സ്വർണമാല സൗജന്യം നൽകാത്തവനെ സ്വർണക്കടത്തിൽ കുടുക്കുന്ന ഡി.ജി.പി !
text_fieldsചായക്കടയിൽനിന്ന് ആഹാരം കഴിച്ച് പണം നൽകാതെ മുങ്ങാൻ ശ്രമിക്കുന്ന പഴയകാല മലയാള സിനിമയിലെ കോമഡിപ്പൊലീസുകാരിൽനിന്ന് ഒരുപാട് വളർന്നിരിക്കുന്നു അഴിമതിപ്പൊലീസുകാർ. തലസ്ഥാന നഗരിയിലെ ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി ചുളുവിലക്ക് സ്വര്‍ണം കൈക്കലാക്കിയ സംഭവത്തില്‍ കുടുങ്ങിയത് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരം എം.ജി റോഡിലെ ജ്വല്ലറിയില്‍നിന്നാണ് ജയിൽ ഡി.ജി.പി പദവിയിലിരുന്ന സുദേഷ് കുമാർ മകള്‍ക്ക് ആന്റിക് ശ്രേണിയില്‍പ്പെട്ട ഏഴുപവൻ മാല വാങ്ങിയത്.
ആഭരണം വാങ്ങിയ സമയം പണം നൽകിയില്ല. ആദ്യമാദ്യം ജ്വല്ലറി ഉടമയോട് ഇളവ് ആവശ്യപ്പെട്ട ഏമാൻ ഒടുവില്‍ സ്വര്‍ണക്കടത്തില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി 95 ശതമാനം ഇളവിൽ സ്വര്‍ണാഭരണം കൈക്കലാക്കുകയായിരുന്നു. ജ്വല്ലറി ഉടമ പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ടു.
ചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും സംയുക്താന്വേഷണത്തിൽ പരാതി സത്യമാണെന്ന് കണ്ടതോടെ, പൊലീസ് സേനക്കാകമാനം നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കേസെടുക്കാൻ നിർദേശം നൽകി. എന്നാൽ, സർവിസിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നടപടിയിൽനിന്ന് ഒഴിവാക്കിത്തരണമെന്ന ഓഫിസറുടെ അഭ്യർഥന മുഖ്യമന്ത്രിയുടെ മനസ്സലിയിച്ചതോടെയാണ് സ്വർണത്തിന് ബാക്കി തുക കൂടി നൽകി സർക്കാർ കേസ് ഒതുക്കിത്തീർത്തത്.
ഇതേ ഉദ്യോഗസ്ഥന്റെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച കേസിൽ അധികാര ദുർവിനിയോഗം നടത്തി വ്യാജപരാതി സൃഷ്ടിച്ച് വാദിയെ പ്രതിയാക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് നടന്നത്. പൊലീസ് സേനയിലെ താഴ്ത്തട്ട് ജീവനക്കാർ അടിമകളെപ്പോലെ ജോലി ചെയ്യേണ്ടി വരുന്ന ദുരവസ്ഥയും ഈ സംഭവത്തിൽ വെളിപ്പെട്ടിരുന്നു.
ഹണിട്രാപ് പ്രതിയുടെ സ്വന്തം സാറന്മാർ!
ഓൺലൈനിൽ സൗഹൃദം സ്ഥാപിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ ഇക്കാലത്തെ കടുത്ത തലവേദനയാണ്. ഇത്തരം നൂറുകണക്കിന് സംഭവങ്ങളുടെ പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് നിയമപാലകർ പതിവായി പൊതുജനങ്ങളെ ഉണർത്താറുമുണ്ട്. എന്നാൽ, കേരത്തിലെ കുപ്രസിദ്ധ തട്ടിപ്പുകേസുകളിൽ കുറ്റാരോപിതയായ അശ്വതി അച്ചുവെന്ന സ്ത്രീയുടെ ട്രാപ്പിൽ കുടുങ്ങി നിരവധി പൊലീസുകാർക്കാണ് പണം പോയത്. ഇതിൽ ഒരു കേസ് മാത്രമാണ് പൊങ്ങിവന്നത്.
