കോവിഡും ഹോമിയോ പ്രതിരോധ മരുന്നും; ആരോഗ്യരംഗത്ത് വിവാദങ്ങളല്ല വേണ്ടത്
text_fieldsസംവാദങ്ങൾ ആരോഗ്യകരമാണ്. അതിനാൽ സ്വാഗതാർഹവുമാണ്. പക്ഷേ, വിവാദങ്ങൾ ഏതു രംഗത്തായാലും അക്രമാസക്തമായ ആരോപണങ്ങളും പരിഹാസങ്ങളും നിറഞ്ഞ അനാരോഗ്യകരമായ ബഹളംവെക്കലുകളായി മാറുന്നു. ആരോഗ്യ രംഗത്ത് ഈ ഘട്ടത്തിൽ വിവാദങ്ങളുണ്ടാകുന്നത് തീർത്തും ഒഴിവാക്കപ്പെടേണ്ടതാണ്.
കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്ന് ഉപയോഗിക്കുന്നത് ഗുണകരമാണെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയെത്തുടർന്ന് മന്ത്രിയെ പരസ്യമായി വിമർശിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന പ്രതികരണങ്ങൾ മുതിർന്ന ആരോഗ്യ പ്രവർത്തകരുടെയും സംഘടനകളുടെയും ഭാഗത്തുനിന്ന് ഉയർന്നുവന്നു.
ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഞാനേറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കേരളത്തിലെ മുതിർന്ന പലരും പരസ്യമായി ഫേസ്ബുക്കിലും ദൃശ്യമാധ്യമങ്ങളിലുമൊക്കെ ആരോഗ്യമന്ത്രി നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് എതിർപ്പുകൾ ഉയർത്തി.
ഫേസ്ബുക്ക് പോസ്റ്റുകളും അതിനുള്ളിലെ കമൻറുകളും ടെലിവഷൻ ചർച്ചയിൽ കേട്ട അഭിപ്രായങ്ങളുമൊക്കെ വിശകലനം ചെയ്യുമ്പോൾ, എല്ലാതരം ചികിത്സരീതികൾക്കും അതിേൻറതായ ഇടവും ഗുണങ്ങളും ഫലങ്ങളുമുണ്ടെന്നും അനുഭവസ്ഥരായ മനുഷ്യരുടെ പക്ഷത്തുനിന്ന് സത്യസന്ധമായി ചില അഭിപ്രായങ്ങളും നിർദേശങ്ങളും ഉയർന്നുവരേണ്ടതുണ്ടെന്നും കരുതുന്നു.
ഈ വിഷയത്തിൽ കഴിഞ്ഞദിവസം ടെലിവിഷനിൽ നടന്ന ഒരു നല്ല ചർച്ചയിൽ ഡോ. ഫസൽ ഗഫൂറിലും ഡോ. രാമൻകുട്ടിയിലും കാണാൻ കഴിഞ്ഞ ബൗദ്ധികമായ സത്യസന്ധതയെ, സ്വാനുഭവങ്ങളെ തുറന്നുപറഞ്ഞ നൈതികതയെ ഞാനിഷ്ടപ്പെടുന്നു. എന്നാൽ, ഐ.എം.എ പ്രതിനിധിയുടെ വാദങ്ങളിൽ പരമ്പരാഗത ജ്ഞാന ശാസ്ത്രങ്ങളുടെ ബഹുസ്വരതകളെ മുഴുവൻ തള്ളിക്കളയുന്ന മൗലികവാദപരമായ പ്രവണതകളുടെ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ശാസ്ത്രീയതെളിവുകളുടെ പിന്തുണയോടെ ഗുണഫലങ്ങൾ സമർഥിക്കാൻ സാധിക്കാത്തതെല്ലാം അന്ധവിശ്വാസമാണെന്നാണ് അദ്ദേഹത്തിെൻറയും അതേ വാദമുയർത്തുന്നവരുടെയും ശക്തമായ നിലപാട്.
ഇന്ത്യയിൽ അംഗീകൃത നിയമപ്രകാരം പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന, പാർശ്വഫലങ്ങളില്ലാത്ത ഹോമിയോമരുന്നാണ് കോവിഡ് പ്രതിരോധത്തിനായി കേരളത്തിൽ ജനങ്ങൾക്ക് നൽകുന്ന ആഴ്സനിക് ആൽബം എന്നാണ് മനസ്സിലാവുന്നത്.
കാലം തെളിയിച്ച ഒരു മരുന്ന് ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് സഹായകരമാവുന്നുണ്ടെന്ന് ഹോമിയോ ഡോക്ടർമാരും അനുഭവമുള്ള ജനങ്ങളും പറഞ്ഞാൽ, അത് വിതരണംചെയ്യാൻ സർക്കാറും ആരോഗ്യമന്ത്രിയും തീരുമാനിച്ചാൽ ആരോഗ്യമന്ത്രിയെത്തന്നെ പ്രതിക്കൂട്ടിലാക്കുകയാണോ വേണ്ടത്? കൈ സോപ്പിട്ട് കഴുകൽ, സാനിറ്റൈസർ ഉപയോഗിക്കൽ, മാസ്ക് ധരിക്കൽ, അകലം പാലിക്കൽ തുടങ്ങിയ എല്ലാ ബാഹ്യമായ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളോടുമൊപ്പം ജനങ്ങൾക്ക് ഉള്ളിലേക്ക് കഴിക്കാൻ, മാനസികാശ്വാസം നൽകാൻ ഒരു പ്രതിരോധ മരുന്നുകൂടി കൊടുക്കുന്നതിനെ എന്തിനാണ് നിഷേധിക്കുന്നത്?
