ആർത്തിയും ആസക്തിയും കൊലപാതകത്തിനു വഴി തെളിക്കുമ്പോള്‍...
text_fieldsആര്‍ത്തി ഭ്രാന്തിന്‍റെയും ലൈംഗികാസക്തിയുടെയും മാനസിക അസ്വാസ്ഥ്യത്തിന്‍റെയും ഇരകളായി ക്രൂരമായി ജീവന്‍ ബലികഴിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. വിടരും മുമ്പേ കൊഴിയുന്ന ബാല്യങ്ങളും ദൈവത്തിന്‍റെ സ്വന്തം നാടിന് അപമാനമാവുകയാണ്. ഒമ്പതു ദിവസത്തില്‍ ഒരു കുട്ടി എന്ന നിരക്കിലാണ് നമ്മുടെ സംസ്ഥാനത്ത് കുട്ടികള്‍ കൊല്ലപ്പെടുന്നത്. സയനൈഡ് നൽകി ഒരു വയസുകാരി ഉള്‍പ്പെടെ ആറു പേരെ കൊന്ന കൂടത്തായിയിലെ ജോളിയും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഗര്‍ഭനിരോധന ഗുളികയില്‍ സയനൈഡ് പുരട്ടി നല്‍കി 20 യുവതികളെ കൊന്ന ബംഗളൂരു സ്‌കൂളധ്യാപകനായിരുന്ന മോഹന്‍റെയും വാര്‍ത്തകൾ ഏറെ ഞെട്ടലോടെയാണ് നാം ശ്രവിച്ചത്...
മലപ്പുറം താനൂരില്‍ മത്സ്യത്തൊഴിലാളിയായ സവാദിനെ വാടക വീട്ടില്‍വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യ സൗജത്തും കാമുകന്‍ അബ്ദുല്‍ ബഷീറും സഹായി സൂഫിയാനും കൂടിയാണ്.
2014 ഏപ്രില്‍ 16 ന് നാടിനെ നടുക്കിയ തിരുവനന്തപുരം ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം ഓർമ്മയില്ലേ. ഒന്നാം പ്രതി നിനോ മാത്യു (40)വും കൂട്ടുപ്രതി അനുശാന്തിയും ചേര്‍ന്ന് അനുശാന്തിയുടെ ഭര്‍ത്താവിന്‍റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (മൂന്നര) എന്നിവരെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തടവും വിധിച്ചിരുന്നു. ടെക്‌നോപാര്‍ക്കില്‍ ഫിഞ്ചര്‍ എന്ന കമ്പനിയിലെ പ്രോജക്ട് മാനേജരായിരുന്ന കുളത്തൂര്‍ കരിമണല്‍ മാഗി നിവാസില്‍ നിനോ മാത്യുവും ഇതേ കമ്പനിയിലെ ടീം ലീഡറായിരുന്ന അനുശാന്തിയും അടുപ്പത്തിലായിരുന്നു. ഈ അവിഹിത ബന്ധമാണ് അനുശാന്തിയുടെ മൂന്നര വയസ്സുള്ള മകളുടെയും ഭര്‍തൃ മാതാവിന്‍റെയും കൊലപാതകത്തില്‍ കലാശിച്ചത്. കാമുകനുമായി ജീവിക്കാന്‍ ഭര്‍ത്താവിനെ ഉള്‍പ്പെടെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.
കൊച്ചി നഗരത്തിലെ പുല്ലേപ്പടിയില്‍ പത്തു വയസുകാരനെ കുത്തികൊന്ന സംഭവം നാം മറന്നിട്ടില്ല.
നഴ്‌സറി സ്‌കൂളില്‍ നിന്ന് സന്തോഷത്തോടെ അമ്മയുടെ ചാരത്തു വന്ന പിഞ്ചുകുഞ്ഞ് ഹസ്ത (നാല്) പെറ്റമ്മയുടെ കൈകളാൽ കൊല്ലപ്പെട്ട സംഭവം നടന്നത് ചോറ്റാനിക്കരയിലാണ്.
പിതാവിന്‍റെയും രണ്ടാം ഭാര്യയുടെയും പീഡനത്തിനിരയായി മരണത്തെ അതിജീവിച്ച ഇടുക്കി സ്വദേശി ഷെഫീഖിനെയും സ്വന്തം അമ്മായിയാല്‍ കൊല്ലപ്പെട്ട രാഹുലിനെയും നമുക്കറിയാം.