സമൂഹമാധ്യമങ്ങളിലൂടെ സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്ന അശ്വതി, ഇവരെ പിന്നീട് കെണിയിൽപ്പെടുത്തും. തുടർന്ന് ബ്ലാക്ക്മെയിലിങ് നടത്തും. പണം നൽകാത്തതിന്റെ പേരിൽ മുൻ തുമ്പ എസ്.ഐക്കെതിരെ പീഡന പരാതിയുമായി ഇവർ രംഗത്തുവന്നതോടെയാണ് ഹണിട്രാപ്പിന്റെ ചുരുളുകൾ അഴിയുന്നത്. ഇതോടെ എസ്.ഐയെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അശ്വതിയുടെ കെണിയിൽ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുരുങ്ങിയെങ്കിലും നാണക്കേട് ഭയന്ന് ആരും പരാതിയും കേസുമായി പോയില്ലെന്ന് മാത്രം.
പലരും ലക്ഷങ്ങൾ നൽകി പരാതികൾ ഒതുക്കി. പല പ്രതിയോഗികളെയും നേരിടാൻ ഇത്തരം ചിലരെ പൊലീസുദ്യോഗസ്ഥർ തന്നെ രംഗത്തിറക്കുന്നുണ്ടെന്നും ആക്ഷേപമുയർന്നു. ഒടുവിൽ 2023 മേയ് മൂന്നിന് 68 കാരനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്ന കേസിലാണ് അശ്വതി ആദ്യമായി അറസ്റ്റിലാകുന്നത്. ഇവരുടെ കാൾ ലിസ്റ്റിലും വാട്സ് ആപ് ചാറ്റുകളിലും മുൻ മന്ത്രിയുടെയും പൊലീസ് ഉന്നതരുടെയും പേരുകൾ നിരന്തരം കണ്ട് പൂവാറിലെ പൊലീസുകാർ സല്യൂട്ടടിച്ച് ക്ഷീണിച്ചുവെന്നാണ് സ്റ്റേഷൻ വർത്തമാനം.
പീഡനം, ഒടുവിൽ ആത്മഹത്യ
പീഡനമടക്കം മൂന്ന് കേസുകളില്‍ പ്രതിയായി സസ്പെന്‍ഷനില്‍ കഴിഞ്ഞിരുന്നയാളാണ് എ.വി. സൈജു എന്ന പൊലീസ് ഉദ്യോഗസ്ഥൻ. മലയിന്‍കീഴില്‍ എസ്.എച്ച്.ഒ ആയിരിക്കെയാണ് വനിത ഡോക്ടറെ ബലാത്സഗം ചെയ്ത കേസിൽ എ.വി.സൈജു ആദ്യം പ്രതിയാകുന്നത്. തുടർന്ന് ബന്ധുവായ അധ്യാപികയെ പീഡിപ്പിച്ചകേസിലും പ്രതിയായി. പൊലീസ് അസോസിയേഷനില്‍ ജില്ല നേതാവായിരുന്ന സൈജുവിനെ രക്ഷിക്കാന്‍ ആദ്യം പൊലീസിന്റെ ഭാഗത്തും നീക്കമുണ്ടായി. ഇതിന്റെ ഭാഗമായി ചില സഹപ്രവര്‍ത്തകരെ കൂട്ടുപിടിച്ച് പീഡനപരാതി വ്യാജമെന്ന് തെളിയിക്കാനുള്ള ജി.ഡി രജിസ്റ്റര്‍ തയാറാക്കി ഹൈകോടതിയില്‍ സമര്‍പ്പിച്ച് ജാമ്യം നേടി.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമെന്ന് കണ്ടെത്തിയതോടെ ജാമ്യം റദ്ദാക്കുകയും വ്യാജരേഖ നിര്‍മാണത്തിന് പുതിയ കേസെടുത്ത് സസ്പെൻഷൻ നൽകുകയും ചെയ്തു. അതിനുശേഷം പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്കി. വ്യാജരേഖ നിര്‍മാണത്തിന് അറസ്റ്റ് ചെയ്യാന്‍ ഹൈകോടതി നിര്‍ദേശിച്ചതിനുപിന്നാലെ ഏപ്രിൽ 17ന് സൈജു ആത്മഹത്യ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.