കോവിഡ് കാലത്തെ ഇത്തിരിക്കുഞ്ഞന്മാർ
text_fieldsസമസ്ത ഭൂഖണ്ഡങ്ങളെയും പിടിയിെലാതുക്കി സംഹാര താണ്ഡവമാടുന്ന കോവിഡ്- 19 ആണ് ലോക മാസകലം ഇന്ന് ചർച്ച വിഷയം. കൊറോണ വൈറസിെൻറ പ്രഭവകേന്ദ്രത്തെക്കുറിച്ചോ അതിെൻറ ശീഘ്ര വ്യാപനത്തെ എങ്ങനെ ഫലപ്രദമായി തടയാനാവും എന്ന കാര്യത്തിലോ കൃത്യവും കണിശവുമ ായ വസ്തുതകൾ വൈദ്യശാസ്ത്ര ഗവേഷകരോ ഇതര ശാസ്ത്ര വിശാരദന്മാരോ ഇതുവരെ കണ്ടെത് തിയിട്ടില്ല. തകൃതിയായ പഠന ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്നുമാത്രം. ലഭിച്ചിടത്തോളമ ുള്ള അറിവുകളും അനുഭവങ്ങളും വെച്ച് ഏതാണ്ടെല്ലാ ലോകരാഷ്ട്രങ്ങളും പരമാവധി പ്രതി രോധ പ്രവർത്തനങ്ങളിൽ വ്യാപൃതമാണ്. മറ്റെല്ലാ ഭിന്നാഭിപ്രായങ്ങളും ജാതി, മത, കക്ഷി, ഭര ണ പ്രതിപക്ഷ ഭേദങ്ങളും മാറ്റിവെച്ച് കോവിഡിനെ തുരത്താനുള്ള യത്നത്തിൽ ഒറ്റക്കെട ്ടായി ഏർപ്പെടുകയാണ് സന്ദർഭത്തിെൻറ താൽപര്യമെന്ന് മനുഷ്യസ്നേഹികളെല്ലാം ഏകസ ്വരത്തിൽ ആവശ്യപ്പെടുന്നു; വലിയ അളവിൽ ജനങ്ങൾ അതിനോടനുകൂലമായി പ്രതികരിക്കുക യും ചെയ്യുന്നു. ജനസംഖ്യയിൽ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ ഇന്ത്യയും ഇതിന്നപവാദമല്ല. പൗരത്വം പോലുള്ള പ്രശ്നങ്ങളെച്ചൊല്ലി ദേശവ്യാപക പ്രക്ഷോഭങ്ങൾ അരങ്ങേറുേമ്പാഴാണ് എല്ലാറ്റിനും സത്വരവിരാമമിട്ടു, ദേശീയ ദുരന്തത്തെ നേരിടാൻ സർക്കാറിെൻറ പിന്നിൽ രാജ്യം അണിനിരന്നിരിക്കുന്നത്. ഇത് ഏതെങ്കിലും പ്രദേശത്തിെൻറയോ ജനവിഭാഗത്തിെൻറയോ ചെയ്തികൾ മൂലം സംഭവിച്ചതല്ല. രാജ്യത്തെ ആരുടെയെങ്കിലും ഗൂഢാലോചനയോ ആസൂത്രണമോ ബോധപൂർവമായ ചെയ്തിയോ കോവിഡിെൻറ വരവിന് വഴിയൊരുക്കിയതായി തെളിയിക്കപ്പെട്ടുമില്ല.
