മാധ്യമസ്വാതന്ത്ര്യത്തിനായുള്ള ധീരപോരാട്ടം
text_fieldsഅപകീർത്തി ബില്ലിനുശേഷം മാധ്യമസ്വാതന്ത്ര്യത്തിന് തടയിടാൻ നടന്ന ഏറ്റവും മോശം നീക്കങ്ങളിലൊന്നാണ് മീഡിയവൺ ചാനലിന് മോദി സർക്കാർ ഏർപ്പെടുത്തിയ വിലക്ക്. അടിയന്തരാവസ്ഥക്കാലത്ത് അഭിപ്രായ-മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി വാതോരാതെ വാദിച്ച വാജ്പേയിയുടെയും അദ്വാനിയുടെയും പിന്മുറക്കാരാണ് ഈ വിലക്കും വിലങ്ങുമായി നടക്കുന്നത് എന്നോർക്കണം
കഴിഞ്ഞ മേയ് ദിനത്തിൽ രാജ്യതലസ്ഥാനത്തെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ തികച്ചും വ്യത്യസ്തമായ ഒരു വിജയാഘോഷപരിപാടിയിൽ സംബന്ധിക്കാൻ സാധിച്ചു. 2022 ജനുവരി 31ന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനത്തെ തികഞ്ഞ പക്വതയോടെ നിയമമാർഗത്തിൽ നേരിട്ട് സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധി സ്വന്തമാക്കിയ മീഡിയവൺ ചാനൽ സംഘടിപ്പിച്ച വിജയാഘോഷം.
അവിടെയിരിക്കവെ 47 വർഷങ്ങൾക്കു മുമ്പ് അതേ വേദിയിൽ നടന്ന മറ്റൊരു ചടങ്ങ് ഈ കുറിപ്പുകാരന്റെ ഓർമയിലെത്തി. ദേശസുരക്ഷയുടെ പേരിൽ ഇന്ദിര ഗാന്ധിയുടെ സർക്കാർ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥക്കെതിരായ പ്രതിഷേധപരിപാടിയായിരുന്നു അത്.
ജയപ്രകാശ് നാരായൺ, അടൽ ബിഹാരി വാജ്പേയി, ലാൽകൃഷ്ണ അദ്വാനി, ജോർജ് ഫെർണാണ്ടസ്, മധുലിമായെ, രാജ്നാരായൺ തുടങ്ങിയ പ്രമുഖ പ്രതിപക്ഷനേതാക്കൾ അന്ന് ജയിലിലായിരുന്നു, മാധ്യമസ്വാതന്ത്ര്യം കടുത്ത സെൻസർഷിപ്പിനു കീഴിലുമായിരുന്നു. രവീന്ദ്രനാഥ ടാഗോർ എഴുതിയ കവിത പ്രസിദ്ധീകരിക്കുന്നതിനുപോലും കേന്ദ്ര സർക്കാറിന്റെ അനുമതി നേടിയിരിക്കണമെന്നതായിരുന്നു അവസ്ഥ!
അന്ന് ആ ചടങ്ങിൽ സംസാരിക്കവെ ആന്ധ്രയിൽനിന്നുള്ള അഭിഭാഷകനും മുൻനിര മനുഷ്യാവകാശപ്പോരാളിയുമായിരുന്ന കെ.ജി. കണ്ണബിരൻ ഒരു കാര്യം പറഞ്ഞു: ഇന്ന് ദേശവിരുദ്ധമായി വിലയിരുത്തപ്പെടുന്ന കാര്യങ്ങൾ നാളെ ദേശതാൽപര്യമായി മാറിയേക്കും, അതേപോലെ ഇന്ന് ദേശതാൽപര്യമായി കൊണ്ടാടപ്പെടുന്ന പല കാര്യങ്ങളും നാളെ ദേശവിരുദ്ധമായി മാറിയേക്കാം.
സുപ്രീംകോടതിക്കും ഹൈകോടതികൾക്കും നിയമങ്ങളുടെ ഭരണഘടനാസാധുതയെപ്പറ്റി വിധിക്കാനുള്ള അധികാരം ദുർബലപ്പെടുത്തുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ നിറച്ച ഭരണഘടനയുടെ 42ാം ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്ന സമയമായിരുന്നു അത്.
ഭരണഘടനാ അസംബ്ലിയിൽ അംഗമായിരുന്ന സോഷ്യലിസ്റ്റ് നേതാവ് ഹരി വിഷ്ണു കാമത്ത് അതേക്കുറിച്ച് പറഞ്ഞത് അവർ ഭരണഘടന ഭേദഗതി വരുത്തുകയോ തിരുത്തുകയോ അല്ല, ഇല്ലാതാക്കുകയാണ് എന്നായിരുന്നു.
അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയും പാർട്ടിയും പരാജയപ്പെടുകയും ജനതാ സർക്കാർ അധികാരമേൽക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് ഇല്ലാതാക്കപ്പെട്ട പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുനഃസ്ഥാപിച്ചതടക്കം പത്രസ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള പല നടപടികളും പുതിയ സർക്കാർ സ്വീകരിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളോട് കുനിയാൻ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്, പക്ഷേ അവർ മുട്ടിലിഴഞ്ഞുകളഞ്ഞു എന്നു പറഞ്ഞ എൽ.കെ. അദ്വാനിയായിരുന്നു അന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി.
അടിയന്തരാവസ്ഥയും അത് മാധ്യമ-അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏൽപിച്ച ആഘാതങ്ങളും കണ്ട പലരും കരുതിയത് രാജ്യത്ത് ഇനിമേലൊരിക്കലും അത്തരം അവസ്ഥകൾ ഉണ്ടാവില്ല എന്നായിരുന്നു. എന്നാൽ, സകലരെയും നടുക്കിക്കൊണ്ട് 1988ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ രാജീവ് ഗാന്ധി സർക്കാർ ‘അപകീർത്തി ബിൽ’ പാസാക്കി.
അപമാനിക്കാൻ ഉദ്ദേശിച്ചുള്ള എഴുത്തും ക്രിമിനൽ കുറ്റാരോപണങ്ങളും തടയാൻ എന്ന പേരിൽ മാധ്യമസ്വാതന്ത്ര്യത്തിന് തടയിടുകയായിരുന്നു ആ നീക്കത്തിന്റെ ലക്ഷ്യം. ബോഫോഴ്സ് തോക്ക് ഇടപാടിൽ രാജീവ് ഗാന്ധി സർക്കാർ 65 കോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണം ഉന്നയിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് ‘അപകീർത്തി ബിൽ’ അവതരിപ്പിക്കപ്പെട്ടത് (സഹസ്രകോടികളുടെ അഴിമതി ഇടപാടുകൾ കേൾക്കുന്ന വർത്തമാനകാല ഇന്ത്യക്ക് 65 കോടി രൂപ എന്നത് ചെറുതായിത്തോന്നാം.
എന്നാൽ, അക്കാലത്ത് അതൊരു വലിയ സംഖ്യയായിരുന്നു). പത്രമാനേജ്മെന്റുകളും മാധ്യമപ്രവർത്തകരും രാജ്യമൊട്ടുക്ക് പ്രക്ഷോഭവും പ്രതിഷേധങ്ങളുമാരംഭിച്ചതോടെ 1988 സെപ്റ്റംബർ 22ന് ‘അപകീർത്തി ബിൽ’ നിരുപാധികം പിൻവലിച്ച രാജീവ് മാധ്യമസ്വാതന്ത്ര്യത്തിന് തന്റെ സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു.
അപകീർത്തി ബില്ലിനുശേഷം മാധ്യമസ്വാതന്ത്ര്യത്തിന് തടയിടാൻ നടന്ന ഏറ്റവും മോശം നീക്കങ്ങളിലൊന്നാണ് മീഡിയവൺ ചാനലിന് മോദി സർക്കാർ ഏർപ്പെടുത്തിയ വിലക്ക്. അടിയന്തരാവസ്ഥക്കാലത്ത് അഭിപ്രായ-മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി വാതോരാതെ വാദിച്ച വാജ്പേയിയുടെയും അദ്വാനിയുടെയും പിന്മുറക്കാരാണ് ഈ വിലക്കും വിലങ്ങുമായി നടക്കുന്നത് എന്നോർക്കണം.
2020 മാർച്ചിൽ മീഡിയവണിന് കേന്ദ്രം 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നഗ്നമായ കടന്നുകയറ്റമാണിതെന്നാണ് അന്ന് ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന സി.എൽ. തോമസ് പ്രതികരിച്ചത്. ‘‘ആർ.എസ്.എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചതാണ് വിലക്കിന് കാരണമായി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നത്.
ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോർട്ടുകളിൽ പരാമർശിച്ചതും അതിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ലെന്ന് റിപ്പോർട്ട് ചെയ്തതും സാമുദായിക സൗഹൃദം തകർക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയായിരുന്നു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം.
