മലമടക്കുകളിൽനിന്ന് യാങ്കി മടങ്ങുേമ്പാൾ
text_fields20 വർഷങ്ങൾ, ഒന്നര ലക്ഷം പട്ടാളക്കാർ, രണ്ടു ലക്ഷം കോടി ഡോളര്‍. തങ്ങളിൽ നിന്നും വളരെ വിദൂരത്തുള്ള ഒരു രാജ്യത്തെ 'നല്ല നടത്തം' പരിശീലിപ്പിക്കാൻ അമേരിക്ക വിനിയോഗിച്ച ഭാരിച്ച ചെലവുകളുടെ കണക്കാണിത്. യുദ്ധനേട്ടങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുേമ്പാഴാണ് ആരാണ് ഈ ദീർഘ സംഘർഷത്തിൽ തോറ്റോടുന്നതെന്ന് വ്യക്തമാകുക. 2,448 അമേരിക്കന്‍ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തി. അര ലക്ഷം അഫ്ഗാൻ സൈനികരെ കൊലക്ക് കൊടുത്തു. അര ലക്ഷത്തിലധികം സാധാരണക്കാരായ അഫ്ഗാൻ പൗരൻമാരെ കൊന്നൊടുക്കി. ഇരുപതിനായിരത്തിലധികം യു.എസ് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. അതിലേറെ അഫ്ഗാൻ പട്ടാളക്കാർക്കും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധത്തിന്‍റെ ബാക്കി പത്രമാണിത്. 2001 ഒക്ടോബര്‍ ഏഴിനാണ് അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധത്തിന്‍റെ ആരംഭം. 2001 സെപ്തംബറിൽ നടന്ന അമേരിക്കയിലെ പെൻറഗൺ ആക്രമണത്തിന്റെ പഴിചുമത്തിയാണ് യു.എസും സഖ്യ സൈന്യവും അഫ്ഗാനിലേക്ക് ഇരച്ചെത്തുന്നത്.
താലിബാനെ മര്യാദ പഠിപ്പിച്ച്, രാജ്യത്തെ തീവ്രവാദ സാന്നിദ്ധ്യം പൂർണമായും ഇല്ലാതാക്കുകയായിരുന്നു സൈനിക വിന്യാസത്തിെൻറ മുഖ്യ ലക്ഷ്യം. ഒടുവിൽ അഫ്ഗാനിസ്താനെയും അഫ്ഗാനികളെയും 'മര്യാദക്കാരാക്കി' മടങ്ങുേമ്പാൾ യു.എസിന്റെ അഫ്ഗാനിലെ ഏറ്റവും വലിയ സൈനിക താവളമായിരുന്ന ബഗ്രാമിൽ നിന്ന് വെളിച്ചമണച്ച് ഇരുട്ടിൽ ഇറങ്ങിപ്പോകേണ്ട ഗതികേടാണ് ലോക പൊലീസിന് ഉണ്ടായിരിക്കുന്നത്. അമേരിക്ക മാത്രമല്ല, നാറ്റോ സഖ്യസേന മുഴുവൻ ഇപ്പോൾ അഫ്ഗാനിലെ 'സൈനിക സേവനം' അവസാനിപ്പിച്ച് മടങ്ങുകയാണ്. ഒരു രാഷ്ട്രം നിർമിച്ച് നൽകാനുള്ള ഉത്തരവാദിത്തം അമേരിക്കക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ സേനാ പിൻമാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചത്. അമേരിക്കയും സഖ്യ സൈന്യവും ചവച്ചുതുപ്പിയ അഫ്ഗാനിലേക്ക് നോക്കിയാൽ നമുക്ക് ഒന്നുറപ്പാകും, രാഷ്ട്രം തകർക്കാനുള്ള ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി അവർ നിർവഹിച്ചിട്ടുണ്ടെന്ന്. ഇറാഖിലും ഇതുതന്നെയാണല്ലോ കണ്ടത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം അഫ്ഗാൻ സൈന്യവും താലിബാൻ സായുധ സംഘവും തമ്മിൽ ഒരു രക്തച്ചൊരിച്ചിലിനുള്ള എല്ലാ പോർമുഖവും ഒരുക്കിവെച്ചിട്ടാണ് ഈ സേനാ പിൻമാറ്റം. സൈനിക പിൻമാറ്റം പ്രഖ്യാപിച്ചത് മുതൽ താലിബാൻ സേനയുടെ പ്രവൃത്തികൾ അതിന്റെ സൂചനകളാണ്.
