വംശഹത്യ ശ്രമങ്ങളെ കോടതി ചോദ്യം ചെയ്യുന്നു
text_fieldsഭരണകൂട അതിക്രമങ്ങൾ വ്യാപകമായിട്ടും, ഫലപ്രദമായ ഇടപെടലുകൾ നടത്താൻ നമ്മുടെ കോടതികൾക്ക് കഴിഞ്ഞിരുന്നില്ല. ഒന്നുകിൽ കോടതി നടപടികളിലേക്ക് കടക്കുന്നതിനു മുമ്പ് ‘ബുൾഡോസർ നീതി’ നടപ്പിലായിരിക്കും, അല്ലെങ്കിൽ ഓരോരോ ഇടിച്ചു നിരത്തലുകളെയും വ്യക്തിപരമായ കേസുകളായി പ്രത്യേകം പ്രത്യേകം പരിഗണിച്ചു വരുമ്പോൾ കേസിന്റെ സംഘടിത സ്വഭാവം നഷ്ടമാവുകയും അനഭിലഷണീയമായ കാലവിളമ്പം ഉണ്ടാവുകയും ചെയ്യും. എന്നാൽ പഞ്ചാബ്-ഹരിയാന ഹൈകോടതിയിലെ ജസ്റ്റിസ് ജി.എസ്. സന്തവാലിയ, ജസ്റ്റിസ് ഹർപ്രീത് കൗർ ജീവൻ എന്നിവരുടെ ഇപ്പോഴത്തെ നടപടി പ്രതീക്ഷ നൽകുന്നതാണ്
ഇന്ത്യാ ചരിത്രത്തിൽ ഇതാദ്യമായി ഒരു ഭരണഘടനാ കോടതി, ‘ക്രമസമാധാന പാലനത്തിന്റെ മറവിൽ സംസ്ഥാന ഭരണകൂടം വംശഹത്യ നടത്തുകയാണോ?’ എന്ന സംശയം ഉന്നയിച്ചിരിക്കുന്നു. പഞ്ചാബ്-ഹരിയാന ഹൈകോടതിയുടേതാണ് ചോദ്യം. സംസ്ഥാനത്തെ നൂഹ്, ഗുരുഗ്രാം ജില്ലകളിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങൾക്ക് പിന്നാലെ കേസിൽപെട്ടവരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുന്ന ഗവൺമെൻറ് നടപടിക്കെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈകോടതി രൂക്ഷപരാമർശം നടത്തിയിരിക്കുന്നത്. വീടുകൾ തകർക്കുന്ന നടപടി ഉടൻ നിർത്തിവെക്കാൻ ഉത്തരവിട്ട കോടതി, സംസ്ഥാന സർക്കാറിന് നോട്ടീസ് അയക്കുകയും അഡ്വക്കറ്റ് ക്ഷിതിജിത് ശർമയെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തു.
സമകാലിക ഇന്ത്യയിൽ വ്യാപകമായിരിക്കുന്ന ഭരണകൂട ഹുങ്കിന്റെ കാരുണ്യരഹിതമായ പ്രകടനമാണ് വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കുന്ന ‘ശിക്ഷാവിധി’. കൃത്യമായൊരു മാതൃകക്കൊപ്പിച്ച്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഇത് നടപ്പാക്കിവരുന്നുണ്ട്. യു.പിയിൽ, മധ്യപ്രദേശിൽ, അസമിൽ, ഹരിയാനയിൽ, ആഭ്യന്തര വകുപ്പ് കൈയാളുന്ന ഡൽഹിയിലൊക്കെ ‘ബുൾഡോസർ നീതി’ എന്ന പേരിൽ ഈ ഭരണകൂട ഭീകരതയെ ആഘോഷിക്കുകയാണ് അവർ.
സംസ്ഥാനത്ത് ഒരു ക്രമസമാധാന പ്രശ്നമുണ്ടാകുന്നു. ഒന്നുകിൽ ഒരു പ്രതിഷേധ സമരം, അല്ലെങ്കിൽ വർഗീയ കലാപം. പ്രതികളെ പൊലീസ് ‘തിരിച്ചറിഞ്ഞാൽ’ ഉടൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം അവരുടെ വീടുകൾ അനധികൃതമായാണ് നിർമിച്ചിരിക്കുന്നത് എന്ന നോട്ടീസ് നൽകുന്നു. അടുത്തപടി ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചു നിരത്തുന്നതാണ്. ഇതെല്ലാം 24 മണിക്കൂറിനുള്ളിൽ പൂർത്തിയായിരിക്കും. പലപ്പോഴും ഇരകൾക്ക് കോടതിയെ സമീപിക്കാനുള്ള സാവകാശം പോയിട്ട്, വീട്ടിനുള്ളിൽനിന്ന് സാധന സാമഗ്രികൾ മാറ്റുന്നതിനുള്ള സമയം പോലും ലഭിക്കുകയുമില്ല. ഇങ്ങനെ തച്ചു തകർക്കുന്ന ഭവനങ്ങൾ ഏതാണ്ട് എല്ലാം തന്നെ ന്യൂനപക്ഷ സമുദായങ്ങളുടേതാണെന്ന പ്രത്യേകതയുമുണ്ട്.