മലപ്പുറം അരീക്കോടിനു സമീപം ആലുക്കലില്‍ ഇരുചക്രവാഹന അപകടമെന്ന പേരില്‍ പുഴയില്‍ തള്ളി ഭാര്യയെയും രണ്ടു പിഞ്ചുമക്കളെയും കൊന്നത് ഇന്‍ഷ്വറന്‍സ് പോളിസി തുക ലഭിക്കാന്‍ വേണ്ടിയായിരുന്നു.
പത്തനംതിട്ട റാന്നി കീക്കോഴൂരില്‍ മെല്‍ബിന്‍, മൊബിന്‍ എന്നീ സഹോദരങ്ങളെ പിതൃസഹോദരന്‍ കഴുത്തറുത്തു കൊന്നതും അടുത്തിടെയാണ്.
ആലുവയില്‍ വീട്ടുജോലിക്കു നിന്ന ഒമ്പതുകാരി തമിഴ്ബാലികയെ പീഡിപ്പിച്ചു കൊന്നതും ആലപ്പുഴയില്‍ ഓഡിറ്റോറിയം ഉദ്ഘാടനത്തോടനുബന്ധിച്ച് വിവാഹം ചെയ്യപ്പെട്ട നിര്‍ധന യുവതി അന്നു വൈകുന്നേരം പ്രസവിച്ച ഇരട്ടകുട്ടികളെ കഴുത്തുമുറിച്ച് കൊന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പിതാവ് വലിച്ചെറിഞ്ഞ് ഭിത്തിയില്‍ തലയിടിച്ച് കുഞ്ഞു മരിച്ചു എന്ന് പൊലീസിനു മൊഴി നല്‍കിയ അമ്മയെ അന്വേഷണാനന്തരം സ്വന്തം കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നതിന് അറസ്റ്റു ചെയ്തത് വാര്‍ത്തയായിരുന്നു.
കൊലപാതകത്തിന്‍റെ മനഃശാസ്ത്രം
സമീപകാലത്ത് കൊലപാതകവുമായി ബന്ധപ്പെട്ട മനഃശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. മനുഷ്യകുലത്തിന് മൊത്തമുള്ള ജീനുകളാണ് ജീന്‍പൂള്‍. ഒരാള്‍ വേറൊരു മനുഷ്യനെ കൊല്ലുമ്പോള്‍ സ്വന്തം ജീനുകളെത്തന്നെയാണ് നശിപ്പിക്കുന്നത് എന്നാണ് ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തത്തില്‍ പറയുന്നത്.
ആത്മഹത്യയുമായി ബന്ധപ്പെട്ട് മസ്തിഷ്‌കത്തിലെ സെറൊട്ടോനിന്‍ എന്ന രാസപദാര്‍ത്ഥത്തിന്‍റെ തകരാറുകള്‍ തന്നെയാണ് കൊലപാതകവുമായി ബന്ധപ്പെട്ടു കിടക്കുന്നത്. പെട്ടെന്നുണ്ടാകുന്ന അക്രമത്തിനും ദേഷ്യത്തിനും പിന്നില്‍ ഈ പദാര്‍ത്ഥത്തിന്‍റെ തകരാറ് പല പഠനങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.
മനഃശാസ്ത്രപരമായി കൊലപാതകങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. മനഃപൂര്‍വമല്ലാത്തതും മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്തതുമാണ് ഒന്നാമത്തേത്. വ്യക്തമായി മുന്‍കൂട്ടി തയാറെടുത്ത് നടത്തുന്ന കൊലപാതകങ്ങളാണ് രണ്ടാമത്തേത്. ഇവയില്‍ ആദ്യത്തെ വിഭാഗത്തില്‍, പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിലും വികാരത്തിന്‍റെ പുറത്തും ഒരാള്‍ വേറൊരാളെ ആക്രമിക്കുന്നു. പരിക്കുകള്‍ ഗുരുതരമാകുമ്പോള്‍ അയാള്‍ മരിച്ചെന്നുവരാം. സെറട്ടോനിന്‍ പദാര്‍ത്ഥത്തിന്‍റെ തകരാറുകള്‍ ഈ വിഭാഗത്തില്‍പ്പെടുന്ന കൊലപാതകങ്ങളായാണ് കണ്ടുവരുന്നത്.
രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന കൊലപാതകങ്ങളുമായി കണ്ടുവരുന്ന ജീവശാസ്ത്ര തകരാറുകള്‍ വേറെയാണ്. ഇതില്‍ ഏറ്റവും പ്രധാനമായത് സിംപതെറ്റിക് നാഡീവ്യൂഹത്തിന്‍റെ നിര്‍ജ്ജീവതയാണ്. ഇങ്ങനെയുള്ളവര്‍ പൊതുവെ വികാരങ്ങളൊന്നും കാര്യമായി പ്രകടിപ്പിക്കാറില്ല. സഹജീവികളോടുള്ള അനുകമ്പയും മറ്റുള്ളവരുടെ വികാരങ്ങളും ആവശ്യങ്ങളും ഒരാള്‍ മനസ്സിലാക്കുന്നത് മസ്തിഷ്‌കത്തിലെ മിറര്‍ ന്യൂറോണുകള്‍ മുഖേനയാണ്. കൊലപാതകം നടത്തുന്നവരില്‍ ഈ ന്യൂറോണുകളുടെ പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
മനഃശാസ്ത്രപരവും ജീവശാസ്ത്രപരവുമായ ഘടകങ്ങളോടൊപ്പം സാമൂഹികവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ കൊലപാതകവാസനയെ സ്വാധീനിക്കുന്നു. ചുറ്റും കൊലപാതകങ്ങള്‍ നടക്കുന്ന ഒരുസമൂഹത്തില്‍ കൊലപാതകം ഒടുവില്‍ പ്രതിവിധിയോ ആദര്‍ശമോ ആയി മാറുന്നു. കുട്ടിക്കാലം മുതലേ പലരും കൊലപാതകത്തെ അനുകരിക്കാന്‍ തുടങ്ങുന്നു. കൊലപാതകങ്ങള്‍ക്കു പെട്ടെന്നും സ്ഥായി ആയതുമായ ശിക്ഷ ലഭിക്കാത്ത സമൂഹത്തില്‍ അതിനെതിരെയുള്ള ചെറുത്തു നില്‍പുകള്‍ ഇല്ലാതാകുന്നു.
കുടുംബ ബന്ധങ്ങളുടെ തകർച്ച
കുടുംബബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത് മറ്റൊരു പ്രധാന കാരണമാണ്. വിവാഹം കഴിച്ചാലും സ്വന്തം ഭാര്യ, മക്കള്‍ എന്ന ചിന്തയൊന്നുമില്ലാതെ വിവാഹപൂര്‍വ ബന്ധങ്ങൾ സ്ത്രീയും പുരുഷനും തുടരുന്നതാണ് ഇത്തരം സംഭവങ്ങളിലേക്കു വഴി തെളിക്കുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളില്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികള്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നതും നമ്മുടെ നാട്ടില്‍ വര്‍ധിക്കുന്നു.
വിവാഹം ചെയ്ത് പിറ്റേന്നോ ദിവസങ്ങള്‍ കഴിഞ്ഞോ വിദേശത്തേക്കു കടക്കുന്ന ചില ഭര്‍ത്താക്കന്മാര്‍ ഭാര്യയോടുള്ള കടപ്പാട് മറക്കുകയാണ്. പണവും സുഖലോലുപതയും മാത്രം നോക്കുന്ന ഭാര്യമാര്‍ അവിഹിത ബന്ധങ്ങളിലേക്ക് നീങ്ങുന്നു. ഇതിനു വിലങ്ങുതടിയാകുന്ന സ്വന്തം മക്കളെ കാമുകരുടെ കൂട്ടുപിടിച്ച് വകവരുത്തുന്നതാണ് നമ്മുടെ കാലത്തെ വാർത്തകൾ.
മാധ്യമങ്ങളുടെ പങ്ക്
അക്രമവും കൊലപാതക രംഗങ്ങളും മറ്റും അമിതമായി ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ ഇത്തരം അവസ്ഥക്ക് പങ്ക് വഹിക്കുന്നുണ്ട്. രക്തവും മാംസവും കൊലപാതകങ്ങളും തുടരെത്തുടരെ കാണുന്നതിലൂടെ ഉണ്ടാകുന്ന വൈകാരിക നിസ്സംഗത പല കൂട്ടകൊലപാതകങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നു. കൊലപാതകത്തെ ഒരു വ്യക്തിയുടെ മാത്രം പ്രശ്നമായി കാണാനാവില്ല. രോഗാതുരമായ ഒരു സമൂഹത്തിന്‍റെയും ഭയരഹിതമായ സംസ്‌കാരത്തിന്‍റെയും പശ്ചാത്തലം ഇവകള്‍ക്കുണ്ട്.
