അമ്മാവന്മാർ വീണ്ടും
text_fieldsഎൻ.എസ്.എസ്, എസ്.എൻ.ഡി.പി നേതാക്കളും വിവിധ ക്രൈസ്തവ സഭാനേതാക്കളും ആർ.എസ്.എസുമായി പല വട്ടം ചർച്ചകൾ നടത്തി. ഫാഷിസത്തിന്റെയും ആർ.എസ്.എസിന്റെയും തനിനിറത്തെക്കുറിച്ച് ഇപ്പോൾ മുസ്ലിം നേതാക്കൾക്ക് എടുക്കുന്ന ക്ലാസ് എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും മെത്രാന്മാർക്കും പിണറായി വിജയൻ എന്തുകൊണ്ട് എടുത്തുകൊടുക്കുന്നില്ല? ആർ.എസ്.എസുമായി ചർച്ച നടത്തിയ വെള്ളാപ്പള്ളിയെ കേരള നവോത്ഥാനത്തിന്റെ മൊത്തം ചുമതല ഏൽപിക്കുകയാണ് ചെയ്തത്. മെത്രാന്മാരെ മുഴുവൻ അവരുടെ അരമനകളിൽ അങ്ങോട്ടുപോയി കാണുകയും ചെയ്തു
ഏതു മാനദണ്ഡമനുസരിച്ചും ഇന്ത്യയിലെ ഏറ്റവും വലിയ പാരമ്പര്യ മുസ്ലിം സംഘടനയാണ് 1919ൽ രൂപംകൊണ്ട ജംഇയ്യതുൽ ഉലമായെ ഹിന്ദ്. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം മതപാഠശാലയായ ദാറുൽ ഉലൂം ദയൂബന്ദിന്റെ നടത്തിപ്പുകാർ. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ദേശീയപ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച, നിസ്സഹകരണപ്രസ്ഥാന ചർച്ചകൾ നടക്കുന്ന കാലത്ത് 1920ൽ, ബ്രിട്ടീഷ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ഫത്വ പുറപ്പെടുവിച്ച പ്രസ്ഥാനം.
കമ്യൂണിസ്റ്റ് പ്രസ്ഥാനം അന്തംവിട്ടുനിന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭകാലത്ത് അതിന്റെ മുന്നണിയിലുണ്ടായിരുന്നു ജംഇയ്യത്ത്. ഇന്ത്യാവിഭജനത്തെ അവർ ശക്തിയുക്തം എതിർത്തു. ഇന്നും ഉത്തരേന്ത്യൻ മുസ്ലിം ജീവിതത്തിൽ സജീവമായ പ്രസ്ഥാനം. അതുമായി ബന്ധപ്പെട്ടിരിക്കുന്നവർ പൊതുവെ ദയൂബന്ദികൾ എന്നറിയപ്പെടുന്നു.
അവരെ പോലെ ഇന്ത്യൻ മുസ്ലിംകളിൽ മറ്റൊരു പ്രധാനധാരയെ പ്രതിനിധാനം ചെയ്യുന്നു ബറേൽവികൾ. അവരുമായി ബന്ധപ്പെട്ട ഏറ്റവും ജനകീയമായ സ്ഥാപനമാണ് അജ്മീർ ദർഗ. ബറേൽവികളും ദയൂബന്ദികളും പരമ്പരാഗത രീതിയിലുള്ള മുസ്ലിം സംഘാടനമാണെങ്കിൽ അൽപംകൂടി ആധുനികസംവിധാനങ്ങളിലൂടെ പ്രവർത്തിക്കുന്ന ദേശീയാടിസ്ഥാനത്തിലുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.
ഇപ്പറയുന്നവക്കു പുറത്ത് മറ്റൊരു ധാരയായി ന്യൂനപക്ഷമായി ശിയാക്കളുമുണ്ട്. ശിയാ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അവർക്കിടയിൽ ആധികാരികതയുള്ള സംഘടനയാണ്. ഈ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശിയുടെ മധ്യസ്ഥതയിൽ ജനുവരി 14ന് ആർ.എസ്.എസ് ദേശീയനേതൃത്വത്തിൽ പെട്ടവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
ഈ മട്ടിലൊരു ചർച്ചക്കുള്ള താൽപര്യമോ ക്ഷണമോ സംഘ്പരിവാറിന്റെ ഭാഗത്തുനിന്ന് പല സമയങ്ങളിലായി ഉണ്ടായിട്ടുണ്ട്. എന്നാൽ, കൂട്ടായ തീരുമാനമില്ലാതെ ഒറ്റക്കൊറ്റക്ക് അത്തരം ചർച്ചയുടെ ഭാഗമാകേണ്ട എന്നായിരുന്നു പൊതുവെ മുസ്ലിം സംഘടനകളുടെ തീരുമാനം.