യു.എസ് ഭരണകൂടം ആഗ്രഹിക്കുന്നതും അതുതന്നെയാണ്. താലിബാനെ രണ്ട് പതിറ്റാണ്ട് അടക്കിനിർത്തിയത് തങ്ങളാണെന്നും സഖ്യ സേനയുടെ മടക്കം വീണ്ടും അഫ്ഗാൻ മണ്ണിൽ അരക്ഷിതാവസ്ഥ വളർത്തുമെന്നും അവർക്ക് സ്ഥാപിക്കണം. അതിനുള്ള മണ്ണൊരുക്കം അഫ്ഗാൻ ഭരണകൂടത്തിനും താലിബാനും ഇടയിൽ ശേഷിപ്പിച്ചാണ് ഇപ്പോഴത്തെ മടക്കം. ഒരു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ പൂർണമായും തകർത്ത് അവിടുത്തെ പൗരൻമാരെ തീർത്തും അരക്ഷിതരാക്കി ഭിന്നിപ്പിച്ചാണ് അമേരിക്ക അഫ്ഗാൻ വിടുന്നത്. 2001ൽ യു.എസ് സൈന്യം അഫ്ഗാനിൽ അധിനിവേശം നടത്തുേമ്പാൾ താലിബാൻ ആയിരുന്നു എവിടെയും. അതിരൂക്ഷമായ രക്തച്ചൊരിച്ചിലുകൾക്കൊടുക്കം രണ്ട് മാസത്തിനകം താലിബാന്‍ അധികാരത്തില്‍നിന്നു പുറത്തായി. തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഇതര കക്ഷികള്‍ ഭരണത്തിലെത്തുകയും ചെയ്തു. 2001 ഒക്‌ടോബര്‍ ഏഴിന് കാബൂള്‍, കാണ്ഡഹാര്‍, ജലാലാബാദ് എന്നിവിടങ്ങളിലെ താലിബാന്‍ കേന്ദ്രങ്ങള്‍ക്കു നേരേ ശക്തമായ ബോംബാക്രമണം അഴിച്ചുവിട്ടായിരുന്നു തുടക്കം. താലിബാന്റെ ചെറുവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും തകര്‍ത്തു. 2001 നവംബര്‍ 13ന് കാബൂളും താലിബാനിൽനിന്ന് പിടിച്ചെടുത്തു. എല്ലാ നഗരങ്ങളിൽനിന്നും താലിബാൻ പിൻമാറി.
2004 ജനുവരി 26ന് അഫ്ഗാന്‍ പുതിയ ഭരണഘടന നിലവില്‍ വന്നു. ആ വർഷം ഒക്‌ടോബറില്‍ പ്രസിഡൻറ് തെരഞ്ഞെടുപ്പും നടന്നു. ഹാമിദ് കർസായി പ്രസിഡൻറായി. തങ്ങൾ അഫ്ഗാനിൽ സമാധാനം സ്ഥാപിച്ചെന്നും സ്ത്രീകളെയും കുട്ടികളെയും സ്വാതന്ത്ര്യത്തിലേക്ക് മോചിപ്പിച്ചെന്നും അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു. ലോകം അമേരിക്കക്ക് കയ്യടിച്ചു. തീവ്രവാദ വേട്ടയുടെ പേരിൽ രാജ്യത്തിന്റെ മുക്കുമൂലകളിൽ സൈന്യം അഴിഞ്ഞാടി. ആകെ ഒരു ലക്ഷത്തിലധികം ജീവനുകൾ ബലികൊടുത്തു. അപ്പോഴേക്കും അടുത്ത ഇരയെയും വീണുകിട്ടിയിരുന്നു. 