ഇതാണ് സാമാന്യാവസ്ഥയെങ്കിലും പുര കത്തുേമ്പാൾ വാഴവെട്ടുന്നവർ എക്കാലത്തും എവിടെയുമുണ്ടാവും. ദൃഷ്ടി ദോഷം കൊണ്ട് ഒന്നും നേരാംവണ്ണം കാണാനാവാത്തവരുമുണ്ടാവും. മനോവൈകല്യങ്ങൾ മൂലം മാനവികമായ ചിന്തയോ കാഴ്ചപ്പാടോ, ഒരിക്കലും വെച്ചുപുലർത്താനാവാത്തവരുമുണ്ടാവും സമൂഹത്തിൽ. കൊറോണയുമായി ബന്ധപ്പെട്ട നമ്മുടെ രാജ്യത്ത് ഏറ്റവുമൊടുവിൽ നടക്കുന്ന ചില ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും അത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മാർച്ച് രണ്ടാംവാരത്തിൽ ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത ആയിരക്കണക്കിൽ ഭക്തർ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്വദേശങ്ങളിലേക്ക് തിരിച്ചുപോവാനാവാതെ ആസ്ഥാനമായ ബംഗ്ലാവാലി മസ്ജിദിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് വൻ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപനത്തെക്കുറിച്ച് ഒരു മുൻ ധാരണയും ഇല്ലാതിരുന്നതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ തടസ്സമുണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നും നിയന്ത്രണങ്ങളെക്കുറിച്ചറിഞ്ഞ ഉടൻ തന്നെ ഉത്തരവാദപ്പെട്ടവരുമായി ബന്ധപ്പെട്ട് പ്രതിസന്ധിയുടെ പ്രതിവിധി തേടിയതായിരുന്നുവെന്നുമാണ് തബ്ലീഗ് വക്താക്കളുടെ വിശദീകരണം. അവരുടെ ഭാഗത്തുനിന്നുള്ള ലാഘവബുദ്ധിയും രാജ്യം നേരിടുന്ന മഹാവിപത്തിനെക്കുറിച്ച സൂചനകൾ യഥാസമയം സഗൗരവം പരിഗണിക്കാതിരുന്നതുമൊക്കെ വൻ വീഴ്ചകൾ തന്നെയാണെന്നതിൽ സംശയമില്ല. തമിഴ്നാട് പോലുള്ള ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിന് സമ്മേളന പങ്കാളികളുടെ സാന്നിധ്യം മുഖ്യ കാരണമായിട്ടുണ്ടെന്ന വസ്തുതയും നിസ്സാരമായി കാണാവുന്നതല്ല.
പക്ഷേ, ഈ മഹാ വിപത്തിനെപോലും വർഗീയതയും വിഭാഗീയതയും പച്ചയായി പ്രകടിപ്പിക്കാനുള്ള സുവർണാവസരമായി കണ്ട അധമ മനസ്സുകളെക്കുറിച്ച് എന്താണ് പറയേണ്ടത്? വർഗീയ വിഷം വമിക്കുന്ന ചില മാധ്യമങ്ങൾ 'തബ്ലീഗ് കൊറോണ' എന്ന കുത്സിത പ്രയോഗം തന്നെ കണ്ടെത്തി. യോഗി ആദിത്യനാഥിെൻറ യു.പി സർക്കാർ തബ്ലീഗുകാരായ കൊറോണ ബാധിതർ, ആശുപത്രികളിൽ അധികൃതരോട് സഹകരിക്കുന്നില്ലെന്നും നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും ആരോപിച്ച് അവർക്കെതിരെ ദേശരക്ഷ നിയമം (എൻ.എസ്.എ) പ്രയോഗിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. ഒരു വർഷം വരെ ജാമ്യം അനുവദിക്കാതെ ജയിലിലിടാൻ അധികൃതർക്ക് അധികാരം നൽകുന്നതാണ് എൻ.എസ്.എ എന്ന കരിനിയമം. തബ്ലീഗ് സമ്മേളനത്തിന് 41 രാജ്യങ്ങളിൽ നിന്നെത്തിയ 960 വിദേശികളെ മുഴുവൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി മേലിൽ ഇത്തരക്കാർക്ക് വിസ അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിറകെയാണ് യോഗിയുടെ കൂടുതൽ കടുത്ത പ്രതികാര നടപടി. കൊറോണയെ കുറിച്ചുള്ള അറിയിപ്പ് ലഭിച്ച ശേഷം സന്ദർശകരെ കയറ്റിയിട്ടില്ലെന്ന നിസാമുദ്ദീൻ മർകസിലെ തബ്ലീഗ് നേതാവ് മൗലാന സഅദിെൻറ വിശദീകരണമൊന്നും യോഗി പ്രഭൃതികളെ തൃപ്തിപ്പെടുത്തിയിട്ടില്ല. തബ്ലീഗിനെ നിരോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്തിെൻറ ആവശ്യം.
