കോവിഡ്: ചൈനയിലെ പെയ്ത്തിന് ഇന്ത്യ കുട തുറക്കണോ?
text_fieldsചൈനയിൽ വ്യാപകമാകുന്ന കോവിഡ് ഒമിക്രോൺ സബ് വേരിയന്റായ BF7 ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ഇപ്പോൾ ഏവരെയും ആശങ്കപ്പെടുത്തുന്നത്. രാജ്യം വീണ്ടും ലോക്ഡൗണിലേക്ക് പോകുമോ എന്നതാണ് ജനങ്ങളുടെ വലിയ പേടി. നാം ഓർമിക്കേണ്ട ഒരു കാര്യം, BF7 വൈറസ് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നവസ്തുതയാണ്. അന്നൊന്നുമില്ലാത്ത ഭീതി ഇപ്പോൾ ഇന്ത്യയിൽ ഉണ്ടാകാനുള്ള കാരണമെന്താണ്?
2019 ഡിസംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് ആക്രമണത്തിൽ പകച്ചുപോയ ചൈന മൂന്നുവർഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങളിലായിരുന്നു. മറ്റു രാജ്യങ്ങളെല്ലാം കോവിഡിനൊത്ത് ജീവിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടപ്പോൾ ‘സീറോ കോവിഡ്’ എന്ന പോളിസിയാണ് ചൈന പിന്തുടർന്നത്.
ഗ്രാമ-നഗര ഭേദമന്യേ രാജ്യം ലോക്ഡൗണിൽ ആയിരുന്നു. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അവർ പുറത്തിറങ്ങി. 2022 ആയപ്പോഴേക്കും ഹെൽത്ത് കോഡ് സ്കാൻ ചെയ്യലും ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ്ങും പതിവായി. അപ്പോഴും ജനങ്ങൾ ക്ഷമ കൈക്കൊണ്ടു.
ആ രാജ്യത്തെ സസൂക്ഷ്മം നോക്കിക്കണ്ട വ്യക്തി എന്നനിലക്ക് പറയട്ടെ, ജനജീവിതം ദുസ്സഹമാക്കുക എന്ന അജണ്ട ഒരിക്കലും ‘സീറോ കോവിഡ്’ പോളിസിക്കു പിറകിൽ ഉണ്ടായിരിക്കില്ല. സ്വന്തം ജനങ്ങളുടെ സുരക്ഷിതത്വത്തിലാണ് എന്നും ചൈനയുടെ കണ്ണ്.
എല്ലാം തകിടം മറിഞ്ഞത് 2022 നവംബർ 24നാണ്. സിൻജിയാങ് പ്രവിശ്യയിലെ ഉറുമ്പുച്ചിയിൽ ഒരു കെട്ടിടത്തിൽ അഗ്നിബാധയുണ്ടായി. ലോക്ഡൗൺ ഏർപ്പെടുത്തിയ ഇടമായിരുന്നതിനാൽ രക്ഷാപ്രവർത്തനം നന്നേ വൈകി, പത്തുപേർ മരിച്ചു. പ്രകോപിതരായ ജനങ്ങൾ ഭരണകൂടവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലേക്കിറങ്ങി.
ചൈനീസ് ജനതക്ക് സഹിക്കാവുന്നതിലും വലുതായിരുന്നു ഈ ദുരന്തം. സർവകലാശാല വിദ്യാർഥികളായിരുന്നു പ്രതിഷേധങ്ങൾക്ക് മുന്നിൽ. ടിയാനൻമെൻ സ്ക്വയറിനുശേഷം ഭരണകൂടത്തെ ഇങ്ങനെ മുൾമുനയിൽ നിർത്തിയ സംഭവം മറ്റൊന്നില്ല എന്നുതന്നെ തോന്നുന്നു.
അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു ഭരണകൂടം ഇക്കാര്യത്തിൽ ഇടപെട്ടത്. സാധാരണഗതിയിൽ ജുമുഅ നമസ്കാരം നടക്കുന്ന പള്ളിയുടെ പരിസരത്തുപോലും സദാ തോക്കേന്തിയ പട്ടാളക്കാർ ഉണ്ടാകാറുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടനടി വെടിവെപ്പ് എന്നതാണ് രീതി.
പക്ഷേ, ഷി ജിൻപിങ്ങിന്റെ പൊലീസ് ഒരു പരിധിയിൽ കൂടുതൽ ലാത്തിച്ചാർജോ ആക്രമണമോ നടത്താതെയാണ് ജനരോഷത്തെ നേരിട്ടത്. സമൂഹമാധ്യമങ്ങളെ നിർജീവമാക്കാതിരുന്നതിനാൽ പ്രക്ഷോഭകാരികൾക്ക് ലോകവുമായി സംവദിക്കാനും സാധിച്ചു.