2003ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ജോർജ് ഡബ്ല്യു ബുഷ് ഇറാഖുമായും യുദ്ധം പ്രഖ്യാപിച്ചു. യുദ്ധക്കൊതി മൂത്ത സമയത്ത് അമേരിക്കക്ക് ഒരേസമയം രണ്ടിടങ്ങളില്‍ യുദ്ധം ചെയ്യേണ്ടിവന്നു. രണ്ടിടത്തും സ്ഥിതിഗതികള്‍ കൈവിട്ടുപോയ കാഴ്ചയാണ് പിന്നീട് കണ്ടത്. പെൻറഗൺ അക്രമണ ആസൂത്രകനെന്ന് അമേരിക്ക പരിചയപ്പെടുത്തിയ ബിന്‍ ലാദനെ 2011 മേയിൽ യു. എസ് കമാന്‍ഡോകള്‍ പാകിസ്താനിൽ കണ്ടെത്തി കടലിൽ കെട്ടിത്താഴ്ത്തിയിട്ടും അഫ്ഗാനിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കക്കായില്ല. പിന്നെയും ഒരു ദശാബ്ദക്കാലം ആ മണ്ണിൽ രക്തം ചിന്തിയിട്ടാണ് ഇപ്പോഴത്തെ മടക്കം.
താലിബാനെ ഒതുക്കി ഒരു വഴിക്കാക്കിയിട്ടുണ്ട് എന്ന് അമേരിക്ക ഗീർവാണം മുഴക്കുേമ്പാഴും യാഥാർഥ്യം അതൊന്നുമല്ല എന്ന് സേനാ പിൻമാറ്റം പ്രഖ്യാപിച്ചയുടനുള്ള അഫ്ഗാന്റെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മനസിലാകും. കഴിഞ്ഞ 20 വർഷത്തിനിടെ മൂന്ന് ലക്ഷം അഫ്ഗാൻ സൈനികർക്ക് യു.എസ് സേന നേരിട്ട് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. പൊലീസിനും പരിശീലനം നൽകി. വേണ്ടത്ര ആയുധങ്ങളും യുദ്ധ ഉപകരണങ്ങളും വേറെയും നൽകിയിട്ടുണ്ട്. വാഹനങ്ങളും സമ്പത്തും അടക്കം മറ്റ് സഹായങ്ങൾ വേറെ. എന്നിട്ടും താലിബാനെ ഭയന്ന് ഇറാൻ അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് ഓടിപ്പോകുന്ന അഫ്ഗാൻ സൈനികരെയാണ് ഇന്ന് ലോകം കാണുന്നത്. തങ്ങളുടെ സഹായങ്ങൾ ആ രാജ്യത്തിന് കൂടുതൽ കരുത്തു പകരുന്നതിന് പകരം കൂടുതൽ രക്തച്ചൊരിച്ചിലിനാകും ഉപയോഗിക്കപ്പെടുക എന്ന് മറ്റാരെക്കാളും അമേരിക്കക്ക് നന്നായി അറിയാം. എത്രയെത്ര രാജ്യങ്ങളിൽ അവരത് പരീക്ഷിച്ച് തെളിയിച്ചതാണ്. രാജ്യത്തെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ ബഗ്രാം സൈനിക താവളം യു.എസ് സൈനികസംഘം ഉപേക്ഷിച്ചയുടൻ രാജ്യത്തെ അഞ്ച് അതിർത്തികളാണ് താലിബാൻ പിടിച്ചടക്കിയത്. ഇറാൻ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ചൈന, പാകിസ്താൻ എന്നീ അഞ്ച് രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങൾ താലിബാൻ കീഴടക്കിയത് കഴിഞ്ഞയാഴ്ചയാണ്. ഉസ്ബെകിസ്താൻ അതിർത്തിയായ ബൾക് പ്രവിശ്യയിൽ അഫ്ഗാൻ സൈനവ്യവും താലിബാനും തമ്മിൽ കടുത്ത പോരാട്ടം തുടങ്ങിക്കഴിഞ്ഞു.