പരമ്പരാഗത, ബദൽ വൈദ്യശാസ്ത്രവിഭാഗങ്ങളായ ആയുർവേദം, യൂനാനി, സിദ്ധ, ഹോമിയോ എന്നിവ ഉൾപ്പെടുന്ന ആയുഷ് വകുപ്പ് തന്നെ തള്ളിക്കളയേണ്ടി വരുന്നത്ര സമ്മർദം, സന്ദിഗ്ധത, ആശയക്കുഴപ്പം മന്ത്രിയിലും ജനങ്ങളിലും ഈ വാദങ്ങളിലൂടെ സൃഷ്ടിക്കാനാവും.
ജീവിതത്തിെൻറ പലഘട്ടങ്ങളിലായി വിവിധതരം വൈദ്യശാസ്ത്ര സേവനങ്ങളെ ആശ്രയിക്കുകയും അറിഞ്ഞുകൊണ്ട് തന്നെ തിരഞ്ഞെടുക്കുകയും അതതിെൻറ ഗുണഫലങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടുള്ള ജനങ്ങൾക്ക് പക്ഷേ, ഈ വാദങ്ങളുയർത്തുന്ന പ്രതിസന്ധിയെ ആശയവ്യക്തതയോടെ മറികടന്നു മുന്നോട്ടുപോയേ പറ്റൂ.
ഈ മഹാമാരിയുടെ കാലത്ത് എല്ലാ വൈദ്യശാസ്ത്ര വിഭാഗങ്ങൾക്കും ഒരുപോലെ പങ്കെടുക്കാനും അവരുടേതായ തനത് സംഭാവനകൾ നൽകാനുമുള്ള അവസരമുണ്ടാകേണ്ടതില്ലേ? അക്കാര്യത്തിലാണ് ഇപ്പോൾ എതിർപ്പുകളും വിവാദവുമുണ്ടായിരിക്കുന്നത്. സർക്കാർമേഖലയിൽ ഹോമിയോ, ആയുർവേദ മെഡിക്കൽകോളജുകളും ആശുപത്രികളും നിരവധി ഡോക്ടർമാരും വിദ്യാർഥികളുമുണ്ട്.
അവർ പഠിച്ച തിയറികളുടെയും പ്രയോഗങ്ങളുടെയും അനുഭവങ്ങളുടെയും യാഥാർഥ്യത്തെ ഒറ്റയടിക്ക് ആർക്കെങ്കിലും റദ്ദുചെയ്യാനാവുമോ? മോഡേൺ മെഡിസിനൊപ്പം കേരളത്തിൽത്തന്നെ ലക്ഷക്കണക്കിന് മനുഷ്യർ പരമ്പരാഗത ബദൽ ചികിത്സ തേടുന്നവരുണ്ട്. അവരിൽ ഉയർന്ന ശാസ്ത്രബോധമുള്ളവരുണ്ട്. പക്ഷേ, അന്ധവിശ്വാസിയെന്ന് മുദ്രകുത്തപ്പെടുമെന്നു ഭയന്നോ സൈബർ ആക്രമണം പേടിച്ചോ പലരും ഈ സമയത്ത് നിശ്ശബ്ദരായി നിൽക്കുന്നതു കാണുന്നു.
ഹോമിയോ ചികിത്സ അന്ധവിശ്വാസമാണെന്ന ആരോപണത്തെ ഇന്നത്തെ ഹിന്ദുത്വ ഇന്ത്യൻരാഷ്ട്രീയ ഇടത്തിൽ യുക്തിഭദ്രമായി നേരിടുക അത്ര എളുപ്പമല്ല. ഇക്കാലത്ത് ഈ വെല്ലുവിളി ശാസ്ത്രത്തെ മുറുകെപ്പിടിക്കുന്ന ഹോമിയോ ആരോഗ്യപ്രവർത്തകർ ഏറ്റെടുക്കേണ്ടതു തന്നെ.
മോഡേൺ മെഡിസിെൻറ ആധിപത്യത്തിനുള്ളിൽ ഹോമിയോ ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള അപകർഷതയും ഹോമിയോപ്പതി മാത്രമാണ് ശരിയെന്ന മൗലികവാദ ചിന്തകളുണ്ടെങ്കിൽ അതും ഒരുപോലെ മാറേണ്ടതുണ്ട്. അതിന് സർക്കാറിെൻറ വലിയ പിന്തുണ ഉണ്ടാവണം. യൂനിവേഴ്സ്റ്റി ബിരുദാനന്തര ബിരുദശേഷം മൾട്ടി ഡിസിപ്ലിനറി ഗവേഷണപഠനങ്ങൾക്ക് അവസരമുണ്ടാകണം.
തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നവീന ശാസ്ത്ര ഗവേഷണ രീതിശാസ്ത്രങ്ങളുടെ ഭാഗമായി പഠനഫലങ്ങൾ പുറത്തുവരുന്നതിനാവശ്യമായ അക്കാദമികവും സാങ്കേതികവുമായ പരിശീലനം ലഭിക്കണം. ചാണകവെള്ളം കുടിച്ചാൽ കോവിഡ് മാറും എന്ന് പ്രചരിപ്പിക്കുന്ന മതഭ്രാന്തരുടെ കാലത്തെ ഇന്ത്യയാണിത്.
ഹോമിയോപ്പതിയിലെ മയാസം, ജീവശക്തി, പ്രതിരോധം, ആയിരമോ പതിനായിരമോ തവണ നേർപ്പിച്ചെടുക്കുന്ന മരുന്നിലെ കണ്ടൻറിെൻറ ശക്തി, പല രോഗികൾക്ക് ഒരേ രോഗത്തിന് ഒരേ മരുന്ന് നൽകാൻ സാധ്യമല്ലാത്ത രോഗനിർണയ, ചികിത്സയിലെ യുക്തികൾ തുടങ്ങി സർവവും ശാസ്ത്രീയമായി വിശദീകരിക്കാനും തെളിവുകൾ നൽകാനും സഹായകമായ മറ്റു ശാസ്ത്രസാങ്കേതിക ശാഖകളുമായി കൈകോർക്കേണ്ടതായി വരും.
മനുഷ്യമനസ്സിനെ, വികാരങ്ങളെക്കൂടി കേന്ദ്രീകരിച്ച് ചികിത്സിച്ച് സുഖപ്പെടുത്തുന്നതിെൻറ ശാസ്ത്രീയതെളിവുകൾക്ക് അതിവേഗം വികസിച്ചുവരുന്ന ന്യൂറോ സയൻസ്, ന്യൂറോ സൈക്കോളജി തുടങ്ങിയ പഠനശാഖകൾ ഹോമിയോപ്പതിക്ക് ആശ്രയിക്കാവുന്ന വലിയ സാധ്യതകളായിരിക്കും.
എന്തായാലും ഒരേയൊരു വൈദ്യശാസ്ത്രരീതി മാത്രം കോടിക്കണക്കിന് വ്യത്യസ്തരായ മനുഷ്യർക്ക് എപ്പോഴും സർവപരിഹാരമാവില്ലെന്ന് അനുഭവംകൊണ്ട് നമുക്കറിയാം. ചില സമയത്ത് ഒന്നിൽനിന്ന് ഗുണഫലമൊന്നും കിട്ടില്ലെങ്കിൽ നമ്മളതിനെ കൈവിടും. മറ്റൊന്ന് പരീക്ഷിച്ചുനോക്കും. ഈ തെരഞ്ഞെടുപ്പിനുള്ള സാധ്യതകൾ ഉണ്ടായേ പറ്റൂ.
ഇപ്പോൾ ഹോമിയോപ്പതിയിലും ആയുർവേദത്തിലുമൊക്കെയുള്ള ചികിത്സവിജയത്തിെൻറ തെളിവുകൾ എന്നു പറയുന്നത് ആ ചികിത്സകളിൽ ഗുണഫലങ്ങൾ കിട്ടിയ അനേകം മനുഷ്യരുടെ ജീവിതങ്ങൾ മാത്രമാണ്. അതേസമയം, മോഡേൺ മെഡിസിൻ രംഗത്ത് തുടർച്ചയായി നടക്കുന്ന വിപ്ലവകരമായ ശാസ്ത്ര സാങ്കേതിക വികസന പരീക്ഷണ പ്രവർത്തനങ്ങളും ഫലങ്ങളും ആ ചികിത്സ സമ്പ്രദായത്തിെൻറ വ്യാപ്തിയും വിജയവും മനുഷ്യരാശിയെ രക്ഷപ്പെടുത്തുന്നതിെൻറ കണക്കുകളോടെ പഠനങ്ങളിലും തെളിവുകളിലും ദൃശ്യതയിലും ഒന്നാം സ്ഥാനത്താണ്. അതിെൻറ ജൈത്രയാത്രയെ തകിടം മറിക്കാൻ ആരെങ്കിലും വരും എന്ന ഉത്കണ്ഠ അസ്ഥാനത്തും അനാവശ്യവുമാണ്.
ശാസ്ത്രബുദ്ധി ഒരിക്കലും യാന്ത്രികമാവരുത്. മുന്നിൽ കാണുന്ന കാഴ്ച മാത്രമല്ല, ഉൾക്കാഴ്ചകളും കൂടിയാവണം ശാസ്ത്രം. ഹോമിയോപ്പതിയിലുള്ള ഉൾക്കാഴ്ചകൾക്ക് തെളിവുകളും വിശദീകരണവും നൽകാനുള്ള പുതിയ രീതി ഹോമിയോപ്പതി അക്കാദമിക് സമൂഹം കണ്ടെത്തട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.