ജുറാസിക് റിപ്പബ്ലിക്കിലെ സഹകരണ സംഘങ്ങൾ
text_fieldsഇന്ത്യൻ റിപ്പബ്ലിക്കിനെ രണ്ടു ദിനോസറുകളുടെ ജുറാസിക് റിപ്പബ്ലിക്കാക്കരുതെന്ന് മുൻ നിയമ മന്ത്രികൂടിയായ കോൺഗ്രസ് നേതാവ് കപിൽ സിബൽ രാജ്യസഭയിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മുഖത്തുനോക്കി പറഞ്ഞിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇന്ത്യൻ ജനതയെ മതത്തിെൻറ പേരിൽ ഭിന്നിപ്പിച്ച വിവാദ പൗരത്വ ഭേദഗതി നിയമത്തിന്മേലുള്ള രാജ്യസഭ ചർച്ചയിലായിരുന്നു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻകൂടിയായ കപിൽ സിബലിെൻറ ഈ പരാമർശം.
രാജ്യഭരണം കൈപ്പിടിയിലൊതുക്കിയ മോദി - ഷാ ദ്വന്ദ്വത്തെ തുറന്നുകാട്ടുന്നതിൽ ഒട്ടും ഭയക്കാത്ത സിബൽ അതിനും മുമ്പ് വാർത്തസമ്മേളനങ്ങൾ വിളിച്ച് ഇരുവരെയും നിർഭയം കടന്നാക്രമിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത നോട്ടുനിരോധന പ്രഖ്യാപനത്തിന് പിന്നിലുള്ള അജണ്ടകളെ പാർലമെൻറിനകത്തും പുറത്തും തുറന്നുകാണിക്കാൻ ധൈര്യം കാണിച്ചതും കപിൽ സിബലായിരുന്നു.
ഓർമയിലേക്ക് വരുന്ന വെളിപ്പെടുത്തലുകൾ
നോട്ടുനിരോധനത്തിനിടെ സഹസ്രകോടികളുടെ കറൻസി നോട്ടുകൾ വിദേശത്ത് അച്ചടിച്ച് പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് കടത്തിയതിെൻറയും 40 ശതമാനം കമീഷൻ വാങ്ങി ഗുജറാത്തിൽ ബി.ജെ.പി കള്ളപ്പണം വെളുപ്പിച്ചുകൊടുത്തതിെൻറയും ഒളികാമറ ദൃശ്യങ്ങൾ പുറത്തുവിട്ടതും സിബൽ തന്നെ. നോട്ടുനിരോധനത്തിെൻറ മറവിൽ നടന്ന ഈ നോട്ടുമാറ്റി കൊടുക്കൽ തട്ടിപ്പിൽ കേന്ദ്ര സർക്കാറിന് കീഴിലെ 26 വകുപ്പുകൾ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ഇന്ത്യൻ രഹസ്യാേന്വഷണ ഏജൻസിയായ റോയിലെ രാഹുൽ രഥറേക്കർ എന്ന് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥെൻറ വെളിപ്പെടുത്തൽ. നോട്ട് നിരോധനത്തിനുശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ പഴയ നോട്ടുകൾ മാറ്റിക്കൊടുത്ത് റെക്കോഡിട്ട സഹകരണ ബാങ്ക് അമിത് ഷാ ഡയറക്ടറായ അഹ്മദാബാദ് ജില്ല സഹകരണ ബാങ്ക് ആയിരുന്നുവെന്ന വിവരം പുറത്തുവന്നതിന് പിറകെയായിരുന്നു ഈ വെളിെപ്പടുത്തലുകൾ. നിരോധിച്ച 745. 59 കോടിയുടെ പഴയ 500െൻറയും 1000ത്തിെൻറയും നോട്ടുകളാണ് വർഷങ്ങളായി അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഈ സഹകരണ ബാങ്ക് മാറ്റിക്കൊടുത്തതെന്ന് വിവരാവകാശ മറുപടിയിലൂടെ അറിയിച്ചത് റിസർവ് ബാങ്കാണ്. ഒരു സഹകരണ മന്ത്രാലയം സ്ഥാപിച്ച് അതിെൻറ അമരത്ത് അമിത് ഷായെത്തന്നെ പ്രതിഷ്ഠിച്ചപ്പോഴാണ് പഴയ വെളിപ്പെടുത്തലുകൾ പലതും വീണ്ടും ഓർമകളിലേക്ക് വന്നത്.
