നവോത്ഥാനത്തിന്റെ ഊട്ടുപുരയിൽ വേവുന്നത്
text_fields◆ അങ്കം ഒന്ന്
ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ പാചക ചുമതല വർഷങ്ങളായി നിർവഹിച്ചു വരുന്ന കരാറുകാരനിൽ നിന്ന് മാറി നാട്ടിലെ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മക്ക് ലഭിക്കുന്നു. സ്ഥിരം കരാറെടുക്കുന്നയാളുടെ കമ്പനി നൽകിയ ക്വട്ടേഷനിലേതിനേക്കാൾ കുറഞ്ഞ തുകയാണ്, യുവജന കൂട്ടായ്മ ക്വാട്ട് ചെയ്തത്. ദലിത് സമൂഹത്തിൽ നിന്നുള്ള പാചകവിദഗ്ധനായ കുഞ്ഞിക്കണ്ണനെയാണ് അവർ പാചകമേധാവിയായി നിയമിക്കുന്നത്.
ഒരു ദലിതൻ കലോത്സവ പാചകം ഏറ്റെടുത്ത വിവരം വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാട്ടിലെ ദലിത് കുടുംബങ്ങളിലെയും അത്യാവശ്യം ചില ഈഴവ-പിന്നാക്ക വീടുകളിലെയും ആവശ്യങ്ങൾക്ക് വേണ്ടി നല്ല വിഭവങ്ങൾ ഒരുക്കുന്നയാളാണ് കുഞ്ഞിക്കണ്ണൻ. നല്ല വെറൈറ്റി ഭക്ഷണം നല്ല സ്വാദിലും വൃത്തിയിലും ഉണ്ടാക്കുന്ന അദ്ദേഹത്തിന്റെ സദ്യക്ക് നാട്ടിൽ പലയിടത്തും നല്ല ഡിമാൻഡാണ്.
പക്ഷേ, യാഥാസ്ഥിതികരായ ചിലർ (പുരോഗമന കുപ്പായമിട്ടവരടക്കം!) കുഞ്ഞിക്കണ്ണൻ ഭക്ഷണമുണ്ടാക്കുന്ന വിരുന്നുകളിലെത്തിയാൽ നെഞ്ചെരിപ്പിനെയും കൊളസ്ട്രോളിനെയും കുറ്റം പറഞ്ഞ് സദ്യ കഴിക്കാതെ മുങ്ങും! അതവിടെ നിൽക്കട്ടെ.
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കൗമാര കലോത്സവം ആരംഭിച്ചു. പാചകപ്പുരയുടെ മുറ്റത്ത് ഓബി വാനുകളുടെ നിര. പാചകത്തിന് നേതൃത്വം നൽകുന്ന ദലിതനായ കുഞ്ഞിക്കണ്ണൻ മുറിക്കൈയൻ ഷർട്ടുമിട്ട് പായസമിളക്കുന്ന ചിത്രങ്ങൾ എയറിൽ, ലൈവ് ടെലിക്കാസ്റ്റ്, മുട്ടൻ ഇന്റർവ്യൂകൾ...
ആദ്യ ദിവസംതന്നെ ഭക്ഷണശാലയിലേക്ക് ആളുകൾ ഇരച്ചു കയറുന്നു. കുഞ്ഞിക്കണ്ണന്റെ പുതിയ പായസം രുചിച്ചുനോക്കാൻ എത്തുന്നവരിൽ വലിയൊരു പങ്കും നാട്ടിലെ മേൽജാതിക്കാരും പുരോഗമനവാദികളുമാണ് (എനിക്കതിൽ അതിശയമൊന്നും തോന്നിയില്ല! എന്റെ നവോത്ഥാന കേരളത്തിൽ മറിച്ചെന്ത് സംഭവിക്കാൻ!?).
ഈ നിലയിൽ തിരക്ക് വർധിച്ചാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ഇടപെടേണ്ടിവരുമെന്ന് ഒരു വയർലസ് സന്ദേശം കേട്ടുകൊണ്ട് ഞാൻ കണ്ണു തുറക്കുന്നു.
◆ അങ്കം രണ്ട്
ഇത് സ്വപ്നമല്ല, ശരിക്കും നടന്ന കാര്യം, വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്.
