പണം വിതറി ഫാമുകൾ; വിളവ് ചോദിക്കരുത്
text_fieldsവിനാശകരമായ നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് കർഷകർ സമരം തുടരവെ കേരളത്തിലെ കർഷകർ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് 'വിളവ് തിന്നുന്ന വേലി'കളാണ്. കർഷകരെ പ്രോത്സാഹിപ്പിക്കാനും കൃഷിയെ പുനരുജ്ജീവിപ്പിക്കാനുമായി നിലകൊള്ളേണ്ട നമ്മുടെ കൃഷിഭവനുകളിൽ എന്താണ് നടക്കുന്നത്? കർഷകർക്ക് ഗുണകരമായാണോ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ? സംസ്ഥാന ധനകാര്യവിഭാഗം കൃഷി ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. വൻ ധൂർത്ത്, സർക്കാർ ഫണ്ട് വെട്ടിപ്പ് എന്നിവയടക്കം നിരവധി ക്രമക്കേടുകളുടെ രേഖകളും കണ്ടെടുത്തു. ഇവയുടെ അടിസ്ഥാനത്തിൽ, കൃഷിഭവനുകളുടെ കെടുകാര്യസ്ഥതയെപ്പറ്റി 'മാധ്യമം' ലേഖകൻ ആർ. സുനിൽ തയാറാക്കിയ പരമ്പരയുടെ രണ്ടാം ഭാഗം.
ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന വിഷമടിച്ച പച്ചക്കറി ഒഴിവാക്കി ഓരോ വീടിനും ആവശ്യമായ പച്ചക്കറി സ്വന്തം മുറ്റത്ത് വിളയിച്ചെടുക്കുന്ന പദ്ധതികളെക്കുറിച്ച് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
എന്നിട്ടിപ്പോഴും തമിഴ്നാട്ടിൽനിന്നുള്ള ലോറി വരാൻ വൈകിയാൽ സാമ്പാർ വെക്കാൻ പച്ചക്കറിയില്ലാത്ത അവസ്ഥയാണ് നമുക്ക്. അഴിമതി വിളയുന്ന കൃഷിഭവനുകളും ഫാമുകളും നിലനിൽക്കുവോളം ഇൗ ദുരവസ്ഥ തുടരുകതന്നെ ചെയ്യും.
ആറന്മുളയിലെ ഒരു മുറം
പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും, ഓണക്കാലത്ത് വിഷരഹിത പച്ചക്കറികൾ ലഭിക്കുന്നതിനും സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് 'ഓണത്തിന് ഒരുമുറം പച്ചക്കറി'. പദ്ധതി ഫലപ്രദമായി നടപ്പാക്കാനുള്ള ചുമതല ഉദ്യോഗസ്ഥർക്കായിരുന്നു. ആറന്മുള കൃഷി ഭവനിലേക്ക് വിത്തുകളുടെ 7,830 കിറ്റുകളാണ് 2018 മേയ് 23നു വിതരണത്തിന് എത്തിച്ചത്.
അതിൽ 5392 പാക്കറ്റുകൾ വിതരണം ചെയ്തില്ല. 1616 കിറ്റുകൾ വിതരണം ചെയ്തതിന് രേഖയില്ല. ചീര, മത്തൻ, പാവൽ, പയർ, വഴുതന, മുളക്, വെണ്ട എന്നീ ഇനങ്ങളാണ് ഉണ്ടായിരുന്നത്. 4,000 കിറ്റുകൾ സ്കൂളുകളിൽ കൊടുക്കേണ്ടിയിരുന്നതാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഒന്നും നടന്നില്ല. സർക്കാർ ഒരു പാക്കറ്റിന് കുറഞ്ഞത് 10 രൂപയെങ്കിലും ചെലവഴിച്ചിട്ടുണ്ട്. അതു മുഴുവൻ പാഴായി.