അമിത് ഷായെ കാത്ത് സുപ്രീംകോടതി വിധി
സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചടക്കാൻ സംസ്ഥാനത്തിെൻറ അധികാരങ്ങളിലേക്ക് കടന്നുകയറുന്നവിധം രണ്ടാം യു.പി.എ സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയുടെ സാധുതയിൽ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് കേന്ദ്ര സഹകരണ മന്ത്രാലയവുമായി രാജ്യത്തെ സഹകരണമേഖലയിലേക്ക് അമിത് ഷായുെട വരവ്. സംസ്ഥാനങ്ങളുടെ അവകാശം മാനിക്കാതെ സഹകരണ മേഖല കീഴടക്കാൻ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ഗുജറാത്ത് ഹൈകോടതി അസാധുവാക്കിയതിനെതിരെ എട്ടു വർഷം മുമ്പ് സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് രോഹിങ്ടൺ ഫാലി നരിമാൻ അധ്യക്ഷനായ ബെഞ്ച് വിധി പറയാനിരിക്കുന്നത്. പൂർണമായും സംസ്ഥാന സർക്കാർ കൈയാളുന്ന സഹകരണമേഖലക്കുമേൽ കേന്ദ്രം ഭരണഘടനാ ഭേദഗതി പാസാക്കുേമ്പാൾ അതിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് സുപ്രീംകോടതി ഉത്തരം പറയും. ഭൂരിപക്ഷം സംസ്ഥാന നിയമസഭകളുടെ അംഗീകാരമില്ലാത്ത ഭരണഘടനാഭേദഗതി പാർലമെൻറ് പാസാക്കിയതുകൊണ്ടു മാത്രം സാധുവാകില്ല എന്നാണ് ഗുജറാത്ത് ഹൈകോടതി വിധിച്ചത്. രാജ്യത്തിെൻറ െഫഡറൽ ഘടനയെ ബാധിക്കുന്ന നിയമനിർമാണത്തിന് പാർലമെൻറിെൻറ ഇരുസഭകളുടെയും മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. അതു കൂടാതെ രാജ്യത്തെ പകുതി സംസ്ഥാനങ്ങളെങ്കിലും ആ നിയമ ഭേദഗതിക്ക് അംഗീകാരം നൽകുകയും വേണം. ഫെഡറൽ സംവിധാനത്തിെൻറ അടിസ്ഥാനമായ ഭരണഘടനയുടെ ഈ സവിശേഷതയെ മാനിക്കാത്ത നിയമഭേദഗതി ആയതുകൊണ്ടാണ് ഗുജറാത്ത് ഹൈകോടതി അത് റദ്ദാക്കിയത്.
ദിനോസറുകൾക്ക് വഴിെയാരുക്കിയവർ
തങ്ങൾക്കു ശേഷം കടന്നുവരുന്നത് ഒരുപക്ഷേ, രാഷ്ട്രീയ ദിനോസറുകളായേക്കുമെന്നും അങ്ങനെ സംഭവിച്ചാൽ രാജ്യം ഒരു ജുറാസിക് റിപ്പബ്ലിക് ആയേക്കുമെന്നും മുൻകൂട്ടി കാണാനുള്ള കഴിവ് നിയമ മന്ത്രാലയം ഭരിച്ച കാലത്ത് കപിൽ സിബൽ അടക്കമുള്ളവർക്ക് ഇല്ലാതെപോയതിെൻറ വില കൂടിയാണ് രാജ്യം ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്. രാജ്യത്തെ സഹകരണ സംഘങ്ങളുടെ ഫലപ്രദമായ മാനേജ്മെൻറിന് എന്ന് അവകാശപ്പെട്ട് 2011 ഡിസംബറിൽ ഡോ. മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിൽ രണ്ടാം യു.പി.എ സർക്കാർ പാസാക്കിയ നിയമമാണ് ഗുജറാത്ത് ഹൈകോടതി 2013ൽ റദ്ദാക്കിയത്. അതിനെതിരെ സിബലിെൻറ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിനായി സംഘ്പരിവാർ ഭരണകൂടവും അതിെൻറ അറ്റോണി ജനറലും വീറോടെ വാദിക്കുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളിൽ സുപ്രീംകോടതിൽ കണ്ടത്. ഭരണഘടനയുടെ അനുഛേദം 19(1)സിയിൽ സഹകരണ സംഘങ്ങളെ കൂടി ചേർത്ത് സഹകരണ സംഘങ്ങളുണ്ടാക്കാനുള്ള അവകാശം ഓരോ പൗരെൻറയും മൗലികാവകാശമാക്കി മാറ്റിയതാണ് ഇതിെൻറ നല്ലവശം. അതോടൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സഹകരണ നിയമങ്ങൾ ഒരേതരത്തിലായിരിക്കണമെന്ന ഭേദഗതി പിറകെ വരുന്നവർക്ക് ദുരുപയോഗം ചെയ്യാനുള്ള അവസരമൊരുക്കുമെന്ന് സിബലും കണ്ടറിഞ്ഞില്ല.