ചർച്ച നടന്നത് ജനുവരിയിലാണ്; ഡൽഹിയിലാണ്. പക്ഷേ, അത് നമ്മുടെ ഈ കേരളത്തിൽ (മാത്രം) ഫെബ്രുവരിയിൽ വലിയ ബഹളമായിരിക്കുന്നു. ഡൽഹിയിൽ ജനുവരിയിൽ നടന്നൊരു ചർച്ച കേരളത്തിൽ ഫെബ്രുവരിയിൽ ബഹളമാകുന്നതിന്റെ കാര്യങ്ങൾ അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. ചർച്ചക്കെതിരെ ഏറ്റവും ശക്തമായി രംഗത്തുവന്നത് മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനാണ്.
ദേശീയതലത്തിൽ നടന്ന ചർച്ചയെ കുറിച്ച് സി.പി.എമ്മിന്റെ ദേശീയ നേതാക്കളാരും ഒന്നും പറയാതെ പിണറായി രംഗത്തുവരാൻ കാരണമെന്തായിരിക്കും? അത് അന്വേഷിക്കുമ്പോഴാണ് ആ പാർട്ടി കേരളത്തിൽ സവിശേഷമായി പുലർത്തുന്ന ഇരട്ട സമീപനങ്ങൾ അറിയാൻ കഴിയുക.
കേരളത്തിൽ മുമ്പും പല മതനേതാക്കളും ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതാക്കളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി നേതാക്കളും വിവിധ ക്രൈസ്തവ സഭാനേതാക്കളും ആർ.എസ്.എസുമായി പല വട്ടം ചർച്ചകൾ നടത്തി.
ഫാഷിസത്തിന്റെയും ആർ.എസ്.എസിന്റെയും യഥാർഥ തനിനിറത്തെക്കുറിച്ച് ഇപ്പോൾ മുസ്ലിം നേതാക്കൾക്ക് എടുക്കുന്ന ക്ലാസ് എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും മെത്രാന്മാർക്കും പിണറായി വിജയൻ എന്തുകൊണ്ട് എടുത്തുകൊടുക്കുന്നില്ല? ആർ.എസ്.എസുമായി ചർച്ച നടത്തിയ വെള്ളാപ്പള്ളിയെ കേരള നവോത്ഥാനത്തിന്റെ മൊത്തം ചുമതല ഏൽപിക്കുകയാണ് ചെയ്തത്. മെത്രാന്മാരെ മുഴുവൻ അവരുടെ അരമനകളിൽ അങ്ങോട്ടു പോയി കാണുകയും ചെയ്തു.
കാര്യം വ്യക്തം. മുസ്ലിം സംഘടനകൾ അവരുടെ അജണ്ടകൾ സ്വയം രൂപപ്പെടുത്താൻ പാടില്ല എന്ന സി.പി.എമ്മിന്റെ അടിസ്ഥാന നിലപാടിന്റെ ഭാഗമാണത്. അതായത്, മുസ്ലിംജനത അവരുടെ രാഷ്ട്രീയ കർതൃത്വം സ്വയം ഏറ്റെടുക്കാൻ പാടില്ല. നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങളില്ലേ എന്നതാണവരുടെ എപ്പോഴത്തെയും ചോദ്യം.
ഇടതുപക്ഷ അമ്മാവൻ സംരക്ഷണത്തിന് അപ്പുറത്തേക്ക് രാഷ്ട്രീയ ഭാവനകൾ കൊണ്ടുപോകാൻ പാടില്ലാത്ത ജനതയായാണ് അവർ മുസ്ലിംകളെ കാണുന്നത്. അതിനെ വകഞ്ഞുമാറ്റാൻ നിരന്തരം സമുദായത്തെ പ്രാപ്തമാക്കുന്ന സംഘം എന്നതുകൊണ്ടാണ് ചർച്ചയിൽ പങ്കെടുത്ത ജമാഅത്തെ ഇസ്ലാമിയെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും.
