കോവിഡ് അനാസ്ഥ, താമരയുടെ തണ്ടൊടിയുന്നു
text_fieldsരാഷ്ട്രത്തിന്‍റെ ഹൃദയസരസ്സായ ഗംഗയിലൂടെ 1100 കിലോമീറ്റർ നീളത്തിൽ പാതി ദഹിപ്പിച്ചതും അല്ലാത്തതുമായ രണ്ടായിരത്തിലധികം മൃതദേഹങ്ങൾ ഒഴുകി നീങ്ങുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണെന്ന് റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഹിന്ദി ഭാഷ പത്രമായ ദൈനിക് ഭാസ്കർ ആണ്. വാരണസി മണ്ഡലത്തിൽ, സൻസദ് ആദർശ ഗ്രാമ യോജന പദ്ധതി പ്രകാരം നരേന്ദ്ര മോദി ദത്തെടുത്ത ഡോമ്രി ഗ്രാമത്തിലെ സുജബദ് തീരവും ഇതിൽ പെടുന്നു. നിറഞ്ഞു കവിഞ്ഞ ആശുപത്രികളിൽ പ്രവേശനാനുമതി കിട്ടാതെയും ഓക്സിജൻ ലഭിക്കാതെയും കോവിഡ് രണ്ടാം തരംഗത്തിൽ ആയിരങ്ങൾ മരിച്ചു വീണു. അണയാത്ത ചിതകളുടെ ആകാശജ്വാലകൾ അന്താരാഷ്ട്ര മാധ്യമങ്ങളുടെ മുഖചിത്രമായി കണ്ണീർ തൂകി. ഇന്ത്യയിലെ ഔദ്യോഗിക കോവിഡ് മരണസംഖ്യ നിലവിൽ മൂന്നു ലക്ഷം കവിഞ്ഞു. കണക്കുകൾ സംശയാസ്പദമാണ്. പ്രമുഖ ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്കർ റിപ്പോർട്ട് ചെയ്തത് ഗുജറാത്തിൽ മാത്രം കോവിഡ് മൂലം 1,24,000 പേർ മരണമടഞ്ഞുവെന്നാണ്. സംസ്ഥാന സർക്കാറിന്‍റെ ആ സമയത്തെ ഔദ്യോഗിക മരണസംഖ്യ 4218 മാത്രമാണ്. ടൈം മാഗസിൻ പറയുന്നത് ഇന്ത്യയിൽ ദിവസവും പതിനായിരം മരണങ്ങളെങ്കിലും നടക്കുന്നുവെന്നാണ്.
ഇന്ത്യയിൽ കോവിഡിന്‍റെ ദുരനുഭവങ്ങൾ ഏറെ ബാധിച്ചത് നഗര, പട്ടണ പ്രാന്തങ്ങളിലധിവസിച്ചു പോരുന്ന മധ്യവർഗത്തെയാണ്. സ്വന്തം വ്യവഹാരങ്ങളുടെ അനായാസതക്ക് മുൻതൂക്കം നൽകുന്ന ഇക്കൂട്ടർ എന്നും ബി.ജെ.പിയുടെ ഉറച്ച വോട്ടു ബാങ്കാണ്. കൺമുന്നിൽ ജീവൻ കൈവിട്ടു പോകുന്ന ദാരുണാവസ്ഥ സ്വന്തം വീട്ടിലേക്ക് കയറി വന്നപ്പോൾ സഹായത്തിന് സർക്കാറും, പൊതുസംവിധാനങ്ങളും കൂടെയില്ല എന്ന സത്യം അവർ തിരിച്ചറിഞ്ഞു. സംഘടിത പി.ആർ പ്രചരണങ്ങൾ തങ്ങളെ വിശ്വസിപ്പിച്ച രമ്യഹർമ്യങ്ങൾ ചീട്ടുകൊട്ടാരങ്ങളാണെന്ന് ആദ്യമായി അവർ ഉൾക്കൊണ്ടു. 2021 ജനുവരി മുതൽ ഏപ്രിൽ 16 വരെ മോദി സർക്കാർ വിദേശത്തേക്ക് കയറ്റിയയച്ച 6.63 കോടി വാക്സിനുകൾ ഉണ്ടായിരുന്നെങ്കിൽ ഡൽഹിയും ബോംബെയും കൊൽക്കത്തയും സമ്പൂർണമായി വാക്സിനേറ്റ് ചെയ്യാമായിരുന്നു.