കൂടുതൽ ക്രൂരമാണ് മുസ്ലിം സംഘടനകളിൽ ചിലതിെൻറ പ്രതികരണം. അനുയായികൾക്ക് മനഃപൂർവം കോവിഡ് വരുത്തി ഇന്ത്യയിലേക്കയച്ച് പരമാവധിയാളുകൾക്ക് രോഗം പകർത്താൻ നോക്കിയെന്നാണ് യു.പി, ശിയാ വഖഫ് ബോർഡ് മേധാവി വസീം റിസ്വി കുറ്റെപ്പടുത്തിയിരിക്കുന്നത്. ബാബരി മസ്ജിദ് രാമക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്ന് മുേമ്പ ആവശ്യപ്പെട്ടയാളാണ് യോഗി സർക്കാറിെൻറ ഈ നോമിനി. തബ്ലീഗ് ജമാഅത്തിനെ നിരോധിക്കണമെന്നും റിസ്വി ആവശ്യപ്പെട്ടിട്ടുണ്ട്. തബ്ലീഗുകാരുടെ മാപ്പർഹിക്കാത്ത 'താലിബാനി' കുറ്റകൃത്യമാണെന്ന് ശിയ നേതാവും കേന്ദ്ര വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വിയും പ്രതികരിച്ചിരുന്നു. യോഗി മന്ത്രിസഭാംഗമായ മുഹ്സിൻ റസ തബ്ലീഗ് ജമാഅത്ത് തീവ്രവാദി സംഘടനയായതിനാൽ അതിനെ നിരോധിക്കണമെന്നാണാവശ്യപ്പെട്ടിരിക്കുന്നത്. അവസരം ഒട്ടും പാഴാക്കാതെ നിരോധനാവശ്യം ഉന്നയിച്ചവരിൽ ബറേൽവി വിഭാഗം നേതാവും ദർഗാ മേധാവിയുമായ അഅ്ലാ ഹസ്റതും ഉൾപ്പെടുന്നു. തബ്ലീഗ് ജമാഅത്ത് ഇസ്ലാമിൽനിന്ന് പുറത്തുപോയവരാണെന്ന് പണ്ടേ മതവിധി പുറപ്പെടുവിച്ചവരാണ് ബറേൽവികൾ. ഇത് കാണുേമ്പാൾ ഇവരുടെയൊക്കെ ദൃഷ്ടിയിൽ കൊറോണയല്ല സാമ്പ്രദായിക ശത്രുക്കളാണ് എത്രയുംപെട്ടെന്ന് തുരത്തപ്പെടേണ്ട വൈറസ് എന്നേ തോന്നൂ!
