Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവൈരുധ്യാധിഷ്ഠിത വികസന...

വൈരുധ്യാധിഷ്ഠിത വികസന വാദം

text_fields
bookmark_border
വൈരുധ്യാധിഷ്ഠിത വികസന വാദം
cancel

വികസനത്തിന് തരാതരം പോലെ വ്യാഖ്യാനങ്ങളും വിവക്ഷകളും നൽകിത്തുടങ്ങിയിട്ട്, കേരളത്തിൽ കാലമേറെയായി. അധികാരത്തിലും പ്രതിപക്ഷത്തുമിരിക്കുന്നവർ ഇരിപ്പിടം മാറുന്നതിനനുസരിച്ച് തങ്ങളുടെ വികസന സങ്കൽപങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്ന ദുരന്തചിത്രമാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെ കുറിച്ചാണ് മാർക്സ് എഴുതിയതെങ്കിൽ ഇന്ന് നമ്മൾ കാണുന്നത് വികസന വാദത്തിലെ വൈരുധ്യങ്ങളെയാണ്. ആദ്യം പ്രഹസനമായി കാണുന്ന വികസന വാദം പിന്നീട് ദുരന്തമായി മാറുന്നതിന്‍റെ അനുഭവസാക്ഷ്യമാണ് വ്യക്തമായ ധാരണയില്ലാതെ നടപ്പാക്കപ്പെട്ടതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ വൻകിട വികസന പദ്ധതികളിലൂടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

മൂന്ന് ദശകമായി ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പരിണാമത്തിന്റെ നിദർശനം കൂടിയുമാണിത്.ഇത് കേരളത്തിന് മാത്രം ബാധകമായി മാറുന്ന ഒന്നല്ല, സംസ്ഥാനത്തിന് പുറത്ത് അധികാരത്തിലിരിക്കുന്നവർ അവിടെയും ഇവിടെയും കാണിച്ചു കൂട്ടുന്നതിലും ഈ വൈരുധ്യങ്ങളുടെ വിളക്കിച്ചേർക്കലുകൾ കാണാനാകും.വ്യവസായവത്കരണം മുതൽ ചരക്കുനീക്കവുമായി ബന്ധപ്പെട്ട വികസന കാഴ്ചപ്പാടുകൾ വരെ കേരളത്തെ ദുരന്തമുഖത്ത് എത്തിച്ചിരിക്കുന്നുവെന്നതാണ് യാഥാർഥ്യം.

പ്രതിപക്ഷത്തിരുന്നപ്പോൾ എൽ.ഡി.എഫ് എതിർത്ത അതിവേഗ റെയിൽ പദ്ധതി, ഭരണത്തിലെത്തിയപ്പോൾ കെ-റെയിൽ എന്ന പുതിയ കുപ്പിയിലാക്കി അവർ കൊണ്ടുവന്നു. ഭരണപക്ഷത്തിരുന്ന് അതിവേഗ പാത നടപ്പാക്കാനായി പാഞ്ഞ യു.ഡി.എഫിന് പ്രതിപക്ഷത്തായപ്പോൾ കെ-റെയിൽ സൃഷ്ടിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രതിസന്ധികളുടെ ഓർമ വന്നു. സംസ്ഥാനത്തിനു പുറത്ത് അതിവേഗത്തിലോടുന്ന ബി. ജെ.പിയാവട്ടെ, കേരളത്തിൽ അതിനെതിരെ നിലകൊള്ളുകയും ചെയ്യുന്നു. ബി.ജെ.പി സർക്കാറുകളുടെ അതിവേഗ പദ്ധതികൾക്കെതിരെ ഉള്ളയാളിനെ വെച്ച് പോരാടുന്ന സി.പി. എമ്മും എൽ.ഡി.എഫും കെ-റെയിൽ വന്നില്ലെങ്കിൽ കേരളം കടലെടുക്കുമെന്ന നിലയിൽ വികസന ഭക്തരായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.