വിഷയം: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടാണ്.
പ്രസാദ ഊട്ട് തുടങ്ങിയ കാലം മുതൽ ഇലയിലാണ് വിതരണം. വാഴയുടെ കൂമ്പിൽ ഉണ്ടാകുന്ന നല്ല തൂശനിലയിൽ. മാലിന്യമായി വലിച്ചെറിയുന്ന ഇലയും ഭക്ഷണാവശിഷ്ടങ്ങളും ഗുരുവായൂർ നഗരസഭയാണ് എടുത്തു കൊണ്ടുപോയി സംസ്കരിക്കേണ്ടത്. ഇത് നഗരസഭക്ക് വലിയ ബാധ്യതയായി തീർന്ന ഒരു ഘട്ടത്തിൽ, ഇലക്ക് പകരം സ്റ്റീൽ പ്ലേറ്റിൽ പ്രസാദ ഊട്ട് നൽകുന്നതിനെ കുറിച്ച് നഗരസഭ കൗൺസിൽ ചർച്ച ചെയ്യുന്നു.
അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ദിവസേന ലക്ഷക്കണക്കിന് പേർക്ക് സ്റ്റീൽ പ്ലേറ്റിലും ഗ്ലാസിലുമായി ആഹാര വിതരണം നടത്തുന്നതടക്കമുള്ള ചില മാതൃകകൾ ആ ചർച്ചക്ക് കരുത്തേകി. ആവശ്യത്തിനുള്ള പ്ലേറ്റ് വാങ്ങി നൽകാമെന്നും നഗരസഭ തീരുമാനമെടുക്കുന്നു. വിഷയം ഗുരുവായൂർ ദേവസ്വം ബോർഡിനെ അറിയിക്കുന്നു. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്.
എന്നാൽ, പ്ലേറ്റ് വേണ്ട, ഇല തന്നെ മതിയെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനമെടുക്കുന്നു. അതോടെ ചില കാര്യങ്ങൾക്ക് ഒന്നുകൂടി വ്യക്തത കിട്ടി. പന്തിഭോജനം നടന്ന ഈ നാട്ടിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പ്രസാദ ഊട്ടിൽ നിന്ന് ആരെയും ഒഴിവാക്കി നിർത്താൻ കഴിയില്ല.
വരിയിൽ നിൽക്കുന്ന നായാടിക്കും നമ്പൂതിരിക്കും ഒരേ പന്തിയിൽ ആഹാരം വിതരണം ചെയ്യുന്നു. വിതരണം വാഴയിലയിലാണെന്ന് മാത്രം. പ്രസാദ ഊട്ട് സ്റ്റീൽ പ്ലേറ്റിൽ ആയാൽ ഇവിടെ എന്ത് സംഭവിക്കും?! എല്ലാവരും കഴിക്കുന്ന പ്ലേറ്റ് എത്ര വൃത്തിയായി കഴുകിയാലും, ദലിതർ കഴിച്ച പാത്രത്തിൽ ഊണ് കഴിക്കാൻ ചിലർക്ക് ‘വലിയ’ ബുദ്ധിമുട്ടാണ്. ഇലയിൽ തന്നെ പ്രസാദം മതി എന്ന തീരുമാനത്തിന്റെ യുക്തി എന്താണെന്നറിയാൻ, സാമാന്യബോധമുള്ള ആർക്കും ബുദ്ധിമുട്ട് ഉണ്ടായില്ല!
◆ അങ്കം മൂന്ന്
സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് ഭംഗിയായി അവസാനിച്ചിരിക്കുന്നു. കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗതഗാനത്തിലെ ‘തീവ്രവാദി’യെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല.
കോഴിക്കോട് പേരാമ്പ്ര മാതാ കലാസമിതി ഒരുക്കിയ സംഗീത ശിൽപത്തിൽ ഇന്ത്യൻ സൈന്യം പിടികൂടുന്ന തീവ്രവാദി ‘കഫിയ്യ’ ധരിച്ചെത്തിയത് അബദ്ധമോ, നോട്ടക്കുറവിൽ സംഭവിച്ച പാകപ്പിഴയോ ആണെന്ന് വിശ്വസിക്കാനാവില്ല. അത്രമാത്രം ശക്തവും ഭീകരവുമാണ് നമുക്കിടയിൽ നിലനിൽക്കുന്ന പൊതുബോധം.