കുളനട കൃഷിഭവനിൽ 2009-'10 മുതൽ ഓഡിറ്റ് നടത്തിയിട്ടില്ല. 4,91,922 രൂപ ചെലവഴിച്ച് വാങ്ങിയ ജൈവകീടനാശിനികൾ പൂർണമായും വിതരണം ചെയ്തില്ല. പരിശോധനയിൽ കണ്ടെത്തിയ ജൈവകീടനാശിനികൾ കാലാവധി കഴിഞ്ഞ് ഉപയോഗ ശൂന്യമായിരുന്നു.
കെടുകാര്യസ്ഥതയുടെ ഫാമുകൾ
കാസർകോട് പുല്ലൂർ സീഡ് ഫാമിൽ 2019 ഫെബ്രുവരിയിൽ പരിശോധന നടന്നു. കാഷ് ബുക്ക് പരിശോധിച്ചപ്പോൾ ഫാം ചുമതലയുള്ള കൃഷി ഓഫിസർ 2019 ജനുവരി 16 മുതൽ കാര്യമായി ഒന്നും രേഖപ്പെടുത്തിയിേട്ടയില്ല. വിത്തുകളും നടീൽ വസ്തുക്കളും വിതരണം ചെയ്ത വകയിൽ ലഭിക്കുന്ന തുക ദിവസങ്ങളോളം ജീവനക്കാരുടെ കൈവശം സൂക്ഷിക്കുന്നതായും കണ്ടെത്തി.
ഫാമിെൻറ ആസ്തി സംബന്ധിച്ച വിവരങ്ങൾ കാലങ്ങളായി പരിശോധിച്ചിട്ടില്ല. ട്രാക്ടർ, ടില്ലർ എന്നിവ സംബന്ധിച്ച വിവരങ്ങളുടെ രജിസ്റ്ററില്ല. പ്രവർത്തന യോഗ്യമല്ലാത്ത യന്ത്രങ്ങളാണ് ഫാമിലുള്ളത്.
ഫാമിൽ ജീവനക്കാരുടെ വേതനം അടക്കം വിവിധ പദ്ധതികൾക്കായി ലഭിക്കുന്ന തുക പരിശോധിച്ചപ്പോൾ 2016- '17ലെ ആകെ ചെലവ് 1.61കോടിയും വരവ് 23.85 ലക്ഷവുമാണ്. 2017-'18ൽ അത് 1.76 കോടിയും 23.54 ലക്ഷവുമായി. രണ്ടു വർഷത്തെ കണക്ക് പരിശോധിച്ചപ്പോൾ 2.89 കോടിയാണ് നഷ്ടം.
കാസർകോട് കുള്ളൻ ഇനം പശു ഈ ഫാമിെൻറ പ്രത്യേകതയാണ്. രജിസ്റ്റർ പ്രകാരം ഏഴ് പശുക്കളും ഏഴ് കാളകളും 17 കിടാവുകളും ചേർന്ന് ആകെ 31 കന്നുകാലികളുണ്ട്. 2017 -'18 ലും 2018-'19ലും പശുക്കളെ പരിപാലിക്കാൻ നാലു പേരുണ്ടായിരുന്നു. ഇവർക്ക് പ്രതിമാസം 1,00,216 രൂപ ചെലവാകുമ്പോൾ പാൽ വിൽപനയിലൂടെ ലഭിക്കുന്നത് 9,000-8,000 രൂപ.
ഏറെ വിലമതിക്കുന്ന കുള്ളൻ പശുവിെൻറ പാൽ 2017ൽ ലിറ്ററിന് 30 രൂപ നിരക്കിലാണ് ഫാമിലെ ജീവനക്കാരും തൊഴിലാളികളും കൊണ്ടുപോയത്. ഈ കാലയളവിൽ മിൽമ പാൽ വില ലിറ്ററിന് 35-39 രൂപയായിരുന്നു.
കോടികൾ തുലച്ച അഗ്രോ സെൻററുകൾ
കാർഷിക സംസ്കാരം പൊതുസമൂഹത്തിലും പ്രത്യേകിച്ച് യുവതീ-യുവാക്കളിലും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് അഗ്രോ സർവിസ് സെൻററുകളും കാർഷിക കർമസേനകളും തുടങ്ങിയത്. പക്ഷേ, ഈ സേവനകേന്ദ്രങ്ങൾക്കുവേണ്ടി പൊടിച്ച കോടികൾക്ക് ഒരു ഫലവുമുണ്ടായില്ല.