കെ-റെയിലിലേതുപോലെ, അദാനിയുടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ കാര്യത്തിലും കസേര മാറുമ്പോൾ കാഴ്ചപ്പാട് മാറുന്ന വൈരുധ്യം കാണാനാകും. പ്രതിപക്ഷത്തായിരുന്നപ്പോൾ അദാനിക്ക് വിഴിഞ്ഞം തുറമുഖം നൽകിയ നടപടിക്കെതിരെ വാളെടുത്ത സി.പി.എം ഇപ്പോൾ അദാനിക്കായി നിലകൊള്ളുകയാണ്. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിഴിഞ്ഞം തുറമുഖക്കരാർ അദാനിയുമായി ഉണ്ടാക്കിയപ്പോൾതന്നെ ഇതിലെ അപകടങ്ങളെ കുറിച്ച് സമുദ്ര, സാമൂഹിക, സാമ്പത്തിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചിരുന്നു.

കേരളത്തിന് ഈ തുറമുഖം കൊണ്ട് പ്രത്യേകിച്ച് നേട്ടം ഉണ്ടാകാൻ സാധ്യതയില്ലെന്നും മറിച്ച് തീരമേഖലയും അവിടത്തെ ജനതയെയും കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങളാകുമെന്നും അവർ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ അവരെ വികസന വിരുദ്ധരെന്ന് ആക്ഷേപിച്ച് 'ലാസ്റ്റ് ബസ്' വാദവുമായി തുറമുഖ നിർമാണക്കരാറിലേക്ക് കടക്കുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത്. അതിനെതിരെ അഴിമതി ആരോപണം വരെ ഉന്നയിച്ച ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ അതേ പദ്ധതി നടപ്പാക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന നിലപാടാണെടുത്തത്.

ഇപ്പോൾ, അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട യു.ഡി.എഫും കോൺഗ്രസും മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഒപ്പം നിലകൊള്ളുകയും തുറമുഖം വേണമെന്ന് വാദിക്കുകയും ചെയ്യുന്നു. സി.പി.എം സർക്കാർ നിലപാടിനെതിരായ ഏതു സമരപ്പന്തലിലും പോയി കൊടികുത്തി സംബന്ധം കൂടാൻ ശ്രമിക്കുന്ന ബി.ജെ.പി ഇക്കാര്യത്തിൽ തുറമുഖ മുതലാളിക്കൊപ്പമാണ്. ഇത്തരത്തിൽ, ഒരു പ്രദേശത്തെ ഒരുലക്ഷത്തോളം മനുഷ്യരുടെ ജീവിതം കടലെടുക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കൊപ്പം നിലകൊള്ളുകയാണ് രാഷ്ട്രീയത്തിലെ അടിസ്ഥാനശിലകൾ മറന്നു മൂന്ന് പ്രധാന മുന്നണികളും എന്നതാണ് വസ്തുത. അധികാരത്തിലിരിക്കുമ്പോഴും അതിൽ നിന്നിറങ്ങുമ്പോഴും വികസനത്തെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിൽ ചില മാറ്റങ്ങൾ രാഷ്ട്രീയതാൽപര്യ സംരക്ഷണാർഥം പ്രസംഗിക്കുന്നതിനപ്പുറം ഒന്നും ഒരിടത്തും സംഭവിക്കുന്നുമില്ല.

