നാടിന്റെ നെഞ്ചിൻകൂടാണ് അവരുടെ ഉന്നം
text_fieldsസുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും നിലവിൽ രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയ് ഈയിടെ പാർലമെൻറിൽ നടത്തിയതായി പത്രങ്ങളിൽ വായിച്ച പരാമർശം ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടനാ സിദ്ധാന്തം സംവാദാത്മകമാണ് എന്നായിരുന്നു ആ പ്രസ്താവന.
നമ്മുടെ ഭരണഘടനയുടെ വലിയൊരു പ്രത്യേകത തന്നെ ലോകത്തിലെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര വിവിധങ്ങളായ മത ജാതി വര്‍ഗ വിഭാഗങ്ങളെ അത് അതിന്റെ കീഴില്‍ ഒരൊറ്റ രാജ്യത്തെ പൗരജനങ്ങൾ എന്ന നിലക്ക് ഒരുമിച്ചു കൂട്ടുന്നു എന്നതാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് ഭരണപ്രദേശങ്ങളും നാട്ടുരാജ്യങ്ങളുമൊക്കെയായി കിടന്നിരുന്ന വിവിധ പ്രദേശങ്ങളിലെ മത-ജാതി ഭാഷ, സാംസ്കാരിക വിഭാഗങ്ങളെ സ്വാതന്ത്ര്യത്തിനുശേഷം അത് ഒരൊറ്റ രാജ്യത്തെ ജനതയായി നിലനിര്‍ത്തി. അതത്ര എളുപ്പമായ കാര്യമായിരുന്നില്ല. നമ്മുടെ ഭരണഘടന ശിൽപികളുടെ വിശാല മനസ്കതയും ദീര്‍ഘവീക്ഷണവും കൊണ്ടാണ് ഇത് സാധ്യമായത്. വിവിധ വിഭാഗങ്ങളുടെ സ്വത്വങ്ങൾക്ക് അടിസ്ഥാനമായ വിവിധ മതസംസ്കാരങ്ങള്‍ നിലനിര്‍ത്താനുതകും വിധത്തില്‍ അതിനുറപ്പു നല്‍കിക്കൊണ്ടുള്ള അടിസ്ഥാന അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നു നമ്മുടെ ഭരണഘടന. ഈ അവകാശങ്ങളാണ് ഭരണകൂടത്തിന് ഒരു സാഹചര്യത്തിലും എടുത്തുകളയാനോ മാറ്റം വരുത്താനോ പാടില്ല എന്ന വ്യവസ്ഥകളോടെ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ എഴുതിച്ചേര്‍ത്ത മൗലികാവകാശങ്ങള്‍.
ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം അല്ലെങ്കില്‍ മതംവെച്ചു പുലര്‍ത്താനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം 25ാം അനുച്ഛേദം ഉറപ്പുനല്‍കുന്നു. പ്രത്യേക ഭാഷ, ലിപി, സംസ്കാരം എന്നിവ വെച്ചു പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക് അവ സംരക്ഷിച്ചു നിലനിര്‍ത്താനുള്ള മൗലികാവകാശം 29ാം അനുച്ഛേദം ഉറപ്പു നല്കുന്നു. ഇതുപോലെ മഹത്തായ പല അവകാശങ്ങളും മൗലികാവകാശങ്ങളായി ഭരണഘടന ഉറപ്പുനല്‍കുന്നു. 13ാം അനുഛേദപ്രകാരം ഈ മൗലികാവകാശങ്ങളില്‍ ഒന്നുംതന്നെ ഭരണകൂടം നിയമംമൂലം എടുത്തുകളയുകയോ മാറ്റം വരുത്തുകയോ ചെയ്തുകൂടാ എന്നും ഉദ്ഘോഷിക്കുന്നു.
നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പ്രഖ്യാപിക്കുന്നത് അത് ഇന്ത്യക്കാരായ നമ്മള് നമ്മള്‍ക്കുതന്നെ നല്കുന്ന ഒരു ഭരണഘടനയാണ് എന്നാണ്. അഥവാ അതിലെ വിവിധ അവകാശങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് നല്കുന്നതല്ലായെന്ന്.