കൂപ്പുകുത്തിയ പ്രതിഛായ
കോവിഡിന്‍റെ രണ്ടാംതരംഗം ഇന്ത്യയെ കഴുത്തറ്റം വിഴുങ്ങുമ്പോഴും കാര്യം ഗ്രഹിക്കാത്ത കേന്ദ്ര സർക്കാർ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ ഊതിക്കാച്ചിയെടുക്കുന്ന തിരക്കിലായിരുന്നു. ഇന്ത്യയിൽ വെറും ഒന്നേകാൽ കോടി ജനത്തിനു മാത്രം ആദ്യ ഡോസ് നൽകിയ കേന്ദ്ര സർക്കാർ 95 രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റിയയച്ചു. അതിൽ ഒരു കോടിയിലധികം വാക്സിനുകൾ സൗജന്യമായാണ് നൽകിയത്.
ഏപ്രിൽ 23ന് പരാഗ്വയിലേക്കാണ് അവസാനമായി ഡോസുകൾ പറന്നത്. ബി.ജെ.പി ഐ.ടി സെല്ലുകൾ വാക്സിൻ ഗുരുവായി ലോകമെങ്ങും മോദിയെ കൊണ്ടാടി. ഇന്തോ-കനേഡിയൻ സിറ്റിസൺ ഗ്രൂപ്പിന്‍റെ പേരിൽ പ്രധാന വിദേശ നഗരങ്ങളിൽ ഹോൾഡിങ്ങുകൾ ഉയർന്നു. ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് പി.ആർ വർക്കിന് ആഴം കൂട്ടി. ഇന്ത്യ പകർച്ചവ്യാധിക്കെതിരായ യുദ്ധത്തിന്‍റെ അവസാന ലാപ്പിലാണെന്നാണ് 2021 മാർച്ച് ആദ്യവാരം കേന്ദ്രമന്ത്രി ഹർഷ വർധൻ വിളംബരം ചെയ്തത്. അന്താരാഷ്ട്ര ഉഭയകക്ഷി സഹകരണത്തിന്‍റെ പതാക വാഹകനായും മോദി ചിത്രീകരിക്കപ്പെട്ടു. ഇന്ത്യ കോവിഡിനെ പിടിച്ചുകെട്ടി എന്ന പ്രതീതി പരത്താൻ എട്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പും കുംഭമേളയും മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിൽ 1.25 ലക്ഷം കാണികൾ തടിച്ചുകൂടിയ ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മാമാങ്കവുമെല്ലാം നടത്തി.
കോവിഡിന്‍റെ പുതിയ വകഭേദമായ B.1.617.3 കഴിഞ്ഞ ഒക്ടോബറിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഗൗരവമായി എടുത്തില്ല. കോവിഡ് 19 വൈറസ് സാംപിളുകളുടെ ഗ്ലോബൽ ഡാറ്റാബേസായ ജിസെഡിന് ലോക രാജ്യങ്ങൾ ആയിരക്കണക്കിന് വൈറസ് വകഭേദങ്ങൾ തുടർച്ചയായി നൽകിയപ്പോൾ ഇന്ത്യയുടെ സഹകരണം നാമമാത്രമായിരുന്നു. തുടർന്ന് ഇന്ത്യ സ്വന്തം നിലയിൽ ഇന്ത്യൻ സാർസ് CoV2 ജെനോമിക്സ് കൺസോർഷ്യം എന്ന പേരിൽ ഇൻസാകോഗ് രൂപീകരിച്ചു. പുതിയ വൈറൽ ബാധയുടെ 5% തുടർ സാമ്പിളുകൾ പഠന ഗവേഷണങ്ങൾക്ക് വിനിയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, 0.05% ത്തിൽ താഴെ മാത്രമാണ് ലക്ഷ്യം കണ്ടത്.