ഇറാനോട് ചേർന്നുകിടക്കുന്ന ഹെറാത്ത് പ്രവിശ്യയിലും സ്ഥിതി മറിച്ചല്ല. താലിബാനെ ഭയന്ന് അഫ്ഗാൻ സൈനികർ ഇറാൻ പ്രദേശങ്ങിലേക്ക് രക്ഷതേടി എത്തിക്കൊണ്ടിരിക്കുന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലായ അൽ ആലം റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ ഭരണകൂടത്തിന്റെ വക്താവ് താരിഖ് അരിയാൻ രാജ്യാർതിർത്തികൾ സുരക്ഷിതമാണെന്ന് പറയുേമ്പാഴും വസ്തുത ഇതൊക്കെയാണ്. ഹെറാത്തിലെ സൈനീക കേന്ദ്രങ്ങൾ അടക്കം സ്ഥിതിചെയ്യുന്ന അഞ്ച് ജില്ലകൾ യാതൊരു ഏറ്റുമുട്ടലും കൂടാതെ താലിബാൻ കീഴടക്കിയതായി റോയിട്ടേഴ്സ് റിേപ്പാർട്ട് ചെയ്യുന്നു. അഫ്ഗാന്റെ തന്ത്രപ്രധാനമായ മിക്ക മേഖലകളിലും താലിബാൻ കടന്നുകയറിക്കഴിഞ്ഞു. അഫ്ഗാൻ അധിനിവേശ കാലത്ത് നാറ്റോ സൈനികരെയും പ്രത്യേകിച്ച് യു.എസ് സേനയെയും സഹായിച്ചിരുന്ന ഡ്രൈവര്‍മാര്‍, ദ്വിഭാഷികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരൊക്കെയും അയൽരാജ്യങ്ങളിലേക്ക് അഭയം തേടുകയാണ്. രക്തകലുഷിതമായ ഒരു അന്തരീക്ഷം അധിനിവേശ സേന അവിടെ സൃഷ്ടിച്ചിരിക്കുന്നു എന്ന് സാരം.
34 പ്രവിശ്യകളിലായി 200ലധികം ജില്ലകൾ പിടിച്ചടക്കിയതായി താലിബാൻ അവകാശപ്പെടുന്നു. 70ലേറെ താലിബാൻ സായുധ സംഘാംഗങ്ങളെ വധിച്ചതായി അഫ്ഗാൻ സേനയും അവകാശപ്പെടുന്നു. രാജ്യത്ത് ഇരുസേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നു എന്നതിൽ തർക്കമില്ല. പെൻറഗണും ഇത് സ്ഥിരീകരിക്കുന്നുണ്ട്. ഒരു രാജ്യത്തെ ഒടുങ്ങാത്ത ആഭ്യന്തര കലഹങ്ങളിലേക്ക് തള്ളിയിട്ടുകൊണ്ടാണ് യാങ്കി സംഘം യുദ്ധവെറിയുടെ മറ്റൊരു അധ്യായത്തിന് തിരശ്ശീലയിടുന്നത്. നഷ്ടപ്പെട്ട അഫ്ഗാൻ ജീവനുകളുടെ ഉത്തരവാദിത്തം അമേരിക്ക ഏൽക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇല്ല, ഇല്ല, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി നടത്തിയ കുറ്റസമ്മതമാണ് ശരി. 20 വർഷങ്ങൾ ലോകത്തെ ഏറ്റവും മികച്ച സന്നാഹങ്ങൾ ഉപയോഗിച്ച് സൈനികമായി യുദ്ധം ചെയ്തിട്ടും ഞങ്ങൾക്ക് വിജയിക്കാനായില്ലെന്നും അഫ്ഗാനിലേത് ഒരു പരാജയപ്പെട്ട ദൗത്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശ ദൗത്യത്തിനെത്തിയ അമേരിക്കയുടെ അവസാന സൈനികനും വരുന്ന സെപ്റ്റംബര്‍ 11ന് അഫ്ഗാന്റെ മണ്ണിൽനിന്നും മടങ്ങും എന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആ നിലക്ക് സെപ്തംബർ 11 അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇനി രണ്ട് ദുരനുഭവങ്ങളുടെ ഓർമയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.