കൊറോണ, വോമെൻ ഹ്വയ് ദാ പെയ് നി
text_fieldsനേരം പുലരുന്നതേയുള്ളൂ. പക്ഷേ, ഫോണുകൾ നിർത്താതെ ബെല്ലടിക്കുന്നുണ്ട്. പ്രാണവായുവും അവശ്യമരുന്നുകളും രോഗകിടക്കകളും തേടിയുള്ള വിളികളാണത്. ഈ രോദനങ്ങൾ കേൾക്കാനും മറുപടി നൽകാനുമായി പത്തോളം പേരുണ്ട്. ട്വിറ്ററിലെ സന്ദേശങ്ങൾ നോക്കുന്നവർ, ആശുപത്രി കിടക്കകളുടെയും മറ്റു സൗകര്യങ്ങളുടെയും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നവർ, നിരന്തരം വരുന്ന അഭ്യർഥനകളും വിവരങ്ങളും ഫീൽഡിലുള്ളവർക്ക് കൈമാറുന്നവർ... ഡല്‍ഹി റെയ്‌സീന റോഡിൽ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ഒരുക്കിയിരിക്കുന്ന 'വാർ റൂമി'ലെ ഒരു ദിവസം തുടങ്ങുകയാണ്.
ഐ.സി.യു, ഓക്‌സിജന്‍ കിടക്കകള്‍, സിലിണ്ടറുകള്‍, പ്ലാസ്മകൾ, അവശ്യമരുന്നുകള്‍, ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച, ശവസംസ്‌കാരത്തിനുള്ള സഹായം... എന്നിങ്ങനെ നൂറുകണക്കിന് ആവശ്യങ്ങളാണ് ഒരു ദിവസം ഈ 'ചെറുസൈന്യം' കൈകാര്യം ചെയ്യുന്നത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന ഈ കോവിഡ് പോരാളികളുടെ ദൗത്യം പുലര്‍ച്ച നാലു മണിയോടെയാണ് പലദിവസങ്ങളിലും അവസാനിക്കുക. ഇതിനെല്ലാം നേതൃത്വം നൽകി, സഹായത്തിന്‍റെ മറുവാക്കായി 'രാജ്യത്തിന്‍റെ ഓക്സിജൻ മാൻ' ഒരു ഫോൺകോളിന് അപ്പുറത്തുണ്ട്. ആയിരങ്ങളുടെ പ്രാണൻ തിരികെ നൽകിയ ശ്രീനിവാസ്, നിങ്ങളെ മറ്റെന്ത് പേരിട്ട് വിളിക്കും ഈ നാട്...
******
''2020ലെ ലോക്ഡൗണിൽ ഓക്സിജൻ സിലിണ്ടറുകൾ ആവശ്യപ്പെട്ട് മാസത്തിൽ 100 കോളുകളാണ് വന്നിരുന്നത്. ഇപ്പോഴത് ദിവസം 15,000 ആണ്. 4000 പേരെ സഹായിക്കാനുള്ള ശേഷിയേ ഞങ്ങൾക്കുള്ളു. ബാക്കിയുള്ളവരോട് മനസ്സ് കല്ലാക്കി, സഹായിക്കില്ല എന്നു പറയേണ്ടി വരുകയാണ്'' -ഗുരുഗ്രാമിലെ ഹേംകുണ്ഡ് ഫൗണ്ടേഷന്‍റെ നേതൃനിരയിലുള്ള ഹർഥീരത് സിങ്ങിന്‍റെ വാക്കുകളിൽ ഈ രാജ്യം അനുഭവിക്കുന്ന മൊത്തം ഭീകരതയുണ്ട്.