പല കൃഷിഭവനുകൾക്കും ട്രാക്ടർ, ടില്ലര്, മിനി ട്രാക്ടർ, കാടുവെട്ടുയന്ത്രം, മെതിയന്ത്രം തുടങ്ങിയവ വാങ്ങിയെങ്കിലും പലതും എവിടെയാണെന്നുപോലും ആർക്കുമറിയാത്ത സ്ഥിതി. കാംകോ, കൈകോ, റെഡ്കോ തുടങ്ങിയ സ്ഥാപനങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്ന പ്രവർത്തനം മാത്രമായി കാർഷിക സേവന കേന്ദ്രങ്ങൾ ഒതുങ്ങി.
വിരമിച്ചിട്ടും കൈപ്പിടിയിൽ
കാഞ്ഞങ്ങാട് കൃഷിഭവനിൽ തരിശുഭൂമി നെൽകൃഷി പദ്ധതി സംബന്ധിച്ച അന്വേഷണം നടത്തിയപ്പോൾ പല ഫയലുകളും രേഖകളും ലഭിച്ചില്ല.
ഒടുവിൽ അവ കണ്ടെത്തിയതാകട്ടെ സർവിസിൽനിന്ന് വിരമിച്ച കൃഷി ഫീൽഡ് ഓഫിസറുടെ വീട്ടിലും. ഔദ്യോഗിക സീലും 29 ഫയലുകളും രേഖകളും പൊലീസ് ഇൻസ്പെക്ടറുടെ നിർദേശപ്രകാരം ഇവർ കൈമാറി. ഇക്കാര്യത്തിൽ ഗുരുതര ചട്ടലംഘനം നടന്നിട്ടും തുടർനടപടിയുണ്ടായില്ല.
സബ്സിഡി പോക്കറ്റിലേക്ക്
2018-'19 ലെ സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് ക്ലസ്റ്ററുകൾ വഴി ചെറുകിട മൂല്യവർധിത ഉൽപന്ന യൂനിറ്റ് സ്ഥാപിക്കുന്നതിന് പരമാവധി ഒന്നര ലക്ഷം സബ്സിഡി അനുവദിച്ചിരുന്നു. ഇതുസംബന്ധിച്ച് നടന്ന പരിശോധനയിൽ സബ്സിഡി നേടിയ പല സംഘങ്ങളും ഇതിനായുള്ള കെട്ടിടം പണി പോലും പൂർത്തീകരിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്.
കടുത്തവേനലിൽനിന്നും മഴയിൽനിന്നും പച്ചക്കറി കൃഷി സംരക്ഷിക്കുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുമായിരുന്നു മഴമറകൾ നിർമിക്കാൻ സബ്സിഡി അനുവദിച്ചത്. 50,000 രൂപ നിജപ്പെടുത്തിയായിരുന്നു സബ്സിഡി. എന്നാൽ, നിർമിച്ച മഴമറകളെല്ലാം ഉപയോഗശൂന്യമായി കിടക്കുന്നതാണ് ധനവകുപ്പ് കണ്ടെത്തിയത്.
ഇൗയിനത്തിലും സർക്കാറിന് ലക്ഷങ്ങൾ പാഴായിട്ടുണ്ട്. തിരൂർ പുറത്തൂർ കൃഷിഭവൻ വഴി 2017 -'18 സാമ്പത്തികവർഷത്തിൽ നടപ്പാക്കിയ പച്ചക്കറി വികസന പദ്ധതി പ്രകാരം പമ്പ് സെറ്റ് വാങ്ങുന്നതിനും സബ്സിഡി നൽകി. പമ്പ് സെറ്റിന് പരമാവധി 10,000 രൂപയായിരുന്നു ധനസഹായം. പലരും ഈ തുക വാങ്ങി പമ്പുകൾ സ്ഥാപിച്ചു. കൃഷി ആവശ്യത്തിനല്ല, വീട്ടാവശ്യത്തിനായിരുെന്നന്ന് മാത്രം.
നാളെ: മണ്ണിൽ മൂടുന്നത് കോടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.