ജനാധിപത്യ സംവിധാനത്തിന് കീഴിൽ പുലരേണ്ട നീതിബോധത്തെ അട്ടിമറിക്കുന്ന പ്രവൃത്തിയാണിത്. ഭരണഘടനാപരമായും നിയമപരമായും വലിയ തെറ്റ്. ഭരണഘടനയുടെ 21ാം അനുഛേദം നൽകുന്ന ജീവിക്കാനുള്ള അവകാശം മൃഗതുല്യമായ ജീവിതത്തിനുള്ള അവകാശമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ്. ഉപജീവനമാർഗത്തിനും പാർപ്പിടത്തിനുമുള്ള അവകാശവും അതിന്റെ ഭാഗമാണ്. 1985-ലെ ഓൾഗാ ടെല്ലിസ് കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപജീവനത്തിനും പാർപ്പിടത്തിനുമുള്ള അവകാശം എന്ന് പറഞ്ഞാൽ, താമസിക്കുന്ന വീട്ടിൽനിന്ന് കുടിയിറക്കുന്നതിന് മുമ്പ് നോട്ടീസ് കൊടുത്തിരിക്കണം, നിലവിലുള്ള സർക്കാർ സ്കീമുകൾ പ്രകാരം കൃത്യമായ പുനരധിവാസം ഉറപ്പുവരുത്തണം. പിന്നീട്, 2010-ൽ സുധാമ സിങ് കേസിൽ ഡൽഹി ഹൈകോടതി ഇക്കാര്യത്തിന് കുറച്ചുകൂടി വ്യക്തത വരുത്തിയിട്ടുണ്ട്. ഒരു സർവേ നടത്തി കുടിയൊഴിക്കപ്പെടുന്നവർക്ക് വിവിധ സർക്കാർ സ്കീമുകളിൽ, സഹായം ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കണം. മാത്രവുമല്ല, ഇരകളുമായി നേരിട്ട് കൂടിയാലോചിച്ച് അർഥവത്തായ പുനരധിവാസ പാക്കേജ് ഉറപ്പുവരുത്തണം. ഈ രണ്ട് നിർദേശങ്ങളും മേൽപറഞ്ഞ സംസ്ഥാന സർക്കാറുകൾ പാലിച്ചിട്ടില്ല.
മറ്റൊന്ന് ആനുപാതികത എന്ന നിയമ സങ്കൽപമാണ്. ഇന്ത്യയിൽ സ്വകാര്യത സംബന്ധിച്ച പുട്ടസ്വാമി കേസിലാണ് ഏറ്റവും വ്യക്തമായി ആനുപാതികത സിദ്ധാന്തത്തെ നിർവചിച്ചിട്ടുള്ളത്. പൗരന്റെ അവകാശങ്ങൾക്കുമേൽ സർക്കാറുകൾ കടന്നു കയറുമ്പോൾ നിശ്ചയമായും ഉണ്ടായിരിക്കേണ്ട നിയന്ത്രണങ്ങളാണ് വിധിയിൽ വിശദീകരിക്കുന്നത്. പ്രാഥമികമായി ഗവൺമെന്റിന്റെ ഏതൊരു നടപടിക്കും അനുയോജ്യമായ ഒരു നിയമം അനിവാര്യമാണ്. പിന്നെ, ഭരണകൂടത്തിന് ന്യായീകരിക്കത്തക്കതായ ഉദ്ദേശ്യം ഉണ്ടായിരിക്കണം. ആ ലക്ഷ്യവും അതിനുവേണ്ടി തിരഞ്ഞെടുത്ത മാർഗവും തമ്മിൽ യുക്തിസഹമായ ബന്ധം ഉണ്ടായിരിക്കണം. ആ മാർഗം അവകാശങ്ങൾക്കുമേൽ ഏറ്റവും കുറഞ്ഞ രീതിയിൽ കടന്നു കയറുന്നതായിരിക്കും. അതായത് ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇത്രയധികം അവകാശലംഘനം ആവശ്യമില്ലാത്ത ഇതര മാർഗങ്ങളുണ്ടോ എന്ന അന്വേഷണം ഗവൺമെൻറ് നടത്തണം. പൊലീസ് പ്രതിപ്പട്ടികയിലുള്ളവരുടെ വീട് ഇടിച്ചു നിരത്തുന്നത് ഈ നിയമതത്ത്വങ്ങളുടെയെല്ലാം ലംഘനമാണെന്നത് പകൽപോലെ വ്യക്തമാണല്ലോ.