ജമാഅത്തിനെ സി.പി.എം നേരിട്ട് ആക്രമിക്കുക മാത്രമല്ല, തങ്ങൾക്ക് വിധേയപ്പെട്ട ചില മതനേതാക്കളെക്കൊണ്ട് ജമാഅത്തിനെതിരെ പ്രസ്താവനകൾ ഒപ്പിച്ചെടുക്കാൻ പാർട്ടിയുടെ മീഡിയാ റൂം അധികസമയം പണിയെടുക്കുന്നുമുണ്ട്.
ഫാഷിസത്തിനെതിരായ സമരം വളരെ പ്രധാനമാണ് എന്ന് തിരിച്ചറിയുന്നവരാണ് മുസ്ലിംകൾ. അതേസമയം, ഫാഷിസവിരുദ്ധ സമരത്തിന്റെ പേരിൽ തങ്ങളുടെ രാഷ്ട്രീയഭാവനകളെ ബന്ദിയാക്കി നിർത്താൻ മതേതര രാഷ്ട്രീയക്കാരും ഇടതുപക്ഷവും നടത്തുന്ന ശ്രമങ്ങളെയും അവർ ഇന്ന് തിരിച്ചറിയുന്നുണ്ട്.
സ്വന്തമായി രാഷ്ട്രീയ സംഘാടനമോ സഖ്യ ശ്രമങ്ങളോ സംഭാഷണങ്ങളോ അനുവദിക്കപ്പെട്ടിട്ടില്ലാത്ത ജനതയായാണ് അവർ മുസ്ലിംകളെ കാണുന്നത്. നിരന്തരം, നിതാന്തം ഞങ്ങൾക്ക് വോട്ടുകുത്തുകയല്ലാതെ നിങ്ങൾക്ക് മറ്റൊരു നിർവാഹവുമില്ല എന്ന് മുസ്ലിംകളോട് പറയുകയാണ് അവർ.
അവർ പ്രകടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധത, സത്യത്തിൽ മുസ്ലിം വോട്ട് ഉറപ്പിച്ചുനിർത്താനുള്ള ഉപായം മാത്രമാണ്. ബീഫും ഹിജാബും ലവ് ജിഹാദും എല്ലാം തരംപോലെ അതിന് ഉപയോഗിക്കും. അതേസമയം, മറ്റൊരു വശത്ത് ഫാഷിസത്തിന് ആവശ്യമായ സാംസ്കാരിക ഉരുപ്പടികൾ നിരന്തരം ഉൽപാദിപ്പിക്കുകയും ചെയ്യും.
ഏകാത്മകദേശീയതയുടെ ഏറ്റവും വലിയ കൊടിയടയാളമായ ഏക സിവിൽകോഡ് ഇന്ത്യയിൽ ഏറ്റവും ശക്തമായി ഉന്നയിച്ചതും അത് പൊതുസംവാദത്തിന്റെ ഭാഗമാക്കിയതും സി.പി.എമ്മും ഇ.എം.എസുമായിരുന്നു. വി.എസ്. അച്യുതാനന്ദനും എളമരം കരീമും മലയാളത്തിൽ പ്രസംഗിച്ചത് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയാണ് യോഗി ആദിത്യനാഥ് ലവ് ജിഹാദും റിക്രൂട്ട്മെന്റ് ജിഹാദും ഉത്തരേന്ത്യയിൽ വിളമ്പിയത്.
ഒരു വശത്ത് മുസ്ലിം വെറുപ്പ് സമൂഹത്തിൽ പ്രബലമാക്കാനുള്ള ഉള്ളടക്കം നിരന്തരം സപ്ലൈ ചെയ്യുകയും, അതുപയോഗിച്ച് സംഘ്പരിവാരം വളരുമ്പോൾ, ദേ സംരക്ഷിക്കാൻ ഞങ്ങളുണ്ടേ എന്ന് ആർത്തുവിളിക്കുകയും ചെയ്യുന്നതാണ് ലളിതമായി പറഞ്ഞാൽ സി.പി.എമ്മിന്റെ ഫാഷിസ വിരുദ്ധ രാഷ്ട്രീയം.