കോൺഗ്രസിെൻറയും കപിൽ സിബലിെൻറയും നേതൃത്വത്തിൽ സഹകരണ മേഖലയുെട നിയന്ത്രണം പിടിക്കാൻ അന്നത്തെ കേന്ദ്രം കൊണ്ടുവന്ന ഈ നിയമത്തിനെതിരെ ഗുജറാത്ത് ഹൈകോടതിയിൽ ഹരജി വന്നപ്പോഴും ഹരജിക്കാർക്കൊപ്പം നിൽക്കുന്നതിനുപകരം യു.പി.എ സർക്കാറിെൻറ നിയമഭേദഗതിയെ പിന്തുണക്കുകയാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സർക്കാർ ചെയ്തത് എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും 2014ലെ പൊതുതെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിയിരിക്കെ അന്നത്തെ കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ വാദം തള്ളിക്കളഞ്ഞ് നിയമഭേദഗതി ഭരണഘടന വിരുദ്ധമാണെന്ന് ഗുജറാത്ത് ഹൈകോടതി വിധിച്ചു. ഭരണഘടന ഭേദഗതിയിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട 243 ഇസഡ് എച്ച് മുതൽ 243 ഇസഡ് ടി വരെയുള്ള വിഷയങ്ങൾ ഭരണഘടനയുടെ പാർട്ട് ഒമ്പത് ബിയിൽ ഉൾപ്പെടുത്തി സംസ്ഥാന നിയമസഭകളുടെ അംഗീകാരം വാങ്ങിക്കേണ്ട വിഷയങ്ങളിൽനിന്ന് മാറ്റിയതാണ് ഹൈകോടതി റദ്ദാക്കിയത്. ഈ വിധി സ്റ്റേ ചെയ്യണമെന്ന് കേന്ദ്രത്തിലെ യു.പി.എ സർക്കാർ അന്ന് അപേക്ഷിച്ചുനോക്കിയെങ്കിലും ആ ആവശ്യവും ഹൈകോടതി തള്ളി.
സംസ്ഥാനങ്ങൾക്ക് നിർണായക വിധി
എണ്ണിപ്പറഞ്ഞ സംസ്ഥാന വിഷയങ്ങളിൽ ഭരണഘടന ഭേദഗതി കൊണ്ടുവരണമെങ്കിൽ പാർലമെൻറ് മാത്രം നിയമ നിർമാണം നടത്തിയാൽ പോരാ എന്നതാണ് നിയമനിർമാണത്തിൽ ഇന്ത്യൻ പാർലമെൻറിന് ആകെ കുടിയുള്ള പരിമിതി. അതിന് സംസ്ഥാന നിയമസഭകളിൽ പകുതിയുടെ എങ്കിലും അംഗീകാരം കൂടി വേണം. സഹകരണ സംഘങ്ങളുടെ വിഷയത്തിൽ ഇൗ പ്രക്രിയയിൽനിന്ന് രക്ഷപ്പെടാൻ അവയെ ഭരണഘടനയുടെ പാർട്ട് മൂന്നിലേക്ക് യു.പി.എ സർക്കാർ മാറ്റിയത് ഏതു വിധേനയും നിയമമാക്കി നിലനിർത്താനാണ് സുപ്രീംകോടതിയിൽ മോദി സർക്കാറിെൻറ പരിശ്രമം. എട്ടു കൊല്ലം മുമ്പത്തെ അപ്പീൽ സഹകരണ മന്ത്രാലയത്തിെൻറ സമയം കണക്കാക്കി വിധിപറയാനായി വന്നതും യാദൃച്ഛികമാകില്ല. സഹകരണ സംഘങ്ങൾക്കുമേലുള്ള സംസ്ഥാന നിയമസഭകളുടെ പ്രവർത്തന പരിധി നിശ്ചയിക്കുകയാണ് ഈ ഭരണഘടനാ ഭേദഗതി എന്ന് ഐ.ഐ.എം പ്രഫസർ അഡ്വ. ഋതിക സിൻഹ ഗുജറാത്ത് ഹൈകോടതിയിലെ ഹരജിക്കാർക്കായി സുപ്രീംകോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഏകോപിപ്പിച്ച ഒരു നിയമത്തിനായി സംസ്ഥാന നിയമസഭകളുടെ അംഗീകാരം മറികടക്കാൻ കുറുക്കുവഴി നടത്തേണ്ടിയിരുന്നില്ല എന്ന് ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ തന്നെ കേസ് വിധി പറയാനായി മാറ്റിവെക്കും മുമ്പ് പറയുകയുണ്ടായി.
ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയം വളർത്താൻ സഹകരണമേഖലയെ എങ്ങനെ ദുരുപയോഗം ചെയ്യുമെന്ന് അമിത് ഷാ അടക്കിവാണ ഗുജറാത്തിലെ സഹകരണ സംഘങ്ങളുടെ അനുഭവം മുൻ നിർത്തി പലരും മുന്നറിയിപ്പ് നൽകികൊണ്ടിരിക്കുകയാണ്. സഹകരണ മേഖല വളർന്നുപന്തലിച്ച കേരളവും ഈ നീക്കത്തെ ചെറുതായി കാണുന്നില്ല. ഇതിനെ നേരിടാൻ കേരളത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്ന നിലപാടിൽ ഇടതു മുന്നണിയും ഐക്യമുന്നണിയും യോജിച്ചിരിക്കുന്നു. അതിനാൽ, വിവാദ നിയമഭേദഗതിയിൽ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി സഹകരണ മേഖലയിൽ പുതിയ മന്ത്രാലയമുണ്ടാക്കി സ്വപ്നങ്ങൾ നെയ്ത അമിത് ഷാക്കും സംസ്ഥാനങ്ങൾക്കും ഏറെ നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.