ഓക്സിജൻ സിലിണ്ടറുകളും ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിൽ സജീവമാണ് ഹേംകുണ്ഡ് ഫൗണ്ടേഷൻ. ഗുരുദ്വാരകളിലെ ലങ്കറുകളിലാണ് ഓക്സിജനും ഭക്ഷണവുമെല്ലാം ഒരുക്കിയിരിക്കുന്നത്. വിശന്നു കയറി ചെല്ലുന്ന ഏതൊരാൾക്കും ഒരുനേരത്തെ ഭക്ഷണം ഒരുക്കി കാത്തിരുന്നിരുന്ന ലങ്കറുകൾ ഇപ്പോൾ പ്രാണവായുവിന്‍റെ വിരുന്നാണൊരുക്കുന്നത്. ഒരു ഭാഗത്ത് കർഷകരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ഭരണകൂടത്തിനെതിരെ പൊരുതുേമ്പാൾ മറുഭാഗത്ത് ആപത്ഘട്ടത്തിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ഭരണകൂടത്തിന് കൈത്താങ്ങ് ആകാനും സിഖ് സമൂഹം രംഗത്തുണ്ട്.
രക്ഷപ്പെടില്ലെന്ന് വിധിയെഴുതി ആശുപത്രികൾ ഉപേക്ഷിച്ചവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കഥകളും പറയാനുണ്ട് ഹേംകുണ്ഡ് ഫൗണ്ടേഷന്. 'ദിവസവും നാലും അഞ്ചും പേരാണ് കൺമുന്നിൽ മരിച്ചുവീഴുന്നത്. ശവസംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കി തരുമോയെന്ന് വിലപിച്ച് നൂറുകണക്കിന് കോളുകളാണ് ഒരു ദിവസം ലഭിക്കുന്നത്. ചില ആശുപത്രികൾ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉപേക്ഷിക്കാറുണ്ട്, രക്ഷപ്പെടാൻ സാധ്യതയുള്ള മറ്റൊരു രോഗിക്ക് കിടക്ക നൽകാനെന്ന പേരിൽ. കൊട്ടിയടച്ച ആശുപത്രി വാതിലുകളിൽനിന്ന് നിരവധി രോഗികളെ ഏറ്റെടുത്ത് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ ഞങ്ങൾക്കായി '- രണ്ടു തവണ കോവിഡ് ബാധിച്ചിട്ടും പതറാതെ മഹാമാരിക്കെതിരായ പോരാട്ടത്തിൽ അണിനിരക്കുന്ന ഹർഥീരത് സിങ് പറയുന്നു. ഇപ്പോൾ മണിക്കൂറിൽ 400 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു പി.എസ്.എ പ്ലാൻറ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഹേംകുണ്ഡ് ഫൗണ്ടേഷൻ.
******
റിയാലിറ്റി ഷോ വേദിയിൽ തന്‍റെ ഗ്രാമം മുഴുവൻ ലോക്ഡൗണിൽ പട്ടിണിയിലാണെന്ന് വിലപിക്കുകയാണ് ഉദയ് എന്ന യുവാവ്. അവിടെ അതിഥിയായെത്തിയ സെലബ്രിറ്റി ഉടൻ പറയുന്നു- ''ഉദയ്, ലോക്ഡൗൺ അത് ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം അല്ലെങ്കിൽ ആറുമാസം വരെ നീണ്ടുനിന്നാലും നിങ്ങളുടെ ഗ്രാമത്തിൽ ഞാൻ ഭക്ഷണമെത്തിക്കും. ലോക്ഡൗൺ എത്രനാൾ നീണ്ടാലും ആർക്കും അവിടെ പട്ടിണി കിടക്കേണ്ടി വരില്ല''- തിയറ്ററിലാണെങ്കിൽ ആരാധകർ എഴുേന്നറ്റുനിന്ന് കൈയടിക്കുമായിരുന്ന ഈ സീൻ സിനിമയിൽ നിന്നല്ല, യഥാർഥ ജീവിതത്തിൽ നിന്നാണ്. ഈ സീനിലെ നായകനാകട്ടെ, തിരശ്ശീലയിലെ വില്ലനും- ബോളിവുഡ് താരം സോനു സൂദ്.