കോവിഡ് അതിവേഗം പടർന്ന് പിടിച്ച് കൂട്ടമരണങ്ങളിൽ രാജ്യം വിറങ്ങലിച്ചു നിൽക്കാൻ തുടങ്ങി. രാജ്യത്ത് 2,34,692 കേസുകൾ സ്ഥിരീകരിച്ച ഏപ്രിൽ 17ന് ബംഗാളിൽ റാലിയിൽ പങ്കെടുത്ത് അഭൂതപൂർവമായി തടിച്ചുകൂടിയതിന് ജനക്കൂട്ടത്തിന് നന്ദി രേഖപ്പെടുത്തുന്ന മോദിയുടെ വീഡിയോ ആഗോളതലത്തിൽ വലിയ വിമർശനത്തിനും പരിഹാസത്തിനുമിടയാക്കി. പി.ആർ വർക്കുകൾ അവസാനിച്ചു. കേഴുന്ന ഇന്ത്യക്കായി ലോകമെങ്ങും സഹായഭ്യർഥനകൾ മുഴങ്ങി. ടൺ കണക്കിന് ഓക്സിജൻ കണ്ടെയ്നറുകളും കോവിഡ് സഹായ സാമഗ്രികളും ഇന്ത്യയിലേക്ക് പ്രവഹിച്ചു. ഭൂട്ടാനും ബംഗ്ലദേശുമടക്കം സഹായഹസ്തവുമായി മുന്നോട്ടു വന്നപ്പോൾ ആത്മ നിർഭർഭാരതിന്‍റെ ദുരഭിമാനം വെടിഞ്ഞ് ഇന്ത്യ സ്വീകരിച്ചു.
പ്രതിഷേധങ്ങൾ
രാജ്യം മുഴുവൻ ഉയർന്ന പരാതികളും പ്രതിഷേധങ്ങളും സർക്കാറിനെതിരായ വികാരമായി മാറാൻ തുടങ്ങി. മോദിയുടെ പ്രതിച്ഛായ ഇടിഞ്ഞു. വിമർശനങ്ങളെ പതിവുപോലെ നിയമത്തെ മുൻ നിർത്തി നേരിടാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. ചേതൻ ചൗഹാനും വിജയ് കശ്യപിനും ശേഷം കമൽ റാണി വരുൺ കൂടി മരിച്ചതോടെ യു.പിയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി. എം.എൽ.എമാരായ സുരേന്ദ്ര സിങ്ങും രാകേഷ് റാത്തോഡും യോഗിക്കെതിരെ പരസ്യ വിമർശനമുന്നയിച്ചു. മോദിയെ പിന്തുണച്ചിരുന്ന അനുപം ഖേറടക്കമുള്ള സെലിബ്രിറ്റികൾ പരസ്യമായി സർക്കാറിൽ അതൃപ്തി രേഖപ്പെടുത്തി. വെറുപ്പിന്‍റെ രാഷ്ട്രീയത്തിനും ധ്രുവീകരണത്തിനും മരണവാറന്‍റുമായി എത്തുന്ന കോവിഡിന് മുന്നിൽ ഇടമില്ലാതായി.
നിർണായകമായ യു.പി. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലമല്ല. ബംഗാളിലെ ദയനീയ പരാജയവും വെല്ലുവിളിയാണ്. ദുരന്ത പൂർണമായ കോവിഡ് സാഹചര്യം ജനങ്ങളെ സർക്കാർ വിരുദ്ധരാക്കിയിട്ടുണ്ട്. വർഗീയ വിഭജനവും സ്പർധയും വഴി തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമം പതിവുപോലെ ബി.ജെ.പി ആരംഭിച്ചു കഴിഞ്ഞു. പ്രകോപനമൊന്നുമില്ലാതിരിക്കെ ബാരാബങ്കി മസ്ജിദ് ഇടിച്ചു നിരത്തി അവശിഷ്ടങ്ങൾ ആറ്റിലൊഴുക്കിയ നടപടി ഒരു തുടക്കമായി വിലയിരുത്താം. ഭരണകൂട വീഴ്ചമൂലം ശോചനീയമായ ജീവിത പരിസരം മുൻനിർത്തി വിവേകപൂർവകമായി വിധിയെഴുതാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.