ഭര്‍ത്താവും ഭാര്യയും അമ്മായിയമ്മയും അമ്മായിയപ്പനും മറ്റു കുടുംബാംഗങ്ങളും തമ്മില്‍ തീപ്പൊരി കലഹം നടത്തുന്ന കഥകൾ പറയുന്ന ടി.വി സീരിയലുകളുടെ പ്രേക്ഷകരാണ് ഭൂരിഭാഗവും. ഇവ കാണുന്നവര്‍ ഇത്തരം രംഗങ്ങള്‍ സ്വന്തം ജീവിതത്തിലേക്കു പകര്‍ത്തുന്നു. കുട്ടികളാകട്ടെ ഈ സീരിയലുകള്‍ കണ്ട് ഇതൊക്കെയാണ് കുടുംബജീവിതം എന്നു തെറ്റിദ്ധരിക്കുന്നു.
മയക്കുമരുന്ന്, പോൺ വീഡിയോകളും വില്ലൻമാർ
മദ്യം, മയക്കുമരുന്ന്, പോൺ വീഡിയോ തുടങ്ങിയവ കുടുംബ ബന്ധങ്ങളുടെ തകർച്ചയുടെ കാരണമന്വേഷിക്കുമ്പോൾ മുഖ്യസ്ഥാനത്ത് വരുന്നുണ്ട്. നൈമിഷകമായ സുഖത്തിനു വേണ്ടി എടുത്തുചാടുമ്പോൾ അത് നമ്മുടെ കുടുംബ ജീവിതത്തിനു തന്നെ അന്ത്യം കുറിച്ചെന്നിരിക്കും. അതിനാല്‍ മനസ് ശാന്തമാക്കാന്‍, ആസക്തി ശമിപ്പിക്കാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശീലിക്കണം.
ജുവനൈല്‍ ജസ്റ്റീസ് ആക്ട് അനുസരിച്ച് വീടുകളിലും വിദ്യാലയങ്ങളിലും കുട്ടികള്‍ക്ക് മനശ്ശാസ്ത്രപരമായ പരിശീലനം നല്‍കണം. ആഗ്രഹങ്ങളും അവകാശങ്ങളും ഹനിക്കപ്പെടുന്ന രീതിയിലാണ് വീടുകളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ അവസ്ഥ. ഭാവിയുടെ വാഗ്ദാനങ്ങളാണ് കുട്ടികള്‍ എന്നത് പഴയ വാചകമാണ്, ഇന്നിന്‍റെ വാഗ്ദാനമാണ് കുട്ടികള്‍. അവരെ നാം സ്‌നേഹിക്കണം, ബഹുമാനിക്കണം. ദേഷ്യവും വിദ്വേഷവും വൈരാഗ്യവും മനസില്‍ വളരാന്‍ അനുവദിക്കാതിരിക്കണം.
ധ്യാനം ശീലമാക്കണം
കൂട്ടുകുടംബ വ്യവസ്ഥിതി സമൂഹത്തിൽ വ്യാപകമായിരുന്ന കാലം ഒാർക്കുക. അന്ന് ഹൈന്ദവ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് സന്ധ്യാനാമം ചൊല്ലുകയും മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളും മറ്റും കൂട്ടപ്രാര്‍ഥനയിലും ഏര്‍പ്പെടുമായിരുന്നു. കാല്‍ നൂറ്റാണ്ടായി അവ ക്രമേണ ഇല്ലാതായിട്ട്. എല്ലാ ആരാധനാലയങ്ങളിലും പോസിറ്റീവ് എനര്‍ജി കുടികൊള്ളുന്നുണ്ട്. ഭക്തിപുരസരം അവിടങ്ങളില്‍ ചെലവഴിച്ചാല്‍ നമുക്ക് മനഃശാന്തിയും സമാധാനവും ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ധ്യാനം (മെഡിറ്റേഷന്‍) എല്ലാവരും ശീലമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.