'ഡാൻസ് ദീവാനേ' എന്ന റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയപ്പോളാണ് മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമം ലോക്ഡൗണിൽ പട്ടിണി കിടക്കില്ലെന്ന് ഈ 'റിയൽ ലൈഫ് സൂപ്പർ ഹീറോ' ഉറപ്പ് നൽകിയത്. കോവിഡ് വ്യാപനം ആരംഭിച്ച കാലം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് സോനു സൂദ്. കോവിഡ് ഒന്നാം തരംഗ സമയത്ത് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ വീടണയാൻ സഹായിച്ചാണ് സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോനു ജീവിതത്തിൽ നായകനായത്. രണ്ടാം തരംഗത്തിന്‍റെ സമയത്തും കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും മറ്റും നൽകി സേവനരംഗത്ത് കർമനിരതനാണ് ഈ താരം.
ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാൻ ഫ്രാൻസിൽ നിന്നും ഓക്‌സിജന്‍ പ്ലാൻറുകള്‍ ഇന്ത്യയിലെത്തിച്ച് ഡൽഹിയിലും മഹാരാഷ്ട്രയിലുമൊക്കെ സ്ഥാപിക്കാനുള്ള പദ്ധതിയുമായി തിരക്കിലാണ് നടനിപ്പോൾ. പിറന്ന മണ്ണ് ശവപ്പറമ്പാകുേമ്പാൾ വിദേശത്തെ ഉല്ലാസ കേന്ദ്രങ്ങളിൽ ഉന്മാദിക്കാൻപോയ ബോളിവുഡ് താരങ്ങൾക്കിടയിലെ യഥാർഥ ഹീറോ നിങ്ങളല്ലാെത മറ്റാരാണ്, സോനു സൂദ്...
******
ബംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ച 60കാരനായ ഒരു ഹൈന്ദവ സഹോദരന്‍റെ ചിതാഭസ്മം അദ്ദേഹത്തിന്റെ മക്കളുടെ അഭ്യർഥനപ്രകാരം കാവേരി നദിയിൽ നിമജ്ജനം ചെയ്യാനായി ശ്രീരംഗപട്ടണത്തിലേക്ക് പോകുേമ്പാൾ സാദ് ഖയ്യൂമിനും രാഹുൽ ജോർജിനും നല്ല ഭയമുണ്ടായിരുന്നു. കാരണം, ഇതു കർണാടകയാണ്. തങ്ങളുടെ മതത്തിൽപെട്ടവരുടെ ശവസംസ്കാരവും മറ്റും അന്യമതസ്ഥർ ചെയ്യരുതെന്ന നിലപാടുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനം. പ്രതിഷേധം ഭയന്ന് ഒറ്റപ്പെട്ടൊരു സ്ഥലം കണ്ടെത്തി ഹൈന്ദവാചാരപ്രകാരം അവർ ആ ചിതാഭസ്മം ഒഴുക്കി. സ്നാനസമയത്ത് ഉരുവിടേണ്ട അഭിഷേക മന്ത്രവും ഇരുവരും പഠിച്ചിരുന്നു. കോവിഡ് ബാധിച്ചതിനാൽ പ്രിയപ്പെട്ടവരുടെ അന്ത്യകർമങ്ങൾ ചെയ്യാൻ സാധിക്കാത്തവരെ സഹായിക്കുന്ന അനേകം വളൻറിയർമാരിൽപ്പെട്ടവരാണ് ഖയ്യൂമും രാഹുലുമെല്ലാം.
''അന്ത്യകർമ ജിഹാദ് എന്ന് അവർ വിളിക്കുമെങ്കിലും ഇതു ഞങ്ങൾക്ക് ചെയ്യാതിരിക്കാനാകില്ലായിരുന്നു. ഹൈന്ദവ മന്ത്രം ഉരുവിടുേമ്പാൾ ആത്മീയമായ സംഘർഷങ്ങൾ ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. കാരണം, ഇതു ചെയ്യാൻ ഞങ്ങളല്ലാതെ മറ്റാരുമില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു'' -സമൂഹത്തെ ആവശ്യത്തിൽ സഹായിക്കലാണ് തങ്ങളുടെ മതം പഠിപ്പിക്കുന്നതെന്ന ഉത്തമ ബോധ്യമുള്ള ഖയ്യൂമും രാഹുലും പറയുന്നു.