പ്ലക്കാഡുകൾക്കു പകരം വെളുത്ത ചതുരപ്പേപ്പറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധങ്ങൾ. ‘ഞങ്ങൾക്ക് പറയാനുള്ളതും എന്നാൽ പറയാൻ സാധിക്കാതെപോയതുമായ എല്ലാ കാര്യങ്ങളും ഈ വെള്ളക്കടലാസ് അടയാളപ്പെടുത്തുന്നുണ്ട്’ എന്നാണ് ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടത്.
വെള്ളപ്പേപ്പറിന് ചൈനയിൽ വൻ ക്ഷാമമെന്നൊരു വ്യാജ വാർത്തപോലും പ്രചരിച്ചിരുന്നു. ‘ഞങ്ങൾക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്, ലോക്ഡൗൺ അല്ല’ എന്ന് ഉറപ്പിച്ചുപറഞ്ഞ ജനതക്കുമുന്നിൽ അവസാനം ഭരണകൂടത്തിന് പരാജയം സമ്മതിക്കേണ്ടിവന്നു. തൽഫലമായി മിക്ക നിയന്ത്രണങ്ങളും സാവകാശം എടുത്തു മാറ്റുകയുമുണ്ടായി.
സകല നിയന്ത്രണങ്ങളെയും ഒറ്റയടിക്ക് ഇല്ലായ്മചെയ്യുന്ന മട്ടിലുള്ള ആഘോഷങ്ങളായിരുന്നു പിന്നീടങ്ങോട്ട് ചൈനയിൽ. റോഡിൽ സ്ഥാപിച്ചിരുന്ന ബ്ലോക്കുകളില്ല. ആർക്കും യഥേഷ്ടം സഞ്ചരിക്കാം. കോവിഡ് ടെസ്റ്റിന്റെ ഭാരമില്ല. ഹെൽത്ത് കോഡ് സ്കാനിങ് ഇല്ല.
ഉറ്റവരെയും ഉടയവരെയും അടുത്ത് കാണാനായി. സ്വാതന്ത്ര്യത്തിന്റെ നവഭൂമികയിലേക്ക് മൂന്നു വർഷത്തിനുശേഷം എത്തപ്പെട്ടവരുടെ സകല ആനന്ദങ്ങൾക്കും ചൈനയുടെ മണ്ണ് സാക്ഷ്യംവഹിച്ചു. സ്വന്തം സുരക്ഷക്കായി പണ്ടു മുതൽക്കേ മാസ്ക് ധരിച്ചുശീലിച്ച ജനങ്ങൾ അതുമാത്രം ശേഷവും തുടർന്നുപോന്നു.
ഇപ്പോഴും, ‘സീറോ കോവിഡ്’ പോളിസി തെറ്റായിരുന്നുവെന്ന് സമ്മതിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഒരുക്കമല്ല. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനിലെ ചീഫ് എപിഡമോളജിസ്റ്റ് വു ചുൻയോ നിരത്തുന്ന കണക്കുകൾ നോക്കുക: ഗുരുതര കോവിഡ് കേസുകളുടെ നിരക്ക് 2020ൽ 16.47% ആയിരുന്നു.
2021ൽ അത് 3.32% ആയി. 2022 ഡിസംബർ അഞ്ചിൽ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയ വേളയിൽ അത് വെറും 0.18% മാത്രമാക്കാനായത് ‘സീറോ കോവിഡ്’ പോളിസി ലക്ഷ്യംവെച്ച് നടത്തിയ കർശന നടപടികളിലൂടെയാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.
തീർച്ചയായും ചൈനയിൽ ഇപ്പോൾ കോവിഡ് കേസുകൾ നിരവധിയാണ്. കോവിഡിന്റെ തുടക്കക്കാലത്ത് ഇന്ത്യ അനുഭവിച്ച വിഷമഘട്ടം ഓർക്കുന്നില്ലേ? ഓക്സിജൻ സിലിണ്ടറുകൾ ലഭിക്കാതെ, ഹോസ്പിറ്റലിൽ ബെഡുകൾ ലഭിക്കാതെ നട്ടംതിരിഞ്ഞത്; ജലദോഷവും പനിയും തൊണ്ടവേദനയും കാരണം വലഞ്ഞത്? മരുന്നുകൾ ലഭിക്കാതെയായത്?
അങ്ങനെയുള്ള പല ഘട്ടങ്ങളിലൂടെ 2020ൽ ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും കടന്നുപോയിട്ടുണ്ട്. കൂടു തുറന്നുവിട്ട ചൈനക്കാർ പക്ഷേ ഇപ്പോഴാണ് അതെല്ലാം അനുഭവിക്കുന്നത്. അത്രമാത്രമാണ് വ്യത്യാസം.