ഇന്ന് കേരളത്തിലുമുണ്ട് 'അവസരത്തിനൊത്തുയരുന്ന' ഇത്തിരിക്കുഞ്ഞന്മാർ. കൊറോണയെ തുടക്കത്തിലേ ശക്തമായി പ്രതിരോധിക്കാൻ ജാഗരൂകമായി പ്രവർത്തിച്ചതാണ് പിണറായി വിജയെൻറ നേതൃത്വത്തിലുള്ള ഇടതുസർക്കാറിെൻറ നേട്ടമെന്ന കാര്യത്തിൽ സംശയമില്ല. പാർട്ടി, സമുദായ ഭേദമെന്യേ ജനങ്ങളുടെ ഭാഗത്തുനിന്ന് അക്കാര്യത്തിൽ പൂർണ സഹകരണവും ലഭിച്ചു. സർവോപരി നമ്മുടെ ആരോഗ്യ വകുപ്പും പഴുതുകളടച്ച പ്രതിരോധത്തിനായി രംഗത്തിറങ്ങിയത് രാജ്യത്തിനുതന്നെ മാതൃകയായി. അതിനിടെയാണ് കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലെ പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ അസ്വാസ്ഥ്യം പൊട്ടിപ്പുറപ്പെടുന്നത്. ഭക്ഷണവും വെള്ളവും തീർന്നതിൽ പ്രതിഷേധിച്ചും തങ്ങളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ടും രണ്ടായിരത്തോളം തൊഴിലാളികൾ തെരുവിലിറങ്ങി. പൊലീസ് ഇടപെട്ടുവെങ്കിലും അവർ പിന്മാറാൻ തയാറായില്ല. പൊലീസിെൻറ മൂന്ന്നാല് മണിക്കൂർ നീണ്ട തീവ്രയത്നങ്ങൾക്കുശേഷം മതിയായ ഉറപ്പുകളെ തുടർന്ന് അതിഥി തൊഴിലാളികൾ 'ബാരക്കിലേക്ക്' മടങ്ങി. അവരുടെ സമരം സംസ്ഥാനമാകെ പടർന്നിരുന്നെങ്കിൽ നമ്മൾ സ്വീകരിച്ച നിയന്ത്രണങ്ങളും അച്ചടക്കവുമാകെ തകിടംമറിഞ്ഞേനെ. അത് ശരിയായിരിക്കെത്തന്നെ ഒരു ന്യായവും അവരുടെ തെരുവിലിറക്കത്തിനുണ്ടായിരുന്നില്ല എന്ന് കരുതുന്നതും വസ്തുതാപരമല്ല. കേരളത്തിലെ കാൽകോടിയെങ്കിലും വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ പരിതാപകരമാണ്. എങ്കിലും സ്വദേശത്ത് സ്വപ്നംകാണാൻ പോലും കഴിയാത്ത വേതനം ഇവിടെ ലഭിക്കുന്നു എന്ന ഒറ്റക്കാരണത്താൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ ഇടുങ്ങി കുടുങ്ങി അവർ പണിയെടുക്കുന്നു. ഇടക്കെപ്പോഴെങ്കിലും റിസർവേഷനില്ലാതെ ദീർഘദൂര തീവണ്ടികളിൽ കയറിപ്പറ്റി സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോവുേമ്പാൾ കൈവരുന്ന ഗൃഹാതുരത്വം മാത്രമാണവരുടെ ജീവിതത്തിലെ അനർഘ നിമിഷങ്ങൾ.
കൊറോണ അതുകൂടി കവർന്നെടുത്തപ്പോഴുണ്ടായ വിഭ്രാന്തിയും ആശങ്കയുമാണ് അവരെ തെരുവിലിറക്കിയത്. ഒരുവക ഭക്ഷണവും മൊബൈൽ ഫോൺ സൗകര്യങ്ങളും ലഭിച്ചിരുന്നുവെങ്കിൽ അവർ അടങ്ങിയേനെ. അതൊക്കെ ഏർപ്പെടുത്തേണ്ടത് അവരെെകാണ്ട് പണിയെടുപ്പിക്കുന്ന കരാറുകാരാണെന്നാണ് സർക്കാർ നിലപാട്. കരാർ ജോലികൾ അപ്പാടെ സ്തംഭിച്ചിരിക്കെ ഇത്രയും വലിയ വിഭാഗത്തെ തങ്ങളെങ്ങനെ തീറ്റിപ്പോറ്റും എന്നാണ് തൊഴിലുടമകളുടെ ചോദ്യം. ഏതായാലും പായിപ്പാട് സംഭവം ഉത്തരവാദപ്പെട്ടവരുടെ കണ്ണ് തുറപ്പിച്ചു. സത്വര നടപടികളിലൂടെ അതിഥി തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടായി. നാട്ടിലേക്ക് പോവുക ആര് വിചാരിച്ചാലും നടപ്പുള്ള കാര്യമല്ലെന്ന് അവരെ ബോധ്യപ്പെടുത്തി. ഇതിനിടയിലാണ് ഒരു ഗൂഢാലോചന സിദ്ധാന്തം ചില മസ്തിഷ്കങ്ങളിൽ രൂപപ്പെടുന്നത്. പായിപ്പാട് സമരം അരങ്ങേറിയ ദിവസം രാവിലെ തനിക്ക് ലഭിച്ച സന്ദേശങ്ങളുടെ പിറകെ സംഭവസ്ഥലത്തുപോയി, തൊഴിലാളികളിൽ ചിലരുമായി സംസാരിച്ച് റിപ്പോർട്ട് തയാറാക്കിയ മീഡിയവൺ ലേഖകനാണ് പ്രശ്നത്തിെൻറ പിന്നിൽ എന്നായിരുന്നു ഗൂഢാലോചന സിദ്ധാന്തക്കാരുടെ കണ്ടെത്തൽ.