ഭരണഘടന നല്കുന്ന മൗലികാവകാശങ്ങള്‍ പലപ്പോഴായി ഭരണകൂട കടന്നാക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇന്ന് അത് വളരെ രൂക്ഷമായി തന്നെ നടന്നുകൊണ്ടിരിക്കുന്നു. 13ാം അനുഛേദം പോലും ഇന്ന് പഴയപോലെ നിലനില്ക്കുന്നില്ല. ഭരണഘടനയുടെ 368ാം അനുഛേദപ്രകാരം ഭരണഘടന ഭേദഗതി ചെയ്യാം. ആ അനുഛേദത്തിന്റെ ബലത്തിലാണ് ഭരണകൂടം ആദ്യമായി മൗലികാവകാശങ്ങള്‍ക്ക് ഭേദഗതി വരുത്തിയത്. 13ാം അനുഛേദം വിലക്കുന്നതായ ഒരു നിയമനിർമാണം വഴിയല്ല, പക്ഷേ ഭരണഘടന ഭേദഗതി ചെയ്യാന്‍ അനുവാദം നല്കുന്ന 368ാം അനുഛേദപ്രകാരമാണ് മൗലികാവകാശങ്ങള്‍ക്ക് ഭേദഗതി വരുത്തുന്നത് എന്ന ന്യായത്തിന്മേലായിരുന്നു അത്. പക്ഷേ പ്രസിദ്ധമായ ഗോലക്നാഥ് കേസില്‍ ബഹു.സുപ്രീംകോടതി അത് റദ്ദാക്കിക്കൊണ്ട് 368ാം അനുഛേദപ്രകാരമുള്ള ഭരണഘടനാഭേദഗതിയിലൂടെയും മൗലികാവകാശങ്ങള്‍ക്ക് ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന് വിധിച്ചു.
എന്നാല്‍ പ്രസിദ്ധമായ കേശവാനന്ദഭാരതി കേസില്‍ ബഹു. സുപ്രീംകോടതി ഭരണഘടനാഭേദഗതി മൂലം മൗലികാവകാശങ്ങള്‍ക്ക് ഭേദഗതി വരുത്താം എന്ന് വിധിക്കുകയും എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാനഘടന( Basic Structure) ക്ക് ഒരു നിലക്കും ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇക്കാര്യത്തില്‍ ഈ വിധിയാണ് നിലനില്‍ക്കുന്നത്. നമ്മുടെ ഭരണഘടനയുടെ പല അടിസ്ഥാന ഘടകങ്ങളും കോടതി എടുത്തുകാട്ടിയിട്ടുണ്ട്. ഭരണഘടനയുടെ പരമാധികാരം, നിയമവാഴ്ച, ജുഡീഷ്യല്‍ റിവ്യൂ, ജനാധിപത്യം, മതേതരത്വം തുടങ്ങി പല അടിസ്ഥാനഘടകങ്ങളും നമ്മുടെ ഭരണഘടനയുടേതായി കോടതി വിധികളിലൂടെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇവയൊന്നും മാറ്റത്തിന് വിധേയമാക്കപ്പെടാന്‍ പാടുള്ളതല്ല എന്നാണ് വിധി. ചുരുക്കത്തില്‍ മൗലികാവകാശങ്ങള്‍ക്ക് ഭേദഗതി വരുത്താം എന്നല്ലാതെ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ ഹനിച്ചുകൊണ്ട് ഭരണഘടന തിരുത്തി എഴുതുകയോ മാറ്റി എഴുതുകയോ ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമില്ല.
ഭരണഘടനയുടെ ഏതെങ്കിലും ഒരു അടിസ്ഥാന ഘടകത്തിന് മാറ്റം വരുത്തുകയെന്നാൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് തന്നെ മാറ്റിത്തിരുത്തൽ വരുത്തുക എന്നാണർഥം. ഇന്ത്യ മഹാരാജ്യത്തെ ഒന്നിച്ചുനിര്ത്തിപോന്ന അതിന്റെ ആത്മാവായിരിക്കും അതുവഴി നഷ്ടപ്പെടുക. ഈ അടിസ്ഥാന ഘടകങ്ങള്‍ എന്തുവിലകൊടുത്തും നിലനിര്‍ത്തുക എന്നത് ബഹുസ്വരതയിലും ജനാധിപത്യത്തിലും, മതേതരത്വത്തിലും സർവോപരി അടിസ്ഥാന മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്നവരുടെ കടമയാണ്. ഇത് നമ്മുടെ മാത്രം ആവശ്യമല്ല. നമുക്കുശേഷം വരാനുള്ള തലമുറകള്‍ക്കുകൂടി വേണ്ടിയാണ്.
ഈ അടിസ്ഥാന ഘടനയിൽ ഭരണകൂടവും അതിന്റെ സഹയാത്രികരും നോട്ടമിട്ടിരിക്കുന്നു എന്നത് നമ്മെ അലോസരപ്പെടുത്തുക തന്നെ വേണം. ഇന്ത്യ ഇന്ത്യയായി നിലനില്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
(മുൻ ജില്ല ജഡ്ജിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.