നമ്മുടെ വിദ്യാഭ്യാസ മേഖലയിലും പാഠപുസ്തകങ്ങളിലും നേരത്തേ തന്നെ ഇത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പഴയ പാഠപുസ്തകത്തിലെ ‘പാവ കള്ളനെ പിടിച്ച കഥ’ പലരും ഓർമിക്കുന്നുണ്ടാവും.
വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ മുറിയിൽ ഇരുട്ടത്ത് കിടക്കുന്ന പാവയെ അറിയാതെ ചവിട്ടി പോകുന്നു. പാവയുടെ പീപ്പി ഒച്ചവെക്കുന്നു. ശബ്ദം കേട്ട് എഴുന്നേൽക്കുന്ന വീട്ടുകാർ കള്ളനെ പിടിക്കുന്നു- ഇതാണ് കഥ. എൽ.പി ക്ലാസിലെ ഈ പാഠഭാഗത്തോടൊപ്പം ഒരു സ്റ്റീരിയോടൈപ് മുസ്ലിം വേഷത്തിലാണ് കള്ളനെ ചിത്രീകരിക്കപ്പെടുന്നത്.
അക്കാലത്ത് തന്നെ ഉണ്ടായിരുന്ന പാഠപുസ്തകങ്ങളിൽ ഒന്നിൽ അമ്മുവിന്റെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയെ ഇറച്ചിക്കായി വാങ്ങിക്കൊണ്ടു പോകുന്ന അറവുകാരന്റെ ചിത്രമുണ്ട്. കള്ളിമുണ്ടും പച്ച ബെൽറ്റും മുറിക്കൈയൻ ബനിയനും കൈത്തണ്ടയിലെ കറുത്ത ചരടിൽ കോർത്ത ഏലസ്സും ധരിച്ച ഒരാളെ വരച്ചുചേർക്കാൻ ആർക്കും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.
കിണറ്റിൽ കണ്ട ചന്ദ്രബിംബത്തെ പാതാളക്കരണ്ടി ഉപയോഗിച്ച് കോരിയെടുക്കാൻ നോക്കുന്ന ‘മണ്ടൻ ഡേവിഡും’, അധ്യാപകനോട് നിരന്തരം സംശയങ്ങൾ ചോദിക്കുന്ന ‘മിടുക്കൻ മനോജും’ ഒരു കാലത്ത് നമ്മുടെ പാഠപുസ്തകങ്ങളുടെ ഭാഗമായിരുന്നു.
1996-97 കാലഘട്ടത്തിൽ നിലവിൽ വന്ന ഡി.പി.ഇ.പി (അതൊരു പാഠ്യപദ്ധതിയായിരുന്നില്ല,ഒരു പ്രോജക്ട് മാത്രമായിരുന്നു. എങ്കിലും ആ പേരിലാണ് ആ കാലത്തുണ്ടായ പാഠ്യപദ്ധതി പരിഷ്കരണം ഇന്നും അറിയപ്പെടുന്നത്)-പൂത്തിരി- നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ ഒരു തെങ്ങുകയറ്റ തൊഴിലാളിയെ കേന്ദ്രീകരിച്ച് ചെറുങ്ങോരൻ എന്നൊരു കഥ ഉണ്ടായിരുന്നു.
മലയാള സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു ദലിത് കഥാപാത്രം ‘നായകനായി’ വരുന്ന ആദ്യത്തെയും അവസാനത്തെയും കഥ അതായിരുന്നു എന്നാണ് എന്റെ തോന്നൽ (ചരിത്രപുരുഷന്മാരായ ഡോ.ബി.ആർ. അംബേദ്കറെയും മഹാത്മ അയ്യൻകാളിയെ കുറിച്ചും ഭാഗികമായ പാഠങ്ങൾ ഉണ്ടായിരുന്നുവെന്നത് മറക്കുന്നില്ല).