സത്യത്തിൽ മറ്റ് പ്രമുഖ ചാനലുകൾ സംഭവം റിപ്പോർട്ട് ചെയ്തതിനുശേഷമാണ് മീഡിയവണിൽ വാർത്ത വന്നത്. അന്ന് വൈകീട്ട് മാധ്യമങ്ങളെ കണ്ട ജില്ല പൊലീസ് മേധാവിയും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും ആസൂത്രിത നീക്കത്തിെൻറ ഫലമായാണ് അതിഥി തൊഴിലാളികളുടെ അസ്വാസ്ഥ്യത്തിെൻറ പിന്നിലെന്ന് വെളിപ്പെടുത്തി. പക്ഷേ, ദിവസങ്ങൾ പിന്നിട്ടിട്ടും ഗൂഢാലോചനക്ക് പിന്നിലാരെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. പായിപ്പാട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ അന്തർ സംസ്ഥാന തൊഴിലാളികളെ സഹായിച്ചതിൽ ഗൂഢാലോചന കുറ്റംചുമത്തി വെൽെഫയർ പാർട്ടി ആലപ്പുഴ ജില്ല പ്രസിഡൻറിനെ പൊലീസ് അറസ്റ്റു ചെയ്തു. തങ്ങൾ നേരത്തേ ആരംഭിച്ച ഹെൽപ് ഡെസ്കിൽ നിന്ന്, തൊഴിലാളികളുടെ ആവശ്യങ്ങൾ ആരാഞ്ഞ് അവരെ സഹായിക്കുന്ന പരിപാടിയുടെ ഭാഗമായി നടത്തിയ ഫോൺ സംഭാഷണം എങ്ങനെ കുറ്റകരമാവും എന്നാണ് വെൽെഫയർ പാർട്ടിയുടെ ചോദ്യം. ഏതായാലും വെൽെഫയർ പാർട്ടി, മീഡിയവൺ, ജമാഅത്തെ ഇസ്ലാമി എന്നിവയെ കരി തേക്കാൻ സംഭവത്തെ ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തം. ഈ കാമ്പയിനാകട്ടെ പൗരത്വ പ്രക്ഷോഭകാലത്തേ ആരംഭിച്ച ദുഷ്പ്രചാരണത്തിെൻറ ബാക്കിപത്രമാണുതാനും.