******
''കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ പേരിൽ ഞങ്ങളെ കുറ്റപ്പെടുത്തിയവർ ഇപ്പോൾ ഞങ്ങളെ അഭിനന്ദിക്കുകയാണ്''- ആന്ധ്രപ്രദേശിലെ തിരുപ്പതി നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങ് നടത്താൻ തയാറെടുക്കുന്നതിനിടെ തബ്ലീഗ് ജമാഅത്തിെൻറ സജീവ പ്രവർത്തകനായ ജെ.എം.ഡി ഗൗസിന്‍റെ വാക്കുകളിൽ അഭിമാനം.
തിരുപ്പതി യുനൈറ്റഡ് മുസ്‌ലിം അസോസിയേഷന് കീഴിൽ മുസ്ലിമുകളും അല്ലാത്തവരുമായ 60ഓളം വളൻറിയർമാരാണ് ഉള്ളത്. ഓട്ടോ ഡ്രൈവർമാർ, ഹോട്ടൽ തൊഴിലാളികൾ, ദിവസവേതനക്കാർ എന്നിവരെല്ലം ഇക്കൂട്ടത്തിലുണ്ട്. മതവും ജാതിയും നോക്കാതെ, അവരവരുടെ മതാചാര ചടങ്ങുകൾ പ്രകാരം ദിവസേന കുറഞ്ഞത് 15 മൃതദേഹങ്ങളെങ്കിലും സംസ്കരിക്കുന്നുണ്ട് ഇവർ.
''2020 മാർച്ചിൽ ഞങ്ങളിൽ കുറച്ചുപേർ ഡൽഹിയിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പോയിരുന്നു. അന്ന് കോവിഡ് വ്യാപിച്ചതോടെ നിരവധി പേരാണ് ഞങ്ങളെ കുറ്റപ്പെടുത്തിയത്. ഇപ്പോൾ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി. സാഹോദര്യത്തോടും അനുകമ്പയോടും കൂടി ഇൗ ദുരിതത്തിൽനിന്ന് നമുക്ക് രക്ഷപ്പെടാനാകുമെന്ന് പ്രതീക്ഷിക്കാം'' -ഗൗസ് പറയുന്നു.
******
ഓക്സിജൻ ക്ഷാമം മൂലം ആശുപത്രികൾ മുറ്റത്തുതന്നെ നിർത്തുേമ്പാൾ പ്രിയപ്പെട്ടവൻ/പ്രിയപ്പെട്ടവൾ നൽകുന്ന അവസാനശ്വാസവുമെടുത്ത് പിടഞ്ഞു മരിക്കുന്നവരുടെ കരൾപിളർക്കുന്ന ദൃശ്യങ്ങൾക്കിടയിൽ പ്രത്യാശയുടെ ജീവവായു നൽകുന്ന സംഭവങ്ങളിൽ ചിലത് മാത്രമാണിത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പുണ്യനദികളിൽ ഒഴുക്കേണ്ടിവരുന്ന Digital Indiaയോട് 'Dig it all India' (അവയെല്ലാം കുഴിച്ചിടൂ) എന്ന് ലോകം വിളിച്ചുപറയുന്ന, പ്രതീക്ഷയറ്റ ഈ കെട്ട കാലം ജന്മം നൽകിയത് ഇങ്ങനെ അനേകമനേകം കോവിഡ് പോരാളികൾക്കാണ്.
