങ്ങൾക്കൊപ്പം നടക്കും. സംഘപരിവാർ സംഘടനകളാലും ഭരണകൂടത്താലും നിരന്തരം ആക്രമിക്കപ്പെടുന്ന രാഹുൽ ഗാന്ധിയെന്ന നേരിന്റെ രാഷ്ട്രീയത്തിലൂടെ, കോൺഗ്രസ് എന്ന മഹത്തരമായ പ്രസ്ഥാനത്തിലൂടെ, ഇന്ത്യൻ ജനത രാജ്യത്തിന്റെ പൊതുശത്രുവിനെ തിരിച്ചറിയും. സമീപകാലത്തു കർഷകരുടെ മുന്നിൽ മുട്ടുമടക്കേണ്ടി വന്നവർക്ക്, ഇന്ത്യ എന്ന വികാരത്തിന് മുന്നിൽ പരാജയം അനുഭവിക്കേണ്ടി വരും. സംഘപരിവാർ വിഭജിക്കാൻ ശ്രമിക്കുന്ന ഇന്ത്യ ഭാരത് ജോഡോ യാത്രയിലൂടെ ഒന്നിക്കും. അതുവഴി വീണ്ടെടുക്കുന്നത് ഗാന്ധിയും നെഹ്‌റുവും ആസാദും അംബേദ്കറുമൊക്കെ പതിറ്റാണ്ടുകൾ ജീവനും രക്തവും ഹൃദയവും നൽകി കാത്തുസൂക്ഷിച്ച ഇന്ത്യയുടെ ആത്മാവിനെയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.