ആധുനിക വികസന കാഴ്ചപ്പാടിലെ അടിസ്ഥാനശിലയാണ് സാമൂഹികനീതി നടപ്പാക്കുകയെന്നത്. സാമൂഹികനീതി എന്നതിൽ പ്രധാനപ്പെട്ടതാണ് സ്ഥലപരനീതി എന്നത്. നമ്മുടെ വികസന സങ്കൽപങ്ങളിൽനിന്ന് ഇന്നും അകന്നുനിൽക്കുന്ന ഒന്നാണ് ഈ സങ്കൽപം. സ്ഥലപരനീതിയെ കുറിച്ചും അതിലെ സാമൂഹിക പരിസരത്തെ കുറിച്ചുമുള്ള ചിന്ത മാർക്സിസ്റ്റ് സൈദ്ധാന്തികർ തന്നെ,ലോകത്തിന് മുന്നിലവതരിപ്പിച്ചിട്ട് അരനൂറ്റാണ്ടായെങ്കിലും കേരളത്തിലെ അധികാര മാർക്സിസ്റ്റുകൾക്കും അമാർക്സിസ്റ്റ് അധികാരികൾക്കും വികേന്ദ്രീകൃത ജനാധിപത്യ പ്രഭാഷണങ്ങളിലെ ജാർഗൺ മാത്രമായി സ്ഥലപരനീതി ഒതുങ്ങുന്നു. അതിന് ഉത്തമ ഉദാഹരണാണ് കെ-റെയിൽ സംവാദവും വിഴിഞ്ഞം തുറമുഖവും.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്, ഏകദേശം ആയിരം മീറ്ററോളം ദൂരം കടലിൽ കല്ലിട്ട് കഴിഞ്ഞപ്പോൾ തിരുവനന്തപുരം ജില്ലയിൽ തിര തീരമെടുത്തുതുടങ്ങി. തീരത്തെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷത്തോളം വരുന്ന മനുഷ്യജീവിതങ്ങൾക്ക് മേലാണ് തുറമുഖത്തിന് വേണ്ടിയിടുന്ന ഓരോ കല്ലും പതിക്കുന്നത്. അവരുടെ തൊഴിൽ, കിടപ്പാടം ഒക്കെ തുറമുഖ നിർമാണത്തിലൂടെ നഷ്ടമാവുകയാണ്. അവരെ പുനരധിവസിപ്പിക്കുക എന്ന ലളിത യുക്തിമാത്രമാണ് മുന്നണികൾ ഒന്നുപോലെ മുന്നാട്ടുവെക്കുന്നത്.എന്നാൽ,ഏതാണ്ടെല്ലാ വികസന പദ്ധതികളെയും പോലെ, ഇവിടെയും കുടിയിറക്കപ്പെടുന്നവർക്ക് ജീവിതമാർഗം വഴിയടയുന്നതിനൊപ്പം അവരുടെ വേരറ്റുപോകുകയും അവരുടെ ജീവതത്തിലെ എല്ലാ അടുപ്പങ്ങളിൽ നിന്നും അകലെയാവുകയും ചെയ്യുന്നു. ഈ വികസന പദ്ധതിയുടെ ഒരു തരത്തിലുള്ള ഗുണഫലവും (എന്തെങ്കിലും ഗുണഫലം ഉണ്ടെങ്കിൽ) ലഭിക്കുന്നുമില്ല.

വല്ലാർപാടം വികസനം നോക്കിയാൽ, അവിടെ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ ഏതോ ഒരു മൂലയിലേക്ക് ആട്ടിപ്പായിക്കപ്പെട്ടു. വികസനം വന്ന വല്ലാർപാടം, ഗോശ്രീ, പ്രദേശങ്ങളിലെല്ലാം പുതിയഫ്ലാറ്റുകൾ വന്നു. അവിടെ സമ്പന്നരായ ആളുകളുടെ പാർപ്പിട സമുച്ചയങ്ങൾ കെട്ടിയുയർത്തപ്പെട്ടു. ഇതേ സ്ഥിതി തന്നെയാണ്ഹൈവേക്കും, റെയിൽവേക്കും വിമാനത്താവളത്തിനുമൊക്കെ സ്ഥലം കൊടുത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കാര്യത്തിലും സംഭവിക്കുന്നത്.

വികസനവുമായി ബന്ധപ്പെട്ട് അതിഭീമമായ നഷ്ടങ്ങളേറ്റ് വാങ്ങുന്ന ആ നിസ്വജനത ആ പദ്ധതിയുടെ ഭാഗമായി രൂപപ്പെടുന്ന മികവുകളുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകലേക്ക് ആട്ടിപ്പായിക്കപ്പെടുകയാണ്. ഉപജീവനത്തിനായുള്ള യാത്രയിലായാലും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുടെ കാര്യത്തിലായാലും അവർക്ക് ഒന്നും ലഭിക്കുന്നില്ല. സത്യത്തിൽ, അനീതിയുടെ വികസന സഖ്യമാണ് കേരളത്തിലെ മൂന്ന് മുന്നണികളുടെയും ആധാരശില എന്ന് വ്യക്തമാക്കുന്നതാണ് അവരുടെ വികസന കാഴ്ചപ്പാടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Contradictory DevelopmentKerala News
News Summary - Contradictory Development Argument
Next Story