ഇത് തിരിച്ചറിയപ്പെട്ട് ചോദ്യംചെയ്യപ്പെടുന്ന സന്ദർഭമാണിത്. ലോക്സഭ തെരഞ്ഞെടുപ്പും അടുത്തുവരുകയാണ്. അപ്പോൾ പിന്നെ, പതിവുപോലെ ആർ.എസ്.എസ് വിരുദ്ധ അമ്മാവൻ പട്ടം വീണ്ടും എടുത്തണിഞ്ഞ് മുസ്ലിംകളെ പറ്റിക്കാനുള്ള ഉപായങ്ങൾ സി.പി.എം നോക്കും. അതിന്റെ ഭാഗമായാണ് ആർ.എസ്.എസ് -മുസ്ലിം നേതൃചർച്ചയെ വിവാദമാക്കുന്നത്.
കേരളത്തിൽ സി.പി.എം മുസ്ലിംകളോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന ആലോചനകൾ സമുദായത്തിൽ നടക്കുന്ന കാലമാണിത്. നേരത്തേ കാമ്പസുകളിൽ എസ്.എഫ്.ഐ പ്രചരിപ്പിച്ച ലിബറൽ ലൈംഗിക അരാജകത്വ ആശയങ്ങൾ സർക്കാർ സംവിധാനങ്ങളിലൂടെ നടപ്പാക്കാൻ നടത്തിയ നീക്കങ്ങൾ മുസ്ലിം സംഘടനകൾ ഒന്നടങ്കം തിരിച്ചറിഞ്ഞ് ചെറുത്തു.
സി.പി.എമ്മിന്റെ സ്ത്രീ സമത്വ-ലിബറൽ ആശയങ്ങളിൽ എപ്പോഴും ഒരു മുസ്ലിംവിരുദ്ധ മുറിയുണ്ടായിരുന്നു. അതുകൊണ്ടാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഇരിപ്പിടം ഒരുക്കിയതിന് എസ്.എഫ്.ഐ ഫാറൂഖ് കോളജിൽ മാത്രം സമരം ചെയ്തത്.
ആൺകുട്ടികളും പെൺകുട്ടികളും കാമ്പസിൽ മീറ്ററകലം പാലിക്കണം എന്ന് പ്രോസ്പെക്റ്റസിൽ എഴുതിവെച്ച മേരി റോയിയുടെ കോട്ടയത്തെ സ്ഥാപനത്തെ പേരുകേട്ട ലിബറൽ സ്ഥാപനം എന്ന് എം.എ. ബേബി പ്രകീർത്തിക്കുന്ന സമയത്തുതന്നെയാണ് ഫാറൂഖ് കോളജിനെതിരെ എസ്.എഫ്.ഐ രംഗത്തുവന്നത്. മുസ്ലിംസമൂഹം പുലർത്തിപ്പോരുന്ന സദാചാരപരവും സാംസ്കാരികവുമായ ഘടകങ്ങളെ പുരോഗമനത്തെ മുൻനിർത്തി അവർ നിരന്തരം ആക്രമിച്ചുപോന്നു.
അതിന് ഔദ്യോഗിക പരിവേഷം നൽകാൻ ഈ സർക്കാർ നടത്തിയ ശ്രമങ്ങൾ സമുദായത്തിൽ വലിയ അമർഷമുണ്ടാക്കിയിട്ടുണ്ട്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് അത് പരിഹരിക്കാൻ അവർക്ക് ഇറച്ചിക്കഷണം ആവശ്യമായിരുന്നു. പുതിയ ഫാഷിസവിരുദ്ധ അമ്മാവൻ ക്ലാസിന് അങ്ങനെയുമൊരു പശ്ചാത്തലമുണ്ട്.
ആർ.എസ്.എസുമായി ചർച്ച നടത്തിയത് ജമാഅത്തെ ഇസ്ലാമി മാത്രമല്ല. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ മുസ്ലിം കൂട്ടായ്മകളുടെ പൊതുവായ തീരുമാനത്തിന്റെ ഒപ്പംനിൽക്കുകയെന്ന അർഥത്തിലാണ് ജമാഅത്ത് ചർച്ചയുടെ ഭാഗമായത്. ജമാഅത്തിന്റെ എന്തെങ്കിലും സംഘടനാകാര്യങ്ങളോ സ്ഥാപന വിഷയങ്ങളോ അല്ല, ഇന്ത്യൻ മുസ്ലിംകൾ അനുഭവിക്കുന്ന ജീവൽപ്രശ്നങ്ങളാണ് ചർച്ചയായത്.
തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ നടത്തുന്ന നീക്കങ്ങൾ ഒരു ജനതയുടെ ജീവൻ നിലനിർത്താനുള്ള പിടച്ചിലുകളാണ്. അതിൽ പാളിച്ചകൾ വന്നുപോയേക്കും. എന്നാൽ, അവരുടെ പരിശ്രമങ്ങളെ പൈശാചികവത്കരിക്കാനുള്ള ശ്രമമാണ് സി.പി.എം ഇപ്പോൾ നടത്തുന്നത്. നിങ്ങളുടെ കാര്യം ഞങ്ങൾ കോൺട്രാക്റ്റ് എടുത്തിരിക്കെ നിങ്ങൾ അവിടെ ഇരുന്നാൽ മതിയെന്ന തീട്ടൂരമാണത്. ആ കാലം കഴിഞ്ഞെന്ന് സി.പി.എം മനസ്സിലാക്കണം.
സംഭാഷണത്തിലൂടെ ആർ.എസ്.എസിനെ നവീകരിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ആർ.എസ്.എസ് അനുഭാവിയായ ആൾദൈവത്തിന്റെ മധ്യസ്ഥതയിൽ കണ്ണൂരിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആർ.എസ്.എസുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തയാളാണ് പിണറായി.
ഇടതുപക്ഷ അനുഭാവിയായ വി.ആർ. കൃഷ്ണയ്യർ പോലും കണ്ണൂരിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ മാധ്യസ്ഥ്യ ചർച്ചകൾ നടത്തിനോക്കി വിജയിച്ചില്ല. എന്നാൽ, സംഘ് സഹയാത്രികനായ ആൾദൈവത്തിന്റെ മധ്യസ്ഥതയിൽ ചർച്ച നടന്നപ്പോൾ സ്വിച്ചിട്ടതുപോലെ ഫലം കണ്ടു.
ശേഷം കണ്ണൂരിൽ ഒരു ആർ.എസ്.എസുകാരനും സി.പി.എമ്മുകാരാൽ കൊല ചെയ്യപ്പെട്ടിട്ടില്ല. ആ ചർച്ചക്കുശേഷം കണ്ണൂരിലെ സി.പി.എമ്മുകാർ കൊന്ന രണ്ടേ രണ്ടു പേർ മട്ടന്നൂരിലെ ഷുഹൈബും പെരിങ്ങത്തൂരിലെ മൻസൂറുമാണ്. ആ ഡീൽ എന്തായിരുന്നുവെന്ന വലിയ സംശയങ്ങൾ സമൂഹത്തിലുണ്ട്.
അത്തരമൊരു കൊലപാതകത്തിൽ പങ്കാളിയായ കണ്ണൂരിന്റെ ചുവപ്പു നക്ഷത്രം ആകാശ് തില്ലങ്കേരി ചില വെളിപ്പെടുത്തലുകൾ നടത്തുന്ന സമയത്താണ് സി.പി.എമ്മിന്റെ ഈ ഫാഷിസ്റ്റ് വിരുദ്ധ ക്ലാസ് എന്നതും നോട്ട് ചെയ്യേണ്ടതാണ്.
നാസികളെ തോൽപിച്ചശേഷം ബർലിനിലെ റെയ്സതാഗിന് മുകളിൽ ചുവപ്പുപതാക പറപ്പിക്കുന്ന ചിത്രം കമ്യൂണിസ്റ്റുകളുടെ എക്കാലത്തെയും ചിത്രബിംബമാണ്. അതിലെ രണ്ടു ചെറുപ്പക്കാരിൽ ഒരാൾ റഹീം ഷാൻ ഒഷ്കർബയേവും മറ്റൊരാൾ അബ്ദുൽ ഹകീം ഇസ്മായീലോവുമാണ്. നാസിവിരുദ്ധ സമരത്തിൽ കമ്യൂണിസ്റ്റുകൾ മുസ്ലിംകളെ എവ്വിധമാണ് ഉപയോഗിച്ചത് എന്നത് ചരിത്രത്തിന്റെ ഭാഗമാണ്.
എന്നാൽ, യുദ്ധവിജയശേഷം അവർ മുസ്ലിംകളോട് എന്താണ് ചെയ്തത് എന്നത് അതിനെക്കാൾ വലിയ ചരിത്രമാണ്. അതറിയുന്നവരാണ് ഇന്ത്യയിലെ മുസ്ലിംനേതൃത്വം. അതിനാൽ അവരുടെ ഫാഷിസവിരുദ്ധ സമരം അവർക്ക് വിട്ടുകൊടുക്കുക. അമ്മാവന്മാരെ ഇപ്പോൾ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.