അത് സ്വതന്ത്ര മാധ്യമപ്രവർത്തനം രാജ്യത്ത് പാടില്ല എന്ന് ഉത്തരവിടുന്നതിന് തുല്യമാണ്.’’ ഈ ജനാധിപത്യവിരുദ്ധ നടപടിയെ നിയമപരമായി നേരിടാൻ മീഡിയവൺ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചിരുന്നെങ്കിലും ഏറെ വൈകാതെ സംപ്രേഷണാനുമതി പുനഃസ്ഥാപിച്ചു നൽകിയതിനാൽ വിഷയം അവിടെ അവസാനിച്ചിരുന്നു.
എന്നാൽ, 2022 ജനുവരി 31ന് ഈ ചാനലിനെതിരെ നിരോധനം ഏർപ്പെടുത്തുമ്പോൾ എന്തുകൊണ്ട് ഈ നടപടി എന്നുപോലും മന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല. കേരള ഹൈകോടതിയുടെ ഒരു സിംഗ്ൾ ബെഞ്ച് വിലക്ക് സ്റ്റേ ചെയ്തെങ്കിലും പിന്നീട് നിരോധന ഉത്തരവ് നിയമവിരുദ്ധമല്ലെന്ന് വിധിച്ചു ഡിവിഷൻ ബെഞ്ച്.
മീഡിയവൺ നൽകിയ അപ്പീൽ സ്വീകരിച്ച സുപ്രീംകോടതി 2022 മാർച്ച് 15ന് സംപ്രേഷണം തുടരാൻ അവരെ അനുവദിച്ചിരുന്നു. അതിനിടെ വാദവും എതിർവാദവുമെല്ലാം പിന്നെയും ഒരു വർഷം നീണ്ടു.
ഒടുവിൽ കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കൊഹ്ലി എന്നിവരുൾക്കൊള്ളുന്ന സുപ്രീംകോടതി ബെഞ്ച് നിരോധനം ശരിവെച്ച കേരള ഹൈകോടതി വിധി റദ്ദാക്കുകയും ഒരു മാസത്തിനകം ലൈസൻസ് പുതുക്കിനൽകാൻ മന്ത്രാലയത്തോട് നിർദേശിക്കുകയും ചെയ്തു.
വിധിപ്രസ്താവം വന്ന വേളയിൽ അതിന്റെ വിശദാംശങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടതിനാൽ അക്കാര്യം കൂടുതൽ പരത്തി എഴുതുന്നില്ല. എന്നിരിക്കിലും സാധാരണ ജനങ്ങളുടെ ജീവിതത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും സാമാന്യ നീതിയെയും ദേശസുരക്ഷയെയും സംബന്ധിച്ച ഒട്ടനവധി അടിസ്ഥാന പ്രശ്നങ്ങൾ മീഡിയവൺ വിധിയിലൂടെ സുപ്രീംകോടതി സംബോധന ചെയ്യുന്നുണ്ട്.
നിയമവാഴ്ചയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമായ ‘സീൽഡ് കവർ നീതിന്യായ’ പരിപാടിയെ അക്ഷരാർഥത്തിൽ പൊളിച്ചുകളഞ്ഞു എന്നതാണ് മറ്റൊരു സവിശേഷത. സുപ്രീംകോടതി നിർദേശിച്ചതിൻപ്രകാരം മീഡിയവണിന് ലൈസൻസ് പുതുക്കി ലഭിച്ചിരിക്കുന്നു.
നിരോധനം നിലനിന്നവേളയിൽപോലും പതറാതെ സമൂഹമാധ്യമ സാധ്യതകൾ ഉപയോഗപ്പെടുത്തിയും മാധ്യമമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച ചാനലിനും അതിന്റെ റിപ്പോർട്ടർമാർക്കും ഇനി കൂടുതൽ സജീവമാകാം. ഭരണകൂടം മറ്റൊരു മാധ്യമ മാരണ നീക്കങ്ങളിൽനിന്ന് ഇതോടെ പിന്മാറുമെന്ന് തീർച്ചപ്പെടുത്താൻ നമുക്കാവില്ല.
എന്നാൽ, മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്കെതിരായ പോരാട്ടങ്ങളിൽനിന്ന് നാം ഒരു ഘട്ടത്തിലും പിന്മാറിക്കൂടാ.
ഇക്കഴിഞ്ഞ മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറങ്ങിയ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥാനമെന്തെന്ന് ഇതിനകം ഏവരും അറിഞ്ഞു കഴിഞ്ഞതും സുപ്രിംകോടതിയിൽ തന്നെ ചർച്ചയായതുമാണ്. മീഡിയവണിന്റെ പോരാട്ടവിജയം രാജ്യമൊട്ടുക്കുമുള്ള മാധ്യമ-പൗരാവകാശ പ്രവർത്തകർക്ക് ഊർജം പകരുമെന്നുതന്നെയാണ് എന്റെ വിശ്വാസം.
(മുതിർന്ന ദേശീയ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.