ഇത്തരം ഭരണകൂട അതിക്രമങ്ങൾ വ്യാപകമായിട്ടും, ഫലപ്രദമായ ഇടപെടലുകൾ നടത്താൻ നമ്മുടെ കോടതികൾക്ക് കഴിഞ്ഞിരുന്നില്ല. ഒന്നുകിൽ കോടതി നടപടികളിലേക്ക് കടക്കുന്നതിനു മുമ്പ് ‘ബുൾഡോസർ നീതി’ നടപ്പിലായിരിക്കും, അല്ലെങ്കിൽ ഓരോരോ ഇടിച്ചു നിരത്തലുകളെയും വ്യക്തിപരമായ കേസുകളായി പ്രത്യേകം പ്രത്യേകം പരിഗണിച്ചു വരുമ്പോൾ കേസിന്റെ സംഘടിത സ്വഭാവം നഷ്ടമാവുകയും അനഭിലഷണീയമായ കാലവിളമ്പം ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ ഒരു വിഭാഗത്തെ സംഘടിതമായി ശിക്ഷിക്കുന്ന ഭരണകൂട നീക്കത്തെ മനസ്സിലാക്കാൻ ജുഡീഷ്യറിക്ക് കഴിയാതെ പോകുന്നു. എന്നാൽ പഞ്ചാബ്-ഹരിയാന ഹൈകോടതിയിലെ ജസ്റ്റിസ് ജി.എസ്. സന്തവാലിയ, ജസ്റ്റിസ് ഹർപ്രീത് കൗർ ജീവൻ എന്നിവരുടെ നടപടികൾ പ്രതീക്ഷ നൽകുന്നതാണ്.
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസാണ്. വളരെ കാലങ്ങളായി നിലനിൽക്കുന്ന വീടുകളും കെട്ടിടങ്ങളും ഹോട്ടലുകളും ഇടിച്ചുനിരത്തുന്നതിനെ കുറിച്ചുള്ള വാർത്തകൾ ആശങ്ക ഉണർത്തുന്നതാണ്. കലാപകാരികൾക്കുള്ള മരുന്നാണ് ബുൾഡോസർ എന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന കൂടി പരിഗണിച്ചുകൊണ്ട്, പൊലീസ് അന്വേഷണത്തിലെ പ്രതി ചേർക്കലും കെട്ടിടം പൊളിച്ചു മാറ്റാനുള്ള നോട്ടീസും തമ്മിലെ ബന്ധത്തെ കോടതി തിരിച്ചറിഞ്ഞു എന്നുള്ളത് പ്രധാനമാണ്. ക്രമസമാധാനപാലനം ഒരു മറയാക്കി, നിയമപ്രകാരമുള്ള ഒരു നടപടികളും സ്വീകരിക്കാതെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുള്ള ശ്രമമാണ് ഗവൺമെൻറ് നടത്തുന്നത്. ഒരു പ്രത്യേക സമുദായത്തിൽ പെട്ട ആളുകളുടെ വീടുകൾ മാത്രമാണോ ഇടിച്ചു തകർക്കുന്നത് എന്നതും പരിശോധിക്കേണ്ടതുണ്ട്. മാത്രവുമല്ല കലാപത്തിന്റെ പേരിൽ കെട്ടിടങ്ങൾ ആസൂത്രിതമായി തകർക്കുക വഴി ഭരണകൂടം വംശഹത്യ നടത്താൻ ശ്രമിക്കുകയാണോ എന്ന ചോദ്യവും കോടതി ഉന്നയിക്കുന്നു. ‘ബുൾഡോസർ രാജ്’ ഒരു പ്രത്യേക സമുദായത്തിന് നേരെ ഭരണകൂടം നേതൃത്വം കൊടുക്കുന്ന അതിക്രമത്തിന്റെ ഭാഗമാണെന്നും, അതൊരു സംഘടിത ശിക്ഷാ മുറയാണെന്നും ആദ്യമായി ഒരു ഭരണഘടനാ കോടതി തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് വലിയ കാര്യമാണ്. വ്യക്തിപരമായ ന്യായാന്യായങ്ങൾക്കപ്പുറം, സംഘടിത ശിക്ഷയുടെ പ്രശ്നമായി ഇതിനെ പരിഗണിച്ചാൽ വിഷയത്തെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാനും തീർപ്പു കൽപ്പിക്കാനും കോടതിക്ക് കഴിയും.
നിയമ- പൗരാവകാശ മേഖലയിൽ സ്വതന്ത്ര ഗവേഷകനും ഗ്രന്ഥകാരനുമാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.