ഡി.പി.ഇ.പി കാലത്തുണ്ടായ വിവാദങ്ങളെ തുടർന്ന് അന്ന് പരിഷ്കരിച്ച പാഠ്യപദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി ഒരു കമ്മിറ്റിയെ സർക്കാർ നിയമിച്ചു. വിശദ പരിശോധനക്ക് ശേഷം പ്രഫ.എസ്. ഗുപ്തൻ നായർ, പ്രഫ.ബി. ഹൃദയകുമാരി ടീച്ചർ തുടങ്ങിയവർ ഉൾപ്പെട്ട കമ്മിറ്റിയുടെ തീരുമാനങ്ങളിലൊന്ന് ‘ചെറുങ്ങോരൻ’ എന്ന പാഠം കുട്ടികളെ പഠിപ്പിക്കേണ്ടതില്ല! അത് പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു.
ആ പാഠഭാഗം ഭാഷ പഠിപ്പിക്കാൻ കൊള്ളില്ലെന്നും മരത്തിൽ നിന്ന് തത്തയെ പിടിക്കുന്നത് പരിസ്ഥിതി അവബോധത്തിന് ദോഷമാണെന്നുമുള്ള വിമർശനങ്ങളാണ് അവർ ഉന്നയിച്ചത്.
കൃത്യമായ രാഷ്ട്രീയ ബോധത്തോടെ ചെറുങ്ങോരനെന്ന ദലിതനെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ കരിക്കുലം കമ്മിറ്റി, പാഠപുസ്തക നിർമാതാക്കൾ - ഇവരെല്ലാം ചേർന്ന് തീരുമാനിച്ചു; ആ പാഠഭാഗം തൽക്കാലം ഒഴിവാക്കേണ്ടതില്ല! നമ്മുടെ കുട്ടികൾ തുടർന്നും അത് പഠിക്കട്ടെ. അടുത്ത പാഠ്യപദ്ധതി പരിഷ്കരണം വരെ കുട്ടികൾ ചെറുങ്ങോരൻ തുടർന്നും പഠിച്ചു എന്നുള്ളത് ചരിത്രം.
നമ്മുടെ ഭാഷാ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിച്ചാൽ ന്യൂനപക്ഷ വിരുദ്ധതയും സവർണ ഹിന്ദുത്വ പൊതുബോധവും വളർത്തിയെടുക്കുന്നതിന് വേണ്ടി നെയ്തുവെച്ചിരിക്കുന്ന കൃത്യമായ അജണ്ടകൾ ഇനിയുമേറെ കണ്ടെത്താൻ കഴിയും.
അടുത്ത കലോത്സവ ഊട്ടുപുരയിൽ ചിക്കനും മീൻ വിഭവങ്ങളും നിറയും എന്നാണ് നാം അറിയുന്നത്. യഥാർഥ സാമൂഹിക പ്രശ്നത്തിൽ നിന്ന് ഭക്ഷണപ്പുരയിലെ മെനുവിലേക്ക് ചർച്ചയെ കൊണ്ടുപോകുന്നതിന് നേതൃത്വം നൽകിയ ‘അധികാര’ സാംസ്കാരിക നേതാക്കളെയും താർക്കിക പ്രമുഖരെയും ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു.
പിണങ്ങിപ്പോയ പാചകവിദഗ്ധനെ വീട്ടിൽ ചെന്ന് ക്ഷണിച്ച്, അദ്ദേഹത്തെ കൊണ്ടുതന്നെ ചിക്കൻ ബിരിയാണി ഉണ്ടാക്കി വിളമ്പിയാലും അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങളിൽ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. ഭക്ഷണത്തിന്റെ മെനുവല്ല ഇവിടെ വിഷയം, മറിച്ച് ഭക്ഷണമുണ്ടാക്കുന്ന ആളുടെ ജാതി തന്നെയാണ് രാഷ്ട്രീയപ്രശ്നം. അത്ര നിഷ്കളങ്കമല്ല കാര്യങ്ങൾ.
v.manoj101@gmail.com
(ആക്ടിവിസ്റ്റും റിട്ട. അധ്യാപകനുമായ ലേഖകൻ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ദേശീയ റിവ്യൂ മിഷനിൽ സുപ്രീംകോടതി നിയോഗിച്ച പ്രതിനിധിയായിരുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.