പുന്നപ്രയിൽ ശ്വാസംകിട്ടാതെ പിടഞ്ഞ കോവിഡ് രോഗിയെ ബൈക്കിലിരുത്തി ജീവിതത്തിലേക്ക് ഓടിച്ചുകൊണ്ടുപോയ അശ്വിനും രേഖയും മുതൽ മരണത്തോട് മല്ലടിക്കുന്ന കോവിഡ് രോഗിക്ക് പ്ലാസ്മ നൽകാനായി റമദാൻ വ്രതം മുറിച്ച ഇന്ദോറിലെ നൂറി ഖാൻ വരെ ദേശമോ ജാതിയോ വർണമോ നോക്കാതെ കോവിഡ് സേനയിൽ അണിനിരന്ന ആയിരങ്ങൾ. പ്രാണവായു നൽകിയതിന്‍റെ പ്രതിഫലമായ 85 ലക്ഷം രൂപ പുണ്യനാളുകളിലെ തന്‍റെ 'ഓക്സിജൻ സകാത്ത്' ആണെന്നു പറഞ്ഞ നാഗ്പുരിലെ വ്യവസായിയായ പ്യാരേഖാൻ മുതൽ ഭാര്യയുടെ ആഭരണം വിറ്റ് ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് ഓട്ടോ 'ഓമ്പുലൻസ്' ആക്കിയ ഭോപാലിലെ ജാവേദ് ഖാൻ വരെ ഈ സേനയിലെ പടയാളികളാണ്.
കോവിഡുമായി പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും വിശ്രമിക്കാനും രോഗികളെ കൊണ്ടുപോകാനും തന്‍റെ 12 വാനിറ്റി വാനുകൾ നൽകിയ മുംബൈയിലെ വ്യവസായി കേതൻ റാവൽ, നാലായിരത്തിലേറെ കോവിഡ് രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങുന്നതിന് 22 ലക്ഷം രൂപയുടെ ആഡംബരകാർ വിറ്റ മുംബൈ മലാഡിലെ ഷാനവാസ് ശൈഖ്, തന്‍റെ കാറിൽ കോവിഡ് രോഗികൾക്കാവശ്യമായ ഓക്സിജൻ സിലിണ്ടറുകളുമായി പട്നയിലെ റോഡുകളിലൂടെ പായുന്ന ഗൗരവ് റായ്, വർഷങ്ങളായി ഓക്സിജൻ സിലിണ്ടറിൽ ജീവൻ നിലനിർത്തുേമ്പാഴും സ്വന്തം ജീവൻ വകവെക്കാതെ ആഭരണങ്ങൾ വിറ്റ 80,000 രൂപക്ക് ഓക്സിജൻ സിലിണ്ടറുകൾ കോവിഡ് രോഗികൾക്ക് നൽകിയ മുംബൈ മാൽവാനിയിലെ അധ്യാപികയായ റോസിയും ഭർത്താവ് പാസ്കൽ സാൽഡാൻഹയും... കോവിഡ്കാലം പുറത്തുകൊണ്ടുവന്ന എണ്ണമറ്റ മനുഷ്യപ്പോരാളികൾ ഇങ്ങനെ എത്രയെത്ര. മഹാമാരിക്കാലത്ത് വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന മുംബൈയിലെ ഹീന മാണ്ഡവ്യയും മകൻ ഹർഷ്നെയും പോലെ ഇന്ത്യയൊട്ടുക്ക് എത്രയോ എത്രയോ പേർ...
,
കൊറോണയോടാണ്, മനുഷ്യസ്നേഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഒരു വൈറസും ഇൗ ഭൂമുഖത്തില്ല എന്ന് ജീവിതംകൊണ്ടു കാണിച്ചുതരുന്ന ആയിരക്കണക്കിന് പോരാളികളുള്ള ഈ മണ്ണ്, നിനക്ക് മനസ്സിലാകുന്ന ഭാഷയിൽ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നുണ്ട്. അതിതാണ്- കൊറോണ, വോ മെൻ ഹ്വയ് ദാ പെയ് നി (കൊറോണ, ഞങ്ങൾ നിന്നെ തോൽപിച്ചിരിക്കും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.