ഒന്നാലോചിക്കണം, മൂന്നു വർഷത്തിനുശേഷം ലക്കും ലഗാനുമില്ലാതെ ഒന്നിച്ച് ഇടപഴകുന്ന ജനങ്ങൾക്കിടയിൽ കോവിഡ് വ്യാപനം അതിവേഗത്തിലാകും; അതും ഒമിക്രോൺ വേരിയന്റാണ്. അത്രത്തോളം മികച്ച പ്രതിരോധശേഷി അവകാശപ്പെടാനില്ലാത്തവയാണ് ചൈനീസ് വാക്സിനുകൾ.
അതുകൊണ്ടുതന്നെ വാക്സിൻ ലഭിച്ച ചിലർക്കും രോഗം വരുന്നുണ്ട്. രോഗികൾ ആശുപത്രിയിലേക്ക് പോകുന്നു, മരുന്നുകൾ വാങ്ങുന്നു. മരുന്നുലഭ്യത കുറയുമ്പോൾ അതിനുള്ള നടപടികൾ ഭരണകൂടം സ്വീകരിക്കുന്നു. കോവിഡ് ബാധിച്ചവരെല്ലാം നന്നായി വിശ്രമിച്ച്, രോഗമുക്തി നേടിയശേഷം മാസ്കും ധരിച്ച് ജോലിക്ക് പോകുന്നു.
കഴിഞ്ഞയാഴ്ചപോലും പതിവ് വെള്ളിയാഴ്ച പ്രാർഥനക്കായി മുസ്ലിം പള്ളികൾ തുറന്നിരുന്നുവെന്ന് കേൾക്കുമ്പോൾ മനസ്സിലാക്കാനാവും സ്ഥിതിഗതികൾ എത്രത്തോളം നിസ്സാരമാണെന്ന്. ജി.എം.സി എന്നപേരിൽ അഞ്ഞൂറോളം മലയാളികൾ അടങ്ങിയ ഒരു കമ്യൂണിറ്റിതന്നെ ചൈനയിലുണ്ട്.
അവരെല്ലാം വളരെ സ്വതന്ത്രമായി സ്വന്തം കാര്യങ്ങളിൽ മുഴുകി പേടിയില്ലാതെ ചൈനയിൽ കഴിയുന്നുമുണ്ട്. മൊത്തത്തിൽ നോക്കുമ്പോൾ കാര്യങ്ങളെല്ലാം ശാന്തമാണ്. ശവങ്ങൾ കുന്നുകൂടിയ ശ്മശാനമോ ശവക്കച്ചകൾ ഒഴുകിനടക്കുന്ന പുഴകളോ ചൈനയിലില്ല.ഇല്ലാക്കഥകൾ പറഞ്ഞ് ഭീതിയുടെ രാഷ്ട്രീയം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നവർക്ക് എന്തോ ഗൂഢമായ ലക്ഷ്യമുണ്ടെന്ന് വിചാരിക്കാൻ മാത്രമേ തൽക്കാലം നിവൃത്തിയുള്ളൂ.
ചൈന ഏറ്റവും മനോഹരമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. ലൂണാർ കലണ്ടർ അനുസരിച്ചുള്ള അവരുടെ ന്യൂ ഇയർ ജനുവരി ഇരുപതിനാണ്. സ്കൂളുകൾക്കും ഓഫിസുകൾക്കും ഫാക്ടറികൾക്കും എല്ലാം ഉടൻ അവധി പ്രഖ്യാപിക്കും.
തീർന്നില്ല, ചൈനയിലെത്തുന്ന വിദേശികൾക്കെല്ലാം 7+3 എന്ന നിലക്കായിരുന്നു ക്വാറന്റീൻ സംവിധാനം. ജനുവരി മൂന്നു മുതൽ ചൈന അത് എടുത്തുകളയുകയാണ്. അതായത്, വിസയുള്ള ആർക്കും ചൈന സന്ദർശിക്കാം; പഴയതുപോലെ. മറ്റൊന്ന്, 1957 മുതൽ ചൈനയിൽ വർഷാവർഷം നടത്താറുള്ള ‘കാന്റൺ ഫെയർ’, മൂന്നു വർഷത്തിനു ശേഷം 2023ൽ നടത്താൻ പോവുകയാണെന്ന ഔദ്യോഗിക അറിയിപ്പും വന്നിരിക്കുന്നു.
മറ്റേതൊരു രാജ്യത്തെയുംപോലെ ചൈനക്കാരും ഇനി കോവിഡിനൊപ്പം ജീവിക്കാൻ പോവുകയാണ്. അവർ തുമ്മുന്നതും ചുമയ്ക്കുന്നതും കാണിച്ചാണോ ഇന്ത്യയിലെ ജനങ്ങളെ പരിഭ്രാന്തരാക്കാൻ ചിലർ മെനകെട്ടിറങ്ങിയിരിക്കുന്നത്?!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.