ഇത്തിരിക്കുഞ്ഞന്മാരുടെ കുത്സിത ഇടപെടൽ അതോടെ അവസാനിച്ചില്ല. ഏപ്രിൽ രണ്ടിലെ മാധ്യമം കോഴിക്കോട് പതിപ്പിൽ ഒരു ചിത്രം അച്ചടിച്ചുവന്നു. മുക്കം ബസ് സ്റ്റാൻഡിലെ കുടിവെള്ള സംഭരണിയിൽനിന്ന് തെരുവിൽ കഴിയുന്ന ഒരു കുമാരൻ വെള്ളം കുടിക്കുന്നതായിരുന്നു ചിത്രം. സമയത്തിന് ഭക്ഷണം കിട്ടാത്തതിനാൽ കുമാരൻ വെള്ളം കുടിക്കുന്നു എന്നായിരുന്നു ഫോട്ടോ ഗ്രാഫർ ബൈജു കൊടുവള്ളി നൽകിയ അടിക്കുറിപ്പ്. രാവിലെ പത്രം വായനക്കാരുടെ കൈയിൽ കിട്ടേണ്ട താമസം നഗരസഭ ഭരണാധികാരികളും പാർട്ടിക്കാരും പെരുമ്പറയുമായി രംഗത്തിറങ്ങി. മുക്കത്തെ അപമാനിക്കാനുള്ള ഹീനശ്രമം, നഗരസഭയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കം എന്നു തുടങ്ങി സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും അഴിച്ചുവിട്ട പ്രചാരണങ്ങൾ ആരോ എെൻറ ശ്രദ്ധയിൽപെടുത്തി. ഞാൻ ഒന്നുകൂടി പത്രമെടുത്ത് നിവർത്തി േനാക്കി. മുക്കം നഗരത്തെയോ നഗരസഭയെയോ കുറ്റപ്പെടുത്തുന്ന സൂചനപോലും അടിക്കുറിപ്പിലില്ല. ഭക്ഷണം വൈകിയതിനാൽ വെളളം കുടിക്കുന്നു എന്നെഴുതിയാൽ അതെങ്ങനെ ആർക്കെങ്കിലുമെതിരായ പരാമർശമാവും എന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അതിനാൽതന്നെ പിറ്റേ ദിവസത്തെ പത്രത്തിൽ ഒരു ക്ഷമാപണം നടത്തണമെന്ന ചില അഭ്യുദയകാംക്ഷികളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാനും സാധിച്ചില്ല. പിറ്റേന്ന് പാർട്ടി പത്രം കണ്ടപ്പോൾ സംഗതി പിടികിട്ടുകയും ചെയ്തു. 'മാധ്യമത്തിെൻറ ചിത്രവധം' എന്ന തലക്കെട്ടിലെ മുഖ്യവാർത്ത സ്വയം സംസാരിക്കുന്നുണ്ടായിരുന്നു. മാസങ്ങൾക്കകം നഗരസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണല്ലോ. നഗരാധ്യക്ഷെൻറ പരാതിയിൽ മുക്കം പൊലീസ് ബൈജുവിെൻറ പേരിൽ കലാപം ഇളക്കിവിടാൻ ശ്രമിച്ചതിന് കേസെടുത്തതോടെ കോവിഡ് കാലത്തെ ഇത്തിരിക്കുഞ്ഞന്മാരുടെ അൽപത്തം കണ്ട് ചിരിക്കാനാണ് തോന്നിയത്.
ഒടുവിൽ വരുന്നു ചേളന്നൂർ ഭാഗത്തുനിന്ന് വെൽെഫയർ പാർട്ടിക്കാരനായ അംഗീകൃത സന്നദ്ധ പ്രവർത്തകനെ ജില്ല ഭരണകൂടം ഔദ്യോഗികമായി ഏൽപിച്ച ദൗത്യം നിർവഹിക്കാനനുവദിക്കാതെ പാർട്ടിക്കാർ തിരിച്ചയച്ച സംഭവം. 'ഇവിടെ മതമൗലികവാദികൾ വേണ്ട, തങ്ങൾ മതി' എന്നായിരുന്നുവത്രെ ആക്രോശം. പ്രളയമായാലും കോവിഡ് ആയാലും കുടിവെള്ള വിതരണമായാലും എല്ലാം തങ്ങൾ വഴി മാത്രം മതിയെന്ന പഴയ സെൽഭരണകാലത്തെ ഓർമിപ്പിക്കുന്ന ശാഠ്യം. പ്രളയകാല ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിലെ വെട്ടിപ്പും തിരിമറികളും പാർട്ടിക്കു തന്നെ തലവേദനയായി മാറിയിരിക്കെയാണ് ഇത്തിരിക്കുഞ്ഞന്മാരുടെ അവിഹിത ഇടപെടലുകൾ. ഇതൊക്കെ തിരിച്ചറിയാനും പ്രതികരിക്കാനും മാത്രം ജനം വളർന്നുകഴിഞ്ഞു എന്നോർക്കുന്നത് നന്നാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.